ADVERTISEMENT

പ്രശസ്ത കവിയും സിനിമാനിരൂപകനുമായ ശൈലൻ അമ്മയെക്കുറിച്ചെഴുതിയ ഹൃദയം തൊടും കുറിപ്പ് ശ്രദ്ധേയമാകുന്നു. കാൻസറിനോടും പൊരുതി മരണത്തിനു കീഴടങ്ങിയ അമ്മയുടെ പതിനെട്ടാം ഓർമദിനത്തിലാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഈ കുറിപ്പ് പങ്കുവച്ചത്. രോഗത്തെ ഭയമേതുമില്ലാതെ നേരിട്ട അമ്മയെക്കുറിച്ചാണ് ഈ കുറിപ്പ്.

ശൈലന്റെ കുറിപ്പ് വായിക്കാം –

ADVERTISEMENT

ആശുപത്രിയിൽ ആയിരുന്നു,

അമലയിൽ..

ADVERTISEMENT

തൃശൂർ.

ആദ്യത്തെ കീമോ പിറ്റേന്ന് എന്ന് പറഞ്ഞിരിക്കയാണ്.

ADVERTISEMENT

ഞാൻ കട്ടിലിൽ കിടക്കും രോഗിയെപ്പോലെ..

അമ്മ അടുത്തുള്ള കസേരയിൽ ഇരുന്ന് പത്രമോ ഓണപ്പതിപ്പോ ഒക്കെ വായിച്ചിരിക്കും..

കാണുന്നവർ ഞാൻ തന്നെ രോഗിയെന്ന് ഉറപ്പിച്ച് അമ്മയോട് കുശലാന്വേഷണങ്ങൾ നടത്തും..

ചേച്ചിയും ഏട്ടനുമൊക്കെ ആശുപത്രിയിൽ ഉണ്ട്.

ഓണക്കാലമാണ്.

2008

നാല് ദിവസം മുൻപ് ഞാൻ അമ്മയുടെ FNAC ടെസ്റ്റ് റിസൾട്ട്‌ വാങ്ങിച്ച് വീട്ടിലെത്തും മുൻപ് വണ്ടി നിർത്തി വല്യ ചേച്ചിയെ വിളിച്ച് ഒരുപാട് നേരം കരയുകയാണ് ചെയ്തത്.

നമ്മടെ അമ്മ ഇത് വരേണ്ട ഒരാളല്ലല്ലോ..

ചേച്ചിയും കരഞ്ഞു.

അമ്മയോട് ഇതെങ്ങനെ പറയും എന്നായിരുന്നു എന്റെ വേവലാതി...

വീട്ടിലെത്തിയ എന്നെക്കണ്ട് സംഗതി അമ്മ മണത്തറിഞ്ഞു. ഇതൊക്കെ ഒരു വല്യ കാര്യമാണോ എന്നതായിരുന്നു അമ്മയുടെ attitude. അതൊരു അഭിനയമായിരുന്നില്ല താനും.

‘നിങ്ങൾ നാലുമക്കൾക്കും കഴിയും, എന്റടുത്തും പൈസയുണ്ട്. ചികിൽസിക്കണം അല്ലാതെന്താ...’ എന്ന് കൂളായി പറയുന്ന അമ്മയെക്കണ്ട് സങ്കടങ്ങൾ എല്ലാം ശൂ .. ന്ന് കുറഞ്ഞു കുറഞ്ഞ് ഞാൻ ധൈര്യവാനായി.

അമ്മയുടെ ചങ്കുറപ്പിനെ ചൊല്ലി ഞാൻ ഏറ്റവും അഭിമാനിച്ച ദിനങ്ങളാണ് അത്.

ഒന്നാം ഓണത്തിന്റെ അന്നായിരുന്നു, ആദ്യ കീമോ. തലേന്ന് അമ്മ മറ്റുള്ളവരോട് പറഞ്ഞു, ഓണമല്ലേ നിങ്ങളൊക്കെ വീട്ടിൽ പൊയ്ക്കോളൂ, ഇവനുണ്ടല്ലോ...

മറ്റുള്ളവരെ അമ്മ മക്കളായും എന്നെ അമ്മ സ്വന്തം അവയവം പോലെയുമാണ് കാണുന്നത് എന്ന് അപ്പോൾ എനിക്ക് തോന്നി.

മകനെന്ന നിലയിൽ ഞാൻ സ്വയം ഏറ്റവും അഭിമാനിച്ച ദിനങ്ങളായിരുന്നു അത്..

അല്ലെങ്കിലേ ജോലിക്ക് പോവാൻ മടിയുള്ള ഞാൻ അതിനുമുമ്പേ തന്നെ പറഞ്ഞിരുന്നു, ഇനി അമ്മയുടെ അസുഖം മാറുന്ന വരെ ലീവ് എന്ന്.

അന്ന് അമ്മയുടെ വാക്ക് കേട്ട് ആരും നാട്ടിലേക്ക് പോയൊന്നുമില്ല. എന്നെക്കാളും എത്രയോ മുന്നേ ജനിച്ച അവർക്കും അമ്മയെന്നാൽ അങ്ങനെ ആയിരുന്നു.

