ഇടുക്കി ജില്ലയിലെ കണ്ണംപടി ആദിവാസി ഉന്നതിയിൽ നിന്നുള്ള ഡോ.ശരണ്യ മോഹനന്റെ ജീവിതയാത്ര...
കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി. ഒരു അമ്മ വന്നെന്നെ കെട്ടിപ്പിടിച്ചു. കവിളിൽ ഉമ്മ വച്ചു. എന്തിനാണെന്ന് മനസ്സിലായില്ല. ഞാൻ അവരോടു ചോദിച്ചു.
‘എന്തു പറ്റി അമ്മാ...? എന്താ കാര്യം.’
ആ അമ്മ പറഞ്ഞു.
‘ഇത്രയും സ്നേഹമുള്ള ഒരു ഡോക്ടറെ ഞാനാദ്യമായി കാണുകയാണ്. ഒരു ഡോക്ടറും എന്നെ ഇതുപോലെ നോക്കിയിട്ടില്ല....’ ഡോ. ശരണ്യ ചിരിക്കുന്നു.
ഇടുക്കി ജില്ലയിലെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ ഡോ. ശരണ്യ മോഹനൻ തിരക്കിലാണ്. കണ്ണംപടി മേഖലയിലെ 11 ആദിവാസി ഉന്നതികളിലുള്ളവരുടെ ഏക ആശ്രയകേന്ദ്രമാണു ഈ സർക്കാർ ആശുപത്രി. ദിവസവും നൂറുകണക്കിനു രോഗികളാണ് ഇവിടെ വരുന്നത്. എങ്കിലും ആരെയും നിരാശപ്പെടുത്താതെ ചിരിച്ച മുഖവുമായി രോഗവിവരങ്ങൾ അന്വേഷിക്കുന്നുണ്ട് ശരണ്യ.
അടുത്തകാലത്താണു ശരണ്യ മോഹനൻ എന്ന ഡോക്ടർ വാർത്തയിൽ നിറഞ്ഞത്. ആദിവാസി വിഭാഗമായ ഊരാളി സമുദായത്തിൽ നിന്ന് ആദ്യമായി ഡോക്ടറായ ആളാണ് ശരണ്യ എന്നായിരുന്നു വാർത്ത വന്നത്.
‘ഊരാളി സമുദായത്തിൽ നിന്നുള്ള ആദ്യത്തെ ഡോക്ടറല്ല ഞാൻ. വേറെയും ആൾക്കാരുണ്ട്. എന്നാൽ കണ്ണംപടി ഉന്നതിയിൽ നിന്നുള്ള ആദ്യത്തെ ആളാണെന്നു മാത്രം.’ ഡോ. ശരണ്യ വീണ്ടും ചിരിച്ചു.
സയൺ സ്കൂളിലെ മിടുക്കി
ഇടുക്കി വന്യജീവി സങ്കേതത്തിൽപ്പെട്ട കണ്ണംപടി വനമേഖലയിലെ പുന്നപ്പാറ ഉന്നതിയിലാണ് ശരണ്യയുടെ കുടുംബം.
അച്ഛൻ കണ്ടത്തിൻകര കെ.എൻ. മോഹനൻ. അമ്മ മിനിമോൾ. കൃഷിയാണു മോഹനന്റെ പ്രധാന ഉപജീവനമാർഗം. കാളയും കലപ്പയും ഉഴുതുമറിക്കുന്ന കണ്ടങ്ങളാണ് ഇവിടെ ഇപ്പോഴും. കാപ്പിയും കുരുമുളകും ഏലവും കൊക്കോയും വിളയുന്ന മണ്ണ്. വനത്തോട് തൊട്ടുകിടക്കുന്ന കൃഷിയിടങ്ങൾ. വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണങ്ങൾക്കിടയിലും കൃഷിയെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന സാധാരണക്കാർ. അവരിലൊരാളാണു മോഹനനും. പക്ഷേ, ഏകമകളുടെ വിദ്യാഭ്യാസകാര്യത്തിൽ മോഹനൻ മാറി ചിന്തിച്ചു. അതിനുകാരണം തീരെ കുഞ്ഞായിരുന്നപ്പോൾ തന്നെ മകൾ പഠനത്തോടു കാണിച്ച താത്പര്യമായിരുന്നു.
