ADVERTISEMENT

സ്ത്രീകൾക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നതിനായി ജീവിതം സമർപ്പിച്ച ഫോർട്ട് കൊച്ചിയിലെ മെറീന ഗുരുക്കൾ..

ക്തിയും ധൈര്യവുമുള്ള ഉണ്ണിയാർച്ചമാർ ഇന്നു നാടെമ്പാടുമുണ്ടെങ്കിലും  ഉറുമിയും വാളും വീശാൻ കെൽപ്പുള്ള, കളരിപ്പയറ്റ് പഠിച്ച ഉണ്ണിയാർച്ചമാർ കുറവാണ്. അവിടെയാണു മെറീന ഗുരുക്കൾ വ്യത്യസ്തയാകുന്നത്. രോഗം കവർന്ന ബാല്യത്തോടു പയറ്റിത്തെളിഞ്ഞ്  ഫോർട്ട്  കൊച്ചിയുടെ കളരിഗുരുക്കളായി മാറി മെറീന.

ADVERTISEMENT

ഇന്നു പെൺകുട്ടികളെ കളരി പഠിപ്പിക്കുന്ന ദക്ഷിണ ഭാരത വനിതാ കളരിയുടെ മേൽനോട്ടം വഹിക്കുകയാണ്  മെറീന ഗുരുക്കൾ. ഫോർട്ട് കൊച്ചിയിൽ എല്ലാ വർഷവും  മെറീന ഗുരുക്കൾ നടത്തി വരുന്ന ‘വീരാംഗന’ വനിതാ  കളരിപ്പയറ്റ് പ്രദർശനം അതിലെ പങ്കാളികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. എല്ലാ വർഷവും  ആറു വയസ്സു മുതൽ 80 വയസ്സു വരെ പ്രായത്തിലുള്ള സ്ത്രീകൾ ഇതിൽ പങ്കെടുക്കുന്നു.  

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കളരിപ്പയറ്റിനു വേണ്ടി സമർപ്പിതമായി പ്രവർത്തിച്ചുവരികയാണു മെറീന. കളരിപ്പയറ്റ്, യോഗ, കളരി, മർമ ചികിത്സ എന്നിവയാണ് മെറീന കൈകാര്യം ചെയ്യുന്ന മേഖലകൾ. ‘‘ആയോധനകല എന്നതിലുപരി സ്വയരക്ഷ, ആരോഗ്യം, ധൈര്യം, മന:സാന്നിധ്യം എന്നിവ സ്വായത്തമാക്കാൻ മികച്ച മാർഗമാണു കളരിപ്പയറ്റ്. അതുകൊണ്ടു തന്നെ കൂടുതൽ സ്ത്രീകളിലേക്കു കളരിപ്പയറ്റിനെ എത്തിക്കുക എന്നത് ലക്ഷ്യമാണ്.

ADVERTISEMENT

അതിനായാണ് ഏറെ പ്രയാസങ്ങൾ സഹിച്ച് ഓരോ വർഷവും ‘വീരാംഗന’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിൽ നിന്നു കൂടുതൽ പ്രോത്സാഹനം കിട്ടിയാൽ കേരളത്തിന്റെ പാരമ്പര്യം സംരക്ഷിക്കുക എന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും ഇതൊരു നല്ല മാർഗമായി മാറും.’’  മെറീന പറയുന്നു.  

തളർച്ചയിൽ നിന്നു കരുത്തിലേക്ക്

ADVERTISEMENT

‘‘അപ്പച്ചൻ മാനുവലിന്റെയും അമ്മച്ചി മാർഗററ്റിന്റെയും  രണ്ടു മക്കളിൽ ഇളയ ആളാണു ഞാൻ. എനിക്കൊരു ചേട്ടനാണ് ഉള്ളത്.  ജനിച്ചപ്പോൾ കാലുകൾക്കു ദുർബലതയുണ്ടായിരുന്ന കുട്ടിയായിരുന്നു ഞാൻ. നടക്കുമ്പോൾ ഇടയ്ക്കിടയ്ക്കു വീഴുമായിരുന്നു. ചികിത്സയ്ക്കായി അപ്പനും അമ്മയും പലയിടത്തും കൊണ്ടു പോയി. ‘കാലുകൾ ദുർബലമാണ്, ശരിയാക്കാൻ കഴിയില്ല’ എന്ന മറുപടിയാണ് പലയിടത്തു നിന്നും കിട്ടിയത്. കളരി ഗുരുക്കളായ കോലോത്ത് ശ്രീധരൻ ഗുരുക്കൾ അപ്പച്ചന്റെ സുഹൃത്തായിരുന്നു. വിവരമറിഞ്ഞ അദ്ദേഹം ‘അവളെ എന്നെ ഏൽപിക്ക്’ എന്നു പറഞ്ഞു.

