സിനിമ, ജീവിതം, സന്തോഷങ്ങൾ... നിലപാടുകളിലുറച്ച് ആത്മവിശ്വാസത്തോടെ പാർവതി തിരുവോത്ത് സംസാരിക്കുന്നു..
എപ്പോഴും മുഖത്തൊരു ചോദ്യമുണ്ട് പാർവതിക്ക്, അതു ശരിയാണോ എന്നു ചിന്തിക്കുന്ന കൗമാരക്കാരിയുടെ കൗതുകഭാവം. അതു തന്നെയാണു പാർവതിയെ സിനിമയിലെ റിബലാക്കിയത്.
ശരിതെറ്റുകൾ ചോദ്യം ചെയ്യാനും അവകാശങ്ങൾക്കു വേണ്ടി സംസാരിക്കാനും പാർവതി മുന്നോട്ടു വന്നപ്പോൾ മലയാളസിനിമ ആകെയുലഞ്ഞു. ചിലർ പല തരത്തിൽ തോൽപ്പിക്കാൻ ശ്രമിച്ചു. സിനിമയിലെ അവസരങ്ങൾ ഇല്ലാതാക്കി. മാറ്റിനിർത്തുന്നവരുടെ മുന്നിൽ ശക്തയായി നിൽക്കണമെന്നു പാർവതി ഉറപ്പിച്ചു.
‘‘ജീവിക്കാന്‍ വേറേ വഴിയില്ലാതെ സിനിമ ചെയ്യുന്നു എന്നാകരുത്. നിൽക്കുമ്പോൾ ഏറ്റവും പവർഫുൾ ആയി നിൽക്കുക. ഈ നിലനിൽപ് ശക്തമായ പൊളിറ്റിക്കൽ മൂവ് കൂടിയാണ് എനിക്ക്...’’ പുതിയ സിനിമ പ്രഥമദൃഷ്ട്യാ കുറ്റക്കാർ തിയറ്ററിലെത്തുമ്പോൾ മലയാളത്തിലെ ആദ്യ പൊലീസ് കഥാപാത്രത്തിന്റെ ത്രില്ലിലാണു പാർവതി സംസാരിച്ചു തുടങ്ങിയത്.
20 വർഷമെടുത്തു പൊലീസുകാരിയാകാൻ ?
മുൻപു രണ്ടു പൊലീസ് കഥകൾ കേട്ടിരുന്നെങ്കിലും അതു നടന്നില്ല. പ്രഥമദൃഷ്ട്യാ കുറ്റക്കാർ മലയാളത്തിലെ ആദ്യ പൊലീസ് വേഷമായതു കൊണ്ടുതന്നെ സ്പെഷലാണ്. സംവിധായകൻ ഷഹദിന്റെ ആത്മവിശ്വാസമാണ് ഈ സിനിമയിലേക്കെത്തിച്ചത്. തിരക്കഥ വളരെ ക്ലിയറായി ആദ്യ കൂടിക്കാഴ്ചയിൽ ഷഹദ് പറഞ്ഞു. സിനിമാറ്റിക്കായ ആ കഥ പറച്ചിലിൽ ഓക്കെ പറയുമ്പോൾ ഒരു സങ്കടം അറിഞ്ഞിരുന്നില്ല.
ഈ കഥയും കഥാപാത്രവും സിനിമയാകണമെന്ന് ഏറെ ആഗ്രഹിച്ചതു തിരക്കഥാകൃത്തായ വിജേഷ് ആണ്. എന്റെ കഥാപാത്രത്തിന്റെ പേരു ചേർത്താണു വിജേഷ് സിനിമയ്ക്ക് പേരിട്ടിരുന്നതും. പക്ഷേ, രോഗബാധിതനായി കിടപ്പിലായ അദ്ദേഹം ഷൂട്ടിങ് തുടങ്ങും മുൻപു ഞങ്ങളെ വിട്ടുപോയി. ക്രിയേറ്റർ ഇല്ലാതിരിക്കുന്ന ലോകത്താണ് ആ കഥാപാത്രമായി മാറിയത്. അതൊരു അപൂർവനിയോഗമായി കാണുന്നു. വിജേഷിന്റെ ഭാര്യയും കുഞ്ഞും ഷൂട്ടിങ് കാണാൻ ലൊക്കേഷനിൽ വന്ന ദിവസം വളരെ ഇമോഷനലായിരുന്നു എല്ലാവരും.
