ADVERTISEMENT

ഏറെ പ്രചാരത്തിലുള്ള ഒരു ഓൺലൈൻ മാട്രിമോണി വെബ്സൈറ്റിൽ മകൾക്കു വേണ്ടി വിവാഹ പരസ്യം ചെയ്തു കാത്തിരിക്കുകയായിരുന്നു ആലപ്പുഴ ജില്ലയിലെ ആ അച്ഛൻ. ചില പ്രൊഫൈലുകളിൽ താത്പര്യം അറിയിച്ചു മുന്നോട്ടു പോയെങ്കിലും വിവാഹം ഉറപ്പിക്കാനായില്ല.

അങ്ങനെയിരിക്കേ ‘ഇന്ററസ്റ്റ്’ അറിയിച്ച ഒരു പ്രൊഫൈലിൽ നിന്നു മറുപടി ലഭിച്ചു, പെണ്ണുകാണാൻ വരാം. പറഞ്ഞ ദിവസം തന്നെ ആളെത്തി. കാഴ്ചയിൽ അൽപം പ്രായക്കൂടുതൽ തോന്നുമെങ്കിലും സുന്ദരനായ യുവാവ്. രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് അയാൾ വന്നത്.

ADVERTISEMENT

ചായകുടിയൊക്കെ കഴിഞ്ഞു ചിരിച്ചു സംസാരിച്ചാണു പിരിഞ്ഞതെങ്കിലും വൈകിട്ടു തന്നെ വിളി വന്നു, ജോലിയില്ലാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ വീട്ടുകാർക്ക് അത്ര താത്പര്യമില്ല. നിരാശയോടെ ഫോൺ കട്ട് ചെയ്യുമ്പോഴും മകളോട് ഇതെങ്ങനെ പറയുമെന്ന പ്രയാസമായിരുന്നു ആ അച്ഛന്റെ മനസ്സിൽ.

രണ്ടു ദിവസം കഴിഞ്ഞ് ആ നമ്പരിൽ നിന്നു വീണ്ടും കോൾ വന്നു, സുഖവിവരങ്ങൾ അന്വേഷിച്ച ശേഷമാണു കാര്യത്തിലേക്കു കടന്നത്. ആ ചെറുപ്പക്കാരൻ ജോലിക്കു പുറമേ കരിയർ കൗൺസലിങ്ങും ജോബ് മെന്ററിങ്ങും ചെയ്യുന്നുണ്ടത്രേ. ഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യത കൊണ്ടു മകൾക്കു നല്ല ആലോചനകൾ വരാൻ പ്രയാസമാണെന്നും, ജോലി സാധ്യതയുള്ള ഏതെങ്കിലും കോഴ്സ് പഠിക്കാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിക്കാനുമായിരുന്നു ആ വിളി.

ADVERTISEMENT

കെണി ഇങ്ങനെ

വിദ്യാഭ്യാസയോഗ്യത കുറഞ്ഞതു കൊണ്ടു നല്ല വിവാഹാലോചന വരാൻ പ്രയാസമാണ് എന്ന വാക്കുകൾ ആ അച്ഛന്റെ ചിന്തകളെ സ്വാധീനിച്ചു. മുൻപു നടത്തിയ ആ ലോചനകളൊക്കെ വിവാഹത്തിലേക്കെത്താതെ പോകാൻ കാരണവും ഇതുതന്നെയാകും എന്ന് അയാൾ ഊഹിച്ചു. അങ്ങനെ മകളെ ഉന്നതപഠനത്തിനയക്കാൻ സമ്മതമാണെന്ന് അയാളെ അറിയിച്ചു.

ADVERTISEMENT

പിന്നാലെ കോഴ്സ് ഗൈഡൻസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഒരു ലിങ്ക് അയാൾ അയച്ചു നൽകി. മകളുടെ ഫോണിൽ നിന്ന് ആ ലിങ്കിൽ കയറി വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷൻ പൂർത്തിയാക്കാനായി ഫോണിലേക്കു വന്ന ഓടിപിയും നൽകി. അവസാന ഘട്ടത്തിൽ രജിസ്ട്രേഷൻ ഫീസായി 2000 രൂപയും അടച്ചു. ആ തുക കോഴ്സ് ഫീസിൽ നിന്ന് ഇളവു ചെയ്യുമെന്നും അവിടെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന്റെ സ്ക്രീൻഷോട് അയാൾക്ക് അയച്ചതിന്റെ പിറകേ വിവിധ കോഴ്സുകളെ കുറിച്ചും അവയുടെ ഫീസ്, കാലാവധി, ജോലി സാധ്യത തുടങ്ങിയവ അടങ്ങിയ വിശദമായ പിഡിഎഫ് അയച്ചു നൽകി. അവയിൽ നിന്നു കോഴ്സ് തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു.

