ADVERTISEMENT

‘‘നിന്നെ ഞാൻ സ്നേഹിക്കുന്നു,

നിന്റെ ആത്മാവിനെ,

ADVERTISEMENT

നിന്റെ ഹൃദയത്തെ,

നിന്റെ ശരീരത്തെ,

ADVERTISEMENT

നീ തൊട്ടു നിൽക്കുന്ന മതിലിനെ,

നീ നിൽക്കുന്ന ഭൂമിയെ,

ADVERTISEMENT

നീ ശ്വസിക്കുന്ന വായുവിനെ,

നീയുള്ള ഈ മഹാപ്രപഞ്ചത്തെ ഞാൻ സ്നേഹിക്കുന്നു...!’’

– ബഷീർ

ഇനിയുമെത്രയോ കാലങ്ങൾ ആരൊക്കെ എഴുതിയാലും പാടിയാലും പുതുമ നഷ്ടപ്പെടാതെ നിൽക്കുന്നൊന്നാണ്– പ്രണയം.. കത്തുന്ന ലോകത്ത് ഒരിറ്റു മഴായി, പ്രതീക്ഷ നഷ്ടപ്പെടുന്ന ദിവസത്തിൽ കൈക്കുമ്പിളിലേക്ക് അവിചാരിതമായി വന്നു വീഴുന്ന ഒരു കുഞ്ഞു മഞ്ഞപ്പൂവായി, തിരക്കിട്ട ഓട്ടപ്പാച്ചിലുകൾക്കിടയിൽ സമയക്കുതിരകളെ ഒരു നിമിഷാർദ്ധം നിർത്താൻ കെൽപ്പുള്ള നെറുകിലെ മുത്തമായി... മനുഷ്യകുലം നിലനിൽക്കുവോളം പ്രണയവും നിൽക്കും. പ്രേമിക്കാനൊരു പ്രത്യേക ദിവസമൊന്നുമില്ലെന്ന് കരുതുന്നവരുണ്ട്. എന്നും എപ്പോഴും പ്രേമമാകുന്നവരുണ്ട്. ഒരു ദിവസം പ്രണയത്തിനായി മാറ്റി വയ്ക്കുന്നത് ഒരു ഓർമപ്പെടുത്തലായും കരുതലിനുള്ളൊരു വിളിയായും കരുതുന്നവരും...

വാലന്റൈൻസ് ഡേ എന്തായാലും ഇങ്ങത്തിക്കഴിഞ്ഞു... പഠനം, ജോലി, വീട്ടുകാര്യങ്ങൾ, കുട്ടികൾ എന്നൊക്കെയുള്ള തിരക്കിനിടയിൽ പ്രണയദിനം പ്ലാൻ ചെയ്യാൻ സമയം കിട്ടാത്തവർ വിഷമിക്കണ്ട. നിങ്ങളുടെ സാന്നിദ്ധ്യവും മറക്കാനാവാത്ത അനുഭവങ്ങളും പങ്കാളിക്ക് സമ്മാനിക്കാനുള്ള കുറച്ചു പ്ലാനുകൾ ഇതാ... ഇവയിൽ നിങ്ങൾക്കിണങ്ങുന്നവ നടപ്പിലാക്കി പരിപാടിയങ്ങ് തകർത്താട്ടേ...

ഒരുമിച്ചു കാടും മലയും കയറാം...

എല്ലാ ദിവസവും ഓരേ ടൈം ടേബിൾ പാലിച്ചു മടുത്ത സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരു കപ്പിൾ ഹൈക്ക് പ്ലാൻ ചെയ്യാം. അടുത്തുള്ള മല/കുന്ന്/കാട് കയറ്റം എന്നിവയുടെ ലിസ്റ്റങ്ങ് ഗൂഗിൾ ചെയ്യുക... ബാഗ് പായ്ക്ക് ചെയ്യുക... എന്നിട്ടൊരൊറ്റ പോക്ക്.

