50 വർഷമായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കലാഭവൻ റഹ്മാൻ ന്യൂജൻ സിനിമകളിലൂടെ തിരിച്ചെത്തുന്നു..
അര നൂറ്റാണ്ടോളം പഴക്കമുള്ള ഒരു ചിരിയുടെ കഥയാണിത്! അന്ന് ആലുവ യുസി കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന റഹ്മാൻ അവിടുത്തെ ചേട്ടന്മാരുടെ കലാപ്രകടനം കണ്ട് അദ്ഭുതപ്പെട്ടു. പിന്നെ, അവർക്കൊപ്പം കൂടി. നാടകം, മിമിക്രി, മോണോആക്ട് എല്ലാ അരങ്ങിലും തിളങ്ങി. അഞ്ചു വർഷം സർവകലാശാല യുവജനോത്സവങ്ങളിലെ വിജയിയായി. ഈ താരോദയം കൊച്ചിൻ കലാഭവന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന ആബേലച്ചന്റെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ റഹ്മാൻ മിമിക്സ് പരേഡ് എന്ന ജനപ്രിയ പരിപാടിയുടെ തുടക്കക്കാരിൽ ഒരാളായി കലാഭവൻ റഹ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. പിന്നെ, മൂന്നൂറോളം സിനിമകളിൽ അഭിനയിച്ചു.
കൊച്ചി കമ്പനിപ്പടിയിലെ മെട്രോ സ്റ്റേഷനടുത്തുള്ള ഫ്ലാറ്റിലിരുന്ന് കടന്നുവന്ന വഴികൾ ഓർക്കുന്നു കലാഭവൻ റഹ്മാൻ.
‘അച്ചന്മാർക്കിടയിലെ സൂപ്പർ സ്റ്റാറായിരുന്നു ആബേലച്ചൻ. അദ്ദേഹം അടിമുടി കലാകാരനായിരുന്നു. അതുകൊണ്ടൊക്കെയാണ് കലാഭവൻ പോലെ ഒരു പ്രസ്ഥാനം കെട്ടിയുയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞത്. മാറുന്ന കേരളസമൂഹത്തിൽ ചിരിക്കു നല്ല മാർക്കറ്റുണ്ടെന്ന് ആദ്യം മനസ്സിലാക്കിയവരിൽ ഒരാൾ ആബേലച്ചനായിരുന്നു. അതിൽ നിന്നാണ് മിമിക്സ് പരേഡ് എന്ന ഹാസ്യപരിപാടിക്കു തുടക്കമാകുന്നത്.’ ആ ബേലച്ചനെക്കുറിച്ചു സംസാരിക്കുമ്പോൾ ക ലാഭവൻ റഹ്മാൻ വികാരാധീനനായി.
ആബേലച്ചനായിരുന്നോ ഗോഡ്ഫാദർ?
എനിക്കു മാത്രമല്ല ഞങ്ങളിൽ പലർക്കും. ‘റയിമാനേ’ എന്ന ആ വിളി ഇപ്പോഴും മനസ്സിലുണ്ട്. ഞങ്ങളുടെ പ്രോഗ്രാം നടക്കുന്ന പലയിടങ്ങളിലും മുൻനിരയിൽ അച്ചൻ ഉണ്ടാവും. ഒരിക്കൽ സ്േറ്റജിലെ കർട്ടനുള്ളിലൂടെ നോക്കുമ്പോൾ പരിപാടി കണ്ട് അച്ചൻ വാപൊത്തി ചിരിക്കുന്നു.
അന്നു രാത്രി തിരിച്ചു പോകുമ്പോഴും അച്ചൻ ഞങ്ങളോടു പറഞ്ഞു; ‘പരിപാടി ഇനിയും നന്നാവാനുണ്ട്.’ കുറച്ചു നേരം കഴിഞ്ഞ് ഞാൻ അച്ചനോടു രഹസ്യമായി ചോദിച്ചു.
