മകളെ പാതിമലരെ,
നീ മനസ്സിലെന്നെയറിയുന്നോ ?
കനവും പോയ ദിനവും
നിൻ ചിരിയിൽ വീണ്ടുമുണരുന്നോ?
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരമണയുന്നോ...
മകളെ ഒാർത്ത് ഉറങ്ങാത്ത രാത്രികൾ കടന്ന്, മകളെക്കുറിച്ചുള്ള ഒാർമകളുടെ നോവറിഞ്ഞ് രാഘവൻ എന്ന അച്ഛൻ ഒടുവിൽ ഒരു കൊതുമ്പു കളിയോടത്തിൽ അവൾക്കരികിലേക്ക് എത്തുകയാണ്. കുട്ടനാടിന്റെ സൗന്ദര്യവും മനുഷ്യബന്ധങ്ങളുടെ തീവ്രതയുമെല്ലാം വരച്ചിട്ട ചമ്പക്കുളം തച്ചൻ.
ചുണ്ടൻവള്ളങ്ങളുടെ പെരുന്തച്ചനായ വലിയ ആശാരി, അദ്ദേഹത്തിന്റെ ശിഷ്യനായ രാഘവൻ. കരയ്ക്കടുക്കാത്ത വള്ളം പോെല ഒഴുകിക്കൊണ്ടിരുന്ന രാഘവന് സ്വന്തം മകളെ വലിയാശാരി വിവാഹം ചെയ്തു കൊടുക്കുന്നു.
ശാന്തമായ കുട്ടനാടൻ കായൽ പോലെ അവരുടെ ജീവിതം ഒഴുകിക്കൊണ്ടിരുന്നു. മകൾ ദേവി ജനിക്കുന്നു. അതിനിടയിലാണ് സംശയത്തിന്റെ വിത്തുകൾ കാറുംകോളുമുണ്ടാക്കി ജീവിതത്തെ മുക്കിക്കളയുന്നത്. അമ്മുവിനെ കൊന്ന് ജയിലിൽ പോയ രാഘവൻ തന്റെ മകളെ തേടി വീണ്ടും ആ നാട്ടിലേക്കു വരുന്നു. അച്ഛനെ വെറുത്തിരുന്ന മകൾക്ക് ഒടുവിൽ ആ സ്നേഹം കണ്ടില്ലെന്നുവയ്ക്കായില്ല. മധുവിന്റെ വലിയാശാരിയും മുരളിയുടെ രാഘവനും മോനിഷയുടെ അമ്മുവും രംഭയുടെ ദേവിയും.... നൂറു ദിവസം തികച്ചോടി ചമ്പക്കുളം തച്ചൻ വലിയ ഹിറ്റായി.
സന്തോഷത്തിനൊപ്പം കമലിന്റെ ഹൃദയത്തിൽ ഈ സിനിമ കണ്ണീരിന്റെ സീനുകളും എഴുതിച്ചേർത്തു. മോനിഷ പൂർണമായി അഭിനയിച്ച അവസാന സിനിമയായിരുന്നു ചമ്പക്കുളം തച്ചൻ....
മോനിഷ എന്റെ ഒരൊറ്റ സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ അത് ചമ്പക്കുളം തച്ചനിലായിരുന്നു. മോനിഷയെ പോലെ നിഷ്കളങ്കയായ പെൺകുട്ടിയെ ഞാൻ സിനിമയിലോ സിനിമയ്ക്കു പുറത്തോ ഇതുവരെ കണ്ടിട്ടില്ല. ഇതിൽ ഒട്ടും അതിശയോക്തിയില്ല. എൺപതുകളിലെ ടിപ്പിക്കൽ മലയാളി പെൺകുട്ടികളുടെ മുഖമാണ് മോനിഷയുടേത്. മലയാളിയുടെ നൊസ്റ്റാൾജിയയിലുള്ള മുഖം.