പൊലീസാകാൻ എന്തൊക്കെ തയാറെടുപ്പുകൾ വേണ്ടിവന്നു ?
പ്രഥമദൃഷ്ട്യാ കുറ്റക്കാരുടെ സഹതിരക്കഥാകൃത്തായ സുബ്രഹ്മണ്യം സാർ പൊലീസിലാണ്. അദ്ദേഹത്തിന്റെ റിസർച് സ്ക്രിപ്റ്റിനെ കരുത്തുള്ളതാക്കി. അഭിനേതാക്കൾക്കായി തൃശൂരിലെ പൊലീസ് അക്കാദമിയിൽ ട്രെയ്നിങ് ഉണ്ടായിരുന്നു. കുറച്ചു ദിവസം അവിടെ ഷൂട്ടിങ്ങും നടന്നു. തോക്കു പിടിച്ച് സല്യൂട്ട് ചെയ്യാനൊക്കെ അവിടത്തെ പരിശീലകരാണു പറഞ്ഞുതന്നത്.
ഈ സിനിമയെ ക്രൈം ത്രില്ലർ എന്നു പറയാൻ മടിയുണ്ട്. ഇതിൽ കുറ്റമുണ്ട്, കുറ്റാന്വേഷണവുമുണ്ട്. പക്ഷേ, ആരാണു കുറ്റവാളി എന്ന സസ്പെൻസ് മാത്രമല്ല പ്ലോട്ട്. പൊലീസുകാരുടെ സ്വകാര്യജീവിതം അവർ ഇടപെടുന്ന കേസുകളിൽ എങ്ങനെ ഭാഗമാകുന്നു എന്നും സിനിമ പറയുന്നു. പുറത്തുനിന്നു നോക്കുമ്പോൾ, ഞാനായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ല എന്നു പറയാൻ എളുപ്പമാണ്. പക്ഷേ, ഉള്ളിലുള്ളവരുടെ സ്ട്രഗിൾ ഒട്ടും ചെറുതല്ല.
‘നെവർ ഗിവ് അപ്’ നിലപാടുള്ളവരാണു പാർവതിയുടെ ക ഥാപാത്രങ്ങളെല്ലാം. ആ തിരഞ്ഞെടുപ്പ് മനഃപൂർവമാണോ ?
എല്ലാ സംതൃപ്തിയും നേടി കംഫർടബിൾ ആയി ജീവിക്കുന്ന ഒരു സ്ത്രീയെയും അവതരിപ്പിച്ചിട്ടില്ല. കഥാപാത്രങ്ങൾ അനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞു വിജയിക്കുന്നവരായതു കൊണ്ടാകാം ‘നെവർ ഗിവ് അപ്’ നിലപാട് എനിക്കുമുണ്ടായത് എന്നു ചിന്തിക്കാനാണിഷ്ടം. ആ കഥാപാത്രങ്ങളുടെയത്ര തീവ്ര സാഹചര്യങ്ങളല്ല എങ്കിൽപോലും.
നെവർ ഗിപ് അപ് എന്ന ആറ്റിറ്റ്യൂഡ് എല്ലാവർക്കും കിട്ടുന്ന അവസരമല്ല. ജീവിതത്തിൽ പ്രതീക്ഷയുടെ ഒരു കണിക പോലുമില്ലാതെ, ഒന്നും ശരിയാകില്ല എന്നുകരുതി ജീവിതം തള്ളിനീക്കുന്ന എത്രയോ പേരുണ്ട്. അങ്ങനെയുള്ള ഒരാളെങ്കിലും മാറിചിന്തിക്കാൻ എന്റെ സിനിമ കാരണമാകുമെന്നാണു പ്രതീക്ഷ.
