പാർക്കിൻസൺസ് – ലോവർ ബാക്ക് പെയിൻ പരിഹാരം ആയുർവേദത്തിലൂടെ Understanding Parkinson's Disease: Early Signs and Ayurvedic Solutions
Mail This Article
പാർക്കിൻസൺസ് ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞു ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയും നടുവേദനയെ നിസാരമാക്കാതെ പരിഹാരം തേടേണ്ടതിന്റെ പ്രധാന്യവും വ്യക്തമാക്കുന്ന, വനിത മാഗസിനും വൈദ്യരത്നം ആയുർവേദ ഹോസ്പിറ്റലും ചേർന്നു നടത്തിയ സ്പർശം ഹെൽത്ത് ആൻഡ് വെൽനസ് സെമിനാർ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തൃശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുർവേദ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. വൈദ്യരത്നം ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ.ഇ.ടി.നീലകണ്ഠൻ മൂസ് സെമിനാർ ഉദ്ഘാടനം ചെയ്തു.
വൈദ്യരത്നം ഹെൽത്ത് കെയർ ജനറൽ മാനേജർ അബി ഇട്ടിയവിര, എംഎം പബ്ലിക്കേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ മാർക്കറ്റിങ് എം. കൃഷ്ണൻ, മലയാള മനോരമ സർക്കുലേഷൻ ഇൻസ്പെക്റ്റർ രാഹുൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. വൈദ്യരത്നം ആയുർവേദ ഫൗണ്ടേഷൻ ഹോസ്പിറ്റൽ സീനിയർ ഫിസിഷൻ ഡോ. ദിലീപ് കെ.എസ്. വിഷയാവതരണം നടത്തി. വൈദ്യരത്നം നഴ്സിങ് ഹോം സീനിയർ ഫിസിഷൻ ഡോ. മീര എം. പാർക്കിൻസൺസ് രോഗനിർണയവും ചികിത്സയും എന്ന വിഷയത്തിലും, വൈദ്യരത്നം ആയുർവേദ ഫൗണ്ടേഷൻ ഹോസ്പിറ്റൽ സീനിയർ ഫിസിഷൻ ഡോ. ലക്ഷ്മിപ്രിയ നടുവേദന ചികിത്സയെക്കുറിച്ചും ക്ലാസുകൾ നയിച്ചു.
പാർക്കിൻസൺസ് – നേരത്തേയുള്ള രോഗനിർണയം മികച്ച ചികിത്സാ ഫലം നൽകും – ഡോ. മീര എം.
മസ്തിഷ്ക്കത്തിൽ സംഭവിക്കുന്ന ക്രമക്കേടുകളിലൊന്നാണ് പാർക്കിൻസൺസ്. ‘കമ്പവാതം’ എന്ന് ആയുർവേദം വിശേഷിപ്പിക്കുന്നു. പ്രധാനമായും ചലന ശേഷിയെ ബാധിക്കുന്ന ഈ രോഗം വളരെ സാവധാനമാണ് ഒരു വ്യക്തിയിൽ പുരോഗമിക്കുക. അതിനാൽ തന്നെ ലക്ഷണങ്ങൾ തുടക്കത്തിൽ അറിയാതെ പോകാം. ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞാൽ വേഗത്തിൽ ചികിത്സ ആരംഭിക്കാനും മികച്ച ആരോഗ്യാവസ്ഥ നിലനിർത്താനും സാധിക്കും. മസ്തിഷ്ക്ക കോശങ്ങളെ ജീർണ്ണിപ്പിക്കുകയാണ് പാർക്കിൻസൺസ് ചെയ്യുക എന്നതിനാൽ രോഗം തീവ്രമായാൽ നഷ്ടപ്പെട്ട ചലനശേഷി തിരികെ നേടാൻ പ്രയാസമാണ്. യഥാസമയത്തുള്ള ചികിത്സ വഴി മസ്തിഷ്ക്ക കോശങ്ങളുടെ ജീർണത സാവധാനത്തിലാക്കാനും ചലനശേഷി നഷ്ടം മന്ദീഭവിപ്പിക്കാനും കഴിയും.