ഞാനും നീയും ചേർന്നൊരുക്കുന്ന സ്വാദ്

Vday3

ലീവെടുക്കുക എന്നൊരു കാര്യമേ ചിന്താക്കാൻ പറ്റില്ല പക്ഷേ, സംഗതി കളറാക്കണം എന്നുള്ളവരാണോ? വഴിയുണ്ട്.... പങ്കാളിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു വിഭവത്തിന്റെ റെസിപ്പി നോക്കുക. തിരിച്ചും. രണ്ടാളും വിഭവങ്ങൾ ഉറപ്പിച്ച ശേഷം ഒരുമിച്ച് മാർക്കറ്റിലേക്ക്... ഒരുമിച്ച് കിച്ചണിലേക്ക്. പാട്ട് പാടിയോ പാട്ടു കേട്ടോ ഒരുമിച്ച് പാചകം ചെയ്യാം. തമ്മിലങ്ങോട്ടും ഇങ്ങോട്ടും സ്നേഹവിഭവം പങ്കിടാം.

ഇനി പാചകം വശമില്ലെങ്കിൽ കപ്പിൾ വർക്കൗട്ടോ, ഈവനിങ്ങ് വാക്കോ സൈക്ലിങ്ങോ പ്ലാൻ ചെയ്യാം.

കപ്പിൾ സ്പാ

ഓടിത്തളർന്ന രണ്ടാൾക്കും ചേർന്നൊരുമിച്ച് റിലാക്സ് ചെയ്യാൻ ഇപ്പോ തന്നെയൊരു കപ്പിൾ സ്പാ ബുക്ക് ചെയ്യാം. ശരീരം മാത്രമല്ല മനസും ഫ്രഷ് ആകും.

സ്വയമൊരുക്കുന്ന സമ്മാനം

കൈയിൽ അഞ്ചിന്റെ പൈസയില്ലാതിരിക്കുമ്പോഴാണോ ‘വനിതേ’ സ്പാ എന്നാണോ ചിന്തിച്ചേ? ദേഷ്യപ്പെടാതപ്പാ... നമുക്ക് ഡി.ഐ.വൈ.(ഡു ഇറ്റ് യുവർസെൽഫ്) കൂട്ടുപിടിച്ച് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.... അയ്യോ അതല്ല... ട്രാക്ക് മാറി. ഡി.ഐ.വൈ.യെ കൂട്ടുപിടിച്ച് സ്വന്തമായി കൊച്ചു സമ്മാനങ്ങൾ ഉണ്ടാക്കാം. പല വർണ്ണ പേപ്പർ, ചാക്കുനൂൽ, പശ, റിബൺ, പൂക്കൾ, ഇലകൾ, ഗ്ലിറ്റർ ഒക്കെ പോരട്ടേ...!

നോ ഫോൺ ഡേ

താനും തന്റൊരു ഫോണും! എന്ന് പങ്കാളി ഇടയ്ക്കിടെ പറയാറുണ്ടോ? ഇന്നതിനൊരു പരിഹാരം കാണണം.. ഇന്നൊരു ദിവസം ആ ഫോണങ്ങ് ഒരു കുപ്പിയിലിട്ടടച്ച് വയ്ക്കാം. പങ്കാളിയുമായി ആവോളം സംസാരിക്കാം, ഒരുമിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം. 

സിനിമാഭ്രാന്തർക്ക് മൂവി നൈറ്റ്

സിനിമയാണോ നിങ്ങളെ രണ്ടാളേയും ഏറ്റവും അടുപ്പിച്ചു വയ്ക്കുന്ന കണ്ണി? രണ്ടു പേർക്കും ഇഷ്ടപ്പെട്ട സിനിമ രാത്രി ഒരുമിച്ചു കാണാം. പോപ്കോണും ഫെയറി ലൈറ്റും ഒക്കെ ഒരു ഭംഗിക്ക് പോന്നോട്ടേ... സിനിമയ്ക്ക് ശേഷം സിനിമാ ചർച്ചയും ആകാം. പറ്റിയാൽ നിങ്ങളാണീ സിനിമയെടുത്തതെങ്കിൽ എന്തെന്തൊക്കെ മാറ്റം വരുത്തിയേനേ എന്നൊക്കെ പരസ്പരം ചോദിച്ച് തമ്മിൽ മിണ്ടാനും ചിരിക്കാനും ചിന്തിക്കാനുമുള്ള അവസരങ്ങളും സൃഷ്ടിക്കാം.

