ADVERTISEMENT

കവി ഒഎൻവി കുറുപ്പിന്റെ സ്നേഹസ്മരണകളിലൂടെ ഭാര്യ സരോജിനി...

വർഷങ്ങൾക്കു മുൻപത്തെ പഴയൊരു യാത്രയുടെ ഓർമകൾ എന്റെ മനസ്സിലേക്ക് ഇടയ്ക്കിടെ വരാറുണ്ട്. മൂത്തമകൻ രാജീവിന് ആറു മാസം പ്രായമുള്ളപ്പോൾ ചോറൂണിനായി തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രത്തിലേക്കു നടത്തിയ യാത്ര. ആ യാത്രയുടെ ഓർമയിലാണ് അദ്ദേഹം ‘ചോറൂണ്’ എന്ന കവിതയെഴുതിയത്. അദ്ദേഹം എഴുതിയവയിൽ  എനിക്കേറ്റവും പ്രിയപ്പെട്ട കവിത. അതിലെ വരികൾ ഞാൻ മനസ്സിൽ ചൊല്ലാറുണ്ട്...

ADVERTISEMENT

‘അന്നൊരു പൂമ്പുലർ വേളയിലീ വയൽ-

ച്ചന്തം നുകർന്നു നുകർന്നു നടന്നു പോയ്..

ADVERTISEMENT

നാമിരുപേർ നിൻ ചുമൽ ചേർന്നു കുഞ്ഞുമോ

–നോമൽ തളിർവിരലുണ്ടു മയക്കമായ്.. ’

ADVERTISEMENT

ആ വരികൾ ഉരുവിടുമ്പോൾ പഴയ കാലം മനസ്സിലേക്കോടി വരും. ഞങ്ങൾ കണ്ടുമുട്ടിയ കാലം. വർഷം 1957. ഞാനന്ന് എറണാകുളം മഹാരാജാസ് കോളജിൽ എംഎ മലയാളം രണ്ടാം വർഷ വിദ്യാർഥിനിയാണ്. എന്റെ വീട് തൃശൂർ ജില്ലയിൽ നിളാതീരത്തുള്ള ദേശമംഗലം ഗ്രാമത്തിലായിരുന്നു. വീടിനടുത്ത് കോളജിൽ ചേരാൻ സൗകര്യം കുറവായിരുന്നതിനാലാണ് എറണാകുളത്ത് നെടുങ്ങാടി ബാങ്കിൽ മാനേജരായിരുന്ന അമ്മാവന്റെ വീട്ടിൽ താമസിച്ചു കോളജിൽ പോയത്.  

ഒരു ദിവസം കലപില കൂട്ടുന്ന കുട്ടികൾ നിറഞ്ഞ ക്ലാസിലേക്കു പുതിയൊരു അധ്യാപകൻ വന്നു. പുഞ്ചിരി നിറഞ്ഞ മുഖം. കേൾക്കുമ്പോഴേ മുഴുകിപ്പോകുന്ന മനോഹരമായ ക്ലാസ്. ഒഎൻവി കുറുപ്പ് സാർ... അന്നേ അദ്ദേഹം പ്രശസ്ത കവിയാണ്.  

കുട്ടികൾക്കെല്ലാം അദ്ദേഹത്തോട് ആരാധന കലർന്ന ഇഷ്ടമായിരുന്നു. എനിക്കും അതേ.  നന്നായി പഠിക്കുന്ന കുട്ടിയായതിനാൽ അധ്യാപകർക്കെല്ലാം എന്നോടു വലിയ സ്നേഹമായിരുന്നു. എന്റെ അധ്യാപകർ പറഞ്ഞാണ് ഒഎൻവി സാറിന് എന്നെ ഇഷ്ടമാണെന്നു ഞാനറിഞ്ഞത്. അദ്ദേഹം നേരിട്ടെന്നോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ല.  എംഎ പരീക്ഷകൾ കഴിഞ്ഞയുടനെ കല്യാണാലോചനയുമായി അദ്ദേഹം വീട്ടിലെത്തിയതും ആ അധ്യാപകരുടെ കൂടെയായിരുന്നു. അധികം വൈകാതെ വിവാഹം നടന്നു. പിന്നീടു കാര്യവട്ടം റിസർച്ച് സെന്ററിൽ ജോലി കിട്ടി ഞാൻ തിരുവനന്തപുരത്തേക്കു പോന്നു. അതിനു ശേഷം സാറും യൂണിവേഴ്സിറ്റി കോളജിലേക്ക് ട്രാൻസ്ഫർ ആയി തിരുവനന്തപുരത്തെത്തി.

