പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനായി ജീവിതം മാറ്റിവച്ച കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമനൊപ്പമുള്ള ഓർമ്മകൾ പങ്കിട്ട് പ്രിയങ്ക ഗാന്ധി എംപി.
"അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടപ്പോൾ മനസ് വല്ലാതെ തകർന്നുപോയി. ഡൽഹിയിലുണ്ടായ ചില സാഹചര്യങ്ങൾ കാരണം വയനാട്ടിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു."- ചെറുവയൽ രാമനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഫെയ്സ്ബുക്കില് പ്രിയങ്ക കുറിച്ചു.
പ്രിയങ്ക പങ്കുവച്ച കുറിപ്പ് വായിക്കാം;
ഞാന് ചെറുവയൽ രാമനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്നെ മകളെയെന്ന് വിളിക്കുകയും അതെന്റെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്തു. അന്നുമുതൽ ഞാൻ അദ്ദേഹത്തെ കളിയാക്കുകയും എന്റെ മലയാളി അച്ഛൻ എന്ന് വിളിക്കുകയും ചെയ്തു. ഒരു മാസം മുമ്പ് ഞങ്ങൾ അവസാനമായി പരസ്പരം സംസാരിച്ചപ്പോൾ, അദ്ദേഹം എന്നെ കാണണമെന്ന് ആഗ്രഹിച്ചു. ഞാൻ വരാമെന്ന് ഉറപ്പ് നല്കുകയും ചെയ്തു.
പക്ഷേ, ഡൽഹിയിലെ സംഭവങ്ങൾ കാരണം വയനാട്ടിലേക്കുള്ള എന്റെ യാത്ര വെട്ടിക്കുറയ്ക്കേണ്ടിവന്നു. അതിനാൽ അദ്ദേഹത്തെ കാണാന് പറ്റിയില്ല. ഇന്ന് അദ്ദേഹത്തിന്റെ നിര്യാണ വാര്ത്ത കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നു. എന്റെ മലയാളി അച്ഛൻ ജ്ഞാനിയും മാന്യനും ചിന്തയിലും പ്രവൃത്തിയിലും ധീരനുമായിരുന്നു. അദ്ദേഹം തന്റെ ജനതയ്ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ലഭിക്കണമെന്ന് ആഗ്രഹിച്ചു. അതിൽ കുറഞ്ഞതൊന്നും സ്വീകരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല.
അദ്ദേഹത്തിന്റെ മനസ്സിന് വിവേചനവും അനീതിയും സഹിക്കാൻ കഴിഞ്ഞില്ല. സങ്കടത്തോടെ അദ്ദേഹം തന്റെ അവാർഡുകളും ബഹുമതികളും എന്നെ കാണിച്ചു- തന്റെ ജനതയ്ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാകുന്നതുവരെ അവയ്ക്കൊന്നും തന്റെ ജീവിതത്തിൽ വലിയ അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നെല്ലിനെയും കൃഷിയെയും കുറിച്ചുള്ള അറിവിൽ അദ്ദേഹം പ്രതിഭയായിരുന്നു, സ്വന്തം സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്തായ മൂല്യം അദ്ദേഹം മനസ്സിലാക്കി. തന്റെ പൈതൃകത്തിൽ അഭിമാനിക്കുകയും ഓരോ ശ്വാസത്തിലും അങ്ങനെ ജീവിക്കുകയും ചെയ്തു.
എന്റെ ജ്ഞാനിയായ സുഹൃത്തിനെ എന്നെന്നും ഓർക്കും. അദ്ദേഹം നല്കിയ പാഠങ്ങള് എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ സൂക്ഷിക്കും. ഇന്ത്യയ്ക്ക് ഒരു ശ്രേഷ്ഠപുത്രനെ നഷ്ടപ്പെട്ടു.