ADVERTISEMENT

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

കടുത്ത ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ നൽകിയ ശേഷം വീട്ടിലേക്കു വിട്ടു. വീട്ടിലെത്തി ഉറങ്ങാൻ കിടന്നതിനു പിന്നാലെ വീണ്ടും ഛർദ്ദിയുണ്ടായി. ഇതോടെ വീണ്ടും അതേ ആശുപത്രിയിൽ എത്തിച്ചു.

ADVERTISEMENT

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടിപ്പെരിയാറിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴേക്കും കുട്ടി മരിച്ചുവെന്നാണ് വിവരം. മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മ‌ോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ പറയുന്നത്. 

ഇന്നലെ പകൽ മുത്തച്ഛനൊപ്പം കുട്ടി ഗവിയിൽ പോയിരുന്നു. അവിടെവച്ച് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി പറയുന്നുണ്ട്. ആര്യയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഛർദ്ദിയുണ്ടായത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT