സിനിമയിൽ വന്നിട്ടു മൂന്നു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും ദിനംതോറും തിളക്കം കൂടുകയാണ് സുരേഷ് കൃഷ്ണയ്ക്ക്...
ബെത്‍ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രത്തിലാകെ മാലപ്പടക്കം പോലെ തഗ് ഡയലോഗ് നിറച്ചിരിക്കുകയാണ് സുരേഷ് കൃഷ്ണ. ‘‘ഞാൻ പഠിക്കുമ്പോൾ ഗിറ്റാറിന് നാലു കമ്പിയേ ഉണ്ടായിരുന്നുള്ളൂ. ആത്മാർഥമായി പഠിക്കുകയാണെങ്കിൽ ഒറ്റക്കമ്പി മതി.’’ എന്ന ഡയലോഗ് പിള്ളേര് അങ്ങ് ഏറ്റെടുത്തുകഴിഞ്ഞു. സുരേഷ് കൃഷ്ണയുടെ ഇൻസ്റ്റഗ്രാം കമന്റ് ബോക്സിൽ ചേട്ടാ,ആ ഒറ്റക്കമ്പി ഗിറ്റാർ ഒന്നു തരണേ എന്ന അപേക്ഷകളും ഒറ്റക്കമ്പി മാത്രമുള്ള ഗിറ്റാറുമായി ഇരിക്കുന്ന സുരേഷിന്റെ എെഎ ചിത്രങ്ങളുമൊക്കെ കുമിഞ്ഞുകൂടുകയാണ്.
ഒറ്റക്കമ്പി മതിയെന്നു ഗിറ്റാറിനെ പോലും കൺവിൻസ് ചെയ്ത കൺവിൻസിങ് സ്റ്റാർ എന്നു കേൾക്കുന്നല്ലോ?
മത്സരത്തിനു മുൻപ് ഗിറ്റാറിന്റെ സ്ട്രിങ് പൊട്ടിയെന്നു നായിക വിളിച്ചു പറയുമ്പോൾ നായകൻ പരിഭ്രമിച്ച് സ്ട്രിങ് വാങ്ങാനിറങ്ങുന്നു. അപ്പോൾ മദ്യപാന സദസ്സു മുടങ്ങുന്ന മുഷിച്ചിലിൽ എന്റെ കഥാപാത്രം പറയുന്നതാണ്. സ്പോട്ടിൽ നാവിൻതുമ്പിൽ വന്നുകയറിയ കമന്റാണത്. സെറ്റിൽ തന്നെ നല്ല ചിരിയായിരുന്നതുകൊണ്ട് അതു ഹിറ്റാകുമെന്നു പ്രതീക്ഷിച്ചിരുന്നു. സ്ക്രിപ്റ്റിൽ എഴുതിവച്ചതിനെ ഇംപ്രൊവൈസ് ചെയ്തു ഡയലോഗ് പറയാൻ അനുവദിക്കുന്നതുകൊണ്ടുകൂടിയാണ് ഇതൊക്കെ സാധിക്കുന്നത്. അടുത്ത കൂട്ടുകാർ ചില സിനിമകൾ കണ്ട് ഈ ഡയലോഗ് ചേട്ടൻ കയ്യിൽനിന്ന് ഇട്ടതല്ലേ എന്നു ചോദിക്കാറുണ്ട്.
തഗ് അടിക്കുന്ന സ്വഭാവമാണോ ബെത്‍ലഹേമിലെത്തിച്ചത്?
പിറന്നാൾ ആശംസിക്കാൻ ദിലീഷ് പോത്തനെ വിളിച്ചതാണ്. അപ്പോഴാണു ‘ഗിരീഷിന്റെ പുതിയ ചിത്രത്തിൽ തനിക്കൊരു റോൾ ഉണ്ടെ’ന്നു പറയുന്നത്. തണ്ണീർമത്തൻ ദിനങ്ങളും പ്രേമലുവും കണ്ടു വിളിച്ച് അഭിനന്ദിച്ച പരിചയമേ സംവിധായകൻ ഗിരീഷ് എ.ഡി.യുമായി ഉള്ളൂ. നേരിൽ കണ്ടപ്പോൾ ഗിരീഷ് പറഞ്ഞു, ‘ത്രൂ ഒൗട്ട് റോൾ ആണ് ചേട്ടാ, എനിക്കു കഥ പറഞ്ഞു കൺവിൻസ് ചെയ്യാൻ അറിയില്ല’ എന്ന്. പടത്തിൽ ഉടനീളം ഉണ്ടെങ്കിൽ ഉറപ്പായും എനിക്കെന്തെങ്കിലും ചെയ്യാൻ ഉണ്ടാകും എന്നുതോന്നി. ആ സമയം വലിയ താരനിരയുള്ള ഒരു സിനിമയും തേടിവന്നു. ഗിരീഷ് ആണെങ്കിൽ നിങ്ങളെ നന്നായി ഉപയോഗിക്കും എന്ന് സുഹൃത്തുക്കൾ പ്രോത്സാഹിപ്പിച്ചു. ഭാഗ്യവും ദൈവാനുഗ്രഹവും കൊണ്ടാകാം ബെത്‍ലഹേം എന്നു തീരുമാനിച്ചത്. ലാലേട്ടൻ (സിദ്ദിഖ് ലാൽ) പറയാറുണ്ട്, ചില തീരുമാനങ്ങൾ എടുക്കുന്ന ഒരു സമയമുണ്ട്, അതാണു നമ്മുടെ ഭാഗ്യവും നിർഭാഗ്യവും നിർണയിക്കുന്നത്.
ഭരതന്റെ ചമയത്തിൽ തലകാണിച്ച സുരേഷിന്റെ ചിത്രം ‘ഈ നടനെ അറിയുമോ’ എന്നു ചോദിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നല്ലോ?
93 മുതൽ ഞാൻ സിനിമയിൽ ഉണ്ടെന്ന് വിക്കിപീഡിയ പറയുന്നു. പക്ഷേ, ഇത്രയും കാലം സർക്കാർ സർവീസിലെന്നപോലെ ജോലി ചെയ്യുകയായിരുന്നില്ല. സിനിമ കിട്ടാതെ ഗ്യാപ് വന്ന വർഷങ്ങൾ ഉണ്ട്. സിനിമയിൽ എത്തിയെങ്കിലും എന്തു ചെയ്യണമെന്ന് അറിയാതെ അലഞ്ഞു നടന്ന കാലത്താണു ചമയത്തിൽ തലകാണിച്ചത്. ഗുരുവായൂരിൽ വീടിനടുത്തുള്ള ബീച്ചിൽ ഷൂട്ടിങ് നടക്കുന്നു എന്നുപരിചയമുള്ള പ്രൊഡക്‌ഷൻ കൺട്രോളർ പറഞ്ഞു. അദ്ദേഹം വഴി ഭരതൻ സാറിനെ പരിചയപ്പെട്ടു. ആൾക്കൂട്ടത്തിൽ ഒരാളാകാൻ അവസരം തന്നു. അഞ്ചു തവണ സിനിമ കണ്ടിട്ടും എന്നെ അതിൽ കണ്ടുപിടിക്കാനാകാത്ത കൂട്ടുകാരുണ്ട്. അതിനു ശേഷവും ഒരുപാടു സിനിമകളിൽ ഒരു സീനിൽ തല കാണിച്ചും ആൾക്കൂട്ടത്തിൽ ഒരാളായും ഒക്കെ നടന്ന കഷ്ടപ്പാടിന്റെ കാലമുണ്ടായിരുന്നു.
നാടു ഗുരുവായൂരിൽ ആണെങ്കിലും അച്ഛന്റെ ജോലി സംബന്ധമായി ചെന്നൈയിലെ കോടമ്പാക്കത്താണ് പഠിച്ചതും വളർന്നതും. അന്ന് അവിടെ സിനിമയിൽ അവസരം തരാമെന്നുപറഞ്ഞ് പണം പറ്റിക്കുന്ന ആളുകളുണ്ട്. ഞാനും ഒരു വലയിൽ പെട്ടു. കൊടുക്കാൻ പണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ആ സംഭവമാണു സിനിമ ഒന്നു ശ്രമിച്ചു നോക്കാം എന്ന ആഗ്രഹം ഉണ്ടാക്കിയത്. തിരുവള്ളുവർ എന്ന തമിഴ് പരമ്പരയിൽ തിരുവള്ളുവരായി അഭിനയിക്കുന്നതോടെയാണ് അവസരങ്ങൾ തേടിവന്നു തുടങ്ങിയത്.
