കഴുത്തിൽ ക്ലോസ്ഡ് എന്ന ടാഗും തൂക്കി ഉറക്കം തൂങ്ങിയിരിപ്പാണു കാക്കനാട് സമ്മർ ടൗൺ കഫേ. രാവിലെ പത്തുമണിയാകുന്നതേയുള്ളൂ. ഉച്ചയ്ക്ക് 12 മണിക്ക് കഫേ ലൈവ് ആകും. അകത്ത് അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. എല്ലാം നിരീക്ഷിച്ചും നിർദേശങ്ങൾ നൽകിയും സജീവമായി ഒപ്പമുണ്ടു നമിത പ്രമോദ്. സ്വന്തം സംരംഭമായ സമ്മർടൗൺ കഫേയിലിരുന്നു പുതിയ സിനിമ–ബിസിനസ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു നമിത.
നമിതയെ ആക്ടീവായി സിനിമയിൽ കാണുന്നില്ലല്ലോ. ബിസിനസിൽ തിരക്കായതുകൊണ്ടാണോ?
മനഃപൂർവം ബ്രേക് എടുത്തിട്ടില്ല. കുറേ തിരക്കഥകൾ കേൾക്കുന്നുണ്ട്. പക്ഷേ, ‘ഈ റോൾ ചെയ്യണം’ എന്നൊരു എക്സൈറ്റ്മെന്റ് കേട്ട കഥകളിൽ നിന്നൊന്നും കിട്ടിയില്ല
കുറേ വർഷമായല്ലോ സിനിമയിൽ. ഇനി ചെയ്യുന്ന സിനിമകൾ കരിയറിലെ പുതിയൊരു ചാപ്റ്റർ തന്നെയാകണമെന്ന് ആഗ്രഹമുണ്ട്. ബ്രേക് വരുന്നു എന്നൊന്നും ഞാനധികം കാര്യമായി ചിന്തിച്ചില്ല എന്നുള്ളതാണു സത്യം.
വെറുതേ കുറേ സിനിമകൾ ചെയ്യുന്നതിനേക്കാൾ, എനിക്ക് പെർഫോം ചെയ്യാൻ കൂടുതൽ സാധ്യതകളുള്ള റോളാണ് തേടുന്നത്.
അടുത്ത മാസം ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ് തുടങ്ങും. ആ പ്രോജക്ട് അനൗൺസ് ചെയ്തു കഴിഞ്ഞാലേ, അതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ പറയാൻ പറ്റൂ.
പട്ടുസാരികളുടെ ബ്രാൻഡാണല്ലോ ‘നമ്മ ദേശി’. നമിതയ്ക്ക് പട്ടുസാരികളോട് ഇത്രയേറെ പ്രിയമുണ്ടോ?
സാരികൾ ഒരുപാട് ഇഷ്ടമാണ്. പണ്ടു മുതലേ ഫാമിലിയിൽ കണ്ടു വളർന്നതു സാരികൾ എക്സ്ചേഞ്ച് ചെയ്യുന്നതാണ്. അമ്മയും അമ്മൂമ്മയും ഒക്കെ അങ്ങനെ ചെയ്യാറുണ്ട്. ഒരു കല്യാണത്തിന് ഒരാളുടുത്തത്, വേറൊരു ഫങ്ഷന് അടുത്തയാൾക്ക് ഉപയോഗിക്കാം. സാരിയുടെ ഏറ്റവും വലിയ ഗുണം അതാണ്. സാരി റൊട്ടേഷൻ പാരമ്പര്യം തന്നെയാണെന്നു പറയാം. അച്ഛന്റെ അച്ഛന്‍ തയ്യൽക്കാരനായിരുന്നു.
കോട്ടയത്തു ‘വസ്ത്രം’ എന്ന പേരിൽ തുണിക്കടയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിപ്പോഴുമുണ്ട്. അച്ഛനൊക്കെ തുണിക്കച്ചവടം കണ്ടാണു വളർന്നത്. അപ്പൂപ്പനെ അച്ചായപ്പൂപ്പൻ എന്നാണു ഞാൻ വിളിച്ചിരുന്നത്. കോട്ടയത്തെ എല്ലാവരും അച്ചായൻ എന്നു വിളിക്കുന്നതു കേൾക്കാം. തിരുവനന്തപുരത്തു നിന്നു ഞാൻ വരുമ്പോൾ വിളിക്കേണ്ടത് അപ്പൂപ്പൻ എന്നും. രണ്ടും ചേർത്ത് അച്ചായപ്പൂപ്പൻ എന്നങ്ങു വിളിച്ചു.
