‘‘സത്യത്തിൽ മക്കൾ ആണ് ഞങ്ങളെ യങ് ആക്കുന്നത്. മകളുടെ ട്രോളിനേക്കാൾ വലുതല്ല, സോഷ്യൽ മീഡിയ ട്രോൾ ഒന്നും.’’- ജയറാം
വിനയം വിനയാണോ?
അഹങ്കാരത്തിന്റെ, ജാഡയുടെ പേരിലാണ് നമുക്കൊക്കെ സാധാരണ ട്രോൾ കിട്ടുക. ഇത് ആദ്യമായിട്ടാകും വിനയത്തിന്റെ പേരിൽ ഒരാൾ വിമർശിക്കപ്പെടുന്നത്.
പഠിച്ചു പ്രാക്ടീസ് ചെയ്ത വിനയം ഒന്നുമല്ല എനിക്കുള്ളത്. ജന്മനാലുള്ള സ്വഭാവമാണ്. ഒരാളോടു ബിഹേവ് ചെയ്യുമ്പോൾ മനഃപൂർവം മറ്റൊരു സ്വഭാവം എടുത്തണിയാനൊന്നും സാധിക്കില്ലല്ലോ. 38 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. ഇതു തുടരുന്നിടത്തോളം കാലം ട്രോളും ഉണ്ടാകും എന്നു മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും പൊതുവേ ട്രോളിന് അവസരം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കും.
എവിടെയായിരുന്നു അന്ന്?
ട്വന്റി ട്വന്റി സിനിമയുടെ പോസ്റ്ററിൽ താരങ്ങളെല്ലാം നിരന്നുള്ള ചിത്രത്തിൽ ഞാനില്ലായിരുന്നു. അതിന്റെ കാരണം രണ്ട് ഇന്റർവ്യൂവിൽ രണ്ടു രീതിയിൽ പറഞ്ഞു എന്നതാണ് മറ്റൊരു ട്രോൾ.
പുതിയ ഇന്റർവ്യൂവിൽ ദീപാവലി ആഘോഷിക്കാൻ ചെന്നൈയിൽ പോയി എന്നാണ് പറഞ്ഞത്. പഴയതിൽ ശബരിമലക്കു പോയെന്നും. ശരിയാണ്. ഞാൻ പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടായി. വർഷങ്ങൾക്കു മുൻപു സംഭവിച്ച കാര്യമല്ലേ? ഓർമപ്പിശക് ഉണ്ടാകാമല്ലോ.
അന്നു സിനിമയിൽ ഒപ്പമുണ്ടായിരുന്ന പലരെയും വിളിച്ചു ചോദിച്ചിരുന്നു. ആർക്കും ഞാൻ എവിടെയായിരുന്നെന്നു കൃത്യമായി ഓർക്കാൻ കഴിഞ്ഞില്ല.
കുംഭകോണമോ പെരുമ്പാവൂരോ?
മറ്റൊരു അഭിമുഖത്തിൽ ഞാൻ കുംഭകോണത്തോടുള്ള ഇഷ്ടം പറഞ്ഞതാണ് വലിയ ട്രോൾ ആയി മാറിയത്. തമിഴരെ പ്രീതിപ്പെടുത്താൻ ഒന്നുമല്ല, ആ പറഞ്ഞ ഇഷ്ടം നൂറു ശതമാനം സത്യമാണ്. അമ്മ കുംഭകോണം സ്വദേശിയായിരുന്നു. അച്ഛൻ പാലക്കാടുകാരനും. അമ്മ മരിക്കും വരെയും വീട്ടിൽ തമിഴ് ആയിരുന്നു ഭാഷ.
വേനലവധിക്കു ഞങ്ങൾ തമിഴ്നാട്ടിലേക്കു പോകും. അവധിക്കാലം തീരും വരെ അമ്മൻകുടി ദേവീക്ഷേത്രത്തിന്റെയും കുഭേശ്വരൻ, ശാരംഗപാണി ക്ഷേത്രങ്ങളുടെയും ചുറ്റുവട്ടത്തു കൂട്ടുകാരൊത്തു സൈക്കിൾ ചവിട്ടി നടന്നിരുന്ന കാലം.
മുത്തച്ഛൻ കെ. ആർ. ഗണപതി അയ്യർ പെരുമ്പാവൂരിൽ വക്കീൽ ആയിരുന്നു. അങ്ങനെയാണു കുടുബം പെരുമ്പാവൂരിലെത്തിയത്. അച്ഛൻ പെരുമ്പാവൂർ റെയോൺ ഫാക്ടറിയിൽ എൻജിനീയർ ആയിരുന്നു. 23ാം വയസ്സിൽ പത്മരാജൻ സാറിന്റെ കണ്ണിൽപെടും വരെയും പെരുമ്പാവൂരും അവിടുത്തെ വീടും തൊടിയും മിമിക്രിയും ഒക്കെയായിരുന്നു ജീവൻ.
പക്ഷേ, സിനിമയുടെ ഭാഗമായ ശേഷം 32 വർഷം കഴിഞ്ഞതും വീടുവച്ചതും കുട്ടികൾ വളർന്നതും എല്ലാം ചെന്നൈയിലാണ്. ദുബായിൽ, മുംബൈയിൽ ഒക്കെ ജീവിതത്തിന്റെ മുക്കാൽഭാഗവും ചെലവിട്ട മലയാളികളെ നമ്മൾ ‘മുംബൈക്കാരനല്ലേ, ദുബായ്ക്കാരനല്ലേ’ എന്നു പറഞ്ഞ് മാറ്റി നിറുത്തുമോ? മനുഷ്യനെ ഒരു കൃത്യമായ വര വരച്ച് ഇന്ന നാട്ടുകാരനാണ് എന്ന് സ്ഥാപിക്കാൻ ഒരിക്കലും കഴിയില്ലല്ലോ.