തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകനും കേരള ഭക്ഷണത്തിന്റെ സംസ്കാര ചരിത്രം, രുചിയും മനുഷ്യരും, രുചിയുടെ വേരുകൾ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. സി. ഗണേഷ് എഴുതുന്ന പംക്തി. യാത്രയിലെ രുചിയുടെ ഓർമ്മക്കുറിപ്പുകൾ – ‘രുചിയോളം’.
*
രണ്ട്: ഷിംലയിലെ കോടമഞ്ഞും തോൽപ്പാവക്കൂത്തിലെ ‘സദ്യവാഴ്ത്തലും’
*
രാത്രിയിലെ യാത്രയ്ക്കൊടുവിൽ പുലർച്ചെയോടെ ഷിംലയിൽ എത്തിച്ചേരുമ്പോൾ പൈൻ മരങ്ങളുടെ സുഗന്ധമുള്ള, തണുത്തുറഞ്ഞ കാറ്റാണ് സ്വാഗതം ചെയ്തത്. താപനില 16 ഡിഗ്രി. പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (IIAS) തോൽപ്പാവക്കൂത്തിനെക്കുറിച്ചുള്ള തുടർഗവേഷണത്തിനായാണ് ഞാൻ ചെന്നത്. അവിടുത്തെ ഒരു മാസത്തെ കാലയളവിൽ ഹിമാചലിന്റെ വിചിത്രവും സുന്ദരവുമായ പല രുചിവൈവിധ്യങ്ങളും തൊട്ടറിയാൻ കഴിഞ്ഞത് മറക്കാനാവില്ല.
വിക്ടോറിയൻ കാലഘട്ടത്തിന്റെ രാജകീയ പ്രൗഢിയുള്ള ആ മന്ദിരത്തിലെ വാസത്തിനിടയിൽ, ഹിമാചൽ പ്രദേശിന്റെ തനത് സദ്യയായ ‘ധാം’ (Dham) എന്നെ ഏറെ ആകർഷിച്ചു. ഇലയിട്ട് വിളമ്പുന്ന ഈ പരമ്പരാഗത സദ്യയിൽ ഉള്ളിയോ വെളുത്തുള്ളിയോ ഉപയോഗിക്കുന്നില്ല. തൈരും മസാലകളും ചേർത്ത് വെണ്ണ പോലെ വേവിച്ചെടുക്കുന്ന കാബൂളി കടലക്കറിയായ ‘മദ്ര’, പുളിയും എരിവും ചേർത്ത ‘ഖട്ട’ (Khatta), കളിമണ്ണടുപ്പുകളിൽ വെങ്കലപാത്രത്തിൽ വേവിക്കുന്ന ‘മാ മാ കി ദാൽ’ എന്നിവയുടെ സുഗന്ധം ആ തണുപ്പിലും മനസ്സിനെ കിടുക്കി കളയും.
ഈ ഗവേഷണസ്ഥാപനത്തിനു തൊട്ടടുത്തുള്ള ഹിമാചൽപ്രദേശ് സർവകലാശാലയിലെ അധ്യാപികയും എഴുത്തുകാരിയുമായ പ്രിയങ്ക വൈദ്യ ആയിരുന്നു ഞങ്ങളുടെ പ്രാദേശിക നേതാവ്. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള മികച്ച അക്കാദമിഷ്യൻമാർ സമ്മേളിക്കുന്ന ഇടമായിരുന്നു അത്. ഷിംലയിലെ തദ്ദേശരുചികളാണ് ഞാൻ പ്രിയങ്കയോട് ആവശ്യപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഓർമിച്ചപ്പോൾ പ്രിയങ്ക പറഞ്ഞു, “എല്ലാം നാളെക്ക് സെറ്റ്”. അപ്പോഴേക്കും പ്രിയങ്കയുടെ പിറകേ മൂന്നുനാലുപേർ ഇതേ ആവശ്യത്തിനായി കൂടിയിരുന്നു. എല്ലാവരെയും സന്തോഷത്തോടെ പ്രിയങ്ക നയിച്ചു.
ഗോതമ്പുമാവ് പുളിപ്പിച്ച്, ഉള്ളിൽ വാൽനട്ടും പോപ്പി സീഡ്സും പച്ചമുളകും അരച്ചുചേർത്ത കൂട്ട് നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന വലിയൊരു തരം അപ്പമാണ് പ്രിയങ്ക ആദ്യം പരിചയപ്പെടുത്തിയത്. ‘സിദ്ദു’ (Siddu) എന്നായിരുന്നു പേര്. ചൂടുള്ള സിദ്ദു നടുവെ പിളർന്ന് അതിലേക്ക് നാടൻ നെയ് ഒഴിച്ച് കഴിക്കുമ്പോൾ ഉള്ളിലേക്ക് പടരുന്ന ചൂടും സ്വാദും വാക്കുകൾക്ക തീതമാണ്.
ഭക്ഷണത്തെ വെറും വിശപ്പിന്റെ പരിഹാരം മാത്രമായികാണുന്ന ആളല്ല ഹിമാചൽ അക്കാദമിയുടെ പുരസ്കാരം നേടിയ എഴുത്തുകാരികൂടിയായ പ്രിയങ്ക. അവർ പറഞ്ഞു,“സിദ്ദുവിന്റെ രുചി ഷിംലയിലെ തണുപ്പിനെയും മലയിറക്കത്തിന്റെ ക്ഷീണത്തെയും ഒരുപോലെ മായ്ച്ചുകളയും. ഞങ്ങളുടെ വീടുകളിൽ, പ്രത്യേകിച്ച് മഞ്ഞുകാലത്ത്, ഇതൊരു ഔഷധം പോലെയാണ്, ദഹനത്തിനും ശരീരത്തിന് ചൂടിനും നല്ലത്. അതിനാൽ, സിദ്ദു എന്നത് ഹിമാചലിന്റെ സംസ്കാരത്തിന്റെയും അമ്മയുടെ സ്നേഹത്തിന്റെയും ഒരു ചെറിയ രുചികരമായ അടയാളമാണ്’’.