കുഞ്ഞിലേ അച്ചായപ്പൂപ്പന്റെ കടയിൽ പോയി സമയം കളയും. സാരി ബ്രാൻഡ് തുടങ്ങിയപ്പോൾ അതും ഓർമ വന്നു. എല്ലാം കൊണ്ടും ഈ ബിസിനസുമായി ഞാൻ കണക്ടഡാണ്. പ്രീമിയം പട്ടുസാരികളാണ് നമ്മ ദേശിയിലുള്ളത്. ലൈറ്റ് വെയ്റ്റ് ബനാറസും കൂടി കൊണ്ടു വരണം.
എന്നെ അതിശയിപ്പിച്ച കാര്യം, സ്ത്രീകളേക്കാൾ സാരി വാങ്ങുന്നതു പുരുഷന്മാരാണെന്നുള്ളതാണ്. മിക്കവരും സമ്മാനം കൊടുക്കാനാകും വാങ്ങുക. ആദ്യത്തെ ഓർഡർ കിട്ടുമ്പോഴൊക്കെ പേടിയായിരുന്നു. ആ പേടി നന്നായി കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നുണ്ട്. കസ്റ്റമറുടെ ഫീഡ്‌ബാക്ക് കിട്ടുമ്പോഴാണ് ആ പേടി മാറുന്നത്.
സ്വന്തമായി ബിസിനസ് തുടങ്ങാൻ പലരും മടിക്കുന്നത് സാമ്പ ത്തികം കൈകാര്യം ചെയ്യുന്നതിലെ പേടി കൊണ്ടാകുമല്ലേ?
ഫാമിലിയിൽ കച്ചവടത്തിന്റെ പാരമ്പര്യമുണ്ടായിട്ടും എനിക്കു പേടിയുണ്ടായിരുന്നു. അധ്വാനിച്ചുണ്ടാക്കിയ സ്വന്തം പണം മുടക്കുമ്പോൾ എന്തായാലും പേടി വരും. റസ്റ്റോ കഫേ ബിസിനസിൽ അച്ഛനും പങ്കാളിയാണ്. തുണിക്കച്ചവടം എന്നെക്കൊണ്ടു കഴിയുന്ന ചെറിയ രീതിയിലാണു തുടങ്ങിയത്. പൂജ്യത്തില്‍ നിന്നു തുടങ്ങി ബിൽഡ് ചെയ്യുകയായിരുന്നു.
പണവും പാഷനും മാത്രം പോരാ ബിസിനസിലെന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. വിപണിയെക്കുറിച്ചും ആളുകളുടെ ആവശ്യത്തെക്കുറിച്ചും കൃത്യമായി ധാരണ വേണം. നമുക്കതില്ലെങ്കിൽ വിശ്വസിക്കാവുന്ന പാർട്ണർക്കെങ്കിലും ആ ധാരണകളുണ്ടാകണം.
നമുക്കൊരു സ്കിൽ ഇല്ലെങ്കിൽ പാർട്ണർക്ക് അതുണ്ടാകുന്നത് ബിസിനസിൽ സഹായിക്കും. പേടി മാറ്റാൻ സാമ്പത്തികമായി സേഫ് ആയി നിന്നു കൊണ്ടാണ് ഞാൻ ബ്രാൻഡിൽ ഇൻവെസ്റ്റ് ചെയ്യുന്നത്. താങ്ങാനാകാത്ത റിസ്കുകളിലേക്ക് പോയിട്ടില്ല.
ഷൂട്ടിങ് വരുന്ന സമയങ്ങളില്‍ ബിസിനസ് മാനേജ് ചെയ്യൽ ബുദ്ധിമുട്ടാകാറില്ലേ?
സമ്മർ ടൗണിൽ അച്ഛൻ എപ്പോഴുമുണ്ട്. പനമ്പിള്ളി നഗറിലാണെങ്കിലും കാക്കനാടാണെങ്കിലും ഞങ്ങളിൽ ഒരാൾ എപ്പോഴുമുണ്ടാകും. സാരി ബ്രാൻഡിൽ സ്റ്റൈലിസ്റ്റ് കൂടിയായ രശ്മി പാർട്നറാണ്. വർഷങ്ങളുടെ പരിചയം ഞങ്ങൾ തമ്മിലുണ്ട്. ഞാനില്ലെങ്കിലും ബിസിനസ് നടന്നു പോകുന്ന രീതിയിലാണ് പ്ലാൻ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഷൂട്ടിങ് തുടങ്ങുമ്പോഴും ടെൻഷനില്ല.