ആദ്യത്തെ കീമോയ്ക്ക് ഡോക്ടർ പറഞ്ഞ complication ഒന്നും അമ്മയ്ക്കുണ്ടായില്ല.

ആദ്യത്തെ ഡോസ് മരുന്ന് കേറ്റിക്കഴിഞ്ഞ ശേഷം ടോയ്‌ലറ്റിൽ പോവാൻ ബെഡിൽ നിന്നിറങ്ങുന്ന അമ്മയെ ചേച്ചി പിടിക്കാൻ ചെന്നപ്പോൾ അമ്മ പുച്ഛിച്ചു, ‘പിന്നേ.. നീ പിടിച്ചിട്ട് വേണ്ടേ എനിക്ക്..’

ഞാനും അമ്മയും അമലയിൽ ഉണ്ടെന്നറിഞ്ഞു കാണാൻ വന്നിരുന്ന ഷിംന അതുകേട്ട് അദ്‌ഭുതത്തോടെ പറഞ്ഞു,

‘നിന്റെ അമ്മ എന്ത് ബോൾഡാണെടാ..!!!’

Complication ഒന്നുമില്ലാത്തതിനാൽ പിറ്റേന്ന് തന്നെ വീട്ടിലേക്ക് പോരാൻ ഡോക്ടർ അനുവദിച്ചു.

വീട്ടിലെത്തിയപ്പോൾ സഹതാപത്തോടെ കാണാൻ വന്ന സന്ദർശകരെയെല്ലാം അമ്മ നേരത്തെ പറഞ്ഞ ബോൾഡ്നെസ്സും തഗ്ഗ് ഡയലോഗ്കളും കൊണ്ട് ചമ്മിച്ചു..

അമ്മയുടെ ആ ധൈര്യം ഞങ്ങൾക്ക് പകർന്ന ആശ്വാസം ചില്ലറയൊന്നുമായിരുന്നില്ല.

അമ്മയോട് ഏറ്റവും അടുപ്പമുള്ള, (ഒരേ ദിവസം കല്യാണം കഴിഞ്ഞു തറവാട്ടിലേക്ക് വന്നവരാ അവർ) ചെറ്യേ വല്യമ്മ കുറെയേറെ നേരം അമ്മയുടെ കൈപിടിച്ചു മിണ്ടാതിരുന്ന ശേഷം സങ്കടത്തോടെ പറഞ്ഞു, ‘ചിന്ന്വോ.. നെനക്കൊന്നുമില്ല..’

‘അല്ലെങ്കിത്തന്നെ എന്താവാനാ ഏട്ത്ത്യെ.. ഏറിവന്നാ ചാവും.. അത്ര്യല്ലേ ള്ളൂ.’

അതായിരുന്നു അമ്മ.

പക്ഷേ അടുത്ത കീമോയ്ക്ക് ചെല്ലാൻ പറഞ്ഞ ദിവസത്തിന് മുൻപേ പെട്ടെന്നൊരു ദിവസം അസ്വസ്ഥതകൾ മൂർച്ഛിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അമ്മ പോയി.

അത് അമ്മ ഉള്ളുകൊണ്ട് അത്രയും ആഗ്രഹിച്ച ഒന്നായിരിക്കണം ഒരുപക്ഷേ

രോഗിയായി മറ്റുള്ളവരുടെ പരിചരണത്തിൽ ജീവിക്കുക എന്നത് അമ്മയെ പോലെ അഭിമാനിയായ (ഒരുപക്ഷേ ദുരഭിമാനം എന്നുപോലും പറയാവുന്ന അളവിൽ ) ഒരാൾക്ക് ചിന്തിക്കാൻ പോലും അസാധ്യമായിരുന്നിരിക്കണം.

കന്നിയിലെ ഭരണി..

ഇന്ന് പതിനെട്ടു വർഷം തികയുന്നു..

ഇപ്പോഴും ആ ശരീരത്തിലെ ഒരു വേർപെടാനാവാത്ത അവയവമായി ജീവനോടെ തുടരുന്നു.

അത്രയൊന്നും ചിന്തിക്കാതെ ഇവിടെ വരാതെ നേരിൽ കാണാതെ അക്കാലത്ത് പ്രിയ പറഞ്ഞ ഒരു വാചകം .

അന്ന് മരിച്ചുപോയത് shy, നീയാണ്

ഇപ്പോൾ അവിടെ ജീവിച്ചിരിക്കുന്നത് അമ്മയും..

ആയിരിക്കാം.

ആയിക്കോട്ടെ.

Poet Shailans Emotional Tribute on Mothers Death Anniversary:

Mother is the eternal source of courage and strength remembered by renowned poet and film critic Shailan on her 18th death anniversary. He shared an emotional note on social media detailing how bravely his mother faced cancer without any fear. The article recalls the hospital days at Amala Hospital in Thrissur during the Onam season when the first chemotherapy was scheduled. Shailan remembers how his mother read newspapers calmly while others mistook him for the patient due to his distress. Her resilient attitude and fearless replies to visitors provided immense relief and confidence to the entire family. Despite showing great bravery during the initial treatments, she passed away unexpectedly before the second chemotherapy session. Shailan concludes that living without being a burden to others was perhaps her ultimate wish as a self-respecting person.

ADVERTISEMENT