അതുകൊണ്ടുതന്നെ കണ്ണംപടിയിൽ നിന്ന് കുറച്ചകലെ സ്വരാജിൽ സ്ഥിതി ചെയ്യുന്ന സയൺ പബ്ലിക് സ്കൂളിലാണ് ശരണ്യയെ കെ.ജി. ക്ലാസിൽ ചേർത്തത്. മകളെ സ്കൂളിൽ പഠിപ്പിക്കാൻ വേണ്ടി മാത്രം മോഹനനും മിനിയും ഈ സ്കൂളിനടുത്തേക്കു താമസം മാറി.
എന്നാൽ അകലെ കണ്ണംപടിയിലുള്ള കൃഷിയിടവും സ്വരാജിലെ താമസവും ഒത്തുപോകാതെയായപ്പോൾ ശരണ്യയെ സ്കൂളിലെ ഹോസ്റ്റലിൽ ചേർത്തു. ശരണ്യ അന്നു മൂന്നാംക്ലാസിൽ.
ആഴ്ചയിൽ ഒരു ദിവസം എത്തുന്ന മാതാപിതാക്കളെപ്പോലെ തന്നെ സയൺ സ്കൂളിലെ അധ്യാപകരുടെ സ്നേഹവും കരുതലും ശരണ്യയ്ക്ക് കിട്ടി; ‘‘അവരൊക്കെ എനിക്ക് അധ്യാപകർ മാത്രമല്ല അമ്മമാരും കൂടിയാണ്.’’ ശരണ്യ അക്കാലം ഓർത്തു. സയൺ സ്കൂളിൽ അഞ്ചാംക്ലാസു വരെയാണു ശരണ്യ പഠിച്ചത്. ഇതിനിടയിൽ നവോദയ സ്കൂളിനെക്കുറിച്ച് മോഹനൻ കേട്ടറിഞ്ഞു.
ഇടുക്കി ജില്ലയിലെ നവോദയ സ്കൂൾ കുളമാവിലാണ്. അവിടെ എൻട്രൻസ് പരീക്ഷയുണ്ട്. കിട്ടിയാൽ ആ സ്കൂളിൽ തന്നെ 12ാം ക്ലാസുവരെ സൗജന്യമായി പഠിക്കാം. എൻട്രൻസ് എഴുതി ആറാം ക്ലാസിൽ കുളമാവ് നവോദയ പബ്ലിക് സ്കൂളിൽ ശരണ്യ അഡ്മിഷൻ നേടി. നല്ല മാർക്കു വാങ്ങിയാണ് പത്താം ക്ലാസ് പാസായത്. പ്ലസ് ടുവിന് 88 ശതമാനം മാർക്ക് നേടിയാണു വിജയിച്ചത്.
നവോദയ സ്കൂളിലെ മികച്ച അധ്യാപനവും ചിട്ടയായ ജീവിതവും ശരണ്യയെ പഠനത്തിൽ ഒരുപാടു സഹായിച്ചു. 2019–ൽ സംവരണ വിഭാഗത്തിൽ 23–ാം റാങ്ക് േനടിയാണ് ശരണ്യ എംബിബിഎസിന് പ്രവേശനം നേടിയത്.
പ്ലസ്ടുവിനു പഠിക്കുമ്പോൾ സ്കൂളിൽ നിന്നു കിട്ടിയ എൻട്രൻസ് കോച്ചിങ് മാത്രമേ ശരണ്യയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ആദ്യ അവസരത്തിൽ തന്നെ അഡ്മിഷൻ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
‘‘ആദ്യ അവസരത്തിൽ തന്നെ മികച്ച റാങ്ക് കിട്ടുമെന്നൊന്നും കരുതിയില്ല. അതുകൊണ്ടാണു റിപ്പീറ്റിന് തയാറെടുത്തത്.’’ ശരണ്യ പറയുന്നു.
