‘അവൾ വയനാട് ജില്ലാ സോഫ്റ്റ്ബോൾ ടീമിനു വേണ്ടി സംസ്ഥാന തലത്തിൽ കളിച്ചിട്ടുണ്ട്, നന്നായി ഭരതനാട്യവും ചെയ്യുമായിരുന്നു..’- ദേവികയ്ക്ക് ലഭിച്ച അനേകം മെഡലുകളെയും ട്രോഫികളെയും നോക്കി അമ്മ സരിത വിതുമ്പി. വയനാട് മടക്കിമലയിലുള്ള കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് എറണാകുളം നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ദേവിക. പഠനം എത്രയും വേഗം പൂർത്തിയാക്കി വിദേശത്തേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. എറണാകുളത്തെ പഠനത്തിനിടയിലും പണത്തിനായി കുടുംബത്തെ ബുദ്ധിമുട്ടിച്ചില്ല. സ്വയം ജോലി ചെയ്തു പഠിച്ചു. തന്നെ പഠിപ്പിക്കാൻ പാടുപെട്ടതു പോലെ സഹോദരൻ ദേവാനന്ദിനെ പഠിപ്പിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ലെന്നു ദേവിക പറയുമായിരുന്നെന്ന് അമ്മ സരിത ഓർക്കുന്നു. പഠനത്തിലും മിടുക്കിയായിരുന്നു.
പത്തിലും പന്ത്രണ്ടിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. ഏവിയേഷൻ, ബിബിഎ കോഴ്സുകളിൽ താൽപര്യം തോന്നി സ്വയമേ പഠിക്കാൻ തിരഞ്ഞെടുത്തു. അവിടെയും മികച്ച മാർക്ക് വാങ്ങി. കഴിഞ്ഞ മാസമായിരുന്നു ദേവികയുടെ ബിരുദദാന ചടങ്ങ്. അന്നു കുടുംബസമേതം എറണാകുളത്തേക്ക് പോയി അവളെ കണ്ടിരുന്നു. ഇതിനു ശേഷം എറണാകുളത്ത് പാർട്ടൈമായി ജോലി ചെയ്യുന്നതിനിടെയാണ് ഈ അപകടം ഉണ്ടായത്. ഇനി തങ്ങൾക്കു സഹായകമായി അവൾ ഉണ്ടാകില്ലെന്നു വേദനയോടെ മനസ്സിലാക്കുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം തങ്ങൾക്കു നീതി കിട്ടണം. അമ്മ സരിത വിതുമ്പലോടെ പറഞ്ഞു.
കൊലക്കുറ്റം ചുമത്തണം
മൂന്നു പേരുടെ മരണത്തിനിടയാക്കിയ എറണാകുളം നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതി സുഹൈലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നു മരിച്ച ദേവികയുടെ കുടുംബം. നിലവിൽ ചുമത്തിയിരിക്കുന്ന മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം നീക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അച്ഛൻ സന്തോഷ് കുമാർ, അമ്മ സരിത, അമ്മയുടെ സഹോദരൻ കെ.പി. സന്ദീപ് കുമാർ എന്നിവരാണു മടക്കിമലയിലെ വീട്ടിൽ മാധ്യമങ്ങളെ കണ്ടത്.
പ്രതി കുടുംബസ്വാധീനവും പണസ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തോന്നലുണ്ട്. തങ്ങളുടേതു ദരിദ്രകുടുംബമാണ്. അതിനാൽ കേസുമായി മുൻപോട്ടു പോകാൻ സംസ്ഥാന സർക്കാർ സഹായിക്കണം. പ്രതി മദ്യത്തിനൊപ്പം മറ്റ് ലഹരിയും ഉപയോഗിച്ചിട്ടുണ്ടെന്നു സംശയമുണ്ട്. പ്രതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തി കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഇന്നലെ റിമാൻഡ് ചെയ്യപ്പെട്ട പ്രതി സുഹൈലിനെ കുട്ടികളുടെ ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. പ്രത്യേക പരിഗണനയൊന്നും പ്രതി അർഹിക്കുന്നില്ല. മനഃപൂർവമാണോ പ്രതി കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷിക്കണം. മന്ത്രിമാരായ രമേശ് ചെന്നിത്തല, ടി. സിദ്ദീഖ് എന്നിവർ വിളിച്ചിരുന്നു. എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നു അവർ ഉറപ്പു തന്നു. ആ പ്രതീക്ഷയിലാണു നിലവിൽ മുൻപോട്ടു പോകുന്നതെന്നും കുടുംബം പറഞ്ഞു.