ADVERTISEMENT

തൃശൂര്‍ വിയ്യൂരിലെ പൂവത്തിങ്കല്‍ വീട്ടില്‍ പൈലോത് പൊതുപ്രവർത്തകനായിരുന്നു. അദ്ദേഹം വീട്ടിലുള്ളപ്പോൾ പഴയ മർഫി റേഡിയോ നിർത്താതെ പാടും. അതിനരുകിൽ കാതോർത്ത് ഒരു കുട്ടിയിരിക്കും. പൈലോതിന്റെയും മേരിയുടെയും നാലു മക്കളിൽ ഇളയവൻ പോൾ. റേഡിയോയിൽ നിന്നൊഴുകിയ ഓരോ പാട്ടും നേരെ പോളിന്റെ മനസ്സിലേക്കാണു കയറിയത്. അങ്ങനെ പതിയെ പതിയെ പോളും ഒപ്പം പാടിത്തുടങ്ങി.

ആത്മീയ ജീവിതത്തിലുള്ള താൽപര്യം പോളിനെ വൈദിക വഴിയിലെത്തിച്ചു. ഒപ്പം കർണാടക സംഗീതത്തിൽ ഡോക്ടറേറ്റും നേടി. ആ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിസ്ത്യൻ പുരോഹിതനും കേരളത്തിലെ ആദ്യ ശബ്ദ ചികിത്സാ വിദഗ്ധനുമാണ് ‘പാടും പാതിരി’ എന്നറിയപ്പെടുന്ന ഡോ. പോൾ പൂവത്തിങ്കൽ.
‘എന്നെക്കൊണ്ട് ഇങ്ങനെ ചില ആവശ്യങ്ങളുണ്ടെന്നു ദൈവം നേരത്തേ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാകാം. ഇതിലേക്കൊക്കെ എന്നെ തിരഞ്ഞെടുത്തതു കരുണാമയന്റെ അനുഗ്രഹം.’ സംഗീത ജീവിതത്തെയും ക്രിസ്മസ് ഓർമകളെയും കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിന്റെ ആമുഖമെന്നോണം ഫാദർ പോൾ പൂവത്തിങ്കല്‍ പറഞ്ഞു.

ADVERTISEMENT

സെമിനാരിയിലെ പാട്ടു കാലം

പള്ളി ക്വയറിൽ കുട്ടിക്കാലത്തേ പാടിയിരുന്നു. പൊതുവേ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ താൽപര്യമുള്ള സഭയാണ് സിഎംഐ. സെമിനാരിയിൽ ഞങ്ങളുടെ ഇൻചാർജ് ഫാ. ആന്റണി കുറ്റിക്കാട്ട് അത്തരം ഉൾക്കാഴ്ചകൾ ഉള്ളയാളായിരുന്നു. വൈദിക പഠനത്തിനൊപ്പം കർണാടകസംഗീത പഠനവും ഏർപ്പെടുത്തിയിരുന്നു. സോദരൻ ഭാഗവതരാണ് പഠിപ്പിച്ചിരുന്നത്. അത്യാവശ്യം പാടുമായിരുന്നെങ്കിലും ശാസ്ത്രീയ അടിത്തറ കിട്ടിയത് അങ്ങനെയാണ്. ഫിലോസഫി പഠനത്തിന്റെ ഭാഗമായാണ് ബെംഗളൂരു ധർമാരാം കോളജ് സെമിനാരിയിലെത്തുന്നത്. അവിടെ കൃഷ്ണമൂർത്തി ഭാഗവതരായിരുന്നു സംഗീത ഗുരു.

ADVERTISEMENT

പിന്നെ, ക്രൈസ്റ്റ് കോളജിലെ പഠനകാലത്ത് ഇന്ത്യൻ മ്യൂസിക് ലീഡറായി. കോളജ്, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തു. പാട്ട് ഒപ്പമുണ്ടായിരുന്നെങ്കിലും പഠനത്തിലായിരുന്നു കൂടുതൽ ശ്രദ്ധ. തൃശൂർ വരന്തരപ്പള്ളിയിലുള്ള പള്ളിയിൽ ഒരു വർഷത്തോളം കൊച്ചച്ചനായി സേവനമനുഷ്ഠിച്ചു. പിന്നെ, ഉപരിപഠനത്തിനുള്ള അവസരം വന്നു. റോമിൽ പോയി ദൈവശാസ്ത്രം പഠിക്കാൻ താൽപര്യം ഉണ്ടോ എന്നായിരുന്നു ചോദ്യം. പക്ഷേ, സംഗീതം കൂടുതലായി പഠിക്കണമെന്ന ആഗ്രഹമാണു ഞാൻ പറഞ്ഞത്.

