കോട്ടയം മാൻവെട്ടം ഗ്രാമത്തിൽ നിന്ന് സൈക്കിളിൽ ലോകം കീഴടക്കാൻ ഒരുങ്ങുകയാണ് കീർത്തന എന്ന പ്ലസ്ടു വിദ്യാർഥിനി.
മാൻവെട്ടമെന്ന സ്ഥലപ്പേരിലെ ‘ട്ട’ എന്ന അക്ഷരം പോലെയാണു കീർത്തനയുടെ വീടിനടുത്തുള്ള ചില റോഡുകൾ. കയറ്റവും ഇറക്കവും വളവും ആവോളമുണ്ട്. ആ വഴിയിലൂടെ സൈക്കിളോടിച്ചു വളർന്ന കീർത്തനയെന്ന പ്ലസ് ടു വിദ്യാർഥിനി ഇന്ന് മൗണ്ടൻ ബൈക്കിങ്ങിൽ രാജ്യത്തിന്റെ പ്രതീക്ഷയാണ്.
പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുത്തു. വലിയ പാറക്കല്ലുകളും കുത്തനെയുള്ള ഇറക്കങ്ങളുമുള്ള വഴികളിലാണ് മൗണ്ടൻ ബൈക്കിങ് മത്സരങ്ങൾ നടക്കുന്നത്. അരുണാചൽ പ്രദേശിൽ നടന്ന ദേശീയചാംപ്യൻഷിപ്പിനിടെ തെന്നിവീണ് ഹെൽമറ്റ് പൊട്ടി. താടിക്കു പരുക്കേറ്റു. ഒരു പല്ലുംപൊട്ടി. പക്ഷേ, മത്സരം പൂർത്തിയാക്കിയാണു കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ പ്ലസ്‌ടു ബയോ മാത്‍സ് വിദ്യാർഥിനിയായ കീർത്തന ട്രാക്ക് വിട്ടത്. ആ മനക്കരുത്താണു പിന്നീട് ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ജഴ്സിയണിയിച്ചത്. ആത്മവിശ്വാസത്തിന്റെ ട്രാക്കിനെക്കുറിച്ചു കീർത്തന തെരേസ് തലോടി പറയുന്നു...
അത്‍ലറ്റിക്സിൽ തുടക്കം
‘‘ കോട്ടയം പള്ളിക്കൂടം സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. അത്‌ലറ്റിക്സിലായിരുന്നു തുടക്കം. വിനോദ് സർ ആയിരുന്നു പരിശീലകൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഹൈദരാബാദിൽ വെച്ച് നടന്ന സിെഎഎസ്‍സിഇ സ്‌കൂൾസ് ദേശീയ അത്‌ലറ്റിക് മീറ്റിൽ 4x100m റിലേയിൽ എനിക്ക് വെങ്കല മെഡൽ കിട്ടി.
അപ്പനും സുഹൃത്തുക്കളും ചേർന്ന് മാൻവെട്ടം സൈക്കിളിംഗ് ക്ലബ് എന്ന ഒരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. അവരുടെ സൈക്കിളിംഗ് യാത്രകൾ എനിക്ക് പ്രചോദനമായി. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ അവരുടെ മക്കളുടെ, എന്റെ കൂട്ടുകാരുടെ ഒപ്പം കോട്ടയം ജില്ലാ എംടിബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കോട്ടയം വടകരയിൽ പോയത് മുതലാണ് ഞാൻ സൈക്കളിംഗ് ഇഷ്ടപ്പെടാൻ തുടങ്ങിയത്. പിന്നെയത് ക്രേസായി മാറി’’ മലനിരകളിലൂടെ സൈക്കിൾ ഒാടിക്കുന്നതിലുള്ള ഇഷ്ടത്തെക്കുറിച്ചു കീർത്തന.
