ഓർമകളെ ഭയന്ന് ഓടിപ്പോയ രണ്ടു നായകന്മാർ. ഉള്ളടക്കത്തിൽ മോഹൻലാലിന്റെ ഡോ. സണ്ണി. മഴയെത്തും മുൻപെയിൽ മമ്മൂട്ടിയുടെ നന്ദൻ. കടൽത്തീരത്തെ വീട്ടിൽ പഴയ കാലത്തിൽ നിന്നു പോരാനാവാതെ സണ്ണി കുരുങ്ങിക്കിടക്കുന്നു. കൊൽക്കത്തയിലെ ഏതോ തെരുവിലെ അലങ്കോലപ്പെട്ട കുഞ്ഞു മുറിയിൽ പൂച്ചക്കുഞ്ഞിനോടു പോലും ക്ഷോഭിച്ചു നന്ദനും ജീവിക്കുന്നു. രണ്ടുപേരും കൈവിട്ടുകളഞ്ഞത് ഹൃദയപ്പാതിയായി കൊണ്ടു നടന്നവരെയായിരുന്നു.
നായകന്മാർക്കു മാത്രമല്ല സിനിമയിലെ നായികമാർക്കും ഒരേ ഛായയാണ്. സ്നേഹത്തിനു വേണ്ടി സ്വന്തം ജീവിതം വിട്ടുകൊടുത്ത ഉള്ളടക്കത്തിലെ ആനിയും മഴയെത്തും മുൻപെയിലെ ഉമയും. രണ്ടു നായികമാർക്കും ജീവൻ നൽകിയതു ശോഭനയും.
ഈ രണ്ടു സിനിമയിലും തുല്യപ്രാധാന്യമുള്ള ഇരട്ട നായികമാരുണ്ട്. ശോഭനയുടെ ആനിക്കൊപ്പം തന്നെ പ്രാധാന്യമുണ്ട് അമലയുടെ രേഷ്മയ്ക്ക്. മഴയെത്തും മുൻപെയിൽ ആനിയുടെ കഥാപാത്രമായ ശ്രുതിക്ക് ഒപ്പം തന്നെയാണ് ഉമയും നിൽക്കുന്നത്.
കമൽ പറയുന്നു, ഇന്നായിരുന്നെങ്കിൽ പല താരങ്ങളും ശോഭനയുടെ വേഷം ചെയ്യില്ല. കഥാപാത്രത്തെയല്ല റോളിന്റെ പ്രാധാന്യത്തെക്കുറിച്ചേ പലരും ചിന്തിക്കൂ. അന്നു ശോഭന അതു ചെയ്തില്ല.
സേതുമാധവൻ സാർ സംവിധാനം ചെയ്ത ‘അവിടത്തെ പോലെ ഇവിടെയും’ എന്ന സിനിമയിൽ അസോഷ്യേറ്റ് ഡയറക്ടറായിരുന്നു ഞാൻ. ആ സിനിമയിൽ വച്ചാണ് ശോഭനയെ ആദ്യമായി കാണുന്നത്. ആ സിനിമയിൽ മമ്മൂട്ടിയുടെ പെങ്ങളും മോഹൻലാലിന്റെ ഭാര്യയുമായ കഥാപാത്രമായിരുന്നു ശോഭന.
വേഷം ഭാര്യയുടേതായിരുന്നെങ്കിലും ചെറിയൊരു കുട്ടിയായിരുന്നു ശോഭന. പതിനാലോ പതിനഞ്ചോ വയസ്സ്. ആ പ്രായത്തിന്റെ ആവാം, സിനിമയെ ഗൗരവത്തോടെ കണ്ടിട്ടുണ്ടോ എന്നു സംശയം തോന്നുന്ന പെരുമാറ്റം. ഷോട്ട് കഴിഞ്ഞാൽ ഉടനെ സെറ്റിലൂടെ തുള്ളിച്ചാടി നടക്കും. എപ്പോഴും എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കും. തമാശ കാണിക്കാൻ സ്ക്രിപ്റ്റ് തട്ടിപ്പറിച്ചു കൊണ്ട് ഒാടും. ഇങ്ങനെയുള്ള കുട്ടിക്കളികൾ...