കൗമാരക്കാരിയായ പാർവതി റിബലായിരുന്നോ ?
ഓരോ പ്രായത്തിലും ഓരോ കാര്യങ്ങളെയാണു ചോദ്യം ചെയ്തത്. ‘എന്തുകൊണ്ട് ഇങ്ങനെ, എന്തുകൊണ്ട് അങ്ങനെ’ എന്നു ചോദിക്കുന്നത് അറിയാനുള്ള താത്പര്യം കൊണ്ടാണ്. അല്ലാതെ പലരും തെറ്റിധരിക്കുന്നതു പോലെ Rebellion for rebellion sake ഒരിക്കലും ചെയ്തിട്ടില്ല.
പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ്, ഒരു ദിവസം അമ്മയോടും അച്ഛനോടും ഒരു സംശയം ചോദിച്ചു, ‘നിങ്ങളുടേത് ലൗ മാര്യേജായിരുന്നോ?’ അല്ല എന്ന ഉത്തരം കേട്ടപ്പോൾ പിന്നെയും സംശയം. ‘പിന്നെയെപ്പോഴാ ലൗ ആയത്...’ എപ്പോഴെങ്കിലും ലൗ ആകാതെ ഇത്ര സന്തോഷമുള്ള ദമ്പതികളാകില്ലല്ലോ. അന്നും ഇന്നും അച്ഛനുമമ്മയുമാണ് അടുത്ത കൂട്ടുകാർ. ഭക്ഷണം മുതൽ ഡേറ്റിങ് വരെ അവരോടു മറയില്ലാതെ സംസാരിക്കാം. സ്വാതന്ത്ര്യവും സന്തോഷവുമാണു വലുത് എന്ന് അവരാണു പഠിപ്പിച്ചത്.
ഉള്ളൊഴുക്കിലെ അഞ്ജുവിനെ പോലെ റിയൽ ലൈഫിൽ വിവാഹം കഴിക്കാൻ സമ്മർദം ഉണ്ടായിട്ടുണ്ടോ ?
25 വയസ്സായ കാലത്ത് അച്ഛൻ പറഞ്ഞു, ഒന്നുകിൽ കല്യാണം സീരിയസ്സായി നോക്കണം, അല്ലെങ്കിൽ വീടു വാങ്ങണം. ‘വീടു വാങ്ങാനുള്ള പേപ്പറുകൾ തരൂ, ഒപ്പിടാം...’ എന്നാണ് അന്നു മറുപടി പറഞ്ഞത്. ആദ്യത്തെ വീട് വാങ്ങിയത് അങ്ങനെയാണ്. അതിനു ശേഷം അച്ഛനും അമ്മയും വിവാഹക്കാര്യം മിണ്ടിയിട്ടില്ല.
ഒരാളുടെ കൂടെ ജീവിക്കണമെന്ന് ഉള്ളിന്റെയുള്ളിൽ തോന്നിയാലേ വിവാഹമുണ്ടാകൂ. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വിവാഹതീരുമാനത്തിലേക്ക് അവയൊന്നും എത്തിയിട്ടില്ല. എല്ലാം നല്ല പ്രണയങ്ങളായിരുന്നു എന്നതാണു സന്തോഷമുള്ള കാര്യം. ഇത്ര പ്രായത്തിൽ കല്യാണം കഴിക്കണമെന്നൊക്കെ സമൂഹം പറയുന്നതല്ലേ. സ്ത്രീയുടെ കൺസെന്റ് ഉണ്ടെങ്കിൽ മാത്രമേ വിവാഹതീരുമാനം കുടുംബം എടുക്കാവൂ. ആ കാര്യത്തിൽ ഞാൻ ലക്കിയാണ്.