അന്നേ എഴുതി; ‘ഡോ. ശരണ്യ’
കുട്ടിക്കാലത്ത് മറ്റുള്ള കുട്ടികൾക്കു പുതിയ ഡ്രസും കളിപ്പാട്ടങ്ങളുമൊക്കെ സമ്മാനം കിട്ടുമ്പോൾ ശരണ്യയ്ക്കു കിട്ടിയിരുന്നത് പുസ്തകങ്ങളായിരുന്നു. ശരണ്യയ്ക്ക് അതാണ് ഇഷ്ടം എന്നറിഞ്ഞുകൊണ്ടുതന്നെയുള്ള ബന്ധുക്കളുടെ സമ്മാനങ്ങളായിരുന്നു അത്.
നാലാം ക്ലാസിൽ പഠിക്കുമ്പോഴേ ഡോക്ടറാവാൻ ശരണ്യയ്ക്കു താത്പര്യമുണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ നവോദയ സ്കൂളിലെ കിടക്കയിൽ കുട്ടികൾ അവരുടെ പേരും വ്യക്തിവിവരങ്ങളും എഴുതി വയ്ക്കണം. അതിലെ പ്രധാനപ്പെട്ട ഒരു കോളമാണ് ‘ഭാവിയിൽ എന്താവാനാണ് ആഗ്രഹം.’ ആ കോളം പൂരിപ്പിക്കുമ്പോൾ ശരണ്യയ്ക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. ഡോക്ടർ ആവണം എന്നു തന്നെയാണ് ശരണ്യ അവിടെ എഴുതിയത്.
‘‘അച്ഛനും അമ്മയും അവരുടെ കഴിവിന്റെ പരമാവധി അധ്വാനിക്കുന്നതു കണ്ടാണു ഞാൻ വളർന്നത്. അതുകൊണ്ട് മാക്സിമം നന്നായി പഠിക്കണമെന്നു തോന്നി. പഠിച്ചു അത്രേയുള്ളൂ..’ ചെറുചിരിയോടെ ശരണ്യ പറയുന്നു.
എങ്കിലും ഇന്നും മറക്കാനാവാത്ത ഒരു ഓർമ ശരണ്യയുടെ ഹൃദയത്തിലുണ്ട്. അതു കിട്ടിയതും ക്ലാസ് മുറിയിൽ നിന്നു തന്നെ. ഒരു ഉച്ചക്ലാസിൽ ശരണ്യ അറിയാതെ ഉറങ്ങിപ്പോയി. ബയോളജിയായിരുന്നു വിഷയം. ക്ലാസെടുത്ത ടീച്ചർക്ക് വല്ലാതെ ദേഷ്യം വന്നു.
‘‘നീയൊക്കെ എന്തിനാണു സയൻസ് പഠിക്കാൻ വന്നത്. ഇങ്ങനെ പഠിച്ചാൽ നിനക്കൊന്നും എൻട്രൻസ് കിട്ടില്ല.’’ പെട്ടെന്നുള്ള ദേഷ്യം കൊണ്ടാവും ടീച്ചർ അതു പറഞ്ഞത്. എങ്കിലും ശരണ്യയ്ക്ക് അതു വല്ലാത്ത വേദനയായി. കാരണം ജൂനിയറായ ഒരു കുട്ടിക്കു സുഖമില്ലാത്തതുകൊണ്ട് അവളെ പരിചരിക്കാൻ കൂടെ നിന്നതു കൊണ്ട് തലേന്ന് ശരണ്യ ഉറങ്ങിയിരുന്നില്ല. പക്ഷേ, ടീച്ചറോട് അതൊന്നും പറഞ്ഞില്ല.