ആദ്യം ചൊല്ലിക്കേൾപ്പിച്ചിരുന്നത്

“സരോ...” എന്നായിരുന്നു എന്നെ അദ്ദേഹം വിളിച്ചിരുന്നത്. ആദ്യം കണ്ടുമുട്ടിയ കാലത്തിലെ പോലെ ‘സാറേ’ എന്നേ ഞാനെന്നും അദ്ദേഹത്തെ വിളിച്ചിട്ടുള്ളൂ.  

അതിരാവിലെ എണീക്കുന്ന ശീലമായിരുന്നു. ആ സമയത്തായിരുന്നു വായനയും എഴുത്തും. കവിതയെഴുതുന്ന സമയത്ത് ആരും ശല്യപ്പെടുത്തിക്കൂടാ എന്നു നിർബന്ധമായിരുന്നു. കവിതയെഴുതി പൂർത്തിയായാൽ എന്നെ നീട്ടി വിളിക്കും. “സരോ ഒന്നിങ്ങു വരൂ...” ആദ്യം എന്നെ ചൊല്ലി കേൾപ്പിക്കുന്നതായിരുന്നു ശീലം. ഞാൻ എന്റേതായ അഭിപ്രായങ്ങളൊക്കെ പറയുന്നതു ശ്രദ്ധിച്ചു കേൾക്കും. കവിത ഭംഗിയായി പകർത്തിയെഴുതുന്നതും എന്റെ ജോലിയായിരുന്നു.

കവിതയെ പോലെ തന്നെ അദ്ദേഹം അധ്യാപക ജോലിയെയും ഇഷ്ടപ്പെട്ടു.  മലയാളം എടുക്കാത്ത വിദ്യാർഥികൾ പോലും അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കാൻ വന്നിരിക്കാറുണ്ടായിരുന്നു. സിനിമാ ഗാനരചനയുടെ ഏറ്റവും തിരക്കിലായിരുന്ന കാലത്തു പോലും പാട്ടെഴുത്തിനായി കോളജിൽ നിന്ന് ലോങ് ലീവെടുത്തിട്ടില്ല.

മദ്രാസിൽ റിക്കോർഡിങ്ങിനു പോകുമ്പോൾ ഒന്നോ രണ്ടോ ദിവസം മാത്രം അവധിയെടുക്കും. സലീൽ ചൗധരി, ദേവരാജൻ മാഷ് തുടങ്ങി പല സംഗീതജ്ഞരും അദ്ദേഹത്തെ കാണാൻ ഇവിടെ വന്നു താമസിച്ചു പാട്ടൊരുക്കുന്നതായിരുന്നു പതിവ്.      

സിനിമയിൽ ഏറ്റവും അടുപ്പം ദേവരാജൻ മാഷോടായിരുന്നു. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള അടുപ്പം. പിന്നീടു നാടകഗാനങ്ങൾക്കായി കെപിഎസിയിൽ ഒന്നിച്ചു പ്രവർത്തിച്ചു. കൂടുതലും പാട്ടുകൾ ചെയ്തിട്ടുള്ളതും ദേവരാജൻ മാഷിനൊപ്പമായിരുന്നു.

സിനിമയിൽ കൂടുതൽ അവസരങ്ങളായപ്പോൾ ദേവരാജൻ മാഷ് മദ്രാസിൽ പോയ കാലത്ത് സാറിനെയും കൂടെ വിളിച്ചു. പക്ഷേ, സാറിന് കോളജിലെ ജോലിയിൽ നിന്ന് അവധിയെടുത്ത് പോകാനിഷ്ടമില്ലായിരുന്നു. അതിന്റെ പേരിൽ ചെറിയൊരു അകൽച്ച അവർക്കിടയിലുണ്ടായെങ്കിലും പിന്നീട് അതു മാറി. പിണക്കത്തിന്റെ കാലം കഴിഞ്ഞു ദേവരാജൻ മാഷ് ഇവിടെ വന്ന് താമസിച്ച് അവരൊന്നിച്ച് വീണ്ടും ഗാനങ്ങൾ സൃഷ്ടിച്ചു. ‘നീയെത്ര ധന്യ’യിലെ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന ഗാനം വർഷങ്ങൾക്കു ശേഷം അവർ ഒന്നിച്ചപ്പോൾ പിറന്ന പാട്ടാണ്.