ചിറ്റൂർ കോളജിൽ ചേർന്ന് സംഗീതത്തിൽ ബിരുദം നേടണമെന്ന താൽപര്യം മുൻപ് പ്രകടിപ്പിച്ചിരുന്നെങ്കിലും സാധ്യമായില്ല. അതുകൊണ്ടു കൂടിയാകും എന്റെ താൽപര്യം സഭ അംഗീകരിച്ചു. അങ്ങനെ ഡൽഹി യൂണിവേഴ്സിറ്റിയിൽ എത്തി. സംഗീത‍ജ്ഞ ഡോ. ലീല ഓംചേരിയാണ് അവിടേക്ക് സ്വാഗതം ചെയ്തത്. ആദ്യം സംഗീത ശിരോമണി കോഴ്സ് പൂർത്തിയാക്കി. പിന്നെ, എംഎ മ്യൂസിക്. നാലുവർഷം അവിടെ പഠിച്ചു.

ADVERTISEMENT

ഓരോ കോഴ്സ് കഴിയുമ്പോഴും എനിക്കു റാങ്ക് കിട്ടും. അതോടെ തുടർന്നു പഠിക്കാൻ സഭയുടെ അനുമതിയും ലഭിക്കും. റാങ്ക് നേടിയ ഒരാളെ പഠിപ്പിക്കാതിരിക്കുന്നതെങ്ങനെ?. അങ്ങനെ 31 വയസ്സിൽ തുടങ്ങി 42 വയസ്സ് വരെ, 12 കൊല്ലം ഞാൻ മുഴുവൻ സമയവും സംഗീതം പഠിച്ചു.
ഇതിനിടെ ഒരു വർഷം കൊച്ചച്ചനായതൊഴിച്ചാൽ ബാക്കി കാലം മുഴുവൻ വിദ്യാർ‌ഥിയായിരുന്നു. പിഎച്ച്ഡി പ്രധാന ലക്ഷ്യമായിരുന്നില്ല. ഒരു കച്ചേരി നടത്താനുള്ള സിദ്ധി നേടുകയായിരുന്നു ഇത്ര വർഷം പഠിച്ചതിന്റെ ഉദ്ദേശം.

വഴികാട്ടിയായി ഗാനഗന്ധർവൻ

1994ൽ, ഡൽഹിയിൽ എംഎ പഠിക്കുന്ന കാലത്താണ് അവിടെ കച്ചേരി അവതരിപ്പിക്കാനെത്തിയ യേശുദാസിനെ പരിചയപ്പെടുന്നത്. അക്കാലത്ത് ദാസേട്ടന്റെ തരംഗിണി സ്റ്റുഡിയോ എല്ലാ വർഷവും ക്രിസ്മസ് പാട്ടുകളുടെ ആൽബം ഒരുക്കും.

ഞാൻ പാട്ടുകള്‍ കംപോസ് ചെയ്തു തുടങ്ങിയ കാലമാണ്. അതിലൊന്നിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതി തന്നു. ആ പാട്ട് ദാസേട്ടനെ കൊണ്ടു പാടിക്കണമെന്നായിരുന്നു മോഹം. കാര്യം പറഞ്ഞപ്പോൾ ദാസേട്ടൻ സമ്മതിച്ചു. 1996, 1997 വർഷങ്ങളിൽ തരംഗിണിയുടെ ആൽബത്തിൽ എന്റെ പാട്ടുകളുമുണ്ടായിരുന്നു.

ഒരു പുരോഹിതൻ ഗൗരവത്തോടെ കർണാടക സംഗീതം പഠിക്കുന്നതിൽ ദാസേട്ടനു താൽപര്യം തോന്നി. അദ്ദേഹം ക്ഷണിച്ചതനുസരിച്ചു ഞാൻ ചെന്നൈയിൽ പോയി. ദാസേട്ടന്റെ വീട്ടിൽ താമസിച്ചു. സംഗീത സംഭാഷണങ്ങളിലൂടെ ഞങ്ങളുടെ സൗഹൃദം ദൃഢമായി. അദ്ദേഹത്തിന്റെ പ്രചോദനത്താലാണ് മദ്രാസ് മ്യൂസിക് അക്കാദമിയിൽ എം.ഫിലിനു ചേർന്നത്.
അക്കാലത്ത് മദ്രാസ് മ്യൂസിക് അക്കാദമി ഹാളിൽ ദാസേട്ടന്റെ കച്ചേരി നടക്കുന്നുവെന്നറിഞ്ഞു ചെന്നെങ്കിലും ടിക്കറ്റ് കിട്ടാതെ മടങ്ങി.

