കേരളത്തിന്റെ ഏഴ് പതിറ്റാണ്ട് നീളുന്ന ചരിത്രം സ്ത്രീകളുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും വിജയങ്ങളുടെയും ചരിത്രം കൂടിയാണ്. ഒരു കാലത്ത് മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീകൾ. പൊതുവഴികളിലൂടെ നടക്കാനും വിദ്യാഭ്യാസം നേടാനും സാമൂഹികമായ വിലക്കുകൾ മറികടക്കാനും പോരാടിയവർ.
ഇന്ന് ശാസ്ത്രത്തിന്റെ അത്യുന്നത മേഖലകളിലും ഭരണരംഗത്തും കായികലോകത്തും സംരംഭകത്വത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണ് മലയാളി സ്ത്രീകൾ. കേരളത്തിന്റെ ഏഴ് പതിറ്റാണ്ട് നീളുന്ന യാത്ര പരിശോധിക്കുമ്പോൾ കാണാനാകുന്നത് ഈ മാറ്റത്തിന്റെ വിസ്മയകരമായ ചരിത്രമാണ്.
1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായത്. എന്നാൽ കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രം അതിനും എത്രയോ മുന്‍പ് ആരംഭിച്ചതാണ്. ജാതിവിവേചനത്തിനും സ്ത്രീകൾക്കുമേലുള്ള സാമൂഹിക നിയന്ത്രണങ്ങൾക്കുമെതിരെ നടന്ന നവോത്ഥാന പോരാട്ടങ്ങളാണ് ആധുനിക കേരളത്തിന്റെ അടിത്തറ പാകിയത്. ആ ചരിത്രത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് അത്രമേൽ നിർണായകമാണ്.
മാറുമറയ്ക്കാനുള്ള അവകാശത്തിനായി ഉയർന്ന ശബ്ദങ്ങൾ
കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം പറയുമ്പോൾ ആദ്യം ഓർമിക്കേണ്ടത് ചാന്നാർ ലഹളയാണ്. മാറുമറയ്ക്കൽ സമരം എന്നറിയപ്പെടുന്ന ഈ പോരാട്ടം 19-ാം നൂറ്റാണ്ടിൽ തെക്കൻ തിരുവിതാംകൂറിലാണ് നടന്നത്.
ജാതിയുടെ അടിസ്ഥാനത്തിൽ വസ്ത്രധാരണത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്ന കാലത്ത് ചാന്നാർ അഥവാ നാടാർ സമുദായത്തിലെ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ഈ അനീതിക്കെതിരെ അവർ നടത്തിയ ദീർഘകാല പോരാട്ടമാണ് ചാന്നാർ ലഹള. 1822 ൽ ആരംഭിച്ച പ്രക്ഷോഭങ്ങൾക്കും നിരവധി സംഘർഷങ്ങൾക്കും പിന്നാലെ 1859 ജൂലൈ 26 ന് തിരുവിതാംകൂർ ഭരണകൂടം മേൽവസ്ത്രം ധരിക്കാനുള്ള അവകാശം സംബന്ധിച്ച് വിളംബരം പുറപ്പെടുവിച്ചു.
വസ്ത്രധാരണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം മാത്രമായിരുന്നില്ല അത്. സ്ത്രീയുടെ ശരീരത്തിനുമേൽ സമൂഹം അടിച്ചേൽപ്പിച്ചിരുന്ന അധികാരത്തോടുള്ള ശക്തമായ പ്രതിഷേധം കൂടിയായിരുന്നു.
വേലൂരിലെ സ്ത്രീകൾ നടത്തിയ മറ്റൊരു വിപ്ലവം
ചാന്നാർ ലഹളയ്ക്ക് പതിറ്റാണ്ടുകൾക്കുശേഷവും സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ അവസാനിച്ചിരുന്നില്ല. അതിന്റെ മറ്റൊരു ഉദാഹരണമാണ് തൃശ്ശൂർ ജില്ലയിലെ വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരം.
1956 ൽ വേലൂർ മണിമലർക്കാവ് ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളിലൊന്നായിരുന്നു അരിത്താലമെടുക്കൽ. ഇതിൽ പങ്കെടുക്കുന്ന സ്ത്രീകൾ മാറുമറയ്ക്കാൻ പാടില്ലെന്ന സാമൂഹിക വിലക്കിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.