sarojini-remembers-onv-kurup-memories1

ബാല്യത്തിലെ സങ്കടങ്ങൾ കവിതയായി   

ബാല്യത്തിലെ സങ്കടങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലെ മുറിവുകളായിരുന്നു. ‘പോക്കുവെയിൽ മണ്ണിലെഴുതിയത്’ എന്ന ആത്മകഥയിൽ ആ വേദനകളെ പറ്റിയൊക്കെ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ കൃഷ്ണക്കുറുപ്പ് പ്രതാപവാനായാണ് ജീവിച്ചത്. കൊല്ലം നഗരസഭയിലെ അംഗമായിരുന്നു. പഴയ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. കൊല്ലം നഗരമധ്യത്തിലായിരുന്നു വീട്. പക്ഷേ, അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. മദ്രാസിലേക്ക് ഉദരരോഗ ചികിൽസയ്ക്കായി പോയി. കൊല്ലത്തു നിന്നു തീവണ്ടിയിൽ യാത്ര പറഞ്ഞു പോയ അച്ഛൻ പിന്നെ തിരിച്ചു വന്നില്ല. അവിടെ വച്ച് മരിച്ചു. മദിരാശിയിൽ എവിടെയോ അടക്കം ചെയ്തു. എവിടെയാണെന്നു പോലും അറിയില്ലായിരുന്നു. ആ നൊമ്പരമാണ് വർഷങ്ങൾക്കു ശേഷം ‘പാളങ്ങൾ’ എന്ന കവിതയിലൂടെ ആവിഷ്കരിച്ചത്.

അച്ഛന്റെ വേർപാടിനു ശേഷം ആറു വയസ്സുള്ളപ്പോൾ അമ്മയുടെ നാടായ ചവറയിലേക്ക് അദ്ദേഹത്തിന്റെ ബാല്യം പറിച്ചു നടപ്പെട്ടു. അദ്ദേഹവും സഹോദരിയും അമ്മയും ആശ്രയിക്കാനാരുമില്ലാത്ത അവസ്ഥയിലായി. ചില ബന്ധുക്കളുടെ കാരുണ്യം കൊണ്ടാണ് പഠിച്ചതൊക്കെ. ഏകാന്തതയിൽ അച്ഛന്റെ പഴയ പുസ്തകങ്ങളും വായനശാലയിൽ നിന്നെടുത്ത കൃതികളും കൂട്ടുകാരായി. വായനയിലൂടെയും എഴുത്തിലൂടെയും ഉയിർത്തെണീറ്റു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു പിന്നീട്.  

ചേർത്തു പിടിച്ച ഗൃഹനാഥൻ

ബാല്യത്തിലെ ആ നൊമ്പരങ്ങളെ മറക്കാതിരുന്നതിനാലാവും ഞങ്ങൾ ഒന്നിച്ചു ജീവിതം തുടങ്ങിയപ്പോഴും പ്രിയപ്പെട്ട  ബന്ധുജനങ്ങളെ സ്നേഹത്തോടെ അദ്ദേഹം ചേർത്തുപിടിച്ചത്. അദ്ദേഹത്തിന്റെ സഹോദരിയുടെ അഞ്ചു മക്കളേയും എന്റെ അനിയത്തിമാരെയും തിരുവനന്തപുരത്തെ ഞങ്ങളുടെ വീട്ടിൽ നിർത്തിയാണ് പഠിപ്പിച്ചത്. അവരെയെല്ലാം സ്വന്തം മക്കളെ പോലെ തന്നെ വാൽസല്യത്തോടെ കൂടെ നിർത്തി വിദ്യാഭ്യാസം ചെയ്യിച്ച് വിവാഹം ചെയ്ത് അയച്ചതുമെല്ലാം സാർ ആയിരുന്നു.