“കടലമാവും എള്ളും ചേർത്തുണ്ടാക്കുന്ന ‘ബബ്രു’വും (Babru), സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്ത ഹിമാചലി ചായയും ഈ മലയോര തണുപ്പിൽ നിങ്ങൾക്ക് വലിയൊരു ആശ്വാസമാകും”. മൺകപ്പിൽ ചായ പകർന്നുകൊണ്ട് അവർ കൂട്ടിച്ചേർത്തു.
എന്നാൽ, ആ വൈവിധ്യമാർന്ന രുചികൾക്കിടയിലും, ഷിംലയിലെ ആ നിശ്ശബ്ദമായ ഗവേഷണമുറിയിലിരുന്ന് ഞാൻ ഏറ്റവുമധികം ചിന്തിച്ചത് തോൽപ്പാവക്കൂത്ത് കലാകാരന്മാരുടെ ജീവിതത്തെക്കുറിച്ചായിരുന്നു. പാലക്കാടിന്റെ കൂത്തുമാടങ്ങളിൽ തിരി തെളിക്കുന്ന പാവക്കൂത്ത് ആശാന്മാരുടെ ജീവിതവും ഭക്ഷണരീതിയും എത്രത്തോളം വിചിത്രവും ആത്മീയവുമാണെന്ന് അവിടെവെച്ച് വായിച്ച പുസ്തകങ്ങളിൽ നിന്നറിയേണ്ടതായിരുന്നില്ല, എന്നെ സംബന്ധിച്ച്. എന്നാൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പാവക്കൂത്ത് കലാകാരൻമാരുടെ ആഹാരരീതികളെക്കുറിച്ച് ഒന്നു കൂടി ചിന്തിക്കാൻ പ്രേരണയായി.
വൈകുന്നേരം തുടങ്ങി പുലർച്ചെ വരെ നീളുന്ന കൂത്തുപറച്ചിലും പ്രകടനവും കഴിഞ്ഞ് വെളുപ്പിന് അഞ്ചുമണിക്കാണ് അവർ ഉറങ്ങാൻ കിടക്കുക. പകൽ മുഴുവൻ കിടന്നുറങ്ങി ഉച്ചതിരിഞ്ഞ് മാത്രം ഉണരുന്ന അവരുടെ ഭക്ഷണക്രമം തികച്ചും താളം തെറ്റിയ ഒന്നാണ്. സാധാരണ മനുഷ്യരുടെ ആഹാരസമയങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത, അഹോരാത്രം കലയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു ജീവിതശൈലി! പക്ഷേ, ആഹാരത്തിന്റെ സമയം താളം തെറ്റിയെങ്കിലും, കലയുടെ ആന്തരികതാളം അവർ എപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. തോൽപ്പാവക്കൂത്ത് അവതരണത്തിന്റെ ഭാഗമായി ഈ കലാകാരന്മാർ നടത്തുന്ന ‘സദ്യ വാഴ്ത്തൽ’ എന്നൊരു അപൂർവ്വ ചടങ്ങുണ്ട്. തങ്ങൾക്ക് അന്നം തരുന്ന പ്രകൃതിക്കും, സദ്യയൊരുക്കിയ വീട്ടുകാർക്കും, നാടിനും ദൈവങ്ങൾക്കും നന്ദിയർപ്പിച്ചുകൊണ്ട്, വിളക്കുമാടത്തിലെ ദീപനാളങ്ങൾക്ക് മുന്നിൽ നിന്ന് അവർ പാടി വാഴ്ത്തുന്ന ആ ചടങ്ങ് ഏതൊരു മനുഷ്യന്റെയും ഉള്ള് തൊടുന്നതാണ്.
ഷിംലയിലെ ഗവേഷണം കഴിഞ്ഞ്, മടങ്ങുന്നതിനു തലേന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഞങ്ങൾക്കായി ഒരു രാത്രിവിരുന്ന് ഒരുക്കിയിരുന്നു. ഇന്ത്യൻ - വിദേശ വിഭവങ്ങൾ എല്ലാമടങ്ങിയ വലിയൊരു ഭക്ഷ്യസമൃദ്ധി. ആ തണുത്ത രാത്രിയിൽ, എന്റെ മനസ്സ് വീണ്ടും പാലക്കാടൻ കൂത്തുമാടങ്ങളിലേക്ക് ഓടിയെത്തി. രാത്രിയുടെ നിശ്ശബ്ദതയിൽ, ഗ്രീഷ്മത്തിന്റെ ഉച്ചിയിൽ നെഞ്ചുരുകി സദ്യ വാഴ്ത്തുന്ന ആ കലാകാരന്മാരുടെ ചിത്രങ്ങൾ മനസ്സിൽ തെളിയുമ്പോൾ, സമർപ്പണബോധം കൈവിടാത്ത ആ കലാകാരന്മാരുടെ ഓർമ്മ, എന്റെ ഷിംല ഗവേഷണദിനങ്ങളിലെ നുറുങ്ങുന്ന ഓർമയായി നിൽക്കുന്നു.
നാട്ടിൽനിന്ന് മാറി നിൽക്കുമ്പോഴാണ് നാടിന്റെ നെഞ്ചിടിപ്പ് നമ്മെ വന്നു തൊടുക!