‘പരിപാടി നന്നാവാനുണ്ടെങ്കിൽ പിന്നെ അച്ചൻ എന്തിനാണ് അവിടെയിരുന്ന് വാപൊത്തി ചിരിച്ചത്?’ ശബ്ദം പരമാവധി താഴ്ത്തി ആബേലച്ചൻ പറഞ്ഞു. ‘നന്നായി, പക്ഷേ, ഞാനതു പറഞ്ഞാൽ നീയൊക്കെ അഹങ്കരിക്കും.’’
ആബേലച്ചനു വിമാനയാത്ര പേടിയാണ്. പക്ഷേ, നൂറിലേറെ വിദേശരാജ്യങ്ങളിൽ പോയിട്ടുമുണ്ട്. അച്ചനൊപ്പം സിംഗപ്പൂരി ൽ പോയതാണ് എന്റെ ജീവിതത്തിലെ ആദ്യ വിമാനയാത്ര. അതിന്റെ ടെൻഷൻ എനിക്കുണ്ട്. ആ എന്നോട് ഇടയ്ക്ക് അച്ചൻ ചോദിച്ചു. ‘റയിമാനേ.... വിമാനം എവിടെയെത്തി എന്നറിയാൻ എന്തെങ്കിലും വഴിയുണ്ടോ?’ എന്റേത് വിൻഡോ സീറ്റായിരുന്നു. ഞാൻ പുറത്തേക്കു നോക്കി. മേഘമാണോ ആകാശമാണോ എന്നൊന്നും മനസ്സിലായില്ല.
വളരെ ഗൗരവത്തിൽ തന്നെ അച്ചനോട് പറഞ്ഞു. ‘സിംഗപ്പൂർ സിറ്റി, എത്തിയെന്ന് തോന്നുന്നു അച്ചോ, വലിയ കെട്ടിടങ്ങളൊക്കെ കാണുന്നുണ്ട്.’ അതു വിശ്വസിച്ച മട്ടിൽ തലയാട്ടി അച്ചൻ പറഞ്ഞു. ‘ സമാധാനമായി ഇനി ഒന്നും പേടിക്കാനില്ല, നഗരപ്രദേശമല്ലേ, വീട്ടുകാർക്കു ശവമെങ്കിലും കിട്ടുമല്ലോ?’
കലാരംഗത്തേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നോ?
കുടുംബത്തിൽ മറ്റാരും ഈ രംഗത്ത് ഇല്ല എന്നതു വാസ്തവം. പക്ഷേ, സ്കൂൾ, കോളജ് തലത്തിൽ മുതൽ കലാരംഗത്തു ഞാൻ സജീവമാണ്. ആലുവയ്ക്കടുത്തു തോട്ടുമുഖത്താണ് എന്റെ വീട്. വാപ്പ അബൂബക്കറിനു പരമ്പരാഗത ബിസിനസായിരുന്നു. ഉമ്മ റാബിയ വീട്ടമ്മയും. പഠിക്കണമെന്നേ ഉള്ളൂ, കലാപ്രവർത്തനങ്ങളെയൊന്നും വാപ്പ നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഒന്നാം ക്ലാസു മുതൽ മൂന്നാം ക്ലാസു വരെ എന്നെ സ്കൂളിൽ അയച്ചില്ല. മാഷ് വീട്ടിൽ വന്നു പഠിപ്പിക്കുകയായിരുന്നു. നാലാം ക്ലാസിൽ കുട്ടമശ്ശേരി യു.പി. സ്കൂളിൽ േചർത്തു. എട്ടാം ക്ലാസ് മുതൽ ആലുവ സെന്റ് മേരീസ് സ്കൂളിൽ.
മിമിക്സ് പരേഡിൽ എത്തിയത് എങ്ങനെയായിരുന്നു?