ഹോട്ടൽ മാനേജ്മെന്റ് മുതൽ എഐ വരെയായി നീണ്ടുകിടന്ന ലിസ്റ്റിൽ നിന്നും രണ്ടു ദിവസം കൊണ്ടാണ് കോഴ്സ് തിരഞ്ഞെടുത്തത്. വിവരമറിയിക്കാൻ ആ നമ്പരിലേക്കു വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്. തിരക്കിലാകും എന്നോർത്ത് അടുത്ത ദിവസം വീണ്ടും വിളിച്ചു, അപ്പോഴും സ്ഥിതി അതുതന്നെ. വാട്സ് ആപ് നമ്പരിലേക്കു മെസേജ് ഇട്ടെങ്കിലും ഡെലിവേർഡ് ആകുന്നില്ല.

ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ‘കരിയർ മെന്റർ’ പിന്നെ ഫോണെടുത്തതേയില്ല. അപ്പോഴേക്കും മാട്രിമോണി സൈറ്റിലെ പരസ്യലും അപ്രത്യക്ഷമായിരുന്നു.

നഷ്ടപ്പെട്ടത് ‘വെറും’ 2000 രൂപ മാത്രമാണെങ്കിലും ഫോണിലെ വിവരങ്ങൾ ചോർത്തി അപാനിക്കാൻ ശ്രമിക്കുമോ എന്നറിയാനാണ് ആ അച്ഛനും മകളും ഞങ്ങളുടെ അടുത്തെത്തിയത്.

dhanyamenoncolummatrimonycyberscam2

ചതിയുടെ മറുവഴി

മാട്രിമോണി സൈറ്റ് വഴിയാണ് പാലക്കാട്ടെ 28കാരി ഡൽഹി മലയാളിയെ പരിചയപ്പെട്ടത്. ആലോചന മുന്നേറുന്നതിനിടെ പരസ്പരം സംസാരിക്കാനായി വീട്ടുകാർ തന്നെ നമ്പർ നൽകി. താത്പര്യമുള്ള വിഷയങ്ങൾ മുതൽ വിവാഹസ്വപ്നങ്ങൾ വരെ പങ്കുവച്ച അവർക്ക് ആദ്യമേ തന്നെ ഒരു കാര്യം മനസ്സിലായി, നമ്മൾ നല്ല പാർട്ണർസ് ആകില്ല.

പക്ഷേ, സൗഹൃദം അവസാനിപ്പിക്കാൻ ഇരുവരും മുതിർന്നില്ല. വിദേശത്തു സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്ന് അറിയിച്ച പെൺകുട്ടിയെ മികച്ച ജോലി അവസരങ്ങൾക്കായി ഡൽഹിയിലോ ബെംഗളൂരുവിലോ ഉള്ള ഏജൻസികളെ സമീപിക്കാൻ അയാൾ ഉപദേശിച്ചു. അതിനു സഹായിക്കുന്ന ചില കോണ്ടാക്ടുകളും നൽകി.

അതുവഴി പെൺകുട്ടി ഒരു പോർട്ടലിൽ പേരു രജിസ്റ്റർ ചെയ്തു. കൺഫർമേഷനായി ലഭിച്ച ഓടിപി ടൈപ് ചെയ്തു നൽകുമ്പോൾ ചതിയുടെ വീതിലാണു തന്റെ മുന്നിൽ തുറന്നതെന്ന് അവൾക്കു മനസ്സിലായതേയില്ല. അടുത്ത ദിവസം അവളുടെ കുറച്ച് എക്സ്പോസ്ഡ് ആയ ഒരു ഫോട്ടോ അച്ഛന്റെ നമ്പരിലേക്ക് വന്നു. അഞ്ചു ലക്ഷം രൂപ നൽകിയില്ലെങ്കിൽ അത് ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുമെന്നാണു ഭീഷണി.

ആ ഫോട്ടോ തന്റെ ഫോണിൽ ഉള്ളതാണെന്നു മനസ്സിലാക്കിയ പെ ൺകുട്ടിക്ക് ആരോ ഫോൺ ഹാക്ക് ചെയ്തു എന്ന സംശയം തോന്നിയാണ് ഞങ്ങളെ സമീപിച്ചത്. അന്വേഷണം ചെന്നെത്തിയത് വിദേശ ജോലിക്കായി രജിസ്റ്റർ ചെയ്ത പോർട്ടലിലാണ്. അവൾക്കു കോണ്ടാക്ട് നൽകിയ ഡൽഹി മലയാളി അടക്കം തട്ടിപ്പിൽ പങ്കാളിയായിരുന്നു. സ്വകാര്യത ചോർത്തിയ ശേഷം ബ്ലാക്മെയിൽ ചെയ്യുന്ന തട്ടിപ്പുകളുടെ പുതിയ മുഖമാണ് മാട്രിമോണി സൈറ്റ് വഴി നടക്കുന്നത്.