20 വർഷം... സിനിമയിൽ നിന്നു പഠിച്ചതെന്താണ് ?
പണ്ട് എല്ലാ നടിമാർക്കും കാലാവധി നിശ്ചയിച്ചിരുന്നു. കുറച്ചു വർഷം നായികയാകുന്നു, പിന്നെ അപ്രത്യക്ഷയാകുന്നു. സിനിമയിൽ വന്ന കാലത്തു പലരും പറഞ്ഞു, ‘അഞ്ചോ ആറോ വർഷമേ നിൽക്കാനാകൂ. ആ സമയം കൊണ്ടു കുറേ വേഷങ്ങൾ ചെയ്തു കാശുണ്ടാക്കൂ, പത്തിരുപത്തെട്ടു വയസ്സു കഴിഞ്ഞാൽ നല്ല വേഷങ്ങൾ വരില്ല’ എന്ന്.
ആ ഷെൽഫ് ലൈഫ് കാലാവധി എനിക്കുണ്ടാകില്ല എ ന്ന് അന്നേ ഉറപ്പിച്ചു. ഇവിടത്തെ പല കാര്യങ്ങളും എനിക്കു നിയന്ത്രിക്കാനാകില്ല. പകരം ചെയ്യാനാകുക ഞാൻ ലീഡ് ആകുന്ന സിനിമ തിരഞ്ഞെടുക്കുക എന്നതാണ്. ആ ആത്മവിശ്വാസമാണ് 20 വർഷം കൊണ്ടു കിട്ടിയത്. 28 വയസ്സിൽ ഫീൽഡ് ഔട്ട് ആകുമെന്നു പറഞ്ഞവരുടെ മുന്നിൽ 38 വയസ്സിലും അഭിമാനത്തോടെ നിൽക്കുന്നു.
ഒൻപതു വർഷമായി WCCക്ക് തുടക്കമിട്ടിട്ട്. ആ സംഘത്തിലുള്ളരെ മാറ്റിനിർത്തുന്ന അവസ്ഥ ഉണ്ടായിരുന്നു. അതൊക്കെ അതിജീവിച്ചാണു പാർവതി അടക്കമുള്ളവർ തിരിച്ചുവന്നത് ?
മലയാളത്തിൽ നിന്ന് വർക് ലഭിക്കാതെ വന്ന ഘട്ടമുണ്ട്. അപ്പോൾ ഉള്ളിൽ ഒരു കാര്യം ഓർമപ്പെടുത്തികൊണ്ടിരുന്നു, മീടൂ ആരോപണം നേരിട്ടവർക്കൊപ്പം ജോലി ചെയ്യുന്നവരുണ്ട്. അപ്പോൾ അതിനെതിരായി നിൽക്കുന്നവർക്കൊപ്പം ജോലി ചെയ്യാനും ആളുണ്ടാകുമല്ലോ. നടി എന്ന നിലയിൽ ജോലിയില്ലാതെ ഇരിക്കേണ്ട സാഹചര്യം വന്നിട്ടേയില്ല എന്നതാണു സത്യം. തമിഴിലും തെലുങ്കിലും ഹിന്ദിയിലും തുടർച്ചയായി സിനിമകൾ ചെയ്തു.
പ്രായത്തിന്റെ ‘നിയമങ്ങൾ’ വച്ചു നടിമാരെ പറഞ്ഞുവിട്ട കാലമൊക്കെ കഴിഞ്ഞു. മഞ്ജു ചേച്ചിയും ഭാവനയും നവ്യ ചേച്ചിയുമൊക്കെ എത്ര ശക്തമായി തിരികെ വന്നു. ഹൗ ഓൾഡ് ആർ യൂ റിലീസായ വർഷം വനിതയുടെ ഫിലിം അവാർഡ് വേദിയിൽ മഞ്ജു ചേച്ചിയെ കണ്ടു. ആ കൈകൾ ചേർത്തുപിടിച്ച് അഭിമാനത്തോടെയാണു പറഞ്ഞത്, ‘അയാം സോ ഹാപ്പി യൂ ആർ ബാക്ക്...’