ഞാൻ ഡിഗ്രി വരെ പഠിച്ചത് ആലുവ യുസി കോളജിലാണ്. മഹാരാജാസിൽ അഡ്മിഷൻ കിട്ടിയിട്ടും പോയില്ല. യുസി തന്നെ മതി എന്നു തീരുമാനിക്കുകയായിരുന്നു.
പ്രീഡിഗ്രിക്കു ചെല്ലുമ്പോൾ അവിടെ മൂന്നു നക്ഷത്രങ്ങൾ ഉണ്ട്. സത്താർ, സൈനുദ്ദീൻ, പ്രതാപൻ. ഇതിൽ സത്താറും സൈനുദ്ദീനും പിന്നീടു സിനിമയിലൂടെ പ്രശസ്തരായി. എങ്കിലും എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് പ്രതാപനായിരുന്നു. പ്രതാപൻ പല സിനിമാനടന്മാരുടെയും ശബ്ദം അനുകരിക്കുമായിരുന്നു. പ്രതാപനെ അനുകരിച്ചാണ് ഞാനും മിമിക്രിയിലെത്തിയതെന്നു പറയാം.
ഡിഗ്രി അവസാനവർഷത്തെ യൂണിവേഴ്സിറ്റി കലോത്സവത്തിൽ എനിക്ക് മിമിക്രിക്ക് ഒന്നാം സമ്മാനം കിട്ടി. അ ന്ന് എന്നോടൊപ്പം മത്സരിച്ച മൂന്നു േപർ നടൻ മുകേഷ്, സംവിധായകൻ സിദ്ധിഖ്, പിന്നെ കെ. എസ്. പ്രസാദുമാണ്. ഇതിൽ ധാരാളം സിനിമാക്കാരെ അനുകരിച്ച മുകേഷിനും പ്രസാദിനും സിദ്ധിക്കിനുമൊക്കെ നല്ല കയ്യടി കിട്ടി. എനിക്കു ഒന്നാം സമ്മാനവും കിട്ടി. ഫുട്ബോൾ അറിയാത്ത ഒരാൾ ഫുട്ബോൾ കളിയുടെ കമന്ററി പറയുന്നതായിരുന്നു എന്റെ വിഷയം.
90 പേരുണ്ടായിരുന്നു മൽസരിക്കാൻ. നറുക്കിട്ടാണ് ക്രമനമ്പർ കിട്ടുക. സിദ്ധിഖിന് ആറ് ആണു കിട്ടിയത്. അപ്പോൾ ഞാൻ അവനോട് പറഞ്ഞു. ‘അവസാനമെത്തുമ്പോൾ ആദ്യ നമ്പരുകളിലെ പെർഫോമൻസ് ഒക്കെ ജഡ്ജസ് മറക്കും. നിനക്കു സമ്മാനം കിട്ടില്ല.’ അതും പറഞ്ഞാണു ഞാൻ നറുക്കെടുക്കാൻ പോയത്. എന്നെ കണ്ടതും അവൻ ചോദിച്ചു. ‘എത്രയാ നമ്പർ?’ ചെറിയ ചമ്മലോടെ ഞാൻ പറഞ്ഞു. ‘രണ്ട്’. അതുകേട്ടതും സിദ്ധിഖ് ഒന്നും പറഞ്ഞില്ല. നല്ല തിളക്കത്തിലൊന്നു ചിരിച്ചു.
മിമിക്സ് പരേഡ് അന്നൊരു വലിയ സംഭവമായിരുന്നില്ലേ?