എന്റെ സിനിമകളിൽ ശോഭന ആദ്യം അഭിനയിച്ചത് ഉള്ളടക്കത്തിലാണ്. ‘വിഷ്ണുലോകം’ കഴിഞ്ഞു നിൽക്കുന്ന സമയം. നിർമാതാവ് സുരേഷ് ബാലാജിക്കു വേണ്ടി മോഹൻലാൽ ചിത്രം സംവിധാനം ചെയ്യാനായി എന്നെ വിളിക്കുന്നു. ‘ഉള്ളടക്ക’ത്തിന്റെ കഥ ആദ്യം കേൾക്കുന്നതു മോഹൻലാലാണ്. ലാലാണ് ചെറിയാൻ കൽപ്പകവാടിയെ എന്റെ അടുത്തേക്ക് വിടുന്നത്. ഒരു സൈക്യാട്രി ഡോക്ടറുടെയും അദ്ദേഹത്തിന്റെ അടുത്തെത്തുന്ന പെൺകുട്ടിയുടെയും കഥ. എനിക്ക് അതിഷ്ടപ്പെട്ടു. സുരേഷ് ബാലാജിക്ക് സൈക്യാട്രിയോട് താൽപര്യമുള്ളതിനാൽ അദ്ദേഹത്തിനും അതിഷ്ടമായി. അന്ന് െചറിയാൻ കല്പകവാടി തിരക്കഥയെഴുതി തുടങ്ങിയിട്ടില്ല. അങ്ങനെയാണ് പി. ബാലചന്ദ്രന്‍ തിരക്കഥാകൃത്തായി വരുന്നത്. ബാലേട്ടന്റെ ആദ്യത്തെ സ്ക്രിപ്റ്റാണ് ‘ഉള്ളടക്കം’.
തുല്യപ്രാധാന്യമുള്ള രണ്ടു നായികമാരാണ് ‘ഉള്ളടക്ക’ത്തിലുള്ളത്. രേഷ്മയും ആനിയും. രേഷ്മ എന്ന മാനസികവിഭ്രാന്തിയുള്ള കഥാപാത്രത്തെ തിരഞ്ഞ് ആദ്യം സമീപിച്ചത് രേവതിയെയാണ്. ആ സമയം ‘കിലുക്ക’ ത്തിൽ അഭിനയിക്കുന്നതുകൊണ്ടു രണ്ടു കഥാപാത്രങ്ങളും ഒരുപോലെ വരുമോ എന്നു രേവതിക്കു സംശയമായി. അങ്ങനെയാണ് അമലയിലേക്കു പോയത്.
അടുത്തത് ആനിയെ ആര് അവതരിപ്പിക്കുമെന്ന ചോദ്യമായിരുന്നു. എന്റെ മനസ്സിൽ ശോഭനയായിരുന്നു. തുല്യപ്രാധാന്യമാണെങ്കിലും സ്ക്രീൻസ്പേസ് കൂടുതൽ അമലയ്ക്കാണ്. അതുകൊണ്ടു തന്നെ ശോഭന വരുമോ എന്ന സംശയമുണ്ടായി. ഞാനും ചെറിയാൻ കൽപ്പകവാടിയും പോയി കഥ പറഞ്ഞു. കഥ കേട്ട് ‘ക്ലൈമാക്സിൽ ഞാൻ മരിക്കും അല്ലേ’ എന്ന് ശോഭന ചോദിച്ചു. അല്ലാതെ കഥ മുന്നോട്ടു പോവില്ലെന്നു ഞാൻ മറുപടിയും പറഞ്ഞു. കുറച്ചാലോചിച്ചിട്ട് അടുത്ത ചോദ്യം, ‘എന്നെ അമലയുടെ ക്യാരക്ടർ കൊല്ലുകയാണല്ലേ?’, അപ്പോ എന്റെ കാരക്ടർ പൊസിറ്റീവും അമലയുടേത് നെഗറ്റീവും അല്ലേ?’ ‘ഏതാണ്ട് അതെയെന്ന്’ ഞാൻ പറഞ്ഞു. എന്നാൽ ‘യെസ്’ എന്ന് ശോഭന മറുപടി നൽകി.