പൊട്ടുഅമ്മൻ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രവും വർഷങ്ങൾക്കുശേഷം വൈറലായല്ലോ?
സോഷ്യൽ മീഡിയയ്ക്ക് മുമ്പ് ഇറങ്ങിയ ചിത്രമാണ് പൊട്ടു അമ്മൻ. അതിക്രൂരനായ വില്ലനായിരുന്നു അതിലെങ്കിലും സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. വർഷങ്ങൾക്കു ശേഷം പൊട്ടു അമ്മനിലെ മന്ത്രവാദി ഇപ്പോൾ എവിടെയാണ് എന്ന് അന്വേഷണമുണ്ടായി. ആനന്ദവികടൻ അടക്കമുള്ള ചാനലുകൾ എന്നെ തേടിയെത്തി. ഇന്റർവ്യൂ കണ്ട ഒരുപാട് ആളുകൾ കമന്റ് ചെയ്തിരിക്കുന്നതു കണ്ടു, തമിഴ്‍സിനിമ കണ്ട എക്കാലത്തെയും കൊടൂര വില്ലനാണ്, ചെറുപ്പത്തിൽ ഭക്ഷണം കഴിപ്പിച്ചിരുന്നത് അയാളെ വിളിക്കും എന്നു പറഞ്ഞായിരുന്നു എന്നൊക്കെ. അതിനുശേഷം സ്ത്രീ സീരിയലിൽ അവസരം കിട്ടി. പിന്നാലെ വിനയന്റെ കരുമാടിക്കുട്ടനിൽ വില്ലനായി. പിന്നെയങ്ങോട്ട് കണ്ണുചുവന്ന വില്ലന്മാരുടെ കാലമാണ്. ക്രിസ്ത്യൻ ബ്രദേഴ്സിലെയും തുറുപ്പുഗുലാനിലെയും വില്ലനെ കണ്ടാകണം സോഷ്യൽ മീഡിയ കൺവിൻസിങ് സ്റ്റാർ എന്നു പേരിട്ടത്.
പുതിയ തലമുറയുടെയും പുതിയ കാലത്തിന്റെയും പ്രിയങ്കര നാകാൻ കഴിയുന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമാണോ?
തമിഴ്സിനിമയിൽ ഒരു ചൊല്ലുണ്ട്, സിനിമയിൽ രക്ഷപെട്ടില്ലെങ്കിൽ പിന്നെ നശിക്കും എന്ന്. നശിക്കാതെ ഇത്രകാലം പിടിച്ചു നിന്നതു ഭാഗ്യംതന്നെയാണ്. കുറച്ചുകാലം ശ്രമിച്ചുകഴിയുമ്പോൾ പലരും മടുത്ത് ഉപേക്ഷിച്ചു പോകുന്നതു കാണാം. ഞാനും മടുപ്പുതോന്നി മറ്റു ജോലി തേടി പോയിട്ടുണ്ട്. പക്ഷേ, നടനാകണം എന്ന വാശി ഉള്ളതുകൊണ്ട് ഒരു മാസം പോലും തികയും മുന്നേ തിരിച്ചെത്തി. മമിത ബൈജുവിന്റെ വിജയം കാണുമ്പോൾ ഞാനത് ഒാർക്കാറുണ്ട്. എന്നോടൊപ്പം പല ചിത്രങ്ങളിലും ചെറിയ റോളിൽ അഭിനയിച്ച കുട്ടിയാണു മമിത.
