കേരളത്തിലെ മഴയും പുഴയും മീൻകറിയും ആസ്വദിക്കാൻ ഗുരുഗ്രാമിലെ ഐടി കമ്പനിയിൽ നിന്നു കസിന്റെ മകൻ ജേസനും ഭാര്യ അനന്യയും എത്തിയപ്പോൾ മോളി ആന്റി കരുതിയതു വീട് വീണ്ടും പഴയതുപോലെ ശബ്ദമുഖരിതമാകുമെന്നാണ്.
എന്നാൽ, അവരോടൊപ്പം വീട്ടിലേക്കു കയറിവന്ന‘മൂന്നാമത്തെ അതിഥി’യെ കണ്ടപ്പോഴാണ് ആന്റിയുടെ കണ്ണ് തള്ളിയത്. ആ അതിഥിയുടെ പേര് ‘വെയറബിൾസ്’ എന്നായിരുന്നു!
കയ്യിലൊരു സ്മാർട് വാച്ച്, വിരലിൽ ഉറക്കം അളക്കുന്ന സ്മാർട് മോതിരം, പോക്കറ്റിൽ ഫോൺ... ചുരുക്കം പറഞ്ഞാൽ നടന്നു നീങ്ങുന്ന മിനി ലബോറട്ടറി തന്നെയായിരുന്നു ജേസൻ. ഇതിനെല്ലാം പുറമേ ഇരുവരുടെയും കൈകളിൽ സിജിഎം (Continuous Glucose Monitor) എന്നൊരു ഡിവൈസും കൂടി ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. രാവിലെയും വൈകുന്നേരവും ഇരുവരും മൊബൈൽ ഫോണിലേക്കു നോക്കി ഗൗരവത്തിൽ ചർച്ച ചെയ്യുന്നതു കാണാം.
പ്രമേഹമൊന്നുമില്ലാത്ത ഈ കൊച്ചു ചെറുപ്പക്കാർ ഫോണിലെ കളർ ഗ്രാഫുകൾ നോക്കി, ‘ദാ നോക്ക് അനന്യാ, ഇന്നലത്തെ സദ്യ കാരണം എന്റെ ഷുഗർ ലെവൽ ഗ്രാഫ് മുകളിലേക്കു കുതിച്ചുയർന്നു’, എന്നു പറഞ്ഞു സങ്കടപ്പെടും. മോളി ആന്റി സ്നേഹത്തോടെ ഉണ്ടാക്കിക്കൊടുത്ത പലഹാരങ്ങളുടെ സ്വാദിനെക്കാൾ, ഫോണിലെ ഗ്രാഫിന്റെ വളവുകളും തിരിവുകളുമായിരുന്നു അവരുടെ ചർച്ചാവിഷയം.
സ്മാർട്ടായ കൽപനകൾ
രാവിലെ ഏഴുമണിയായപ്പോൾ അനന്യയുടെ കയ്യിലെ വാച്ച് ‘ഗളും ഗളും’ എന്നു ശബ്ദമുണ്ടാക്കി തുടങ്ങി. സ്ക്രീനിൽ ‘ഹൈഡ്രേറ്റ്’ എന്ന വാക്കു തെളിഞ്ഞു വന്നു. അവളുടനെ റോബോട്ടിനെപ്പോലെ കുപ്പിയെടുത്ത് വെള്ളം കുടിച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത ഓർമപ്പെടുത്തൽ: ‘സ്റ്റാൻഡ് അപ്’. സോഫയിൽ ചുരുണ്ടുകൂടിയിരുന്ന അവൾ സ്പ്രിങ് പോലെ എഴുന്നേറ്റുനിന്നു. ഉച്ചയായപ്പോൾ വാച്ച് വീണ്ടും ആജ്ഞാപിച്ചു: ‘ടൈം റ്റു ബ്രീത്’. രണ്ടുപേരും ഉടൻ കണ്ണടച്ച് ആഴത്തിൽ ശ്വാസമെടുക്കാൻ തുടങ്ങി!
അടുക്കളയിൽ നിന്ന് ഇതെല്ലാം നോക്കിക്കണ്ട മോളി ആന്റിക്കു ചിരി അടക്കാനായില്ല. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതും, ഇരിക്കുമ്പോൾ എഴുന്നേൽക്കുന്നതും, ശ്വാസോച്ഛ്വാസം ചെയ്യുന്നതും ഇപ്പോൾ സ്വന്തം ശരീരമല്ല, കയ്യിലിരിക്കുന്ന വാച്ചാണു തീരുമാനിക്കുന്നത്. കഷ്ടം തന്നെ!
പിറ്റേന്നു രാവിലെ നടക്കാൻ പോയി വന്ന ജേസന്റെ മുഖത്തൊരു വിഷാദം. ‘എന്താ മോനേ, സങ്കടം?’ മോളി ആന്റി തിരക്കി.‘ആന്റീ, ഇന്ന് 9,842 സ്റ്റെപ്പേ ആയിട്ടുള്ളൂ. ലക്ഷ്യം പൂർത്തിയാക്കാൻ ഇനി 158 അടികൂടി വേണം.’