എല്ലാവരുമായി ഒരു കൂട്ടുകുടുംബം പോലെയാണ് അന്നു ഞങ്ങൾ കഴിഞ്ഞത്. 1958 മുതൽ പത്തു വർഷത്തോളം വാടക വീടുകളിൽ താമസിച്ച ശേഷമായിരുന്നു വഴുതക്കാട്  സ്വന്തം വീട് പണി കഴിപ്പിച്ചത്. ആ വീടിന് ഇന്ദീവരം എന്ന് അദ്ദേഹം പേരിട്ടു. പിന്നീട് വർഷങ്ങളോളം ഞങ്ങൾ താമസിച്ച വീട്. മുറ്റത്തു നിറയെ പൂച്ചെടികളും പ്രകൃതിഭംഗിയും നിറഞ്ഞ ആ വീടും മുൻവശത്തെ എഴുത്തു മുറിയും സാറിന് ഏറെ പ്രിയപ്പെട്ടതായിരുന്നു.     .

onv-kuruppu-family
സരോജിനി കുടുംബാംഗങ്ങൾക്കൊപ്പം

സ്ട്രിക്റ്റായ അച്ഛൻ

അധ്യാപകന്റേതായ അച്ചടക്കവും ചിട്ടകകളും വീട്ടിലുമുണ്ടായിരുന്നു. കുട്ടികൾ വികൃതി കാട്ടുമ്പോൾ അവരെ വഴക്കു പറയുമെങ്കിലും മനസ്സിൽ നിറഞ്ഞ സ്നേഹമായിരുന്നു. മകന്‍ രാജീവ് കൊച്ചുകുട്ടിയായിരുന്നപ്പോഴേ അവനെ നല്ല ഗുരുക്കന്മാരുടെ കീഴിൽ സംഗീതം പഠിപ്പിച്ചു.  

കുട്ടിക്കാലത്തു സംഗീതം പഠിക്കാൻ ചേർന്നെങ്കിലും അച്ഛന്റെ മരണം കാരണം ആ പഠനം മുറിഞ്ഞു പോയതിന്റെ നഷ്ടബോധമുണ്ടായിരുന്നു അദ്ദേഹത്തിന്റെയുള്ളിൽ. അതുകൊണ്ടാണു രാജീവിനെ സംഗീതം പഠിപ്പിക്കണമെന്നാശിച്ചത്.  രാജീവ് കുട്ടിക്കാലം തൊട്ടേ നന്നായി പാടുമായിരുന്നു. മുതിർന്നപ്പോൾ സ്വന്തമായി സംഗീതം കംപോസ് ചെയ്യാനുള്ള വഴിയിലേക്ക് എത്തിച്ചതും അദ്ദേഹമാണ്. സിനിമാഗാനങ്ങളുടെ റെക്കോർഡിങ്ങിനൊക്കെ പലപ്പോഴും രാജീവിനെയും കൂട്ടിക്കൊണ്ട് പോകും.

ഒരു ദിവസം കൊച്ചുമകള്‍ അപർണയ്ക്കു പാടാൻ ത ന്റെ ഒരു കവിതയെടുത്ത് കൊടുത്തിട്ട് അത് കംപോസ് ചെയ്യാൻ രാജീവിനെ ഏൽപിച്ചു. അതിനു മുമ്പ്  മ്യൂസിക് കംപോസിങ് ചെയ്തിട്ടില്ലെങ്കിലും അച്ഛൻ വിശ്വാസത്തോടെ ഏൽപിച്ചപ്പോൾ രാജീവ് അ തു ഭംഗിയായി ചെയ്തു. അത് പുതിയൊരു വഴിയിലേക്കുള്ള ചുവടുവയ്പ്പായി. പിന്നീട് അപർണയ്ക്കു പാടാനായി പല പാട്ടുകളും കവിതകളും കംപോസ് ചെയ്തു. സിനിമയിലും രാജീവ് സംഗീത സംവിധായകനായി. അതെല്ലാം അച്ഛൻ കുഞ്ഞിലേ സംഗീത വഴിയിലേക്കു കൈപിടിച്ചു നടത്തിയതിനാലാണെന്ന് രാജീവ് പറയാറുണ്ട്. കുട്ടിക്കാലത്തെ തന്റെ വിളിപ്പേരായ ‘അപ്പു’ എന്ന പേരാണ്  അപർണയുടെ മകന് ഇട്ടത്. മക്കൾ രണ്ടു പേരും- രാജീവും മായയും- ജനിച്ചപ്പോഴും കൊച്ചുമകൾ അപർണ ജനിച്ചപ്പോഴും അദ്ദേഹം കവിതകൾ എഴുതി.