കീർത്തനയുടെ അച്ഛൻ തലോടി വീട്ടിൽ ജോണും അമ്മ സുമവും മകളുടെ ഇഷ്ടത്തിനു കൂട്ടു നിന്നു. വഴി കാണിച്ചു കൊടുക്കാൻ മാൻവെട്ടം സൈക്കിൾ കൂട്ടായ്മയിലെ അംഗങ്ങളും കൂടിയെത്തിയപ്പോൾ ട്രാക്ക് ക്ലിയർ ആയി.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കീർത്തന ആദ്യമായി മത്സരിക്കാനിറങ്ങുന്നത്. സ്വന്തമായി ഒരു പ്രൊഫെഷണൽ എംടിബി സൈക്കിൾ ഇല്ലാത്തതിനാൽ, സാധാരണ മൗണ്ടെയ്ൻ സൈക്കിൾ ഉപയോഗിച്ചാണ് ആദ്യമായി ട്രാക്കിൽ ഇറങ്ങിയത്. എന്നിട്ടും രണ്ടാം സ്ഥാനം നേടി. അന്നു മത്സരം കണ്ട പരിചയസമ്പന്നരായ പലരും പറഞ്ഞു.
‘മോൾക്ക് സൈക്ലിങ്ങിൽ നല്ല കഴിവുണ്ട്. നല്ല പരിശീലനവും മികച്ച സൈക്കിളും കിട്ടിയാൽ ഇന്ത്യൻ ജഴ്സി അണിയും’ ആ വാക്കുകൾ സത്യമായി. കീർത്തനയ്ക്കു തുടക്കത്തിൽ എല്ലാ മാർഗനിർദേശങ്ങളും നൽകി കോട്ടയം ജില്ലാ സൈക്ലിങ് അസോസിയേഷൻ ഒപ്പം നിന്നു.
കേരളത്തിനു പുറത്ത് ആദ്യമായി ഒരു സൈക്കളിംഗ് മത്സരത്തിൽ പങ്കെടുക്കുന്നത് ഹരിയാനയിലെ പഞ്ച്കുളയിൽ നടന്ന ദേശീയ എംടിബി ചാംപ്യൻഷിപ്പിൽ ആയിരുന്നു. അവിടെ നിന്നാണു കീർത്തന ഫിറോസ് എന്ന കോച്ചിനെ കണ്ടുമുട്ടിയത്. ‘‘ അപ്പയുടെ ഒരു സുഹൃത്തിന്റെ മകന്റെ പ്രൊഫഷണൽ എംടിബി സൈക്കിൾ കടം എടുത്താണ് ഞാനും അപ്പയും ഹരിയാനക്ക് വിമാനം കയറിയത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം. അവിടെയാണ് ഞാൻ ആദ്യമായി യഥാർഥ എംടിബി ട്രാക്ക് കണ്ടത്. അതുവരെ ഒരു പരിശീലനവും കിട്ടിയിട്ടില്ല. ആ മത്സരത്തിൽ ദേശീയ തലത്തിൽ എട്ടാം സ്ഥാനത്ത് എത്തി. അവിടെ വച്ചാണ് ബെംഗളൂരുവിൽ നിന്നുള്ള ഫിറോസ് സാറിനെ പരിചയപ്പെടുന്നത്. വയനാട്ടിൽ നിന്നുള്ള മൈസയുടെ പരിശീലകനായിരുന്നു അദ്ദേഹം. പിന്നീടു എന്റെയും പരിശീലകനായി.’’ കീർത്തന പറയുന്നു.
അരുണാചലിലെ അപകടം
‘‘ഇന്ത്യക്കു അകത്തും പുറത്തും മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷം ദേശീയ ചാമ്പ്യൻഷിപ്പിനായി അരുണാചലിലെ ട്രാക്കിൽ ഇറങ്ങിയതാണ് ഇപ്പോഴും ഓർത്തിരിക്കുന്നത്. അപ്പോഴെനിക്ക് സ്വന്തം പ്രൊഫെഷണൽ എംടിബി സൈക്കിൾ ഉണ്ടായിരുന്നു. മത്സരത്തിന് മുൻപ് ട്രാക്കിലൂടെയുള്ള പരിശീലന റൈഡിൽ ഒരു പാറക്കിടയിലേക്ക് വീണു. ഹെൽമെറ്റുണ്ടായിരുന്നെങ്കിലും താടിയുടെ ഭാഗത്തു മുറിവുണ്ടായി. ഒരു പല്ലൊടിഞ്ഞു. ചോര ഒഴുകിത്തുടങ്ങി. ആംബുലൻസും, ഡോക്ടറും സ്ഥലത്തുണ്ടായിരുന്നു. അവർ എന്നെ പൊക്കിക്കൊണ്ട് പോയി ഹോസ്പിറ്റലിൽ എത്തിച്ചു സ്റ്റിച്ചിട്ടു.