സിനിമയിലെ ‘അലിഖിത നിയമങ്ങൾ’ മാറ്റിയെടുക്കുന്നതിന്റെ കൂടി സന്തോഷമാണ് അന്നുണ്ടായത്. ആരെങ്കിലുമൊരാൾ വാതിൽ തുറന്നാലേ വെളിച്ചം കടന്നുവരൂ. മലയാളം ഇൻഡസ്ട്രിയിൽ ഇപ്പോഴുള്ള മാറ്റങ്ങൾക്കൊക്കെ തുടക്കമിട്ടത് WCC ആണ്, ആരും സമ്മതിക്കില്ല എങ്കിൽ കൂടി.
WCC യിലെ സ്ത്രീകളെ ചേർത്തുനിർത്തുന്നത് എന്താണ് ?
പല ജീവിതാനുഭവങ്ങളുള്ളവർ WCC യിൽ ഉണ്ട്, പ്രിവിലേജ് ഉള്ളവരും ഇല്ലാത്തവരും. തുറന്നുസംസാരിക്കാനും അന്യോന്യം വിശ്വസിക്കാനും തയാറാകുന്നതാണു ഞങ്ങളുടെ സീക്രട്. പരസ്പരം സംസാരിച്ചപ്പോഴാണു പ്രശ്നങ്ങൾ എത്രത്തോളമുണ്ടെന്നു ഞങ്ങൾ തിരിച്ചറിഞ്ഞത്.
സംവിധാന മോഹം എവിടെ വരെയായി ?
2019ൽ ഒരു സ്ക്രിപ്റ്റ് വായിക്കുമ്പോഴാണു സംവിധാനം ചെയ്യാനുള്ള മോഹം ആദ്യമായി തോന്നിയത്. ആ സിനിമ ഞാനാണു സംവിധാനം ചെയ്യുന്നതെങ്കിൽ എങ്ങനെയാകും എന്നറിയാനുള്ള കൗതുകം. പിന്നെ, കോവിഡ് കാലത്ത് രണ്ടു കഥാകൃത്തുക്കൾ അവരുടെ കഥ സംവിധാനം ചെയ്യാനുള്ള ഓഫർ തന്നു. ആ കഥ തന്നയാണ് ആദ്യ പ്രോജക്ടായി മാറികൊണ്ടിരിക്കുന്നത്. സംവിധാനം ചെയ്യുന്ന സിനിമയിൽ കൂടുതൽ പുരുഷ കഥാപാത്രങ്ങളായാൽ ഞാൻ സ്ത്രീവിരുദ്ധയാണെന്ന് ആളുകൾ പറയുമോ എ ന്ന പേടിയൊന്നുമില്ല. അത്തരം മുൻധാരണകൾ ഒഴിവാക്കിയാലേ സിനിമയിൽ ക്രിയേറ്റീവ് ഫ്രീഡം ഉണ്ടാകൂ.
പുതിയ സിനിമകളെ കുറിച്ചു പറയൂ...
ദായ്റ എന്ന ഹിന്ദി സിനിമയിൽ കരീന കപൂറിനു വേണ്ടി മലയാളത്തിൽ ഡബ് ചെയ്തതു രസമുള്ള അനുഭവമായിരുന്നു. ഹിന്ദിയിൽ അഭിനയിക്കുന്ന സിനിമയും വരാനുണ്ട്. തെലുങ്ക് വെബ് സീരീസ് ഷൂട്ടിങ് നടക്കുന്നു. മലയാളത്തിലും രണ്ടു സിനിമകളുണ്ട്.