ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ നേട്ടത്തിനു മുൻപുള്ള ജീവിതയാത്രയുടെ കഥ പറയുന്നു, ആൻസിയുടെ പപ്പ ഇ.ടി. സോജൻ.
ആൻസി സോജൻ എടപ്പള്ളി എന്ന പേരു കേൾക്കുമ്പോൾ മുടിയിഴകളിൽ മുത്തു കോർത്ത് മെഡൽത്തിളക്കവുമായി നിൽക്കുന്ന മുഖമോർമ വരും. ആ തിളക്കം സ്വന്തമാക്കുന്നിടം വരെയുള്ള ജീവിതയാത്രയുടെ കഥയാണ് ആൻസിയുടെ പപ്പ സോജൻ പങ്കുവച്ചത്.
‘‘ഒരിടത്തും അടങ്ങിയിരിക്കില്ല. കുട്ടിക്കാലം തൊട്ടേ ഓടിച്ചാടി നടപ്പാണ് ആൻസിയുടെ രീതി. സ്പോർട്സിനോടുള്ള ഇഷ്ടം ഞങ്ങൾക്കു ചോരയിലുള്ളതാണ്. എന്റെ അ പ്പൻ തോമസും സ്പോർട്സ് താൽപര്യമുള്ളയാളായിരുന്നു. നാട്ടിക സെൻട്രൽ യു.പി. സ്കൂളിൽ പഠിക്കുന്ന കാലത്തു ഞാനും മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. അന്നത്തെ സാഹചര്യങ്ങളിൽ അധികം മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. പക്ഷേ, ആ മോഹമങ്ങനെ മനസ്സിൽ കിടന്നു.
‘നീയൊരു കായികതാരമായി കാണണമെന്നാണു പപ്പയുടെ ആഗ്രഹം’, ആറാം ക്ലാസിലെത്തിയപ്പോൾ ഞാൻ മോളോടു പറഞ്ഞു. അന്നു മോൾ പറഞ്ഞ മറുപടി ഇപ്പോഴും മനസ്സിലുണ്ട്. ‘ഞാൻ ശ്രമിക്കാം, പപ്പാ’. അങ്ങനെ വെറും വാക്കു പറയുന്ന കുട്ടിയല്ല എന്റെ മകള്‍. അതെനിക്കു നല്ല ഉറപ്പായിരുന്നു. അന്നു പറഞ്ഞ ആ വാക്കിനു പിന്നാലെ തുടങ്ങിയ ശ്രമം ഏഷ്യൻ ഗെയിംസിലെ വെള്ളിത്തിളക്കം വരെ എത്തി നിൽക്കുന്നു. ’’ സോജന്റെ വാക്കുകളിൽ അഭിമാനം.
‘‘ആറാം ക്ലാസിലാണ് ആൻസിക്ക് ആദ്യമായി കായികപരിശീലനം കിട്ടുന്നത്. സ്കൂൾകായികമേളയ്ക്ക് അന്ന് ട്രെയിനിങ് നൽകിയത് ബോബി ജോർജാണ്. ആൻസിയുടെ മികവ് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നെ, നാട്ടുകാരനും സ്പോർട്സ് ട്രെയിനറുമായ കണ്ണൻ മാഷിന്റെ (സനോജ് വി.വി.) കീഴിലായിരുന്നു പരിശീലനം.
തൃശൂരിലെ നാട്ടികയിൽ ഓട്ടോറിക്‌ഷ ഓടിച്ചു കുടുംബം പുലർത്തുന്നയാളാണു ഞാൻ. രാത്രി വൈകും വരെ ഓട്ടമുണ്ടാകും. അതൊന്നുമൊരു പ്രശ്നമായിരുന്നില്ല. ഉറങ്ങാനായില്ലെങ്കിലും പുലർച്ചെ നാലു മണിയാകുമ്പോഴേക്കും ആൻസിയെ പരിശീലന സ്ഥലത്ത് എത്തിക്കുമായിരുന്നു. പക്ഷേ, ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ എന്തു ചെയ്യും? അങ്ങനെ കുറേ ദിവസം പ്രാക്ടീസ് മുടങ്ങി. ഇടവേളകൾ ഉണ്ടായെങ്കിലും ആൻസി പിന്മാറിയില്ല.