കളരിയിൽ തെക്കൻ സമ്പ്രദായവും  വടക്കൻ സമ്പദായവുമുണ്ട്. ശ്രീധരൻ ഗുരുക്കൾ രണ്ടിലും  പരിശീലനം നേടിയ ആളായിരുന്നു.  കളരിപ്പയറ്റുമായി ബന്ധപ്പെട്ട പരമ്പരാഗത ചികിത്സാ-രോഗശാന്തി സമ്പ്രദായമായ കളരി മർമ ചികിത്സയും അദ്ദേഹത്തിനു വശമുണ്ടായിരുന്നു.  അങ്ങനെ പത്ത് വയസ്സ് മുതൽ ശ്രീധരൻ ഗുരുക്കളുടെ ഫോർട്ട് കൊച്ചിയിലെ ദക്ഷിണ ഭാരത കളരിയിൽ കളരിപ്പയറ്റ് അഭ്യസിക്കാൻ ആരംഭിച്ചു.

ഗുരുനാഥന് രണ്ട് ആൺകുട്ടികളായിരുന്നു. അരുൺ കുമാറും അശ്വിനി കുമാറും. അവരുടെ വീട്ടിലെ മൂന്നാമത്തെ കുട്ടിയായി ഞാൻ മാറി. പെൺകുട്ടികളില്ലാത്തതിനാൽ പ്രത്യേകമായ വാത്സല്യം  ഗുരുനാഥനെനിക്ക് തന്നു. ഞങ്ങൾ മൂന്നു പേരും കളരിയിൽ ഒന്നിച്ചു പയറ്റ് പഠിച്ചു. സ്കൂൾ വിട്ടു വന്നശേഷം ഞാൻ കളരിയിലേക്ക് ചെല്ലും.  കാലുകൾ ബലപ്പെടുത്താൻ കൂടി  ഉപയുക്തമായ വിധം കളരി പരിശീലനവും കളരി മർമചികിത്സയും  കഴിഞ്ഞ് തിരികെ പോരും.

കാലുകൾ സാവധാനം ബലപ്പെട്ടു വന്നു. കളരി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടാൻ വരെ കഴിഞ്ഞു.  കളരിപ്പയറ്റിന്റെ  അടവുകൾക്കൊപ്പം കളരി മർമ ചികിത്സയും അദ്ദേഹം എന്നെ പഠിപ്പിച്ചു. ’’

തുടരുന്ന പാരമ്പര്യം

‘‘ശ്രീധരൻ ഗുരുക്കളുടേത്  ഫോർട്ട് കൊച്ചിയിലെ പേരുകേട്ട കുടുംബമാണ്. എന്റെ  അപ്പച്ചൻ തയ്യൽക്കാരനായിരുന്നു. തീർത്തും സാധാരണക്കാരായ കുടുംബം. ചികിത്സയ്ക്കും കളരി പഠനത്തിനുമുള്ള ഫീസ് കൊടുക്കാൻ ചിലപ്പോഴൊക്കെ പൈസ ഉണ്ടാകില്ല. പക്ഷേ, ശ്രീധരൻ ഗുരുക്കൾ  കളരി പഠനവും ചികിത്സയും മുടക്കാൻ സമ്മതിക്കുമായിരുന്നില്ല. പഠനത്തിലെ എന്റെ ചിട്ടയും സമർപ്പണവും അദ്ദേഹം ഏറെ പ്രശംസിച്ചിരുന്നു.

കൊച്ചിൻ കോളജിൽ നിന്നും  ഇക്കണോമിക്സിൽ ബിരുദം കഴിഞ്ഞ സമയത്താണ് ഗുരുനാഥൻ അപ്പച്ചനോട് ആ കാര്യം പറയുന്നത്. ‘ഇവളെ എന്റെ മരുമകളായി തരണം’.  ജാതിയോ മതമോ അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. ശ്രീധരൻ ഗുരുക്കളുടെ ഇഷ്ടം എന്റെ അപ്പച്ചനും സ്വീകാര്യമായിരുന്നു. അങ്ങനെയാണ്  ഗുരുക്കളുടെ ഇളയ മകൻ അശ്വനി കുമാറിന്റെ  ഭാര്യയാകുന്നത്.

woman-kalari
ഭർത്താവ് അശ്വനി കുമാർ, മക്കൾ അദിതി കൃഷ്ണ, അദ്വൈത ലക്ഷ്മി എന്നിവർക്കൊപ്പം മെറീന ഗുരുക്കൾ

കളരിപ്പയറ്റ് എനിക്കിന്നും തുടരാൻ കഴിഞ്ഞത് അത്തരമൊരു കുടുംബത്തിലെ മരുമകളാകാൻ കഴിഞ്ഞതു കൊണ്ടാണ്.  ഞങ്ങൾക്കു രണ്ടു പെൺകുട്ടികളാണ്. അദിതി കൃഷ്ണയും അദ്വൈത ലക്ഷ്മിയും. ഇരുവരും കുടുംബത്തിന്റെ ആയോധന പാരമ്പര്യം അഭിമാനത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നു.