കമലദളത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് ചമ്പക്കുളം തച്ചനിലേക്ക് മോനിഷ എത്തുന്നത്. സത്യത്തിൽ ഈ സിനിമയിൽ മോനിഷയ്ക്ക് സ്ക്രീൻസ്പേസ് കുറവാണ്. മുരളിയെ പോലെ സീനിയർ ആയ ഒരാളുടെ ഭാര്യയായിട്ട്, പോരെങ്കിൽ അമ്മ വേഷം... കരിയറിന്റെ തുടക്കത്തിൽ ജ്വലിച്ചു നിൽക്കുന്ന ഒരു നടി അങ്ങനെയൊരു വേഷം ചെയ്യാമെന്നു തീരുമാനിക്കുന്നു. പലർക്കും അദ്ഭുതം തോന്നാം. അമ്മവേഷത്തിൽ അഭിനയിച്ചു പോയാൽ പിന്നെ നല്ല വേഷങ്ങൾ കിട്ടില്ലെന്നു വിശ്വാസം അന്നും ഇന്നുമുണ്ടല്ലോ...
മോനിഷയുടെ അമ്മയായ ശ്രീദേവിച്ചേച്ചിയെയാണ് ഞാൻ ആദ്യം വിളിച്ചത്. മോനിഷയുടെ റോൾ പറഞ്ഞു. അമ്മ വേഷമാണെന്നും ഭർത്താവിന്റെ കൈകൊണ്ടു കൊല്ലപ്പെടുന്നുണ്ടെന്നും കൂടി സൂചിപ്പിച്ചു. കമലിന്റെ സിനിമയല്ലേ, മോളുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടെന്ന് എനിക്കുറപ്പുണ്ടെന്ന് ചേച്ചി മറുപടി പറഞ്ഞു. അങ്ങനെയാണ് മോനിഷ സിനിമയിലേക്ക് എത്തിയത്.
നെടുമുടിയിലും ചമ്പക്കുളത്തുമൊക്കെയായിരുന്നു ഷൂട്ട്. ഒരാഴ്ചയേ മോനിഷ ലൊക്കേഷനിൽ ഉണ്ടായിരുന്നുള്ളൂ. കാരവാൻ ഒന്നും ഇല്ല. അടുത്ത വീടുകളിലാണ് കോസ്റ്റ്യൂം ചേഞ്ചിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോക്കേഷനിലേക്ക് അതിരാവിലെ തന്നെ മോനിഷ എത്തും. ഒന്നിനും ഒരു പരാതിയുമില്ല. എല്ലാ നിഷ്കളങ്കതയോടും കൂടിയുള്ള ചിരി ഇന്നുമുണ്ട് മനസ്സിൽ.
ദിലീപ് അന്ന് സഹസംവിധായകനായി എനിക്കൊപ്പമുണ്ട്. സെറ്റിൽ ശ്രീനിവാസനുമുണ്ട്. ഇവരെ രണ്ടാളെയും കണ്ടാൽ മതി മോനിഷ ചിരി തുടങ്ങും. തമാശയുടെ ഒരു കുഞ്ഞു കഷണം മതി വലിയ പൊട്ടിച്ചിരിയുണ്ടാവാൻ. ചിരി മാത്രമല്ല, സെറ്റിൽ ഉണ്ടാവുന്ന പിണക്കങ്ങളിൽ പോലും മോനിഷ ടെൻഷനാവും.
മുരളിയുമായുള്ള പിണക്കം
ഒാർക്കാൻ ഇഷ്ടമില്ലാത്ത ഒരു സംഭവം ഉണ്ടായത് ആ ലൊക്കേഷനിലായിരുന്നു. ഞാൻ ആരുമായും പിണങ്ങുകയോ അകന്നു നിൽക്കുകയോ ചെയ്യാത്ത ആളാണ്. പക്ഷേ, മുരളിയുമായി പിണങ്ങേണ്ടി വന്നു.
ചമ്പക്കുളം തച്ചനിൽ മുരളി അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് മറ്റൊരു സിനിമയുടെ ഡബ്ബിങ് തീർക്കേണ്ടി വന്നു. മുരളി ലൊക്കേഷനിൽ നിന്നു പോയാൽ ഇവിടെ സിനിമ മുടങ്ങും. സത്യത്തിൽ ഇതു ഞാൻ അറിഞ്ഞിട്ടുമില്ല. നെടുമുടിയുമായി വഴക്കുണ്ടാവുന്ന രംഗങ്ങൾ ചിത്രീകരിച്ച ദിവസം. രണ്ടുപേരും തല്ലുകൂടി പാടത്തെ ചെളിയിൽ കിടന്നുരുളുന്നു. ഉച്ചസമയത്തെ ബ്രേക്ക്. രണ്ടു പേരുടെയും ദേഹത്തും മുഖത്തും തലയിലുമെല്ലാം ചെളി. അതിന്റെ ദുർഗന്ധവുമുണ്ട്. ഇതുവച്ച് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പറ്റുമെന്നു തോന്നുന്നില്ലെന്നും ഹോട്ടലിൽ പോയി കുളിച്ചിട്ടു വന്നാലോ എന്നും മുരളി ചോദിച്ചു. മുരളിയും നെടുമുടിയും ഹോട്ടലിലേക്ക് പോയി.