ഇനി തുടരണോ എന്ന് അപ്പ ചോദിച്ചെങ്കിലും ഞാൻ പിന്മാറിയില്ല. വേദന കടിച്ചമർത്തി അടുത്ത ദിവസം നടന്ന മത്സരത്തിൽ പങ്കെടുത്തു. ഫിനിഷിങ് പോയിന്റിന് തൊട്ടുമുൻപ് പിന്നെയും വീണു. പരുക്കേറ്റെങ്കിലും നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യാൻ പറ്റിയതിൽ സന്തോഷം തോന്നി. വീണതല്ല സങ്കടം, 11 സെക്കന്റിനാണു മെഡൽ നഷ്ടമായത്.’’ ട്രാക്കിലെ അതിജീവനത്തെക്കുറിച്ചു കീർത്തന.
ഏഷ്യൻ ട്രാക്കിലെ ഇന്ത്യൻ ജഴ്സി
ഏഷ്യൻ എംടിബി ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള ദേശീയ സിലക്‌ഷൻ ട്രയൽസിൽ മൂന്നാം സ്ഥാനം നേടിയാണ് കീർത്തന ഇന്ത്യൻ ടീമിലിടം നേടുന്നത്. ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌ക്കന്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 18 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്കൊപ്പം പങ്കെടുത്ത കീർത്തന ഇന്ത്യൻ ടീമിലെ ഏക മലയാളിയായിരുന്നു.
‘‘ ആ ട്രാക്ക് അതുവരെ പങ്കെടുത്തതു പോലെയായിരുന്നില്ല. വീണുകിടക്കുന്ന മരത്തിനു മുകളിലൂടെ ജംപ് ചെയ്യിക്കണം. ദീർഘദൂരം കുത്തനെയുള്ള ഇറക്കങ്ങളുണ്ട്. ഇതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു.
ചൈനയിൽ നിന്നും തായ്‍ലൻഡിൽ നിന്നും ജപ്പാനിൽ നിന്നുമൊക്കെ പങ്കെടുത്തവർ ഈസിയായി ഇതു മറികടക്കുന്നതു കണ്ടു. അപ്പോഴാണ് അവരുടെ പരിശീലന രീതി അറിയണമെന്നു തോന്നിയത്. ഭാഷയറിയില്ല. ഗൂഗിൾ ട്രാൻസലേറ്ററിന്റെ സഹായത്തോടെ സംസാരിച്ചു. അവരൊന്നും സ്കൂളിലേ പോകാറില്ല.സൈക്ലിങ് കരിയർ ആയി കുട്ടിക്കാലത്തേ തിരഞ്ഞെടുത്തു കഴിഞ്ഞു. നമ്മൾ പഠനം കഴിഞ്ഞ് ബാക്കി സമയത്താണ് പരിശീലനം. സ്കൂളിൽ പോവാതെ ഇതുമാത്രം മതി എന്നു തീരുമാനിച്ചാൽ ജീവിക്കാൻ പറ്റില്ലല്ലോ. അവർ ഒരു ദിവസം ഇരുന്നൂറു കിലോമീറ്ററിലധികം ദൂരം സൈക്കിൾ ചവിട്ടും. രണ്ടോ മൂന്നോ ദിവസം അടുപ്പിച്ചു ചെയ്ത ശേഷം അടുത്ത രണ്ടു ദിവസം ഇടവേള. ഇതാണു പരിശീലന രീതി. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ മസിൽസട്രങ്‍ത് ഉള്ളവരാണ്.
രാജ്യാന്തരതലത്തിൽ കഠിനമായ പരിശീലനം പ്രധാനമാണ്. ഒപ്പം പഠനവും എനിക്കു മുന്നോട്ടു കൊണ്ടുപോകണം. ഓൺലൈൻ ആയാണ് എന്റെ പരിശീലനം. ഹോസ്റ്റലിൽ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്റെ സൈക്കിളും മൊബൈൽ ആപ്പുമായി കണക്ടഡാണ്. ബെംഗളൂരുവിലിരുന്ന് ഒരോ ദിവസവും കോച്ച് നിർദേശങ്ങൾ തരും. അതനുസരിച്ചാണു പരിശീലനം.