അവൾക്കു ജില്ലാ കായികമേളയിൽ 100 മീറ്ററിൽ മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സംസ്ഥാന സ്കൂൾ കായികമേളയിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. അവിടെ വച്ചാണ് പി.ടി. ഉഷയെ ആദ്യമായി നേരിൽ കണ്ടത്. കൂടുതൽ പരിശീലനം നടത്തണമെന്നു തിരിച്ചറിവുണ്ടായത് അതിനുശേഷമാണ്. അങ്ങനെ നാട്ടിക സ്പോർട്സ് അക്കാദമിയിൽ ചേർന്നു. അപ്പോഴും 100, 200. 400, 600 മീറ്റർ ട്രാക്ക് മത്സരങ്ങളിലാണു പങ്കെടുത്തിരുന്നത്.
അങ്ങനെയിരിക്കെ ഹൈജംപ്, ഹർഡിൽസ് ഇനങ്ങളിലും പരീക്ഷണം നടത്തി. അതും കഴിഞ്ഞാണ് ലോങ്ജംപിൽ എത്തുന്നത്. തുടക്കത്തിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനായില്ല. എന്താണു പ്രശ്നമെന്ന് എനിക്കും മനസ്സിലായില്ല. ഒരുപാടു ചോദിച്ച ശേഷമാണു കാലിനു വേദനയുണ്ടെന്നു മോള് പറയുന്നത്.
എന്നെ നിരാശപ്പെടുത്താതിരിക്കാൻ മാസങ്ങളായി അതെല്ലാം സഹിച്ചു പരിശീലനം തുടരുകയായിരുന്നു. അതറിഞ്ഞപ്പോൾ എന്റെ നെഞ്ചു കലങ്ങി. എന്തു പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുകയെന്നറിയാതെ ഞാൻ വിതുമ്പിപ്പോയി. പിറ്റേന്നു ഡോക്ടറെ കാണിച്ചു. മൂന്നു മാസത്തോളം ചികിത്സ വേണ്ടി വന്നു. വീണ്ടും പരിശീലനത്തിനിറങ്ങി.
വേദന മാറി ട്രാക്കിലേക്കു തിരിച്ചെത്തി. സ്പ്രിന്റ് ഇനങ്ങളിൽ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ആ വർഷം ജില്ലാമീറ്റിൽ 4.67 മീറ്റർ ചാടി സംസ്ഥാന മീറ്റിലേക്ക് ആൻസി യോഗ്യത നേടി. നേട്ടങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്നതങ്ങനെയാണ്.
ജഴ്സിയും ബൂട്സും കായിക മേളയിൽ പങ്കെടുക്കാനുള്ള യാത്രയുമൊക്കെ വലിയ ചെലവുള്ള പരിപാടികളാണ്. ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടു ഞാനും ഭാര്യ ജാൻസിയും മക്കൾ ആൻസി, ഡൊമിനിക്, അഞ്ജലി എന്നിവരുമുൾപ്പെടെ അഞ്ചു പേരുള്ള കുടുംബം കഴിയണം. ആൻസിയുടെ അമ്മ ജാൻസിക്കും സ്പോർട്സ് വലിയ ഇഷ്ടമാണ്. ഞങ്ങളുടെ മകളുടെ ഓരോ വിജയങ്ങൾക്കു പിന്നിലും ജാൻസിയുടെ പ്രാർഥനയുടെ വെളിച്ചമുണ്ട്. പരുക്കേൽക്കും പഠനം മുടങ്ങും എന്നൊക്കെയുള്ള പേടികൾക്കപ്പുറം ധൈര്യത്തോടെയാണ് അവളെ ഞ ങ്ങൾ വളർത്തിയത്.
ഒരുങ്ങി നടക്കാൻ ഇഷ്ടം
ഒരുങ്ങി നടക്കാൻ കുട്ടിക്കാലത്തേ വലിയ ഇഷ്ടമായിരുന്നു മോൾക്ക്. നമ്മുടെ സാമ്പത്തിക സ്ഥിതി വച്ചു മോൾക്ക് ഇഷ്ടം തോന്നിയ ആഭരണങ്ങളോ മേക്കപ് സാധനങ്ങളോ ഒന്നും വാങ്ങിക്കൊടുക്കാൻ എന്നെക്കൊണ്ടു സാധിച്ചിട്ടില്ല. അതൊക്കെ ഒാർക്കുമ്പോൾ ഇപ്പോഴും സങ്കടമാണ്. പക്ഷേ, എന്റെ വരുമാനത്തെക്കുറിച്ചു മക്കൾക്കു നല്ല ബോധ്യമുണ്ടായിരുന്നു.