കഴിഞ്ഞ ലക്കത്തിൽ ലിങ്ക്ഡ് ഇൻ വഴി പരസ്യം നൽകി പറ്റിക്കുന്ന തരം തട്ടിപ്പിനെ കുറിച്ചു പറഞ്ഞിരുന്നല്ലോ. നിങ്ങൾ ജോലി തേടി പരസ്യം നൽകിയ വ്യക്തിയാണെങ്കിൽ, ആ വിവരങ്ങൾ മനസ്സിലാക്കി ജോലി ഓഫർ എന്ന മട്ടിൽ മറ്റു സൈറ്റുകളി ൽ നിന്നു പരസ്യങ്ങൾ അയച്ചു കെണിയിലാക്കുന്ന തട്ടിപ്പുമുണ്ട്.
ഇവയ്ക്കെതിരേ കരുതലെടുക്കാൻ ആദ്യം വേണ്ടതു ജാഗ്രതയാണ്. പണമിടപാടിനു മാത്രമല്ല, സ്വകാര്യത ചോർത്താനുള്ള ചൂണ്ടയുമാണ് ഇന്ന് ഓടിപി. ലിങ്കു ക്ലിക് ചെയ്ത് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും, ലോഗ് ഇൻ ആവശ്യങ്ങൾക്കായി ഓടിപി നൽകുന്നതും നാലുവട്ടം ചിന്തിച്ച ശേഷമാകണം. അല്ലെങ്കിൽ പണം മാത്രമല്ല, മാനവും പോകും.∙

സൈബർ അപ്ഡേറ്റ്

സൈബർ തട്ടിപ്പു കേസുകളിൽ തിരിച്ചുപിടിക്കുന്ന തുക 50,000 രൂപയിൽ കുറവാണെങ്കിൽ പൊലീസ് സ്റ്റേഷൻ വഴിയുള്ള നടപടി കളിലൂടെ ഇനി ഉടമയ്ക്കു തിരികെ ലഭിക്കും. നിലവിൽ കോടതി വഴിയാണ് ഇതു നടന്നിരുന്നത്.

സൈബർ തട്ടിപ്പു വഴി നഷ്ടപ്പെട്ട തുക അന്വേഷണത്തിലൂടെ തിരിച്ചുപിടിക്കുമ്പോൾ അക്കാര്യം സൈബർ ഓപ്പറേഷൻസ് വിഭാഗം പരാതിക്കാരനെ അറിയിക്കും. ദേശീയ സൈബർ ക്രൈം പോർട്ടലായ എൻസിആർപി വഴിയാണു തുക ലഭിക്കാനുള്ള അപേക്ഷ നൽകേണ്ടത്.

50,000 രൂപയിൽ കുറവുള്ള തുകയ്ക്കായി പോർട്ടലിലെ മണി റീസ്റ്റോറേഷൻ ഓപ്ഷനിൽ ക്ലിക് ചെയ്യണം. തട്ടിപ്പു സംബന്ധിച്ചു പൊലീസിൽ പരാതി നൽകിയപ്പോൾ ലഭിച്ച നമ്പർ, മൊബൈൽ നമ്പർ എന്നിവയും രേഖപ്പെടുത്തണം. തിരിച്ചറിയൽ രേഖയും അപ്‌ലോഡ് ചെയ്യണം.

പരാതിക്കാരൻ താമസിക്കുന്ന പ്രദേശത്തെ സ്റ്റേഷനിലേക്ക് ഈ വിവരമെത്തും. അവിടെ നിന്നുനൽകുന്ന ബോണ്ട്, നോട്ടറി വഴി സാക്ഷ്യപ്പെടുത്തി നൽകണം. ഇത്രയും ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽ പണം അക്കൗണ്ടിലെത്തുന്ന തരത്തിലാണു നടപടികൾ പുരോഗമിക്കുക.

New Cyber Frauds Emerge Via Matrimonial Platforms:

Matrimonial fraud is on the rise, as highlighted by cases shared by Dhanya Menon. Scammers exploit the desire for marriage, using matrimonial sites to target individuals. One incident involved a father seeking a match for his daughter, only to be ensnared by a fake career counselor who requested registration fees and OTPs, leading to potential data breaches. Another case involved a woman who met a contact through a matrimonial site, who then directed her to a job portal where her OTP was used to hack her phone, resulting in blackmail. Experts warn against clicking unknown links, installing suspicious apps, and sharing OTPs, emphasizing that such actions can lead to financial loss and compromise personal privacy. Awareness and caution are crucial to avoid becoming a victim of these evolving cybercrimes.

ADVERTISEMENT