മൂന്നുമണി കഴിഞ്ഞിട്ടും രണ്ടുപേരെയും കാണുന്നില്ല.അന്ന് മൊബൈലൊന്നുമില്ലല്ലോ, പ്രൊഡക്‌ഷൻ കൺട്രോളർ ഹോട്ടലിലേക്കു പാഞ്ഞു. അവിടെ നെടുമുടി മാത്രമുണ്ട്. അന്വേഷിച്ചപ്പോൾ മുരളി ഡബ്ബിങ്ങിന് മദ്രാസിലേക്കു പോയെന്ന വിവരമാണു കിട്ടിയത്.
സംവിധായകനെന്ന രീതിയിൽ എനിക്ക് വലിയ അപമാനമായി അതു തോന്നി. എന്റെ സെറ്റിൽ നിന്നു പോവുമ്പോൾ എന്നെ വിവരം അറിയിക്കേണ്ടേ... മുരളിയുള്ള കോംബിനേഷൻ സീനുകൾ എടുക്കാനായി മധുസാർ ഉൾപ്പെടെയുള്ള താരങ്ങൾ സെറ്റിൽ ഉണ്ട്. ഷൂട്ട് ബ്രേക്ക് ചെയ്യേണ്ടി വന്നു. സിനിമയിലെ എത്തിക്സിനു നിരക്കാത്ത പ്രവൃത്തിയായി എനിക്ക് തോന്നി.
രണ്ടു ദിവസം കഴിഞ്ഞ് മുരളിയെത്തി. ഞാൻ മുഖം കൊടുത്തില്ല. ഉള്ളിൽ ആ സംഭവം കിടന്ന് പൊള്ളുന്നുണ്ട്. എന്നെ കണ്ട മോനിഷ ചോദിച്ചു, ‘‘സാറിനെന്തു പറ്റി, ഇന്നലെവരെ കണ്ട ആളല്ലല്ലോ.’’ മുരളിയുമായുള്ള പ്രശ്നം ഞാൻ മോനിഷയോടു പറഞ്ഞില്ല.
സെറ്റിലെത്തിയ മുരളി മേക്കപ്പ് ഇട്ടു വന്നു. മോനിഷയ്ക്കൊപ്പമുള്ള കോംബിനേഷൻ സീൻ ആണ്. മുരളി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ ആക്‌ഷൻ പറയില്ലെന്നുറപ്പിച്ചിരുന്നു. അസോഷ്യേറ്റ് ആയ സൂര്യൻ കുനിശേരിയോട് ആക്‌ഷൻ പറയാൻ ഞാൻ നിർദേശിച്ചു. റെഡി സ്റ്റാർട് എന്നു ഞാൻ പറഞ്ഞ് സൂര്യൻ ആക്‌ഷൻ പറഞ്ഞപ്പോൾ മോനിഷ ഞെട്ടി. അന്തംവിട്ട് എന്നെ നോക്കി നിന്നു. ‘മോനിഷാ ആക്‌ഷൻ പറഞ്ഞതു കേട്ടില്ലേ, അഭിനയിക്കൂ’ എന്നു ഞാൻ പറഞ്ഞു. കട്ട് പറഞ്ഞ ശേഷം മോനിഷ അടുത്തുള്ള കസേരയിൽ വന്നിരുന്നു. ‘‘സാർ ഇത്ര ഗൗരവത്തോടെയിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അഭിനയിക്കാൻ തന്നെ പേടിയാവുന്നു.’’