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് പ്രധാനമായും പാർക്കിൻസൺസ് രോഗം കാണുന്നതെങ്കിലും ചെറുപ്രായത്തിലും വിരളമായി പാർക്കിൻസൺസ് പിടിപെടുന്നതായി കാണുന്നു എന്നത് രോഗത്തെക്കുറിച്ചുള്ള ജാഗ്രത പ്രധാനമാക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് പാർക്കിൻസൺസ് കൂടുതലായി കാണുന്നത്. വിശ്രമാവസ്ഥയിലും കൈകൾക്ക് വിറയൽ, ശരീരത്തിന്റെ തുലന നില തെറ്റിപ്പോകുന്ന അവസ്ഥ, നടക്കാനുള്ള പ്രയാസം, കൈകൾ ചുഴറ്റാനുള്ള പ്രയാസം, ശരീരം മുന്നോട്ട് വളഞ്ഞ നില എന്നിവ തുടക്കത്തിലെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് ഔഷധ ചികിത്സ, നസ്യം, തൈല ധാര, പിഴിച്ചിൽ, ഫിസിയോ തെറാപ്പി, മ്യൂസിക് തെറാപ്പി, യോഗ, ഔഷധ ബാൻഡേജുകൾ, വസ്തി, വ്യായാമം എന്നീ മാർഗങ്ങളിലൂടെ മികച്ച ഫലം തരാൻ ആയുർവേദത്തിന് കഴിയും. എഴുത്ത്, വായന, ആരോഗ്യകരമായ ഭക്ഷണശീലം, കീടനാശിനികളുമായുള്ള സമ്പർക്കം കുറയ്ക്കൽ, തലയ്ക്ക് ഏൽക്കുന്ന പരിക്കുകളിൽ നിന്നുള്ള സുരക്ഷ എന്നിവയിലൂടെ രോഗപ്രതിരോധം ഒരു പരിധി വരെ സാധ്യമാണ്.
നടുവേദന – കാരണമറിഞ്ഞുള്ള ചികിത്സയിലൂടെ ഫലപ്രദമായി പരിഹരിക്കാം – ഡോ. ലക്ഷ്മി പ്രിയ
നടുവേദന ഒരു രോഗമെന്നതിനെക്കാൾ മറ്റു ആരോഗ്യപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന സൂചകമാണ്. നടുവേദനയുടെ സ്ഥാനം, സ്വഭാവം എന്നിവ കണക്കാക്കി ഫലപ്രദമായി ചികിത്സിക്കാൻ ആയുർവേദത്തിൽ മാർഗങ്ങളുണ്ട്. പേശി വലിവ്, നീർക്കെട്ട്, എല്ലിന്റെ തേയ്മാനം, മറ്റു അവയവങ്ങളുടെ രോഗാവസ്ഥ മൂലമുണ്ടാകുന്ന വേദന, നട്ടെല്ലിനുണ്ടാകുന്ന അണുബാധ, ഗർഭാശയ അണുബാധ, മൂത്രാശയ രോഗങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ നടുവേദനയ്ക്കു പിന്നിലുണ്ടാകാം.
തീവ്രവും ഗുരുതരവുമായ നടുവേദനയ്ക്ക് കിടത്തി ചികിത്സ ആവശ്യമായി വരാം. ഔഷധ സേവ, കിഴി, കഷായ ധാര, അഭ്യംഗം, വസ്തി, ഔഷധ ബാൻഡേജുകൾ എന്നിയിലൂടെ പരിഹരിക്കാനാകും. നിത്യ ശോധന കൃത്യമാക്കുക, ശരീരഭാരം കുറയ്ക്കുക, ഹൈ ഹീൽഡ് ചെരുപ്പ് ധരിക്കാതിരിക്കുക, ശരീരത്തിൽ തൈലം പുരട്ടി കുളിക്കുക, ചെറു ചൂടുവെള്ളത്തിൽ നിത്യവും കുളിക്കുക, ഇരിക്കുമ്പോഴും കിടക്കുമ്പോഴും മറ്റും ശരിയായ ശരീര സ്ഥിതി പുലർത്തുക, വ്യായാമം ചെയ്യുക എന്നീ മാർഗങ്ങളാണ് മികച്ച പ്രതിരോധ മാർഗങ്ങൾ.
പാരമ്പര്യവും ഗവേഷണ മികവും കരുത്തായ വൈദ്യരത്നം ആയുർവേദ ആശുപത്രികൾ
പാരമ്പര്യത്തിന്റെ പ്രൗഢിയും ഗവേഷണ മികവും കൊണ്ട് ലോക ശ്രദ്ധ നേടിയ ആയുർവേദ ചികിത്സാലയമാണ് അഷ്ടവൈദ്യ പാരമ്പര്യത്തിൽ പടുത്തുയർത്തിയ വൈദ്യരത്നം ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്. ഇൻപേഷ്യന്റ് സൗകര്യം, ലബോറട്ടറി സംവിധാനം, ഓപ്പറേഷൻ തീയറ്റർ, തുടങ്ങി എല്ലാ ആധുനിക സൗകര്യവുമുള്ള ആശുപത്രി സമുച്ചയത്തിൽ എല്ലാ രോഗവിഭാഗത്തിലും മികച്ച ചികിത്സ ലഭ്യമാണ്.