അടുത്ത ദിവസം കണ്ടപ്പോൾ ദാസേട്ടൻ ചോദിച്ചു. ‘കച്ചേരിക്ക് വന്നില്ലേ?’. ഞാൻ കാര്യം പറഞ്ഞു. അദ്ദേഹത്തിനു വിഷമമായി. ‘രണ്ടു ദിവസം കഴിഞ്ഞ് നാരദ ഗാനസഭയില്‍ കച്ചേരിയുണ്ട്, അവിടെ എത്തിയാലുടൻ എന്നെ വന്നു കാണണം.’ അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം ദിവസം ദൂരെ നിന്നു കണ്ടയുടനെ എന്നെ വിളിച്ചു സംഘാടകർക്കു പരി‍ചയപ്പെടുത്തി. ‘ദിസ് ഈസ് ഔവർ പ്രീസ്റ്റ്. മുൻ നിരയിൽ ഒരു സീറ്റ് കൊടുക്കണം’ എന്നും പറഞ്ഞു. അന്നു മുൻനിരയിലിരുന്നു കച്ചേരി കേട്ടു.
അടുത്ത പ്രോഗ്രാം ടിനഗറിലായിരുന്നു. പരിപാടി തുടങ്ങും മുൻപ് സെക്രട്ടറി സദസ്സിലിരുന്ന എന്റെയടുത്ത് വന്നു ദാസേട്ടൻ വിളിക്കുന്നുവെന്നു പറഞ്ഞു. ചെന്നു കണ്ടപ്പോളൊരു ചോദ്യം –

‘അച്ചന് തംബുരു മീട്ടാനറിയുമോ ?’
‘ചെറുതായിട്ട്’ എന്നു ഞാൻ.

‘എന്നാൽ മീട്ടിക്കോ’എന്നായിരുന്നു ദാസേട്ടന്റെ മറുപടി. ദാസേട്ടനു വേണ്ടി തംബുരു മീട്ടുന്ന ആൾ എത്തിയിട്ടില്ല. പകരം ആ ചുമതല എന്നെ ഏൽപ്പിച്ചതാണ്. അങ്ങനെ ദാസേട്ടനു വേണ്ടി മൂന്നു മണിക്കൂർ നീണ്ട കച്ചേരിക്കു തംബുരു മീട്ടി. പിന്നീട് പല വേദികളിലും അതാവർത്തിച്ചു. പാലക്കാട് ചെമ്പൈ സന്നിധിയിലും ഫോർട്ട്കൊച്ചിയിലെ സ്വന്തം ഇടവകയിലും ദാസേട്ടൻ എന്നെക്കൊണ്ടു പാടിച്ചു.

സംഗീതം നിറയും ആശ്രമം

സിഎംഐ സഭയുടെ കീഴിലുള്ള കലാസാംസ്കാരിക സ്ഥാപനമാണ് ചേതന. ചേതന സംഗീത് – നാട്യ അക്കാദമി, ചേതന നാഷനൽ ഇൻസ്റ്റ്യൂട്ട് ഓഫ് വോക്കോളജി എന്നിവയുടെ ഡയറക്ടറായാണ് ഇ പ്പോൾ പ്രവർത്തിക്കുന്നത്. ചേതനയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ‘ഗാന ആശ്രമം’ എന്റെ സ്വപ്ന പ ദ്ധതിയാണ്. സംഗീതം അടിസ്ഥാന ശിലയാകുന്ന സർവമത ആശ്രമം.
ക്ഷേത്രങ്ങളിലും പള്ളികളിലുമായി ഇതുവരെ അഞ്ഞൂറോളം കച്ചേരികൾ നടത്തി. ആയിരത്തിലധികം പാട്ടുകൾക്കു സംഗീതം നൽകി. അറുപത് ആ ൽബങ്ങൾ തയാറാക്കി.