ഫൂഡ് ഇൻഡസ്ട്രിയെക്കുറിച്ച് അച്ഛനിൽ നിന്നു പലതും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാനിപ്പോൾ റസ്റ്ററന്റിൽ പോയാൽ ആരെയും കുറ്റം പറയാറില്ല. ഭക്ഷണം നമ്മുടെ മുൻപിൽ പ്ലേറ്റിലെത്തുന്നത് ഒരുപാടുപേരുടെ അധ്വാനത്തിലൂടെയാണെന്ന് തിരിച്ചറിയുന്നുണ്ട്. ഇരിക്കുമ്പോൾ തന്നെ ഫൂഡ് എന്താ വരാത്തേ എന്ന് മുൻപൊക്കെ തോന്നിയിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയതോടെ വൈകിയാലും ദേഷ്യം വരാറില്ല.
ചെറിയ പ്രായം മുതലേ റെസ്പോൺസിബിളായ പ്രകൃതം എങ്ങനെ കിട്ടി?
14 വയസ്സിലാണ് ട്രാഫിക്കിൽ അഭിനയിച്ചത്. എന്റെ കൂട്ടുകാരൊക്കെ അടിച്ചു പൊളിച്ചു നടക്കുന്ന സമയത്തൊക്കെ ഞാൻ ജോലി ചെയ്തും സമ്പാദിച്ചും തുടങ്ങിയിരുന്നു. ഞങ്ങളൊരു സാധാരണ മിഡിൽ ക്ലാസ് കുടുംബവുമാണ്. ലാവിഷായി ചെലവാക്കലൊന്നുമില്ല. അച്ഛനും അമ്മയും വളരെ റെസ്പോൺസിബിളായി പെരുമാറുന്നതു കണ്ടാണു വളർന്നതും.
പിന്നെ ഇപ്പോൾ സംസാരിക്കുന്നത്രയും പോലും ഞാൻ മുൻപു സംസാരിക്കാറില്ലായിരുന്നു. കുറച്ച് ഒതുങ്ങിയ പ്രകൃതമാണ്. ബിസിനസ് നോക്കിനടത്തുമ്പോൾ നമ്മൾ റെസ്പോസിബിൾ ആകുമെന്നു തോന്നുന്നു. ഫാമിലി ടൈം കുറവ്, പുറത്തു പോകാൻ പറ്റുന്നതൊക്കെ കുറവ്. നമ്മൾ ഇതിനുള്ളിൽത്തന്നെയായിപ്പോകും.
ട്രാഫിക് വന്നിട്ട് 15 വർഷങ്ങൾ. രാജേഷ് പിള്ളയ്ക്കൊപ്പമുള്ള ഓർമകൾ പങ്കുവയ്ക്കാമോ?
ട്രാഫിക് ഇത്രയും വർഷമായെന്നു വിശ്വസിക്കാൻ പ്രയാസമാണ്. ഇന്നലെ നടന്നതു പോലെയാണ് എനിക്കു തോന്നുന്നത്. പോസ്റ്ററുകളൊക്കെ കാണുമ്പോഴാണ് ഇത്രയും വർഷമായെന്ന് തോന്നുന്നത്. ഐ വാസ് വെരി യങ് ദെൻ. രാജേഷ് അങ്കിൾ ട്രാഫിക്കിന്റെ കഥ പറയാൻ വീട്ടിലേക്കാണു വന്നത്. അങ്കിളിന് അതിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. വളരെ സ്വീറ്റ് ആയ വ്യക്തിയാണ് അദ്ദേഹം. സ്വീറ്റസ്റ്റ് ഫിലിം മേക്കർ എന്നു തന്നെ പറയാം. രാജേഷങ്കിൾ മാത്രമല്ല, ഫാമിലിയുമായും അടുപ്പമാണ്.
സ്കൂളിൽ പോകാൻ ഞാൻ റെഡിയാകുകയായിരുന്നു ആ ദിവസം രാവിലെ. മുടി കെട്ടുന്ന സമയത്ത് അമ്മ ഭക്ഷണം വാരിത്തരുന്നുണ്ട്. സ്നേഹം കൊണ്ടൊന്നുമല്ല, തിരക്കു കൊണ്ടാണ്. വേഗം റെഡിയാകാൻ വേണ്ടി വാരിത്തരുന്നതാണ്. അതിനിടയിലാണ് രാജേഷങ്കിൾ കഥ പറഞ്ഞു കേൾപ്പിക്കുന്നത്. എനിക്കൊന്നും മനസ്സിലായില്ല. അങ്ങനെ പെട്ടെന്നു കേട്ടു മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ, ആ ടീമിനൊപ്പം വർക്ക് ചെയ്യാൻ വല്ലാതെ എക്സൈറ്റഡായിരുന്നു. വലിയ ഭാഗ്യമായിരുന്നു അത്.