കലാഭവൻ ഗാനമേള ട്രൂപ്പ് അതിഗംഭീരമായി പോകുന്ന സമയം. അതിനിടയ്ക്കു രസം കൂട്ടാനൊരു മുഴുനീളെ കോമഡി പരിപാടി എന്ന ആശയം ആബേലച്ചന്റെയാണ്. അതിനു വേണ്ടിയാണ് അച്ചൻ ഞങ്ങൾ ആറു പേരെ സിലക്റ്റ് ചെയ്ത് മിമിക്സ് പരേഡിനു തുടക്കമിടുന്നത്. യൂണിവേഴ്സിറ്റി കലോത്സവത്തിൽ സമ്മാനം വാങ്ങി എന്നതായിരുന്നു യോഗ്യത. സംവിധായകൻ സിദ്ധിഖ്, ലാൽ, അൻസാർ, പ്രസാദ്, വർക്കിച്ചൻ പേട്ട പിന്നെ, ഞാനും.
സിദ്ധിഖ് അന്ന് പുല്ലേപ്പടിയിലെ ദാറുൽ ഉലും സ്കൂളിൽ ക്ലർക്കായി ജോലി ചെയ്യുന്നു. ലാൽ മികച്ച ഒരു ബിൽഡിങ് ഡിസൈനർ ആയിരുന്നു. അൻസാർ സിനിമാനടനാവാനുള്ള ശ്രമത്തിലായിരുന്നു. വർക്കിച്ചൻ പേട്ട മനോഹരമായ ശബ്ദമുള്ള തികഞ്ഞ കലാകാരനായിരുന്നു. പ്രസാദും കലാരംഗത്തു തന്നെയായിരുന്നു. അങ്ങനെ വിവിധ മേഖലകളിൽ നിന്നിരുന്ന ഞങ്ങളെ ഒരു ചരടിൽ കോർത്തത് ആബേലച്ചനായിരുന്നു.
കലാഭവൻ ഒന്നാമൻ എന്നുമൊരു വിളിപ്പേരുണ്ടല്ലോ?
കലാഭവനിലുള്ളപ്പോൾ എന്റെ പേര് റഹ്മാൻ എന്നു മാത്രമായിരുന്നു. ചിലപ്പോൾ ആലുവ റഹ്മാൻ എന്നൊക്കെ ചിലർ പറയും. എന്നാൽ, കലാഭവൻ റഹ്മാൻ ആയതിനുകാരണം സംവിധായകൻ സിദ്ധിഖ് ആണ്. ഫാസിൽ നിർമിച്ച് കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ആ സിനിമയുടെ അസോഷ്യേറ്റ് ആയിരുന്നു സിദ്ധിഖ്. സിനിമയുടെ ടൈറ്റിൽ കാർഡിൽ എന്റെ പേര് എഴുതിക്കാണിച്ചത് കലാഭവൻ റഹ്മാൻ എന്നായിരുന്നു. അതുകണ്ടപ്പോൾ എനിക്കു തന്നെ അഭിമാനവും സന്തോഷവും തോന്നി. അതുവരെ ആരും മിമിക്രി ട്രൂപ്പിന്റെ പേര് സ്വന്തം പേരിനൊപ്പം വയ്ക്കുന്ന പതിവുണ്ടായിരുന്നില്ല. അങ്ങനെ ഞാൻ ആദ്യത്തെ കലാഭവനായി അറിയപ്പെട്ടു.
എന്നെക്കാൾ കൂടുതൽ കാലം കലാഭവനിൽ തുടർന്നതു പ്രസാദാണെന്നു തോന്നുന്നു. ഞങ്ങൾ ആറു പേരുടെ സംഘത്തിൽ നിന്ന് ആദ്യം പോയത് സിദ്ധിഖായിരുന്നു. പിന്നെ ലാലും. ആബേലച്ചന്റെ ഭാഗ്യം എന്തായിരുന്നു എന്നു ചോദിച്ചാൽ പോകുന്നവർക്കു പകരം വന്നവരൊക്കെ മിടുക്കരായിരുന്നു. സൈനുദ്ദീൻ, എൻ. എഫ്. വർഗ്ഗീസ്, ജയറാം, ഹരിശ്രീ അശോകൻ, അബി അങ്ങനെ എത്രയോ പേർ. വന്നു പോയി.