പി.സി. ദേവസ്യയുടെ ‘ക്രിസ്തു ഭാഗവതം’ ആ സ്പദമാക്കി ഒരുക്കിയ ‘സർവേശ’ എന്ന ഏറ്റവും പുതിയ ആൽബം. റോമിൽ ഫ്രാൻസിസ് മാർപാപ്പയാണു പ്രകാശനം ചെയ്തത്. അതൊരു അനുഗ്രഹീത അനുഭവമായി. രണ്ടരക്കൊല്ലം നീണ്ട വർക്കാണത്. ദാസേട്ടനാണു പാടിയത്. വയലിനിസ്റ്റ് മനോജ് ജോർജ്, രാകേഷ് ചൗരസ്യ, ഹോളിവുഡ് ടെക്നീഷ്യൻസ് ഒക്കെ പിന്നിൽ പ്രവർത്തിച്ചത്.

എം.എസ്. സുബ്ബലക്ഷ്മിയും കലാമും

2003ൽ, ‘കർണാടിക് മ്യൂസിക് ആൻഡ് ക്രിസ്റ്റ്യാനിറ്റി’ എന്ന വിഷയത്തിൽ പിഎച്ച്ഡി തീസിസ് സമർപ്പിച്ചു. പിന്നെ, അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വോയിസ് പ്രൊഡക്‌ഷൻ പഠിക്കാൻ പോയി.
നാലു മാസത്തെ കോഴ്സ് കഴിഞ്ഞ് ഫ്ലോറി‍ഡയിലെ ദാസേട്ടന്റെ വീട്ടിലെത്തി. അരങ്ങേറ്റം നടത്താനുള്ള ആഗ്രഹം പറഞ്ഞു. തിരികെയെത്തി മദ്രാസ് മ്യൂസിക് അക്കാദമി ഹാളിൽ അരങ്ങേറ്റം നടത്തി. വർഷങ്ങളുടെ കാത്തിരിപ്പിനു ദൈവം തന്ന അനുഗ്രഹ നിമിഷം.

മദ്രാസ് മ്യൂസിക് അക്കാദമിക്ക് രണ്ട് ഹാളുണ്ട്. അതിൽ ചെറിയ ഹാളായിരുന്നു മനസ്സിൽ. പക്ഷേ, ദാസേട്ടന്റെ മകന്‍ വിനോദ്

സമ്മതിച്ചില്ല. അങ്ങനെ അരങ്ങേറ്റം മെയിൻ ഹാളിൽ നടത്തി. 2004 മാർച്ച് 19 ന്. ദാസേട്ടനും കല്യാണി മേനോനും ടി.എൻ. ശേഷഗോപാലനും മുൻനിരയിലിരിക്കുന്ന സദസ്സിനെ സാക്ഷിയാക്കി സ്വപ്നതുല്യമായ തുടക്കം. രണ്ടേകാല്‍ മണിക്കൂർ നീണ്ട കച്ചേരി.
അതിനു മുൻപൊരു ദിവസം മറ്റൊരു ധന്യനിമിഷം ഉണ്ടായി. എം.എസ്. സുബ്ബലക്ഷ്മിയുടെ മുന്നിൽ പാടാൻ കഴിഞ്ഞു. സുബ്ബലക്ഷ്മി അമ്മയുടെ ദന്തഡോക്ടർ ജോൺ സെബാസ്റ്റ്യൻ എന്നെക്കുറിച്ച് അവരോടു പറഞ്ഞിരുന്നു.
‘അവരോട് ഇങ്ക വര മുടിയുമാന്ന് കേളുങ്കോ’. ജോൺ വിവരം പറഞ്ഞപ്പോൾ ഞാനാകെ വിരണ്ടു. അത്രയും വലിയ സംഗീതജ്ഞയുടെ മുന്നിൽ പാടാൻ എനിക്കെന്തു യോഗ്യത എന്നാണു തോന്നിയത്. ഒടുവിൽ പാടി തീർത്തു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു. ‘ഫാദർ ഉങ്കളുക്ക് നല്ല ശാരീരം ഇരുക്ക്’ ആ നിമിഷം പൊന്നിൽ പൊതിഞ്ഞൊരോർമയായി ഇന്നും മനസ്സിലുണ്ട്.
അതുപോലെ തന്നെയാണ് അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ മുന്നിൽ പാടാൻ കിട്ടിയ അവസരവും. അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം നടത്തിയിരുന്ന ഫാദർ ജോർജ് ആത്തപ്പിള്ളി എന്റെ സുഹൃത്തായിരുന്നു. ആ അവസരം ലഭിക്കാൻ അദ്ദേഹവും സഹായിച്ചു. രാഷ്ട്രപതി ഭവനിൽ അര മണിക്കൂർ കച്ചേരി നടത്തി. വാതാപി ഗണപതിം, സലാമുള്ള സലാത്തുള്ള, ശ്രീ യേശുനാഥൻ ഭജേ, ജയഹോ ജയഹോ, ലോകാ സമസ്ത സുഖിനോ ഭവന്തു എന്നിവയാണ് പാടിയത്. കച്ചേരി അദ്ദേഹത്തിന് ഇഷ്ടമായി. എന്നെ വിളിച്ച് അടുത്തിരുത്തി പറഞ്ഞു. ‘ഭാരതീയ ശാസ്ത്രീയ സംഗീതത്തിൽ ഒരു പുതുവഴിയാണു താങ്കൾ തുറന്നിരിക്കുന്നത്. സർവമത സൗഹാർദം സംഗീതത്തിലൂടെ ഒരുമിപ്പിക്കുന്ന ഈ ശ്രമം അവിരാമം തുടരണം. ലോകമാകെ നിറയട്ടെ ഈ സംഗീത പ്രാർഥന.’

