ചുറ്റും നിറയെ ആളുകൾ ഉള്ളപ്പോഴും ‘ആ ഒരാൾ ’ ഇല്ലാത്തതിന്റെ വിടവ് എല്ലായ്പ്പോഴും അനുഭവിക്കുന്നവരാണ് ലോങ്ങ്ഡിസ്റ്റൻസ് റിലേഷൻഷിപ്പിലുള്ളവർ. ഇന്ന് പലരും ജോലിക്കായും പഠനത്തിനായും മറ്റും അന്യ നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുമ്പോൾ പലപ്പോഴും അവരുടെ പ്രണയവും പ്രണയദിനവും ഒക്കെ നിലനിൽക്കുന്നത് തന്നെ ഡിജിറ്റൽ ഗാഡ്ജറ്റ്സിലൂടെയാണ്. ഒരു വിളിയായും വീഡിയോ ആയും ദൂരെയുള്ളവരെ അടുത്തു കൊണ്ടുവരാൻ , അത്തരമൊരു തോന്നലുണ്ടാക്കാൻ ഇന്ന് ടെക്നോളജിക്കു സാധ്യമാണ്.
രണ്ടു പേരും രണ്ടിടത്താണെങ്കിലും പ്രണയം പറയാൻ പങ്കിടാൻ ഇന്ന് വഴികളേറെയുണ്ട്. രണ്ടറ്റത്തിരുന്നാലും വാലന്റൈൻസ് ഡേ ഡേയ്റ്റ് പ്ലാൻ ചെയ്യാം... അദൃശ്യമായി ചെന്ന് ഏറ്റവും പ്രിയപ്പട്ടൊരാൾക്ക് ഒരുമ്മ കൊടുക്കും പോലെ തോന്നിപ്പിക്കാനുള്ള കുറച്ച് വഴികൾ നോക്കാം...
∙ വെർച്വൽ ഡേറ്റ് നൈറ്റ്
രണ്ടാളും രണ്ടിടത്തു തന്നെ നിന്ന് ഏറെ ഇഷ്ടമുള്ള ഉടുപ്പൊക്കെ ഇട്ട് ഒരുങ്ങി. നല്ല ഭക്ഷണമുണ്ടാക്കി വീട്ടിലോ അതല്ലെങ്കിൽ ഒരു റെസ്റ്റൊറന്റിലോ വീഡിയോ കോളിലൂടെ ഒരുമിച്ചു കൂടാം. രണ്ടിടങ്ങളിലായി ഒരുമിച്ച് ഭക്ഷണവും അൽപം മധുരവും കഴിച്ച് കഥ പറഞ്ഞിരിക്കാം..
∙ ഓൺലൈൻ ഗിഫ്റ്റ്
എവിടേയ്ക്ക് വേണമെങ്കിലും ഇഷ്ടമുള്ള സമ്മാനങ്ങൾ എത്തിക്കാൻ കഴിയുന്ന സൈറ്റുകൾ വഴി പങ്കാളിക്ക് ഏറെയിഷ്ടമുള്ളതെന്തെങ്കിലും ഓൺലൈൻ ഗിഫ്റ്റായി നൽകാം. എന്ത് തിരഞ്ഞെടുക്കണം എന്നറിയാത്തവർക്കായി പല സൈറ്റുകളും ഇന്ന് കസ്റ്റമൈസ്ഡ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
∙ സർപ്രൈസ് ഗിഫ്റ്റ്
പങ്കാളിയുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് ഒരു സമ്മാനം വാങ്ങി നിങ്ങളുടെ പേരിൽ അതു നേരിട്ട് എത്തിക്കാൻ പറയാം.
∙ ഒരുമിച്ച് വായിക്കാം
പുസ്തകങ്ങളും വായനയും ഒക്കെ ഇഷ്ടമുള്ളവരാണെങ്കിൽ പരസ്പരം വായിച്ചും കേട്ടും ഇരിക്കാനുള്ള സമയം പ്ലാൻ ചെയ്യാം. ഒരാൾ നിർത്തിയിടത്തു നിന്ന് മറ്റേയാൾക്കു തുടങ്ങാം.