മാറുമറച്ച് താലമെടുക്കാൻ സ്ത്രീകൾ തീരുമാനിച്ചു. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ വലിയ ധൈര്യം ആവശ്യമായിരുന്ന ഈ തീരുമാനത്തിന് പിന്നിൽ സംഘടിതമായ പ്രതിഷേധവും രാഷ്ട്രീയ പിന്തുണയുമുണ്ടായിരുന്നു. സ്ത്രീകൾ ബ്ലൗസ് ധരിച്ച് ക്ഷേത്രത്തിലേക്ക് എത്തിയതോടെ സമരം പുതിയ ചരിത്രമായി.
വേളത്ത് ലക്ഷ്മിക്കുട്ടി, മീനാക്ഷി, ദേവകി നമ്പീശൻ തുടങ്ങിയ സ്ത്രീകളുടെ പേരുകൾ ഈ സമരചരിത്രത്തിൽ ഓർമിക്കപ്പെടുന്നു. സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം ഒരു വ്യക്തിയുടെ സ്വകാര്യ തിരഞ്ഞെടുപ്പു മാത്രമല്ല, സാമൂഹികമായി അംഗീകരിക്കപ്പെടേണ്ട അവകാശമാണെന്ന സന്ദേശമാണ് ഈ പോരാട്ടം നൽകിയത്.
ചാന്നാർ ലഹളയ്ക്കുശേഷം ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും സമാനമായ അവകാശങ്ങൾക്കായി മറ്റൊരു തലമുറയിലെ സ്ത്രീകൾക്ക് പോരാടേണ്ടിവന്നു എന്നത് കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ പ്രധാനപ്പെട്ട ഓർമപ്പെടുത്തലാണ്.
ചരിത്രം തിരുത്തിയ മുൻഗാമികൾ
കേരളപ്പിറവിക്ക് മുന്‍പ് തന്നെ വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, നിയമം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ പുതിയ വഴികൾ തുറന്നിരുന്നു. ഡോ. മേരി പുന്നൻ ലൂക്കോസ് അതിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്. ഇന്ത്യയിലെ ആദ്യകാല വനിതാ ഡോക്ടർമാരിലൊരാളായ അവർ തിരുവിതാംകൂറിന്റെ ആരോഗ്യരംഗത്ത് നിർണായക സംഭാവനകൾ നൽകി. 1938 ൽ സർജൻ ജനറലായതോടെ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി. നിയമനിർമാണ സഭയിലും സാന്നിധ്യമറിയിച്ച അവർ സ്ത്രീകൾക്ക് പൊതുജീവിതത്തിൽ പുതിയ സാധ്യതകൾ തുറന്നു.
ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അന്നാ ചാണ്ടിയും ചരിത്രത്തിൽ തന്റേതായ ഇടം നേടി. 1937ൽ ജില്ലാ ജഡ്ജിയായ അവർ 1959 ൽ കേരള ഹൈക്കോടതിയിലെത്തി. സ്ത്രീകൾക്ക് നിയമരംഗത്ത് വലിയ അവസരങ്ങളില്ലാതിരുന്ന കാലത്ത് അവരുടെ നേട്ടം പുതിയ തലമുറയ്ക്ക് വഴികാട്ടിയായി.
ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിലെ ഏക ദലിത് വനിതയായിരുന്നു ദാക്ഷായണി വേലായുധൻ. ജാതിവിവേചനത്തിനും സാമൂഹിക അസമത്വത്തിനുമെതിരെ ശക്തമായി നിലകൊണ്ട അവർ സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തി.
അധികാരത്തിന്റെ ഇടനാഴികളിൽ പെൺശക്തി
രാഷ്ട്രീയരംഗത്ത് സ്ത്രീകൾക്ക് ഇടം നേടുക എന്നത് വലിയ വെല്ലുവിളിയായിരുന്ന കാലത്ത് സ്വന്തം നിലപാടുകളിലൂടെ ചരിത്രം സൃഷ്ടിച്ചവരിൽ പ്രമുഖയാണ് കെ.ആർ. ഗൗരിയമ്മ. 1957 ലെ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ഗൗരിയമ്മ ഭൂപരിഷ്കരണ നിയമനിർമാണത്തിൽ നിർണായക പങ്കുവഹിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി പോരാടിയ അവരുടെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയ അധ്യായമാണ്.
തിരുവിതാംകൂറിലെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിച്ച ആനി മസ്ക്രീനും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ ചരിത്രത്തിലെ പ്രധാന പേരാണ്. ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുതൽ നിയമസഭയും മന്ത്രിസഭയും വരെ സ്ത്രീകൾ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നേതൃത്വത്തിലെ തുല്യപ്രാതിനിധ്യം ഇനിയും യാഥാർഥ്യമായിട്ടില്ല.
ശാസ്ത്രലോകത്ത് കേരളത്തിന്റെ അഭിമാനം
പുരുഷാധിപത്യം നിലനിന്നിരുന്ന ശാസ്ത്ര- സാങ്കേതിക മേഖലകളിൽ ലോകത്തിന്റെ ശ്രദ്ധ നേടിയ മലയാളി വനിതകളുമുണ്ട്.
ഇന്ത്യയുടെ 'മിസൈൽ വുമൺ' എന്നറിയപ്പെടുന്ന ടെസ്സി തോമസ് അതിലൊരാളാണ്. പ്രതിരോധ ഗവേഷണ വികസന സംഘടനയിൽ പ്രവർത്തിച്ച അവർ അഗ്നി മിസൈൽ പദ്ധതിയുടെ നേതൃത്വത്തിലെത്തി. ശാസ്ത്രരംഗത്ത് പെൺകുട്ടികൾക്ക് വലിയ സ്വപ്നങ്ങൾ കാണാനുള്ള പ്രചോദനമായി അവരുടെ ജീവിതം.
സസ്യശാസ്ത്ര ഗവേഷണരംഗത്ത് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഇ.കെ. ജാനകി അമ്മാളും കേരളത്തിന്റെ അഭിമാനമാണ്. സസ്യജനിതകശാസ്ത്രത്തിലും ക്രോമസോം ഗവേഷണത്തിലും അവർ നൽകിയ സംഭാവനകൾ ലോകശ്രദ്ധ നേടി.
കായികരംഗത്ത് റെക്കോർഡുകൾ സൃഷ്ടിച്ചവർ
പരിമിതമായ സൗകര്യങ്ങൾക്കും സാമൂഹിക നിയന്ത്രണങ്ങൾക്കും ഇടയിൽനിന്ന് കായികലോകത്തിന്റെ നെറുകയിലെത്തിയ മലയാളി വനിതകളുടെ ചരിത്രവും ആവേശകരമാണ്.
'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്ന പി.ടി. ഉഷ ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്നാണ്. 1984 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ നാലാം സ്ഥാനത്തെത്തിയ അവർ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് മെഡൽ നഷ്ടപ്പെടുത്തിയത്.
പിന്നീട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ പി.ടി. ഉഷയുടെ യാത്ര കായികരംഗത്തെ വനിതാ നേതൃത്വത്തിന്റെ ചരിത്രം കൂടിയാണ്.
എഴുത്തിലും കലയിലും സ്ത്രീയുടെ അടയാളങ്ങൾ
മലയാള സാഹിത്യത്തിന്റെ വളർച്ചയിലും സ്ത്രീകളുടെ സംഭാവനകൾ വില മതിക്കാനാവാത്തതാണ്. ലളിതാംബിക അന്തർജനം, ബാലാമണിയമ്മ, മാധവിക്കുട്ടി, സുഗതകുമാരി തുടങ്ങിയ എഴുത്തുകാർ സ്ത്രീജീവിതത്തിന്റെ സങ്കീർണതകളും സാമൂഹിക യാഥാർഥ്യങ്ങളും സാഹിത്യത്തിലൂടെ അവതരിപ്പിച്ചു.
സിനിമയിലും സംഗീതത്തിലും നാടകത്തിലും ടെലിവിഷനിലും സ്ത്രീകൾ സ്വന്തം ഇടങ്ങൾ സൃഷ്ടിച്ചു. കെ.എസ്. ചിത്രയുടെ ശബ്ദം ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ മറികടന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തിലെത്തി. ഇന്ന് അഭിനയത്തിനപ്പുറം സംവിധാനത്തിലും തിരക്കഥയിലും സിനിമയുടെ സാങ്കേതിക മേഖലകളിലും സ്ത്രീകൾ സജീവമാണ്.