fr-paul-poovathinkal-interview

ആത്മാവിൽ നിറഞ്ഞ ദൈവസംഗീതം

വീട്ടിൽ എന്റെ താൽപര്യങ്ങൾക്കെല്ലാം നല്ല പിന്തുണയുണ്ടായിരുന്നു. ഞങ്ങളുടെ വീടിനടുത്തൊരു സിഎംഐ ആ ശ്രമമുണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ അവിടെ കുർബാനയിൽ പങ്കെടുക്കാറുണ്ട്. ഇടയ്ക്കു സഹായിയായും ഒപ്പം കൂടും. അങ്ങനെ പുരോഹിത ജീവിത്തിൽ മനസ്സുറച്ചു.
ഞാൻ വൈദികനാകാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞപ്പോൾ അപ്പൻ സമ്മതം തന്നു. പക്ഷേ, അമ്മയ്ക്കു സങ്കടമായിരുന്നു. ഇളയമകൻ എന്ന വാത്സല്യക്കൂടുതൽ എന്നോടുണ്ടായിരുന്നു. പതിയെ അമ്മയും എന്റെ താൽപര്യത്തിന് ഒപ്പം നിന്നു. അപ്പൻ 25 കൊല്ലം മുൻപു മരിച്ചു. അമ്മ ഇപ്പോൾ ചേട്ടന്റെ കൂടെയാണ്.
റേഡിയോയിൽ കേട്ട പാട്ടുകൾ മാത്രമല്ല പരസ്യങ്ങൾ വരെ ഇന്നും ഓർമയിലുണ്ട്. ‘തലയ്ക്കു വേദനയോ, ദേഹത്ത് വേദനയോ, കഴിക്കൂ അസ്പറോ’ എന്നിങ്ങനെയുള്ള പരസ്യങ്ങൾ വരെ ഇപ്പോഴും മനസ്സിലുണ്ട്. പാട്ടിലുള്ള ഇഷ്ടം തിരിച്ചറിഞ്ഞ അപ്പനാണ് ആദ്യം പറഞ്ഞത്. ‘നീ സംഗീതത്തിൽ പിഎച്ച്ഡി എടുക്കണം’ എന്ന്. അപ്പന്റെ ആഗ്രഹവും ദൈവാനുഗ്രവും ഒത്തുവന്നപ്പോൾ അതു സാധ്യമായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് എന്റെ അധ്യാപകനായിരുന്നു പ്രഫസർ കെ.എസ്. സുബ്രഹ്മണ്യൻ. അദ്ദേഹത്തിൽ നിന്നാണ് ആദ്യമായി ‘വോയ്സ് കൾച്ചർ’ എന്ന വാക്ക് കേൾക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കോഴ്സുകളൊന്നും അന്ന് ഇന്ത്യയിലില്ല.
വിദേശ സുഹൃത്ത് വഴി കൊളംബിയ യൂണിവേഴ്സിറ്റിയിലെത്തി. 2003ൽ അവിടെ വോയിസ് പ്രൊഡക്‌ഷൻ സയൻസ് പഠിച്ചു. പിന്നീട് 2006ൽ, കൊളറാഡോ നാഷണല്‍ സെന്റര്‍ ഫോര്‍ വോയ്‌സ് ആന്‍ഡ് സ്പീച്ച് എന്ന സ്ഥാപനത്തിൽ നിന്നു വോക്കോളജിയില്‍ പഠനവും പരിശീലനവും നേടി. ലോക വോക്കോളജിയുടെ പിതാവായി അറിയപ്പെടുന്ന ഇന്‍ഗോ ടിറ്റ്‌സ് ആയിരുന്നു ഗുരു. ശേഷമാണ് തൃശൂര്‍ മൈലിപ്പാടത്ത് ചേതന വോക്കോളജി ക്ലിനിക്കും തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടും തുടങ്ങിയത്. ഇപ്പോൾ 20 വർഷമായി. 250 പേർ ഇവിടെ പഠിക്കുന്നുണ്ട്.