∙ തമ്മിൽ തമ്മിൽ ചോദിച്ചറിയാം
രസകരമായ പല റിലേഷൻഷിപ് ക്വസ്റ്റിനെയറുകളും ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. അല്ലെങ്കിൽ ചോദ്യങ്ങൾ സ്വയം തയ്യാറാക്കുകയും ചെയ്യാം. തമ്മിൽ ചോദ്യങ്ങൾ ചോദിച്ച് പരസ്പരം നന്നായിയറിയാം... കൂടുതൽ അടുക്കാം.
∙ സ്വയം സന്തോഷിക്കാനുള്ള സമ്മാനങ്ങൾ നൽകാം
സെക്സ് ടോയ്സ്, വൈബ്രേറ്റർ, അഡൾട്ട് ഗെയിം കാർഡുകൾ പോലുള്ള സമ്മാനങ്ങൾ തിരഞ്ഞെടുത്ത് പങ്കാളിക്ക് ഏറെ ഇഷ്ടത്തോടെ അയച്ചു കൊടുക്കാം.
∙ കലയെ കൂട്ടുപിടിക്കൂ
എന്തെങ്കിലും ഒരു ക്രാഫ്റ്റ് ഒരേ സമയം രണ്ടു പേർക്കും ചെയ്യാം. ഉദാഹരണത്തിന് ഒരു കാർഡ് ഉണ്ടാക്കലോ, ഉടുപ്പിൽ പെയിന്റ് ചെയ്യുകയോ അങ്ങനെ എന്തെങ്കിലും.. ആ കലാ സൃഷ്ടിയുടെ ഫോട്ടോ സ്റ്റാറ്റസ് ആക്കാം. അതിന്റെ വീഡിയോ എടുത്ത് റീലാക്കി പോസ്റ്റ് ചെയ്തിട്ട് പരസ്പരം ടാഗ് ചെയ്യുകയോ കൊളാബ് ചെയ്യുകയോ ആകാം.
ഇനി കാണുമ്പോൾ ആ സമ്മാനം പരസ്പരം കൈമാറം.
∙ ഓർമ വീഡിയോ
തമ്മിലൊരുമിച്ചുള്ളപ്പോഴെടുത്ത ചിത്രങ്ങളും വീഡിയോസും ചേർത്ത് എഡിറ്റ് ചെയ്ത വീഡിയോസ് പരസ്പരം അയക്കാം. ഫോൺ വിളിച്ച് ആ ഓരോ ചിത്രത്തേയും അതു ചുറ്റിപ്പറ്റിയുള്ള ഓർമകളെയും കുറിച്ച് തമ്മിൽ സംസാരിക്കാം.. നിങ്ങളുടെ ബന്ധത്തിന്റെ ആഴം ഒന്നുകൂടി കൂട്ടാൻ ഇത്തരം കാര്യങ്ങൾ സഹായിക്കും.
∙ ഒരുമിച്ചൊരു സൂര്യോദയമോ അസ്തമയമോ കാണാം
രണ്ടു പേർക്കും പറ്റും പോലെ വെർച്വലായി ഒരുമിച്ചൊരു സൂരോദയമോ അസ്തമയമോ കാണാം.. ചിത്രങ്ങൾ പരസ്പരം പങ്കുവയ്ക്കാം.
∙ സ്പോട്ടിഫൈ പ്ലേ ലിസ്റ്റ്
പങ്കാളിക്കായി പ്രത്യേകം തിരഞ്ഞെടുത്ത ഗാനങ്ങൾ ചേർത്തു വച്ചൊരു സ്പോട്ടിഫൈ പ്ലേ ലിസ്റ്റ്! ‘നീ എനിക്ക് അത്രയും സ്പെഷ്യലാണെന്ന്’ പറയാൻ വേറെന്തു വേണം!
∙ മുന്നിൽ ചെന്നു നിൽക്കാം
പങ്കാളിയോട് പറയാതെ അവർ ഉള്ളിടത്തേക്ക് ഒരു ട്രെയിനോ ബസ്സോ ഫ്ലൈറ്റോ ബുക്ക് ചെയ്യാം. എല്ലാം പരമ രഹസ്യമായിരിക്കണം.. അവർ താമസിക്കുന്നിടത്തേക്ക് ചെന്ന് ഒറ്റയടിക്കങ്ങ് പ്രത്യക്ഷപ്പെടുക. ഇതിലും മികച്ചൊരു പ്രണയ സമ്മാനം വേറെയുണ്ടോ?