ഉള്ളടക്കം ഷൂട്ട് തുടങ്ങി. ഊട്ടിയിലായിരുന്നു ലൊക്കേഷൻ. വർഷങ്ങൾക്കു മുൻപ് ഇവിടത്തെ പോലെ അവിടെയും എന്ന സിനിമയുടെ ലൊക്കേഷനിൽ കണ്ട അതേ ശോഭന... തുള്ളിച്ചാടി നടക്കുന്നു. സീൻ വായിച്ചു കൊടുക്കുമ്പോൾ ശോഭന കേൾക്കുന്നില്ലേ, ശ്രദ്ധിക്കുന്നില്ലേ എന്നൊക്കെ തോന്നും, മറ്റെന്തോ ആലോചിച്ചിരിക്കും പോലെയാണ് ഭാവം. പക്ഷേ ക്യാമറയ്ക്കു മുന്നിൽ വരുമ്പോൾ സംശയം എല്ലാം മാറും. അത്ര ഗംഭീരമായിട്ട് അഭിനയിക്കും. പിന്നീടാണു മനസിലായത്, നമ്മൾ പറയുമ്പോൾ ആ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കാം എന്നാണ് ആലോചിച്ചുകൊണ്ടിരുന്നത്.
മഴയെത്തും മുൻപെ...
വർഷങ്ങൾക്കു ശേഷം ‘മഴയെത്തും മുൻപെ’ ഞാൻ സംവിധാനം ചെയ്യുന്നു. ആ കാലത്ത് ഒരുപാടു സിനിമകളിൽ മമ്മൂട്ടിയും ശോഭനയും നായികാനായകന്മാരായിട്ടുണ്ട്. വീണ്ടും ആ കോംബിനേഷൻ വരുന്നതിൽ പലരും സംശയം പറഞ്ഞു. നർത്തകിയായ കഥാപാത്രം, നാട്ടിൻപുറത്തെ തറവാട്ടിലെ പെൺകുട്ടി... അപ്പോൾ സ്ത്രീകൾക്ക് റിലേറ്റ് ചെയ്യണമെങ്കിൽ ശോഭനയാവും കുറച്ചും കൂടി നല്ലതെന്നു തോന്നി. ഉള്ളടക്കത്തിൽ മോഹൻലാലിന്റെ അതേ സംശയം മമ്മുക്കയും ചോദിച്ചു– ആനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ശോഭനയെക്കാൾ സ്ക്രീൻ സ്പേസ് ഉണ്ട്. അതുകൊണ്ട് ശോഭന അഭിനയിക്കുമോ?
‘ഇതിലും വേറെ നായിക ഉണ്ടല്ലേ?’ കഥ കേട്ടു കഴിഞ്ഞു ശോഭനയുടെ ആദ്യ ചോദ്യം. ‘ഇതിലും ഞാൻ മരിക്കുകയാണോ’ എന്ന് അടുത്ത ചോദ്യം. ആ സംശയം തീർക്കാനായി സീനുകൾ വിശദീകരിച്ചു നൽകി. സ്ട്രോക്ക് വന്ന് ഒരുവശം തളർന്ന കഥാപാത്രമാണല്ലോ. അപ്പോൾ നടക്കുന്ന രീതി എങ്ങനെയാണ്’ ശോഭന ചോദിച്ചു. ഞാനതു പറഞ്ഞുകൊടുത്തു. പിന്നെ ശോഭന രണ്ടു മൂന്നു രീതിയിൽ നടക്കുന്നതു കാണിച്ചു തന്നു. അതിൽ രണ്ടെണ്ണം ഉറപ്പിച്ചു. രണ്ടാമതു സ്ട്രോക്ക് വന്ന ശേഷം ക്ലൈമാക്സിൽ നടക്കുന്നതും. അതിനു മുൻപ് നടക്കുന്നതും രണ്ടു രീതിയിലാണ്. പാലക്കാടായിരുന്നു ഷൂട്ട്. ‘എന്തിനു വേറൊരു സൂര്യോദയം’ എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഒരു തമാശയുണ്ടായി. എസ്. കുമാറാണ് ഛായാഗ്രാഹകൻ. ഞങ്ങൾ അന്നു ഷൂട്ടു ചെയ്ത സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റർ അപ്പുറത്ത് ഒരു പാടമുണ്ടെന്ന് കേട്ടു. അവിടെ പാട്ട് ചിത്രീകരിക്കാൻ പ്ലാൻ ചെയ്തു.