ചാക്കോച്ചൻ, ആസിഫിക്ക. ശ്രീനിയങ്കിൾ എന്നൊക്കെ വിളിക്കാൻ സ്വാതന്ത്യം പിന്നീടല്ലേ വന്നത്. അന്ന് അവരെനിക്ക് കുഞ്ചാക്കോ ബോബനും ആസിഫലിയും ശ്രീനിവാസനുമാണ്.
സ്കൂളിൽ പോകുന്ന പ്രായത്തിൽ സിനിമയിൽ മാത്രം കണ്ടിട്ടുള്ള വലിയ ആളുകളായിരുന്നു അവരൊക്കെ. ട്രാഫിക് സിനിമയ്ക്ക് ഫോട്ടോഷൂട്ടുണ്ടായിരുന്നു. അന്നു റോമയൊക്കെ കത്തിക്കയറി നിൽക്കുന്ന സമയമാണ്. റോമയെ ആദ്യമായി കണ്ടത് നല്ല ഓർമയുണ്ട്.
പൂജയുടെ സമയത്ത് സിനിമയിലെ സ്റ്റിൽസ് ഒക്കെ വ ച്ച് ബ്രോഷർ പോലെ കിട്ടിയിരുന്നു. അതു ഞാൻ സ്കൂളിൽ കൊണ്ടുപോയി പ്രിൻസിപ്പലിനെയൊക്കെ കാണിച്ചു. അവർക്കു സന്തോഷം, എനിക്കും. എല്ലാ പിള്ളേരെയും കാണിച്ചു.
ലെനച്ചേച്ചിയായിരുന്നു എന്റെ അമ്മയായി അഭിനയിച്ചത്. ഇന്നുള്ള അതേ പൊക്കവും വണ്ണവുമൊക്കെ എനിക്കന്നുമുണ്ട്. ചേച്ചിയാണെങ്കിൽ വളരെ ചെറുപ്പവും. രാജേഷങ്കിളാണ് ഇത്രയും നല്ല ഓർമകൾ എനിക്കു കിട്ടാനുള്ള കാരണം. എന്നെപ്പോലൊരു പുതുമുഖത്തിന് ഇത്ര വലിയൊരു ഭാഗ്യം തരാൻ അങ്കിൾ ധൈര്യം കാണിച്ചതു തന്നെ വലിയ അംഗീകാരമാണ്. അതു കഴിഞ്ഞു കുറച്ചു നല്ല ഓഫറുകൾ വന്നിരുന്നു. ബോർഡ് പരീക്ഷയുടെ സമയമായതുകൊണ്ട് ചെയ്യാൻ കഴിഞ്ഞില്ല.
പെർഫെക്‌ഷനിസം എങ്ങനെയാണു മാറ്റിയെടുത്തത്?
പുറത്തു നിന്നു കാണുന്നവർക്ക് പെർഫെക്‌ഷനിസം എ ന്നെ ബാധിച്ചത് മനസ്സിലാകുക പോലുമില്ല. എല്ലാ കാര്യങ്ങളും കൂടുതൽ നന്നാക്കണമെന്ന തോന്നൽ മാനസിക സമ്മർദം ഉണ്ടാക്കിയിരുന്നു. അതുകൊണ്ടു തന്നെ പലതും തുടങ്ങാനും പരീക്ഷിക്കാനും കാലതാമസവും വരും. അച്ഛൻ മുഖത്തു നോക്കി പറയും. ‘‘പെർഫെക്‌ഷൻ നോക്കിയിരുന്നാൽ ഇവിടെ ഇരിക്കുകയേയുള്ളൂ. ഒന്നും നടക്കാൻ പോകുന്നില്ല’’ എന്ന്. നമ്മുടെ പോരായ്മകൾ കാണിച്ചു തരുന്ന നല്ല സുഹൃത്തുക്കളുമുണ്ട്.
മൈക്രോ മാനേജ് ചെയ്യുന്നതും എല്ലാ കാര്യങ്ങളിലും ഇടപെടണമെന്ന തോന്നലും ഒക്കെ വേണ്ടെന്നു വച്ചതോടെ നല്ല മനസമാധാനം തോന്നുന്നുണ്ട്. പെർഫെക്‌ഷനിസം ഒരു കണക്കിനു നല്ലതാണെങ്കിലും കൂടുതലായാൽ ഉ ത്കണ്ഠയുണ്ടാക്കും. മനഃപൂർവം ശ്രമിച്ചാണു ഞാനതിൽ നിന്നു പുറത്തുകടന്നത്.
കഫേയുടെ തിരക്കുകളിലേക്കു നമിത നടന്നു. സമയം ഉച്ചയ്ക്കു 12. പുറത്തെ ഡിസ്പ്ലേയിൽ ക്ലോസ്ഡ് എന്നത് ഓപ്പൺ എന്നു മാറി.