പ്രണയലേഖനം എഴുതാം.

Vday2

അയ്യേ... പൈങ്കളി എന്നോ മറ്റോ ആണോ അങ്ങുന്നേ മനസിൽ വിചാരിച്ചത്? പ്രേമമെന്നൊക്കെ പറഞ്ഞാൽ അതിച്ചിരി പൈങ്കിളി തന്നാ പിള്ളേച്ചാ... ഒരിക്കലും കാലഹരണപ്പെട്ട് പോകാത്ത കത്തെഴുത്തിനെ തിരികെ കൊണ്ടുവരാം.. പരസ്പരം പ്രണയ ലേഖനങ്ങളെഴുതി കൈമാറാം. എന്നിട്ടത് ഒരുമിച്ചിരുന്ന് വായിക്കാം.

വർക്ക്ഷോപ്പുകൾ സമ്മാനിക്കാം

പെയിന്റിങ്ങ്, പോട്ടറി, ക്രാഫ്റ്റ് മെയിക്കിങ്ങ്, ഡാൻസ്, ഡോൾ മെയ്ക്കിങ്ങ്, അഭിനയം തുടങ്ങി പല വർക്ക്ഷോപ്പുകളും ഇന്ന് പലയിടത്തുമുണ്ട്. നിങ്ങൾക്കിഷ്ടമുള്ളതേതെന്ന് പരസ്പരം ചോദിച്ചു മനസിലാക്കി അത്തരം ഒരു വർക്ക്ഷോപ്പിൽ ഒരുമിച്ച് പങ്കെടുക്കാം.. പല ഇഷ്ടങ്ങളാണെങ്കിൽ ഓരോരുത്തർക്കും അവരവർക്കിഷ്ടമുള്ളത് ബുക്ക് ചെയ്തു കൊടുക്കാം...

ഡ്രൈവ്/റൈഡ് പോകാം

എല്ലാ പ്ലാനും പാളി നിൽക്കുമ്പോൾ രക്ഷിക്കാൻ തക്ക ശക്തിയുള്ളൊരു പ്ലാനാണ് ഒരുമിച്ചുള്ളൊരു കൊച്ച്/വലിയ ഡ്രൈവോ റൈഡോ... മറ്റുള്ള തിരക്കുകളൊക്കെ മാറ്റി വച്ച് നിങ്ങളും അറ്റം കാണാത്ത തെരുവും... ‘തെരുവുകൾ നീ... ഞാൻ വേഗമായി’ പാടിയങ്ങിറങ്ങാം.

നടന്നങ്ങ് തിന്നാം വാങ്ങാം...

യാത്രയടക്കം പാളിയെങ്കിൽ ചെയ്യാൻ പറ്റിയ ഒന്നാണ് പങ്കാളിയുമൊത്തുള്ള ഫൂഡ് അടിയും ഷോപ്പിങ്ങും.. ഒരുമിച്ച് ഇഷ്ടമുള്ളതൊക്കെ കഴിക്കാം, പുതു രുചികളും പരീക്ഷിക്കാം. അതിനിടയ്ക്ക് പരസ്പരം ഇഷ്ടമുള്ളൊരു ഉടുപ്പൊ ചെരുപ്പോ പെർഫ്യൂമോ വാങ്ങാനുള്ള ചെറിയൊരു ഷോപ്പിങ്ങും. ആഹാ...

English Summary:

Love is an eternal emotion that transcends time and trends, offering solace like rain in a burning world and hope like a unexpected yellow flower. This Valentine's Day, even with busy schedules, couples can cherish their bond with unique experiences like hiking, cooking together, or a relaxing spa day.

ADVERTISEMENT