മൂന്നു പേരക്കുട്ടികളുടെയും ഒരു പേരക്കുട്ടിയുടെ കുട്ടിയുടെയും ജനനത്തിനും കവിതകൾ രചിച്ചു. സ്നേഹം നിറഞ്ഞ കുടുംബനാഥനായിരുന്നു അദ്ദേഹം. എല്ലാവരും ഒരു നേരമെങ്കിലും ഒന്നിച്ചു ഭക്ഷണം കഴിക്കണം, മനസ്സു തുറന്നു സംസാരിക്കണം. ഇതെല്ലാം അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഭക്ഷണശീലങ്ങളിൽ സാറിനു വലിയ നിർബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. കഞ്ഞിയും പയറും ആയിരുന്നു ഇഷ്ടഭക്ഷണം. നോൺ വെജും കഴിക്കുമായിരുന്നു. ഞാൻ സസ്യാഹാരമേ കഴിക്കാറുള്ളൂ. എന്റെ ശീലത്തിൽ വിവാഹ ശേഷവും മാറ്റം വന്നില്ല. അദ്ദേഹത്തിനൊപ്പം ഒരുപാടു യാത്രകൾ പോയിട്ടുണ്ട്. ജ്ഞാനപീഠപുരസ്കാരം വാങ്ങാൻ വേണ്ടി ഡൽഹിയിൽ പോയതും റഷ്യയിലെ പരമോന്നത ബഹുമതിയായ പുഷ്കിൻ പുരസ്കാരം വാങ്ങാൻ പോയതുമൊക്കെ മറക്കാനാവാത്ത യാത്രകളാണ്.     

സിനിമകൾ കാണാൻ വലിയ ഇഷ്ടമായിരുന്നു. ‘ഉജ്ജയിനി’ എന്ന അദ്ദേഹത്തിന്റെ കാവ്യം കവി കാളിദാസന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. ആ കാവ്യം എംടി തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്യാൻ  ചർച്ചകൾ നടന്നിരുന്നു. പിന്നീടത് മുന്നോട്ടു പോയില്ല. ഉജ്ജയിനി സിനിമയായി കാണാൻ അദ്ദേഹം മോഹിച്ചിരുന്നു.

onv-kuruppu-67

ഭൂമിക്കൊരു ചരമഗീതത്തിന്റെ പിറവി

കവിയരങ്ങുകളുടെ കാലമായിരുന്നു അത്. സൈലന്റ്‌വാലി വനത്തെ സംരക്ഷിക്കാനുള്ള സമരത്തിൽ അന്നത്തെ കവികളൊക്കെ ഒന്നിച്ചു നിന്നു. അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ, സുഗതകുമാരി തുടങ്ങി പല കവികൾക്കുമൊപ്പം സാറും കേരളത്തിലുടനീളം കവിയരങ്ങുകളിൽ പ്രസംഗിക്കുകയും കവിത ചൊല്ലുകയും ചെയ്തു.

ഭൂമിക്കൊരു ചരമഗീതം, സൂര്യഗീതം പോലുള്ള കവിതകളൊക്കെ പിറന്നത് ആ പോരാട്ടത്തിന്റെ ഭാഗമായാണ്. ‘മരക്കവികൾ’ എന്ന് അന്ന് അദ്ദേഹത്തെയും സുഗതകുമാരി ടീച്ചറെയുമൊക്കെ പരിഹസിച്ചിരുന്നു. പക്ഷേ, അന്ന് ആ കവികൾ നടത്തിയ സമരമാണ് സൈലന്റ്‌വാലി വനം നശിപ്പിച്ച് ഡാം പണിയാനുള്ള പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായത്. അതു പോലെ, മലയാള ഭാഷയ്ക്കു ശ്രേഷ്ഠഭാഷ പദവി കിട്ടാൻ വേണ്ടിയും ഒരുപാടു പ്രയത്നങ്ങൾ നടത്തി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം സ്നേഹം നിറഞ്ഞ ശിഷ്യരും നല്ല സൗഹൃദങ്ങളും ആയിരുന്നു.    

അവസാനം വരെ കവിതയെഴുതണം..   

“മരിക്കുന്നതു വരെ കവിത എഴുതണം. എന്റെ ബുദ്ധി സൂര്യൻ അസ്തമിക്കുന്നതിനു മുൻപേ പോകണം.” സാർ അങ്ങനെ പറയുമായിരുന്നു അവസാന കാലത്ത്.. അതു സത്യമായി. 2000 ത്തിൽ ഒരു വീഴ്ചയ്ക്കു ശേഷം കുറേ ആരോഗ്യപ്രശ്നങ്ങളുണ്ടായി.