‘അയ്യോ... ഇനി ആ 158 അടി കൂടി നടന്നാൽ നിനക്ക് ലോട്ടറി അടിക്കുമോ?’ എന്ന് ആന്റി തമാശയായി ചോദിച്ചു. പക്ഷേ, ജേസന് ഭാവവ്യത്യാസമൊന്നുമില്ല.
അവൻ പതിനായിരം തികയ്ക്കാനായി ഉമ്മറത്തുകൂടി വട്ടത്തിൽ നടക്കാൻ തുടങ്ങി. ലക്ഷ്യം തികച്ചപ്പോൾ മാത്രമാണ് അവന്റെ മുഖത്തു ചിരി തിരിച്ചുവന്നത്.
മൂന്നാം ദിവസം പുറത്തു നല്ല കനത്ത മഴയായിരുന്നു. മോളി ആന്റി വരാന്തയിലിരിക്കുമ്പോൾ അനന്യയുടെ വാച്ച് ‘ബീപ്’ എന്നു ശബ്ദിച്ചു: ‘സ്ട്രെസ് ലെവൽ ഹൈ’. അവൾ പരിഭ്രമത്തോടെ ഭർത്താവിനെ വിളിച്ചു: ‘ജേസൻ... എനിക്ക് എന്താ ഇത്ര സ്ട്രെസ്?’
മോളി ആന്റി ചോദിച്ചു: ‘മോളേ, നിനക്കിവിടെ എന്തെങ്കിലും അസൗകര്യമുണ്ടോ?’
‘ഇല്ല ആന്റീ, ഒരു കുഴപ്പവുമില്ല.’
‘പിന്നെ ഈ വാച്ച് എന്താ ഇങ്ങിനെ പറയുന്നത്?’ അതിന് അവൾക്കും മറുപടിയില്ലായിരുന്നു.
എല്ലാം ആപ് പറയും പോലെ
സന്ധ്യ കഴിഞ്ഞു മഴ മാറിയപ്പോൾ മുല്ലപ്പൂവിന്റെ മണം ആസ്വദിച്ചു മോളി ആന്റി മുറ്റത്തു നിൽക്കുകയാണ്. അപ്പോഴും ജേസൻ ഫോണിലെ ഹെൽത്ത് ആപ്പിലേക്കു നോക്കി നെടുവീർപ്പിടുകയായിരുന്നു.
‘ഇന്നലെ സ്ലീപ് സ്കോർ 82 മാത്രമാണ്. എച്ച്ആർവി (Heart rate variability) താഴ്ന്നു, സ്ട്രെസ് കൂടി, ശരീരത്തിനു വിശ്രമം വേണമെന്നാണ് ആപ് പറയുന്നത്.’ ആത്മഗതം പോലെ ജേസൻ പറഞ്ഞു.
‘അല്ല മോനേ, നിനക്ക് എന്തെങ്കിലും ക്ഷീണം തോന്നുന്നുണ്ടോ?’ ആന്റി ചോദിച്ചു. അവൻ ഒന്നു ആലോചിച്ച ശേഷം പറഞ്ഞു: ‘ഇല്ല, പക്ഷേ, ആപ് പറയുന്നത് നമ്മൾ അനുസരിക്കണമല്ലോ!’
ഇതാണു മോളി ആന്റിയെ ചിന്തിപ്പിച്ചത്. നമ്മുടെ ശരീരം പറയുന്നതാണോ നമ്മൾ കേൾക്കേണ്ടത്, അതോ മൊബൈൽ ആപ്പുകൾ പറയുന്നതാണോ?
പണ്ടൊക്കെ പൾസും ബിപിയും നോക്കുന്നത് ഡോക്ടറുടെ അടുത്തു പോകുമ്പോളായിരുന്നു. ഓരോ മിനിറ്റിലും ഹൃദയം എത്ര തവണ മിടിക്കുന്നു എന്ന് എണ്ണിക്കൊണ്ടല്ല മനുഷ്യർ ജീവിച്ചിരുന്നത്.
ദാഹിച്ചാൽ വെള്ളം കുടിക്കും, ക്ഷീണിച്ചാൽ ഉറങ്ങും. ഇന്നു മനുഷ്യന്റെ സ്വാഭാവിക പ്രക്രിയകളെല്ലാം ചെറിയ ചിപ്പിലേക്കു പണയം വച്ചിരിക്കുകയാണോ? മോളി ആന്റി ചിന്തകളിൽ മുഴുകി.
അഞ്ചാം ദിവസം അടുത്തുള്ള പള്ളിയിൽ പോയപ്പോൾ 75 വയസ്സുള്ള കാരണവർ മഴയത്ത് കുടയുമൂന്നി ശാന്തമായി നടന്നു വരുന്നതു കണ്ട് ജേസൻ പറഞ്ഞു. ‘അങ്കിളിന്റെ ഫിറ്റ്നസ് സൂപ്പർ!’.