അടുത്ത ദിവസം ലൊക്കേഷനിലേക്ക് മുരളിയെത്തി. ഞാന്‍ ക്യാമറാമാൻ സാലുവിനോട് ഷോട്ടിനെക്കുറിച്ച് പറഞ്ഞുകൊണ്ടു നിൽക്കുകയാണ്. പെട്ടെന്ന് എന്റെ പിന്നിൽ കൂടി വന്ന് മുരളി െകട്ടിപ്പിടിച്ചു. ഞാൻ കുതറി മാറാൻ ബലം പിടിച്ചു. മുരളി പറഞ്ഞു, ‘‘എന്നെ വേണമെങ്കിൽ തല്ലിക്കോ. ചീത്തവിളിച്ചോ, അവഗണിക്കുന്നതിനേക്കാൾ ഭേദം അതാണ്.’’
അതു കഴിഞ്ഞ് ഞങ്ങൾ സംസാരിച്ചു. പിണക്കങ്ങളെല്ലാം മാറി. ഞാൻ പിന്നെയും മുരളിക്ക് ആക്‌ഷൻ പറഞ്ഞു തുടങ്ങി. അത് കേട്ട് മോനിഷ പൊട്ടിച്ചിരിച്ചു. ഷോട്ടു കഴിഞ്ഞ് ഒാടി എന്റെയടുത്തു വന്നു പറഞ്ഞു–‘‘ഇപ്പോഴാണ് സാർ സമാധാനം ആയത്. ശരിക്കും ടെൻഷനായി പോയിരുന്നു. ’’ അത്രയും നിഷ്കളങ്കയായ ഒരു പെൺകുട്ടിയായിരുന്നു മോനിഷ.
സിനിമ ഇറങ്ങി ആദ്യ ദിവസങ്ങളിൽ തന്നെ നല്ല അഭിപ്രായങ്ങൾ വന്നു. ഹിറ്റിലേക്കാണ് പോവുന്നതെന്ന സൂചനകൾ കിട്ടി. ഞാൻ അടുത്ത സിനിമയിലേക്ക് കടന്നു. ഗസലിന്റെ ചർച്ചയ്ക്കായി ഞാനും ടി. എ. റസാഖും മലമ്പുഴയിലെ ഗസ്റ്റ് ഹൗസിലിരിക്കുന്നു. പെട്ടെന്ന് ഗസ്റ്റ് ഹൗസിലേക്ക് ഫോൺ വന്നു. – ചേർത്തലയ്ക്കടുത്തു വച്ചുണ്ടായ അപകടത്തിൽ മോനിഷ മരിച്ചു. ഒരു മരവിപ്പാണ് തോന്നിയത്. ഇപ്പോഴും എനിക്ക് ആ മരണം വിശ്വസിക്കാൻ പറ്റിയിട്ടില്ല ഞാൻ കൊച്ചിയിലേക്ക് തിരിച്ചു വന്നു. ആഴ്ചകൾക്കു മുൻപ് എന്റെ സെറ്റിൽ പാറി നടന്ന മോനിഷയെ അവസാനമായി കണ്ടു. ഒരു പൂമ്പാറ്റയായിരുന്നു മോനിഷ. നമുക്കിടയിൽ പാറി നടന്ന് നമ്മളെയൊക്കെ സന്തോഷിപ്പിച്ച് പറന്നു പോയി.
പിന്നീട് ശ്രീദേവിച്ചേച്ചി ആമി എന്ന എന്റെ സിനിമയിൽ അഭിനയിച്ചു. അന്നും ഞങ്ങൾ പറഞ്ഞത് മോനിഷയെക്കുറിച്ചായിരുന്നു.
രംഭ എന്ന അമൃത
സർഗം എന്ന ഹിറ്റ് സിനിമയ്ക്കു ശേഷമാണ് അമൃത ചമ്പക്കുളം തച്ചനിലേക്ക് എത്തുന്നത്. അമൃത പിന്നീടാണ് പേരുമാറ്റി രംഭയാവുന്നത്. സർഗത്തിൽ കുറച്ചു ബോൾഡ് ആയ കഥാപാത്രമായിരുന്നെങ്കിൽ നാട്ടിൻപുറത്തിന്റെ എല്ലാ പാവത്തവും ദേവിക്കുണ്ട്. മോനിഷയുടെ മകൾ വളർന്നു വന്നാൽ എങ്ങനെയായിരിക്കും എന്ന ആലോചനയിൽ നിന്നൊക്കെയാണ് അമൃതയിലേക്ക് എത്തുന്നത്. രണ്ടുപേരുടെ മുഖവും നിഷ്കളങ്കമാണ്.