ഇപ്പോൾ ധരിക്കുന്ന പല ആഭരണങ്ങളും വസ്ത്രങ്ങളുമൊന്നും കുട്ടിക്കാലത്ത് അണിയാൻ അവൾക്ക് അവസരമുണ്ടായിട്ടില്ല. ബാല്യകാലത്തു മനസ്സിലുണ്ടായിരുന്ന ആഗ്രഹങ്ങൾ ഇപ്പോൾ സ്വന്തമായി സമ്പാദിച്ച് അവൾ സാധ്യമാക്കി കാണിക്കുമ്പോൾ ഈ ഭൂമിയിൽ ഏറ്റവുമധികം സ ന്തോഷിക്കുന്ന പപ്പയാണു ഞാൻ.
ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന സമയത്ത് ആൻസി തലമുടിയിലണിഞ്ഞ മുത്തുമണികൾ കണ്ടു ചിലർ കുറ്റപ്പെടുത്തിയതു കണ്ടു. മകളുടെ ഓരോ ചുവടുകൾക്കും ബലം പകരാൻ ഉറക്കമൊഴിഞ്ഞു പണിയെടുത്ത ഒരച്ഛന്റെ മനസ്സിൽ അത്തരം വാക്കുകൾ ഉണ്ടാക്കുന്ന വേദന തിരിച്ചറിയാൻ ഈ ആളുകൾക്ക് ഇനിയൊരു ജന്മം കിട്ടിയാൽപ്പോലും കഴിഞ്ഞെന്നു വരില്ല.
ഒന്നര കിലോമീറ്റർ ഒറ്റ സ്ട്രെച്ചിൽ നിവർന്നു നടക്കാൻ കെൽപ്പില്ലാത്തവരാണ് ഇന്ത്യാ രാജ്യത്തിനു വേണ്ടി 6.53 മീറ്റർ ദൂരം ചാടിയ ആൻസിയെക്കുറിച്ചു സ്വന്തം വീട്ടിലെ കസേരയിൽ ചാരിക്കിടന്നു കുന്നായ്മ പറയുന്നത്, പരിഹസിക്കുന്നത്..!
നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ചു ജപ്പാനിൽ പോയി ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ മലയാളി പെൺകുട്ടിയുടെ കഠിനാധ്വാനത്തിന്റെ മൂല്യം മനസ്സിലാകുന്നവർക്കുവേണ്ടി ഒരു കാര്യം പറയാം. ഗെയിംസിൽ മത്സരാർഥിയുടെ ഇഷ്ടം കൂടി പരിഗണിച്ച് സ്റ്റൈൽ ചെയ്യുന്നത് അവിടുത്തെ സ്റ്റൈലിസ്റ്റുകളാണ്. അതൊന്നും മനസ്സിലാക്കാതെയാണു പലരുടേയും പ്രതികരണം.
ആൻസിക്ക് ഇപ്പോൾ 25 വയസ്സായി. ഇന്ത്യൻ നാവിക സേനയിൽ മാർഷ്യൽ ചീഫ് പെറ്റി ഓഫിസർ 2 (ഫിസിക്കൽ ട്രെയിനിങ്) ആയി ജോലി ചെയ്യുകയാണ് ആൻസി. ജോലിയും മത്സരങ്ങളും പരിശീലനവും കഴിഞ്ഞ് മകളോടൊപ്പം ഒരുമിച്ച് ഇത്തിരി നേരം ഇരിക്കാൻ പോലും കഴിയാറില്ല. കുടുംബസമേതം ഒരു യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. എവിടേക്കാണെന്നു തീരുമാനിച്ചിട്ടില്ല.
മുടങ്ങാതെ പരിശീലനം തുടരുന്നതുകൊണ്ടാണു ജോലിയുടെ തിരക്കിനിടയിലും അവൾക്കു ലക്ഷ്യങ്ങളിലേക്കു കുതിക്കാനാവുന്നത്. ആറാം ക്ലാസ് മുതൽ തുടങ്ങിയ ശ്രമം അവൾ തുടരുകയാണ്.’’ ആൻസിയുടെ അച്ഛൻ സോജൻ അഭിമാനത്തോടെ പറയുന്നു .