സൗഹൃദങ്ങളാണ് എന്നെ ഞാനാക്കിയത് എന്നതാണ് സത്യം. എന്നോടു പിണങ്ങിയ ഒരു സുഹൃത്തിനെപ്പോലും കണ്ടെത്താനാകില്ല. സ്നേഹത്തിന്റെ പേരിൽ ഒരു കഥാപാത്രവും സ്വീകരിക്കാറുമില്ല. സച്ചിയുമായി ആത്മബന്ധം ഉണ്ടായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ആലോചന മുതൽ ഞാനുണ്ട്. നിനക്കു തരാൻ ഇതിലൊരു റോളില്ല എന്ന് സച്ചി സങ്കടത്തോടെ പറഞ്ഞിട്ടുമുണ്ട്. അതു സാരമില്ല, നമുക്ക് പെർഫെക്ട് കാസ്റ്റിങ് അല്ലേ വേണ്ടത് എന്നു മറുപടി പറഞ്ഞു. മുഴുവൻ സമയവും സെറ്റിൽ നിന്നിട്ടും റോളൊന്നും കിട്ടിയില്ല, സുരേഷും സച്ചിയുമായി ഇപ്പോൾ രസത്തിലല്ല എന്നു പലരും ധരിക്കുകയുണ്ടായി.
വില്ലത്തരത്തിൽ നിന്നു രക്ഷിച്ചവരോടു കടപ്പാടുണ്ടോ?
സച്ചിയും ഷാഫിയും ഇന്നില്ല. അവരാണ് എന്നെ കോമഡി കഥാപാത്രങ്ങളിലേക്കു പറിച്ചു നട്ടത്. ഒഴിവുള്ളപ്പോഴെല്ലാം ലാലേട്ടന്റെ (സിദ്ദിഖ് ലാൽ) വീട്ടിൽ കൂടുന്ന പതിവുണ്ട്. അങ്ങനെ ലാൽ ജൂനിയറിനൊക്കെ എന്റെ സംഭാഷണ ശൈലി അറിയാം. ഡ്രൈവിങ് ലൈസൻസിലെ സൂപ്പർസ്റ്റാർ ഭദ്രൻ എന്ന കഥാപാത്രം അങ്ങനെയാണു വന്നത്. നടികർ എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഡ്രൈവർ കഥാപാത്രവും ആന്റണി പെരുമ്പാവൂരിനെക്കുറിച്ചുള്ള ഡയലോഗും എനിക്കു ഗുണം ചെയ്തു.
സിനിമയുടെ ഫോർമാറ്റ് മാറിയതും നല്ല കാര്യമായി. തിയറ്ററിലെ വിജയം മാത്രം ലക്ഷ്യമാക്കി സിനിമ നിർമിച്ചിരുന്ന കാലമാണെങ്കിൽ പരീക്ഷണം നടത്താൻ മടിക്കും. വില്ലനായിരുന്നകാലത്ത് അൽപം അതിഭാവുകത്വം വേണമായിരുന്നു അഭിനയത്തിൽ. ഇപ്പോൾ എത്രയും നാചുറൽ ആകാമോ അത്രയും നല്ലത് എന്നായി. ഇന്നിപ്പോൾ ആരും ഒരേതരം കഥാപാത്രങ്ങളിൽ കുടുങ്ങി കിടക്കുന്നില്ല. കാത ൽ പോലെ, കളങ്കാവൽ പോലെയുള്ള സിനിമകൾ മമ്മൂക്ക ചെയ്യുന്നുണ്ടെങ്കിൽ കാലം മാറിയതുകൊണ്ടല്ലേ?
കഥാപാത്രങ്ങളുടെ ലുക്ക് വളരെ ശ്രദ്ധിക്കുന്ന ആളാണല്ലോ?