അതുകേട്ട് മോളി ആന്റി മനസ്സിൽ ഓർത്തു: ‘അദ്ദേഹത്തിന്റെ കയ്യിൽ സ്റ്റെപ്പ് കൗണ്ടർ ഇല്ലായിരിക്കാം, പക്ഷേ, ജീവിതം മുഴുവൻ നടന്നു തീർത്ത ആത്മവിശ്വാസമുണ്ട്.’
വെക്കേഷൻ കഴിയാറായപ്പോൾ ജേസൻ തുറന്നു പറഞ്ഞു: ‘ആന്റീ, ചിലപ്പോൾ ഈ വാച്ച് ഇല്ലായിരുന്നെങ്കിൽ ഞാൻ കൂടുതൽ റിലാക്സ്ഡ് ആയേനെ എന്നു തോന്നാറുണ്ട്. ഇതിലെ നമ്പറുകൾ ഒന്ന് മാറിയാൽ ഞാൻ ഉടനെ ഗൂഗിളിൽ തിരയും. പിന്നെ എല്ലാ രോഗലക്ഷണങ്ങളുമുണ്ടെന്ന് തോന്നി ആധിയിലാകും.’
അപ്പോഴാണ് മോളി ആന്റി അവന് ആ പഴയ കർഷകന്റെ കഥ പറഞ്ഞു കൊടുത്തത്. ‘എല്ലാ ദിവസവും ചെടി പറിച്ചുനോക്കി അതിന്റെ വേരുകൾ വളരുന്നുണ്ടോ എന്ന് പരിശോധിച്ചിരുന്ന ഒരു കർഷകനുണ്ടായിരുന്നു. ഒടുവിൽ പരിശോധന കൂടിപ്പോയതുകൊണ്ട് ആ ചെടി വാടിപ്പോയി. നമ്മുടെ ആരോഗ്യവും അങ്ങനെ തന്നെയാണ്. ശ്രദ്ധിക്കണം. ഓരോ സെക്കൻഡിലും അളക്കാൻ തുടങ്ങിയാൽ മനഃസമാധാനം പോകും.’
ഈ വെയറബിൾസ് മോശമാണെന്നല്ല മോളി ആന്റി പറയുന്നത്. ഹൃദയമിടിപ്പ് അറിയാനും നടത്തം കൂട്ടാനും ഒക്കെ ഇത് നല്ലതാണ്. പക്ഷേ, ഒരു കാര്യം ഓർക്കുക: വാച്ചിന് നിങ്ങളുടെ ആരോഗ്യം അളക്കാൻ കഴിഞ്ഞേക്കും. എന്നാൽ സന്തോഷം അളക്കാൻ അതിനാവില്ല. സ്മാർട് മോതിരത്തിന് ഉറക്കം കണക്കാക്കാം, എന്നാൽ അമ്മയുടെ സ്നേഹമോ, സ്നേഹിക്കുന്നവരുടെ മനസ്സോ, തലോടലോ അതിന് മനസ്സിലാകില്ല. ഫോണിനു സ്റ്റെപ്പുകൾ എണ്ണാം. പക്ഷേ, മഴ നനഞ്ഞ് നിങ്ങൾ പൊട്ടിച്ചിരിച്ച നിമിഷങ്ങൾ അതിന് രേഖപ്പെടുത്താനാകില്ല.’
യാത്ര തിരിക്കും മുൻപ് മോളി ആന്റി അവർക്കൊരു ചെറിയ ഉപദേശം കൊടുത്തു. ‘എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം വാച്ചിലേക്കോ മൊബൈലിലേക്കോ നോക്കാതിരിക്കൂ. നമ്മുടെ ചുറ്റുപാടുമുള്ള പ്രകൃതിയും ഒന്ന് ശ്രദ്ധിക്കൂ. കാരണം, ജീവിതത്തിന്റെ യഥാർഥ ഹെൽത്ത് ഇൻഡിക്കേറ്ററുകൾ അളക്കുന്നത് പ്രകൃതിയാണ്: മഴ കണ്ടാൽ മനസ്സ് നിറയുന്നുണ്ടോ?
വിശക്കുമ്പോൾ ഭക്ഷണം രുചികരമായി തോന്നുന്നുണ്ടോ? ക്ഷീണിക്കുമ്പോൾ സുഖമായി ഉറക്കം വരുന്നുണ്ടോ?
പ്രിയപ്പെട്ടവരോടൊപ്പമിരിക്കുമ്പോൾ ചിരിക്കാൻ സാധിക്കുന്നുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ, നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിൽ സുരക്ഷിതമാണ്.’
മോളി ആന്റി പറഞ്ഞത് പൂർണമായി മനസ്സിലായില്ലെങ്കിലും അതിൽ എന്തോ കാര്യമുണ്ടെന്നു ജേസനും അനന്യയ്ക്കും മനസ്സിലായി. ചിരിയോടെ ഇരുവരും യാത്ര പറഞ്ഞു. എയർപോർട്ടിലേക്ക് പോകാൻ കാറിൽ കയറി.