സാധാരണക്കാരായ സ്ത്രീകളുടെ അസാധാരണ മുന്നേറ്റം
ചരിത്രത്തിൽ ഇടംപിടിച്ച പ്രമുഖരുടെ നേട്ടങ്ങൾക്കപ്പുറം കേരളത്തിന്റെ യഥാർഥ വളർച്ചയുടെ അടിത്തറ പാകിയത് ലക്ഷക്കണക്കിന് സാധാരണ സ്ത്രീകളുടെ അധ്വാനമാണ്. 1998 ൽ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിൽ നിർണായക പങ്കുവഹിച്ചു. വീട്ടമ്മമാരിൽനിന്ന് സംരംഭകരിലേക്കും കർഷകരിലേക്കും പ്രാദേശിക ഭരണനേതൃത്വത്തിലേക്കും സ്ത്രീകൾ വളർന്നു.
അധ്യാപകർ, ആരോഗ്യപ്രവർത്തകർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സംരംഭകർ തുടങ്ങി സമൂഹത്തിന്റെ ഓരോ മേഖലയിലും സ്ത്രീകളുടെ അധ്വാനം കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തായി. 96-ാം വയസിൽ സാക്ഷരതാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനി അമ്മയും ഗോത്രസമൂഹത്തിൽനിന്ന് ഉയർന്നുവന്ന് ദേശീയ അംഗീകാരം നേടിയ നഞ്ചിയമ്മയും ഈ മുന്നേറ്റത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്.
ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം: ഇനിയും അവസാനിക്കാത്ത പോരാട്ടം
വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക വികസനത്തിലും കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളുടെ ജീവിതത്തിൽ പൂർണമായ തുല്യത കൈവരിച്ചെന്ന് പറയാനാകില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, തൊഴിലിടങ്ങളിലെ വിവേചനം, വേതനവ്യത്യാസം, സൈബർ ആക്രമണങ്ങൾ, തൊഴിൽ പങ്കാളിത്തത്തിലെ വെല്ലുവിളികൾ, രാഷ്ട്രീയ നേതൃത്വത്തിലെ പരിമിതമായ പ്രാതിനിധ്യം എന്നിവ ഇന്നും നിലനിൽക്കുന്നു.
വിദ്യാഭ്യാസം നേടിയിട്ടും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിയാത്ത സ്ത്രീകൾ ഏറെയുണ്ട്. സ്വന്തം ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും സ്വാതന്ത്ര്യം ലഭിക്കാത്തവരുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ 70 വർഷങ്ങൾ ആഘോഷിക്കുമ്പോൾ പഴയ നേട്ടങ്ങൾക്കൊപ്പം പുതിയ തലമുറയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ചരിത്രം സൃഷ്ടിച്ചവരിൽനിന്ന് ചരിത്രം സൃഷ്ടിക്കുന്നവരിലേക്ക്
മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ ചാന്നാർ സ്ത്രീകൾ. ആ അവകാശത്തിനുവേണ്ടി മറ്റൊരു കാലഘട്ടത്തിൽ ശബ്ദമുയർത്തിയ വേലൂരിലെ സ്ത്രീകൾ. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും രാഷ്ട്രീയത്തിന്റെയും ശാസ്ത്രത്തിന്റെയും കായികത്തിന്റെയും ലോകത്ത് പുതിയ ചരിത്രം കുറിച്ച മലയാളി വനിതകൾ. ഇവരുടെ ജീവിതങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളിലേതാണെങ്കിലും പോരാട്ടത്തിന്റെ അന്തഃസത്ത ഒന്നുതന്നെയാണ് - തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടം.
കേരളത്തിന് 70 വയസ്സ് തികയുമ്പോൾ ആഘോഷിക്കപ്പെടേണ്ടത് വികസനത്തിന്റെ കണക്കുകൾ മാത്രമല്ല. ഓരോ കാലത്തും സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്ത് മുന്നോട്ടുനടന്ന സ്ത്രീകളുടെ ധൈര്യവും ആത്മവിശ്വാസവും കൂടിയാണ്. കാരണം, കേരളത്തിന്റെ ചരിത്രം എഴുതപ്പെട്ടത് പുരുഷന്മാരുടെ കൈകൾ കൊണ്ട് മാത്രമല്ല. അതിന്റെ ഓരോ നിർണായക അധ്യായത്തിലും സ്ത്രീകളുടെ ഒപ്പുമുണ്ട്.