ശ്രീധരൻ ഗുരുക്കളുടെ വേർപാടിനു ശേഷം, ദക്ഷിണ ഭാരത കളരിയുടെ ഉത്തരവാദിത്തം ഞങ്ങൾ ഇരുവരും ഏറ്റെടുത്തു. കളരിപ്പയറ്റിന്റെയും അതുമായി ബന്ധപ്പെട്ട ചികിത്സാപാരമ്പര്യങ്ങളുടെയും പരിശീലനം, സംരക്ഷണം, പ്രചാരണം എന്നിവയുടെ പ്രധാന കേന്ദ്രമായി ദക്ഷിണ ഭാരത കളരി വളർന്നു.  സ്ത്രീകൾക്കായി പ്രത്യേകം കളരി തുടങ്ങി. സ്ത്രീകൾക്കു വേണ്ടി പ്രത്യേകം കളരി എന്നത് ഗുരുക്കളുടെ സ്വപ്നമായിരുന്നു. ഫോർട്ട്  കൊച്ചി വെളിയിൽ കോർപ്പറേഷൻ  അനുവദിച്ചു നൽകിയ സ്ഥലത്താണു ദക്ഷിണ ഭാരത വനിതാ കളരി  പ്രവർത്തിക്കുന്നത്. ആറ് മുതൽ പതിനാറ് വയസ്സ് വരെയുള്ള കുട്ടികൾക്കായി ബാല കളരിയും നടത്തുന്നുണ്ട്. ’’

വീരാംഗനമാരേ വരുവിൻ

2020-ൽ ആരംഭിച്ച വാർഷിക കളരിപ്പയറ്റ് പ്രദർശനമാണ് ‘വീരാംഗന’. എല്ലാ വർഷവും രാജ്യാന്തര വനിതാദിനാഘോഷങ്ങളുടെ ഭാഗമായാണിതു നടക്കുന്നത്.  വീട്ടമ്മമാ ർ, പ്രഫഷനലുകൾ, വിദ്യാർഥിനികൾ, മുതിർന്ന പൗരർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  നൂറോളം സ്ത്രീകൾ ഇതിൽ പങ്കെടുക്കുന്നു.  

2022-ലെ വീരാംഗന പരിപാടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും അംഗീകാരം ലഭിച്ചു. സ്ത്രീകൾ അവതരിപ്പിച്ച ഏറ്റവും വലിയ കളരിപ്പയറ്റ് പ്രകടനം  എന്ന നിലയിലാണ് അംഗീകാരം ലഭിച്ചത്.  കയ്യുഴിച്ചിലും ചവിട്ടിയുഴിച്ചിലും അടങ്ങുന്ന കളരി ചികിത്സ, ഭദ്ര യോഗ  സെന്റർ സ്ഥാപിക്കുക വഴി യോഗ പരിശീലനം എന്നിവയും  മെറീന ചെയ്യുന്നുണ്ട്.

കളരിപ്പയറ്റിന്റെയും കേരളത്തിന്റെ പരമ്പരാഗത സാംസ്കാരിക പൈതൃകത്തിന്റെയും സംരക്ഷണത്തിനും പ്രചാരണത്തിനും നൽകിയ വിശിഷ്ട സേവനത്തിന് 2023-ലെ കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരവും മെറീനയ്ക്ക്  ലഭിച്ചിരുന്നു.

Fort Kochi's Marina Gurukkal: Empowering Women Through Kalarippayattu:

Marina Gurukkal is a Kalarippayattu master from Fort Kochi who has dedicated her life to training women in this ancient martial art. Despite facing childhood illness, she overcame physical challenges to become a renowned Kalari guru. She now heads Dakshina Bharata Vanitha Kalari, focusing on empowering women through self-defense, health, and confidence-building. The annual 'Veeraangana' women's Kalarippayattu exhibition, organized by Marina, showcases participants of all ages, promoting Kerala's martial heritage and women's empowerment. Marina also practices and teaches Kalari Marma treatment and yoga, and has received accolades for her contributions, including the Kerala Folklore Academy Award.

ADVERTISEMENT