ആ സ്ഥലം കാണാൻ ഉച്ചയൂണിന്റെ ബ്രേക്ക് സമയത്തു ഞങ്ങൾ ഇറങ്ങി. കാർ പാലം കയറി. താഴെ ഭാരതപ്പുഴ. അങ്ങിങ്ങ് വെള്ളമുണ്ട്, പിന്നെ മണൽപ്പരപ്പ്. ദൂരെ ആറ്റുവഞ്ചി പൂത്തു നിൽക്കുന്നതു കണ്ടു. ബാക് ലൈറ്റിൽ അതു കാണാൻ നല്ല ഭംഗി. പവിഴം പോലെ തിളങ്ങി. പിന്നീട് ഒരുപാടു സിനിമകളിൽ ഈ പൂവ് ഉപയോഗിച്ചിട്ടുണ്ട് ഞാൻ. അതിനു കമൽപ്പുല്ല് എന്നു പേരും വീണു.
പാട്ടിന്റെ ആദ്യ സീൻ അവിടെ ഷൂട്ട് ചെയ്യാൻ ഞങ്ങൾ ഉറപ്പിച്ചു. പക്ഷേ, അങ്ങോട്ടുള്ള വഴി കുറച്ചു മോശം ആണ്. ഷൂട്ടു ചെയ്യാൻ തീരുമാനിച്ച സ്ഥലത്തും ഉരുളൻ കല്ലുകളുമുണ്ട്. അതിലൂടെ നടക്കാനും പ്രയാസമാണ്.
പിറ്റേന്ന് ഉച്ചയ്ക്ക് ലൊക്കേഷനിലെത്തി. മമ്മുക്കയും ശോഭനയും വന്നു. ആ ഉരുളൻ കല്ലുകളും പഴുത്തു കിടക്കുന്ന മണൽപ്പരപ്പും കണ്ടു കുറച്ചു കൂടി ഈസിയായി നടക്കാൻ പറ്റുന്ന വഴിയല്ലേ നല്ലതെന്നും വയ്യാത്ത ആെള നടക്കാൻ പഠിപ്പിക്കുന്നത് നല്ല വഴിയിലൂടെയാവില്ലേ എന്നും മമ്മൂക്ക ചോദിച്ചു. അവിടെ ഇതുപോലെ തിളങ്ങുന്ന ആറ്റുവഞ്ചിപ്പൂക്കളില്ലല്ലോ എന്നു ഞാൻ പറഞ്ഞു. ഷോട്ടിൽ ഗ്രൗണ്ട് കാണുകയുമില്ല. ആ പൊള്ളൽ സഹിച്ച് ശോഭന അഭിനയിച്ചു. കഥാപാത്രത്തിനു വേണ്ടി അത്ര ആത്മാർഥമായി ശോഭന നിൽക്കും. പാട്ട് എഡിറ്റ് ചെയ്തു കണ്ടപ്പോൾ നന്നായിട്ടുണ്ടെന്നു മമ്മൂക്ക പറഞ്ഞു. എന്തിനു വേറോരു സൂര്യോദയം എന്ന പാട്ടിന്റെ ആദ്യ വരികള്‍ കാണുമ്പോൾ ആ സംഭവം ഇന്നും ഒാർമവരും.
ഇന്നും ആ പാട്ടും ശോഭനയുടെ ആ കഥാപാത്രവും ഒാർത്തിരിക്കുന്നു. സത്യം പറഞ്ഞാൽ നാഗവല്ലിയെ പോലെ അതിഗംഭീരവേഷങ്ങൾ പിൽക്കാലത്തു ശോഭന ചെയ്തിട്ടുണ്ട്. അതിനൊപ്പം മഴയെത്തും മുൻപെയിലെ വേഷവും പ്രേക്ഷകരുടെ മനസ്സിലുണ്ടെന്ന് അറിയുമ്പോൾ ഏറെ സന്തോഷം തോന്നും. എന്നും നായികമാർ ഉദിച്ചുയരുന്നത്, സ്ക്രീനിൽ എത്ര നേരമുണ്ട് എന്നതിനപ്പുറം കഥാപാത്രത്തിന്റെ കരുത്തുകൊണ്ടാണല്ലോ... ∙