എം. ജി. സോമനെ നന്നായി അനുകരിക്കുന്നത് താങ്കളാണ്?
ഒരിക്കൽ കുറവിലങ്ങാട് േദവമാതാ കോളജിൽ ഞാനൊരു പരിപാടിക്കു പോയി. ഒറ്റയ്ക്കുള്ള പരിപാടിയാണ്. ഒരു മിടുക്കി പെൺകുട്ടി എന്റെയടുത്ത് വന്ന് പറഞ്ഞു. എം.ജി. സോമനുമായി നല്ല സാമ്യമുണ്ട് നിങ്ങളുടെ ശബ്ദത്തിന്.
അന്നത്തെ പ്രായമല്ലേ? പോരാത്തതിന് പറഞ്ഞത് ഒരു സുന്ദരിയും. അന്നു മുതലാണ് സോമേട്ടന്റെ ശബ്ദം അനുകരിച്ചു തുടങ്ങിയത്. സോമേട്ടന്റെ കുടുംബവുമായി ഇന്നും നല്ല അടുപ്പമുണ്ട്.
ആദ്യമായി സമ്മാനം തന്നതു മമ്മൂട്ടിയാണെന്നു കേട്ടിട്ടുണ്ട്?
1981 സെപ്റ്റംബർ 21 നായിരുന്നു മിമിക്സ് പരേഡിന്റെ ഉ ദ്ഘാടനം. മമ്മൂട്ടി അന്നു മേള, വിൽക്കാനുണ്ട് സ്വപ്നങ്ങൾ ഇങ്ങനെ രണ്ടോ മൂന്നോ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. ശ്രീനിവാസൻ അന്നു മമ്മൂട്ടിയെക്കാൾ പ്രശസ്തനായിരുന്നു. ഞങ്ങൾക്ക് ഉപഹാരം തന്നതു രണ്ടുപേരും ചേർന്നായിരുന്നു. അതൊന്നും മറക്കാൻ പറ്റില്ല. കാലം എത്ര വേഗമാണു കടന്നുപോകുന്നത്. 45 വർഷം കഴിഞ്ഞിരിക്കുന്നു.
സിനിമയിലേക്കുള്ള എൻട്രി?
ഒന്നു മുതൽ പൂജ്യം വരെയായിരുന്നു ആദ്യത്തെ സിനിമ. ടി. കെ. രാജീവ് കുമാറാണ് എന്നെ അതിനുവേണ്ടി വിളിച്ചത്. രഘുനാഥ് പലേരിയായിരുന്നു സംവിധാനം. എനിക്ക് ഒരു സീനേയുള്ളു. ഐസ്ക്രീം പാർലറിലെ വെയിറ്ററുടെ വേഷം. പക്ഷേ, ആറേഴു ടേക്ക് പോയിട്ടും ശരിയാകുന്നില്ല. അപ്പോൾ ഒരു അസോഷ്യേറ്റ് സഹായത്തിനെത്തി. കാര്യങ്ങൾ കാണിച്ചുതന്നു. അടുത്ത ടേക്കിൽ ഷോട്ട് ഓകെ. എല്ലാവരുടെ മുഖത്തും സന്തോഷം. നവോദയ അപ്പച്ചൻ സാറിന്റെ മകൻ ജിജോ ആയിരുന്നു ആ അസോഷ്യേറ്റ്.
രണ്ടാമത്തെ സിനിമ എന്റെ ചിരകാലസുഹൃത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് കഥയും തിരക്കഥയുമെഴുതിയ ജാലകം. അതിൽ നന്ദൻ എന്ന പരുക്കനായ വിദ്യാർഥിനേതാവായി. അതോടെയാണു സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്.