എൻട്രൻസിന് പഠിക്കാനിരിക്കുമ്പോഴൊക്കെ ടീച്ചർ ദേഷ്യത്തിൽ പറഞ്ഞ വാക്കുകൾ മനസ്സിൽ മുഴങ്ങി. അത് കൂടുതൽ ലക്ഷ്യബോധം നൽകി. സർക്കാർ മെഡിക്കൽ കോളജിൽ മെറിറ്റ് സീറ്റിൽ തന്നെ അഡ്മിഷനും കിട്ടി. ഒന്നാം ക്ലാസോടെ മെഡിക്കൽ ബിരുദം നേടി.’’
വഴികാട്ടിയ സൗഹൃദങ്ങൾ
സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കുന്ന ആളാണു ശരണ്യ. തന്റെ വിജയത്തിൽ സുഹൃത്തുക്കൾക്കു നല്ല പങ്കുണ്ടെന്ന് ശരണ്യ പറയുന്നു. ‘‘ഞാൻ അധികം എക്സ്പ്രസീവ് ആയ ആളല്ല. ഒരുപാടു സംസാരിക്കുന്ന കൂട്ടത്തിലുമല്ല. അതുകൊണ്ട് ടീച്ചിങ് പ്രഫഷനോടു താത്പര്യമുണ്ടായിരുന്നില്ല. സയൻസ് ഇഷ്ടവിഷയമാണെങ്കിലും മാത്‌സ് കുറച്ചു പ്രയാസമാണ്. അപ്പോഴൊക്കെ സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് രക്ഷപ്പെട്ടു പോയത്.
പിന്നെ, മെഡിക്കൽ ഹോസ്റ്റലിൽ എന്റെ റൂംേമറ്റായിരുന്ന ഗീതുവിന്റെ സഹായവും സ്നേഹവും. എരുമേലി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറാണു ഗീതു ഇപ്പോൾ. പിന്നെ, എന്റെ ലക്ഷ്യത്തിനു വേണ്ടി എത്രവേണമെങ്കിലും കഷ്ടപ്പെടാൻ തയാറുള്ള അച്ഛനും അമ്മയും. അതൊക്കെയാണ് എന്റെ ഭാഗ്യങ്ങൾ.’’
‘‘ഞങ്ങളുടെ സമുദായം വിദ്യാഭ്യാസത്തിന് നല്ല പ്രാധാന്യം കൊടുക്കുന്നവരാണ്. ഞാനൊരു കൃഷിക്കാരനാണെങ്കിലും പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. ഭാര്യ മിനി പത്താം ക്ലാസ് പാസായതാണ്. മകൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന ചിന്ത ഉണ്ടാകാൻ കാരണം ഒരുപക്ഷേ ഞങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസമാകാം.
മകളെ എഴുത്തിനിരുത്തിയത് ഫാ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കലാണ്. അച്ചൻ തന്നെയാണ് മകളുടെ പഠനത്തിനുവേണ്ട നിർദേശങ്ങളും തന്നത്. അവളുടെ ഓരോ വിജയവും അച്ചനെ അറിയിക്കും. അസിസ്റ്റന്റ് സർജനായി ജോലി കിട്ടിയപ്പോഴും ഞങ്ങൾ അച്ചനെ പോയി കണ്ടു.’’ സ്വരാജിലെ വീട്ടിലിരുന്ന് ശരണ്യയുടെ പിതാവ് മോഹനൻ പറഞ്ഞു.