ശബ്ദത്തെ മനോഹരമാക്കാനും സംരക്ഷിക്കാനും നഷ്ടപ്പെട്ട ശബ്ദം തിരികെക്കൊണ്ടുവരാനുമൊക്കെ സഹായിക്കുന്ന ശാസ്ത്രീയമായ വോയിസ് തെറപ്പി ആണിത്. അതിലേക്ക് യോഗയുടെ പാഠങ്ങൾ കൂടി ചേർത്ത് ഞാൻ ഇന്ത്യൻ ശൈലി രൂപപ്പെടുത്തി.

ഒരിക്കൽ ദാസേട്ടൻ സുഹൃത്തിന്റെ മകനെ എന്റെ അടുത്തേക്കയച്ചു. കോളജ് പ്രഫസറാണെങ്കിലും സ്ത്രൈണ സ്വരം അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. അതു തെറപ്പിയിലൂടെ മാറ്റിയെടുത്തു. അതുപോലെ എസ്.പി. ബാലസുബ്രഹ്മണ്യം സാർ പറഞ്ഞിട്ട്, ആന്ധ്രയിലെ പ്രമുഖ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായ ഗണേഷ് എന്ന കുട്ടിയുമായി അച്ഛനും അമ്മയും വന്നു. ഗണേഷിന് ശബ്ദമിടറുന്നു, നന്നായി പാടാനാവുന്നില്ല.

ഡോക്ടറെ കണ്ടപ്പോൾ ചെലവേറിയ ചികിത്സയാണ് നിർദേശിച്ചത്. അതിലവർക്കു താൽപര്യമില്ല. രണ്ടു ദിവസം കൊണ്ട്, യോഗയും പ്രാണായാമവും ചേര്‍ന്നുള്ള വോക്കോളജി ചികിത്സയിലൂടെ ഗണേഷിനു പഴയ ശബ്ദം പൂര്‍ണമായി തിരിച്ചുകിട്ടി.

ശബ്ദത്തിനു വേണ്ടിയും സംഗീതത്തിനു വേണ്ടിയും നാം പലതും ത്യജിക്കേണ്ടി വരും. 1992ൽ ഞാൻ ഐസ് ക്രീം കഴിക്കുന്നത് നിർത്തി. ഭക്ഷണം പരിമിതിപ്പെടുത്തി. അതു പോലെ മാംസാഹാരം കുറച്ചു. ചിലപ്പോൾ മാസങ്ങളോളം കഴിക്കില്ല. എരിവും പുളിയും അധികം ഉപയോഗിക്കില്ല. കേക്ക് കഴിക്കില്ല. സംഗീത പഠനം ഇപ്പോഴും തുടരുന്നുണ്ട്. അതു സമ്മാനിക്കുന്ന അനന്തസാധ്യതകൾക്കു മുന്നിൽ ദൈവത്തിന്റെ കരം പിടിച്ചു ഞാൻ നിൽക്കുന്നു. നിയോഗങ്ങളുടെ ഒരു നടത്തിപ്പുകാരൻ മാത്രമായി.

The Musical Journey of Dr. Paul Poovathingal:

Dr. Paul Poovathingal, known as the 'Singing Priest,' is a renowned figure in music and vocology. He combines his spiritual calling with his passion for Carnatic music, offering unique vocal therapy services.

ADVERTISEMENT