കുറച്ചു വർഷങ്ങൾക്കു മുൻപ്. കൃത്യമായി പറഞ്ഞാൽ 2008 ലെ ഒളിംപിക്സ് മത്സരങ്ങൾ നടക്കുന്ന സമയം. വിദർശ എന്ന നാലാം ക്ലാസ്സുകാരി എല്ലാ ദിവസവും ടിവി വാർത്ത മുടങ്ങാതെ കാണും. ഇ ന്ത്യയുടെ മെഡൽ നേട്ടങ്ങളിൽ അവളുടെ മനസ്സുടക്കിയത് ഒരു സ്വർണത്തിലാണ്. 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ അഭിനവ് ബിന്ദ്ര നേടിയ ഗോൾഡ് മെഡൽ.
കഥയുടെ ബാക്കി നടക്കുന്നത് 2026ൽ അങ്ങു ജപ്പാനിൽ. ഐച്ചി നഗോയയിലെ ഏഷ്യൻ ഗെയിംസ് വേദി. ലക്ഷ്യത്തിലേക്ക് ഉന്നം വച്ചു വിദർശ റൈഫിളിന്റെ കാഞ്ചി വലിച്ചു. 10 മീറ്റർ എയർ റൈഫിളിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിലും വെള്ളിമെഡൽ നേട്ടം സ്വന്തമാക്കിയ വിദർശ ഒരു വിലാസം കൂടി പേരിനൊപ്പം എഴുതിച്ചേർത്തു, ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യത്തെ മലയാളി വനിതാതാരം.
തിരുവനന്തപുരം ആര്യനാട്ടെ വീട്ടിൽ സന്ദർശകരുടെ തിരക്കിനിടെയാണു വിദർശ സംസാരിച്ചത്. ‘‘ഡിഗ്രി ആദ്യവർഷ വെക്കേഷനാണ് ആദ്യമായി ഷൂട്ടിങ് ക്യാംപിലേക്കു സെലക്‌ഷനായത്.
ഷൂട്ടിങ്ങിനോടുള്ള ഇഷ്ടം മനസ്സിലാക്കി ഏഴു ലക്ഷം രൂപ വായ്പയെടുത്ത് അച്ഛൻ റൈഫിൾ വാങ്ങി തന്നു. അന്നു സുഹൃത്തായിരുന്ന, പിന്നീടു ഭർത്താവും കോച്ചുമായ മനുവാണു മറ്റൊരിനം പരിശീലിക്കാനുള്ള റൈഫിൾ തന്നത്. നാഷനൽ കോച്ച് മനോജ് കുമാർ സാർ മകൾക്കു വേണ്ടി വാങ്ങിയ റൈഫിൾ കൊണ്ടാണ് ഏഷ്യൻ ഗെയിംസിൽ മത്സരിച്ചത്. ഒരുപാടുപേർ പൂർണമനസ്സോടെ കൂടെയുള്ളപ്പോൾ ഈ വിജയത്തിനു മധുരം കൂടും.’’ രണ്ടു വർഷം മുൻപ് ഷൂട്ടിങ് ഉപേക്ഷിക്കാൻ തീരു മാനിച്ച വിദർശ ഇരട്ട വെള്ളിനേട്ടം സ്വന്തമാക്കിയതിനു പിന്നിലെ കഥ ഇങ്ങനെ.
ഡാൻസിൽ നിന്നു ഷൂട്ടിങ്ങിലേക്ക്
കോഴിക്കോടു തിരുവമ്പാടിയാണു വിദർശയുടെ സ്വന്തം നാട്. അച്ഛൻ വിനോദിന് വീടുപണി ഏറ്റെടുത്തു നടത്തുന്ന ജോലിയാണ്. വീട്ടമ്മയായ അനിതയ്ക്കും വിനോദിനും മക്കളെ നന്നായി പഠിപ്പിക്കണമെന്നു മാത്രമായിരുന്നു സ്വപ്നം. വിദർശയും അനിയൻ വിഷ്ണുവും പഠിക്കാൻ മിടുക്കരായിരുന്നു.
തിരുവമ്പാടി യുപി സ്കൂളിൽ പഠിക്കുന്ന കാലം മുതലേ വിദർശ ഡാൻസ് മത്സരങ്ങളിൽ സജീവമായി. ഗ്രൂപ് ഡാൻസിൽ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. പ്ലസ്ടുവിനു ശേഷം ഗുരുവായൂരപ്പൻ കോളജിലേക്ക് ഡിഗ്രി ചെയ്യാനായി പോയതാണു വഴിത്തിരിവായതെന്നു വിദർശ പറയുന്നു.
‘‘ബിഎ സോഷ്യോളജി വിത് മലയാളം ആയിരുന്നു വിഷയം. കോളജിലെ എൻസിസി ടീമിൽ ഞാനും അംഗമായി. ആദ്യവർഷത്തെ വെക്കേഷൻ സമയത്താണ് എൻസിസിയുടെ ഗ്രൂപ്പിൽ ഒരു മെസേജ് കണ്ടത്, ഷൂട്ടിങ്ങിൽ താല്പര്യമുള്ളവർക്കായി തൊണ്ടയാട് റൈഫിൾ ക്ലബിൽ വച്ചു സെലക്‌ഷൻ ട്രയൽസ് നടക്കുന്നു.
ഒളിംപിക്സ് ടിവിയിൽ കണ്ട കാലം മുതൽ ഷൂട്ടിങ് സ്വപ്നത്തിലുണ്ടായിരുന്നു. അങ്ങനെ തോക്കു പോലും നേരിൽ കണ്ടിട്ടില്ലാത്ത ഞാൻ സെലക്‌ഷൻ ട്രയൽസിലെ ബെസ്റ്റ് ഷൂട്ടറായി. പിന്നെ, എൻസിസി ബറ്റാലിയൻ ക്യാംപിലെത്തി.
അവിടെ നിന്ന് ഗ്രൂപ്പിലേക്കും കേരള– ലക്ഷദ്വീപ് ഡയറക്ടറേറ്റ് ടീമിലേക്കും. 2018ലെ ദേശീയ മത്സരങ്ങളിൽ 24ാം സ്ഥാനത്താണ് ഇനം പൂർത്തിയാക്കിയത്. ദേശീയ എൻസിസി റാങ്കിങ്ങിൽ മൂന്നാമതുമെത്തി. അതോടെ ഷൂട്ടിങ്ങിനോടു ഭ്രമമായെങ്കിലും പിന്നാലെ വന്ന മത്സരങ്ങളിൽ നന്നായി പെർഫോം ചെയ്യാനായില്ല.
വിജയവഴിയിൽ പ്രചോദനമായവരെ കുറിച്ചും, ഷൂട്ടിങ് ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും, പ്രണയവും വിവാഹവും പിന്നെ ഏഷ്യൻ ഗെയിംസിലെ ഇരട്ട വെള്ളി നേട്ടമെന്ന ചരിത്രവിജയം നേടിയതിനെ കുറിച്ചുമെല്ലാം വിദർശ വിശദമായി സംസാരിക്കുന്ന അഭിമുഖം പുതിയ ലക്കം (ഒക്ടോബർ 10– 23) വനിതയിൽ വായിക്കാം.