ശനി, ഞായർ ദിവസങ്ങളിൽ മാൻവെട്ടം മുതൽ ഏതാണ്ട് 110 കിലോമീറ്റർ ദൂരം റോഡിൽ പരിശീലനം നടത്തും. ഒാരോ ദിവസവും തുടർച്ചയായി അഞ്ചു മണിക്കൂർ നീളുന്നതാണീ പരിശീലനം. സ്കൂളിന്റെയും സഹപാഠികളുടെയും കട്ടസപ്പോർട്ടുണ്ട്. ക്ലാസ് മിസ് ആയാലും ഫ്രണ്ട്സ് നോട്സ് അയച്ചുതരും. എന്തു സംശയം വന്നാലും സഹായത്തിനു അധ്യാപകരുമുണ്ട്.’’ സൈക്ലിങ്ങിന്റെ കഠിനവഴികളെക്കുറിച്ച് കീർത്തന.
ഞാൻ പ്രാർഥിക്കും, അമ്മ പറയുന്നു
മകൾ കുന്നും മലയും സൈക്കിളിൽ കീഴടക്കാൻ പോവുന്ന മത്സരം അമ്മ കാണാറുണ്ടോ? കീർത്തനയുടെ അമ്മ സുമം പറഞ്ഞത് ഇങ്ങനെ– ‘‘സത്യം പറഞ്ഞാൽ എനിക്ക് നല്ല പേടിയുണ്ട്. അന്ന് മോൾ വീണെന്നറിഞ്ഞപ്പോൾ കരഞ്ഞു പോയി ഞങ്ങളെല്ലാം. പക്ഷേ, അവളുടെ ഇഷ്ടമാണ് പ്രധാനം. അതിനൊപ്പമാണ് ഞങ്ങളെല്ലാം.’’
തലോടി വീട്ടിൽ ജോൺ– സുമം ദമ്പതികളുടെ മൂത്തമകളാണ് കീർത്തന. സഹോദരങ്ങളായ ശ്രേയയും തേജസുമാണ് ചേച്ചിയുടെ വലിയ ആരാധകർ. അവരും സ്പോർട്സ് വഴിയിൽ സഞ്ചരിക്കുന്നവരാണ്. ശ്രേയ ഷൂട്ടിങ്ങും തേജസ് കരാട്ടെയും പരിശീലിക്കുന്നുണ്ട്.
സൈക്ലിങ് വലിയ സാമ്പത്തിക ചെലവുള്ള സ്പോർട് ആണെന്നു ജോൺ പറയുന്നു. ‘‘അരുണാചലിലെ ദേശീയ മത്സരത്തിനു മുൻപാണ് പുതിയ സൈക്കിൾ വാങ്ങിയത്. മൗണ്ടയ്ൻ ബൈക്കിങ് വിഭാഗത്തിൽ പെട്ട ആ സൈക്കിളിനു മൂന്നര ലക്ഷം രൂപയായി. ഇപ്പോൾ എൻഡ്യൂറൻസ് പരിശീലനത്തിനായി ഒരു റോഡ് ബൈക്ക് കൂടിയുണ്ട്. അതിന് ഏതാണ്ടു നാലു ലക്ഷം രൂപയാണു വില. പിന്നെ, മത്സരങ്ങൾക്കായി പോവുന്നതിന്റെ ടിക്കറ്റ്,ബെംഗളൂരുവിൽ പോയുള്ള പരിശീലനം, താമസം... ഓരോ വർഷവും നല്ല സാമ്പത്തിക ചെലവുണ്ട്. പക്ഷേ അതൊന്നും ഞങ്ങൾ കണക്കൂ കൂട്ടുന്നില്ല. മകളുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്നു.’’
എന്താണ് സ്വപ്നം? കീർത്തന ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു. ‘‘ഇന്ത്യയ്ക്കു വേണ്ടി ഒരു മെഡൽ.’’ഈ സ്വപ്നത്തോടൊപ്പം തന്നെ ജീവിതത്തിൽ ആരാവണം എന്നതിനും പഠിക്കാൻ മിടുക്കിയായ കീർത്തനക്കു ലക്ഷ്യമുണ്ട് . ‘‘എൻ‍്രടൻസ് പരിശീലനത്തിനു പോവുന്നുണ്ട്, ഡോക്ടറാകണം എന്നാണു മനസ്സിൽ.’’ കീർത്തനയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.