സിനിമയ്ക്കു പിന്നാലെ സീരിയൽ വന്നു. ആദ്യകാലത്തു ദൂരദർശനിലെ പതിമൂന്ന് എപ്പിസോഡ് സീരിയലുകളിൽ നല്ല റോളുകൾ കിട്ടി. പിന്നീടായിരുന്നു മെഗാസീരിയലിലേക്കുള്ള എൻട്രി.
ഭാര്യ റെജൂലയോടൊപ്പം എറണാകുളം കമ്പനിപ്പടിയിലുള്ള എം.ബി.ൈഹറ്റ്സ് ഫ്ലാറ്റ്സമുച്ചയത്തിലാണു താമസം. രണ്ടു മക്കൾ. തൻവിയും ഫാഹിമും.
മൂത്തമകൾ തൻവി കുസാറ്റിലെ ഓഷ്യാനിക് എൻജിനീയറിങ് വിഭാഗത്തിൽ അസി. പ്രഫസർ. മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം ആണ് മരുമകൻ. ഇവർക്ക് ഒരു മകൾ നാലാംക്ലാസുകാരി ദുഅ. ഇളയ മകൻ ഫാഹിമും ഭാര്യ തമന്നയും ഗൾഫിൽ സ്ഥിരതാമസം. ഇവർക്ക് ഒരു കുഞ്ഞ്; ഐവൻ ലൂക്കാ.
പുതിയ പ്രോജക്റ്റുകൾ?
മലയാള സിനിമ നന്നായി മാറി. പഴയ കഥയും തിരക്കഥയും സംവിധാനവുമൊന്നുമല്ല ഇപ്പോൾ. ന്യൂജനറേഷൻ സിനിമകളിൽ നിന്നു ധാരാളം അവസരങ്ങൾ വരുന്നുണ്ട്. ശ്രീകാന്ത് പങ്ങപ്പാട്ട് സംവിധാനം ചെയ്ത ഭൂതലം എന്ന സിനിമയിൽ നല്ല വേഷമാണ്.
പുതുതലമുറ സംവിധായകരായ ഷാരോൺ, എസ്. വിപിൻ എന്നിവരുടെ പുതിയ പ്രോജക്ടുകളിലും നല്ല കഥാപാത്രങ്ങളാണ്. പുതിയ സിനിമകളുടെ ഈ കാലത്ത് എ ന്നെപ്പോലെയുള്ളവർക്ക് കൂടുതൽ ചെയ്യാനുണ്ട് എന്ന വിശ്വാസമാണ് എനിക്ക്;
നമ്മുടെ സമയം തുടങ്ങുന്നതേയുള്ളു!
‘കൊന്നു സഹായിച്ച’ സംവിധായകൻ
ഗുരുവായൂർ മഹാരാജാ ഓഡിറ്റോറിയത്തിലായിരുന്നു എന്റെ വിവാഹം. ഗുരുവായൂർ സ്വദേശിയാണ് ഭാര്യ െറജൂല.
ആ സമയത്തു ഞാന്‍ തമിഴ്നാട്ടിലെ ഹൊഗനക്കൽ വനത്തിൽ ദൗത്യം എന്ന മോഹൻലാൽ സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. ഷൂട്ട് നീണ്ടു. എനിക്കു നിക്കാഹിന് നാട്ടിലെത്തുകയും വേണം. അതിന് എന്നെ സഹായിച്ചത് സംവിധായകൻ അനിൽ ആണ്. അദ്ദേഹം കണ്ടുപിടിച്ച മാർഗം ഞാൻ അഭിനയിച്ച കഥാപാത്രത്തെ മോഹൻലാലിന്റെ കഥാപാത്രം വനത്തിൽ വച്ചു കൊല്ലുന്നു. അങ്ങനെ അനിൽ എന്നെ ‘കൊന്നു സഹായിച്ചു’. ഞാൻ രക്ഷപ്പെട്ടു. ഷൂട്ടിങ് തീർത്തു നിക്കാഹ് സമയത്തു തന്നെ എത്തി.