‘‘െമറിറ്റിൽ അഡ്മിഷൻ കിട്ടിയതുകൊണ്ട് വലിയ ഫീസൊന്നും മകൾക്കു കൊടുക്കേണ്ടി വന്നില്ല. എങ്കിലും ഞങ്ങളെ സംബന്ധിച്ച് മെഡിക്കൽ പഠനം ചെലവേറിയതു തന്നെ. അതൊക്കെ താണ്ടാൻ ഞങ്ങളെ തുണച്ചത് ഈ മണ്ണാണ്. ഇവിടുത്തെ കൃഷികളിൽ നിന്നുള്ള വരുമാനമാണ്. അതുകൊണ്ട് നാട്ടിൽ തന്നെ മോൾക്ക് നിയമനം കിട്ടിയപ്പോൾ വലിയ സന്തോഷം.’’ ശരണ്യയുടെ അമ്മ മിനിമോൾ പറയുന്നു.
സ്വന്തം നാട്ടുകാരി ഡോക്ടറായി വന്നതിൽ ഏറ്റവും ആഹ്ലാദം നാട്ടുകാർക്കു തന്നെയാണ്. സ്വീകരണമൊരുക്കിയും യോഗങ്ങൾ സംഘടിപ്പിച്ചും ഉപഹാരങ്ങൾ നൽകിയുമാണ് അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്.
‘‘സ്വന്തം നാട്ടിൽ ജോലി െചയ്യുമ്പോൾ വരുന്ന ആൾക്കാരെ കുറച്ചെങ്കിലും നമുക്ക് അറിയാം. ഒട്ടുമിക്ക ആൾക്കാർക്കും നമ്മളെയും അറിയാം. അപരിചിതമായൊരു സ്ഥലത്ത് അതു നടക്കില്ലല്ലോ...? ’’ ശരണ്യയുടെ വാക്കുകൾ.
ശരണ്യയുടെ വിജയരഹസ്യം
എന്താണു വിജയരഹസ്യമെന്ന ചോദ്യത്തിന് ഉടൻ വന്നു ശരണ്യയുടെ മറുപടി.
‘‘പഠിച്ച സ്കൂളുകളിൽ നിന്ന് കിട്ടിയ ഇംഗ്ലിഷ് ഭാഷയാണ് എനിക്കു തുണയായത്. ഏതു സിലബസിൽ പഠിച്ചാലും ഇംഗ്ലിഷ് അടിസ്ഥാനമുറച്ച് പഠിക്കണം. ഭാഷ കയ്യിലുണ്ടെങ്കിൽ ഇഷ്ടമുള്ള ഏതു വിഷയവും ആഴത്തിൽ പഠിക്കാനുള്ള സൗകര്യങ്ങൾ ഇന്നുണ്ടല്ലോ.’’ ജോലിതിരക്കുകൾക്കിടയിലും മെഡിക്കൽ പിജി പഠനത്തിനുള്ള തയാറെടുപ്പുകളിലാണ് ഡോ. ശരണ്യ ഇപ്പോൾ.
കണ്ണംപടി ഉന്നതിയിലെ രക്ഷിതാക്കൾ ഇപ്പോൾ മക്ക ൾക്കു കൊടുക്കുന്ന ഉപദേശം ‘ആ ശരണ്യയെ കണ്ടുപഠിക്കണം. ശരണ്യ സൂപ്പറാണെന്നാണ്.’
മാത്രമല്ല മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന ചിന്തയും രക്ഷിതാക്കൾക്കുണ്ട്. അവർ ചെറുപ്രായത്തിൽ തന്നെ കുട്ടികളെ സർക്കാർ റസിഡൻഷ്യൽ സ്കൂളിലും പബ്ലിക് സ്കൂളുകളിലും മറ്റും പഠിപ്പിക്കുകയും എൻട്രൻസ് പരീക്ഷകൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു; ചുരുക്കത്തിൽ കൃഷിയിൽ മാത്രം ഉപജീവനമാർഗം കണ്ടിരുന്ന ഒരു സമൂഹം. പുതിയ സാധ്യതകളിലേക്കു മുന്നേറുന്നു. ഡോ. ശരണ്യ അവർക്കു വഴിയും വെളിച്ചവുമായി മുൻപേ നടക്കുന്നു.