മോഹൻലാലിനെപ്പോലെ സിനിമയ്ക്കനുസരിച്ചു പുതിയ അഭിനയം കൊണ്ടുവരാനൊന്നും നമുക്കു കഴിയില്ലല്ലോ. അതൊക്കെ മാനേജ് ചെയ്തുപോകുന്നത് ലുക്കിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ കൊണ്ടാണ്. സംവിധായകർ നിർദേശിച്ചാലും ഇല്ലെങ്കിലും ഒാരോ സിനിമയിലും ഒാരോ ലുക് നിർബന്ധമാണ്. അങ്ങനെ വരുമ്പോൾ ഒരു സിനിമയുടെ ഇടയിൽ നാലു ദിവസം മറ്റൊരു സിനിമ ചെയ്യാനാകില്ല. പണം പ്രധാന ലക്ഷ്യമാണെങ്കിൽ അതു നഷ്ടം തന്നെയാണ്. നടികർ എന്ന ചിത്രത്തിൽ മുടി, മീശ, കൃതാവ് ഇതൊക്കെ പ്രത്യേക രീതിയിലാക്കിയിരുന്നു. കൃത്രിമമായി മീശയും കൃതാവും ഒട്ടിച്ച് ചെയ്യാൻ എനിക്കും സംവിധായകനും താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ, ഷൂട്ടിങ് ഉദ്ദേശിച്ചതിലും നീണ്ടുപോയപ്പോൾ ലുക് മാറ്റാൻ സംവിധായകൻ പെർമിഷ ൻ തന്നു. അല്ലെങ്കിൽ മറ്റ് അവസരങ്ങൾ പോകും. പക്ഷേ, ഞാൻ സിനിമ തീരുംവരെ കാത്തു. ഇയാൾ ബുദ്ധിമുട്ടിക്കില്ല എന്ന തോന്നൽ സംവിധായകർക്കും ആശ്വാസമാണ്.
സുരേഷിനെക്കുറിച്ചു ഭാര്യ പറയുന്ന പരാതി എന്താണ്?
പരാതി പറയണമെങ്കിൽ ഒരു കാരണം ഉണ്ടാകണമല്ലോ. വീട്ടിൽ ചെന്നാൽ റിമോട്ടുമായി സോഫയിൽ കയറിയിരിക്കുന്ന കുടുംബനാഥനല്ല. വീട്ടിലുള്ളപ്പോഴെല്ലാം ഭക്ഷണം പാകം ചെയ്യുന്നതു ഞാനാണ്. ഭാര്യ ഡോ. ശ്രീലക്ഷ്മി വിദേശ സർവകലാശാലയിൽ റിസർച് പ്രഫസർ ആണ്. സമയബന്ധിതമായി ജോലി ചെയ്യാനാകില്ല. അല്ലെങ്കിലും സ്വന്തം സ്പേസിന് വില കൊടുക്കുന്നവരാണ് ഞങ്ങൾ രണ്ടും. എന്റെ യാത്രയ്ക്കുള്ള വസ്ത്രങ്ങൾ, മരുന്നുകൾ എല്ലാം എനിക്കു മാത്രമേ അറിയൂ. നല്ല ക്ഷമയുള്ളതുകൊണ്ട് പ്രശ്നങ്ങളുണ്ടായാൽ ഡീൽ ചെയ്യാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്.
എന്റെ അച്ഛനും ഭാര്യയുടെ അച്ഛനും അമ്മയും എല്ലാം സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നതുകൊണ്ട് അവർക്കു പെൻഷനും വീടുമുണ്ട്. അതുകൊണ്ടു ഫ്ലാറ്റുകൾ വാങ്ങുക, വലിയ കാറു വാങ്ങുക, എന്നിട്ട് ഇഎംെഎ അടയ്ക്കാനാകാതെ ടെൻഷനടിക്കുക ഇതൊന്നുമില്ല.
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മകൾ ഉണ്ണിമായയെ വീട്ടിലുള്ളപ്പോൾ ഞാൻ തന്നെയാണ് സ്കൂളിലെത്തിക്കുക. ബീജിങ്ങിൽ സിനിമ പഠിക്കുന്ന മകൻ അനന്തകൃഷ്ണൻ ചൈനീസ് ഭാഷ പഠിച്ച് ടെസ്റ്റ് എഴുതി അഡ്മിഷൻ കിട്ടിയശേഷമാണ് ഞാനത് അറിയുന്നതുതന്നെ. പണ്ടത്തെ കാലമാണെങ്കിൽ നല്ല അടി കിട്ടുമായിരുന്നു. ഇന്ന് അവന്റെ ഇഷ്ടത്തിനു പിന്തുണ നൽകാൻ കഴിയുമല്ലോ എന്ന് അഭിമാനമേയുള്ളൂ.