2016 ഫെബ്രുവരിയിൽ ആയുർവേദ ചികിത്സയ്ക്കായി  പത്തു ദിവസത്തോളം ആശുപത്രിവാസം വേണ്ടി വന്നു. അവിടെ വച്ച് ‘അനശ്വരതയിലേക്ക്’ എന്ന കവിതയെഴുതി. മരുമകൾ ദേവികയെ ആ കവിത ഭാഷാപോഷിണിക്ക് അയയ്ക്കാൻ ഏൽപിച്ചു. ആയുർവേദ ആശുപത്രിയിൽ നിന്ന് മടങ്ങും വഴി വീണ്ടും സുഖമില്ലാതെയായി. നഗരത്തിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിറ്റേന്ന് ഹാർട്ട് അറ്റാക്ക് ഉണ്ടായി.. ചെറിയ ബ്ലോക്കുകൾ ഉണ്ട്,  ആൻജിയോ പ്ലാസ്റ്റി ചെയ്യാമെന്ന് ഡോക്ടർമാർ പറഞ്ഞു. രാജീവ് ചോദിച്ചു “വേണോ അച്ഛാ?” എന്ന്. അദ്ദേഹത്തിന് അത്തരം ചികിത്സ പേടിയുള്ളതാണ്. പക്ഷേ, അന്നേരം അദ്ദേഹം പറഞ്ഞു ചെയ്യാമെന്ന്. വൈകുന്നേരം ആൻജിയോപ്ലാസ്റ്റിക്കായി കയറ്റുന്നതിനു മുമ്പ് ഞങ്ങളെ കയ്യൊക്കെ കാണിച്ച് യാത്ര പറഞ്ഞ് പോയതായിരുന്നു. അതിനു ശേഷം അദ്ദേഹം ഉണർന്നില്ല. ആൻജിയോപ്ലാസ്റ്റി ചെയ്തിട്ട് തിരിച്ചു വരുമ്പോൾ ഓർമയില്ലായിരുന്നു. പിന്നെ ഓർമയോടെ കണ്ടിട്ടില്ല. പിറ്റേന്ന് വൈകിട്ട് മൂന്നു മണിക്ക് അദ്ദേഹം പോയി. അവസാനം എഴുതിയ “അനശ്വരതയിലേക്ക്” എന്ന കവിത ഭാഷാപോഷിണിയിൽ കിട്ടും മുൻപേ അദ്ദേഹം വിട പറഞ്ഞിരുന്നു. കവിതയുടെ പേര് അന്വർഥമായതു പോലെ.   

ചിലരൊക്കെ എന്നോടു ചോദിക്കും ഒരുപാടു പ്രണയഗാനങ്ങളെഴുതിയിരുന്ന സാർ എനിക്കായി ഒരു പ്രണയകവിത എഴുതി സമ്മാനിച്ചിട്ടുണ്ടോയെന്ന്. പ്രണയിക്കുന്ന കാലത്തോ പിന്നീടോ ഒരു പ്രണയകവിതയെഴുതി സമ്മാനിച്ചിട്ടൊന്നുമില്ല. ആ കാര്യത്തിലൊക്കെ വലിയ ഗൗരവമുള്ള രീതി ആയിരുന്നു. പക്ഷേ, അദ്ദേഹം എഴുതിയ പ്രണയകവിതകളിലും ഗാനങ്ങളിലും എന്നോടുള്ള സ്നേഹം നിറയുന്നതായി തോന്നുന്നു. ഇപ്പോഴും  ആ പ്രണയഗാനങ്ങൾ ടിവിയിലും റേഡിയോയിലും  കേൾക്കുമ്പോൾ അദ്ദേഹം കൂടെയുള്ളതായി തോന്നും.

Memories of ONV Kurup Shared by His Wife Sarojini:

Sarojini shares intimate memories of her life with her late husband and renowned Malayalam poet ONV Kurup. The couple first met in 1957 when Sarojini was a student at Ernakulam Maharajas College and ONV was a newly appointed professor. Their relationship blossomed through mutual admiration, leading to marriage after her MA examinations. Sarojini reminisces about his disciplined academic routine, his profound love for poetry, and how he would always read his freshly penned verses to her first. She also recalls his difficult childhood marked by his father's sudden demise, which deeply influenced his sensitive worldview and poetry. The narrative highlights his dedication as a family man, who lovingly raised and educated numerous relatives alongside their own children in Thiruvananthapuram. Finally, she reflects on his final days, his lasting literary legacy, and how his timeless romantic songs continue to keep him alive in her heart.

ADVERTISEMENT