ഞാൻ മദ്രാസിൽ പോയി കഥ പറഞ്ഞു. കഥയെല്ലാം ഇഷ്ടമായി. പക്ഷേ, അമൃതയ്ക്ക് ഒരൊറ്റ പ്രശ്നമേയുള്ളൂ. വെള്ളം പേടിയാണ്. നീന്താനും അറിയില്ല. ഞാൻ ധൈര്യം കൊടുത്തു. അമൃത ലൊക്കേഷനിലേക്കെത്തി. കുട്ടനാടല്ലേ, കാണുന്നിടത്തെല്ലാം വെള്ളം. അതു കണ്ടതോടെ ടെൻഷനായി. വിനീതും അമൃതയും ആദ്യമായി കാണുന്ന സീൻ തന്നെ വള്ളംമാറി പോവുന്നതും കായലിൽ വച്ച് വള്ളം പരസ്പരം മാറ്റുന്നതുമൊക്കെയാണ്. വള്ളം തുഴഞ്ഞ് കായലിലേക്ക് അമൃത പോവുന്ന രംഗവുമുണ്ട്. വള്ളം തുഴയാൻ പോയിട്ട് അതിൽ കയറാൻ പോലും അമൃതയ്ക്ക് പേടി.
എന്തുചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ അന്ന് ആർട്ട് അസിസ്റ്റന്റ് ആയിരുന്ന നാഗരാജൻ പരിഹാരവുമായിഎത്തി. നാഗരാജന് നന്നായി നീന്തൽ അറിയാം. വള്ളം മുഴുവനായിട്ട് ഇല്ലാത്ത രംഗങ്ങളിൽ നാഗരാജൻ തുഴയും. പക്ഷേ അല്ലാത്ത സീനുകളിൽ ആക്‌ഷൻ പറയുമ്പോൾ നാഗരാജൻ കായലിൽ മുങ്ങും എന്നിട്ട് വള്ളം പിടിച്ചു നിർത്തും. കട്ട് പറയുമ്പോൾ പൊങ്ങിവരും.
വലിയ ടെൻഷനോടെയാണ് ആ രംഗങ്ങൾ ഷൂട്ട് ചെയ്തത്. നല്ല ആഴമുണ്ട്. പത്തു സെക്കന്റിൽ കൂടുതലൊന്നും വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു നിൽക്കാനാവില്ലല്ലോ. ആക്‌ഷൻ എന്നു പറയുന്നതിനു മുൻപേ മുങ്ങണം എന്നാലേ മുങ്ങുമ്പോഴുള്ള ഒാളം സീനിൽ കാണാതിരിക്കൂ. അന്ന് നാഗരാജന്റെ സഹായത്തോടെയാണ് ആ രംഗങ്ങൾ ഒരു കുഴപ്പവുമില്ലാതെ ഷൂട്ട് ചെയ്യാനായത്. നാഗരാജന്‍ പിന്നീട് കമ്മട്ടിപ്പാടം ഉൾപ്പെടെ ഒരുപാടു സിനിമകളുടെ ആർട്ട് ഡയറക്ടറായി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമൃതയുടെ ഭയം മാറി. അന്ന് മോനിഷയെ പോലെ തന്നെ ചെറിയ കാര്യങ്ങൾക്ക് പൊട്ടിച്ചിരിക്കുന്ന ഒരു പാവം കുട്ടിയായിരുന്നു.
കുട്ടനാട്ടിൽ കോസ്റ്റ്യും ഇട്ടു നിൽക്കുമ്പോൾ ആ നാട്ടിലെ തന്നെ കുട്ടിയായേ തോന്നു. പിന്നീട് അത്തരം റോളുകൾ ഒാർമയിൽ മാത്രം നിർത്തി അമൃത രംഭയായി മാറി. തമിഴിൽ വലിയ തിരക്കുള്ള താരമായി. അതിനു ശേഷം ഞാൻ അമൃതയെ കണ്ടിട്ടില്ല. എന്റെ മനസ്സിൽ ഇപ്പോഴും രംഭയില്ല. ചമ്പക്കുളം തച്ചനിൽ, വള്ളത്തിൽ പേടിയോടു കൂടി ഇരിക്കുന്ന അമൃതയേയുള്ളൂ. ∙