പല ഭാഷകളിലും ബോളിവുഡിലും ഒക്കെ ആയി ആരാധകർ കൂടുകയാണല്ലോ?
അറിയാത്ത ആളുകൾ സ്നേഹിക്കുക എന്നതു ശരിക്കും ബ്ലെസ്സിങ് അല്ലേ? നമ്മൾ ചെയ്യുന്നതു ശരിയാകുന്നുണ്ട് എന്നല്ലേ അതിന്റെ അർഥം. എനിക്കത് ഒരുതരം വാലിഡേഷനും കൂടിയാണ്. കൂടുതൽ ആരാധകരുള്ളവരെയാണല്ലോ ഫിലിംമേക്കേഴ്സ് കാസ്റ്റ് ചെയ്യാൻ ഇഷ്ടപ്പെടുക.
തിയറ്ററിൽ അത്ര ശ്രദ്ധിക്കാതെ പോയ ചിത്രങ്ങളാണ് അർച്ചന 31, ഹലോ മമ്മി ഇതെല്ലാം. ഈ സിനിമകളിൽ ആ ണ് എന്നെ ഏറെ ഇഷ്ടം എന്നു ചിലർ പറയാറുണ്ട്. അതു കൂടുതൽ സന്തോഷം തരാറുണ്ട്. പക്ഷേ, സോഷ്യൽ മീഡിയയിൽ ഉള്ളവരെല്ലാം യഥാർഥ ആരാധകരാണെന്നു കരുതുന്നില്ല. മോശം എെഎ ഇമേജ് ഉണ്ടാക്കുക, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുക.. സ്നേഹമില്ലാത്തവർക്കു മാത്രമേ അങ്ങനെയൊക്കെ ചെയ്യാനാകൂ.
പബ്ലിക് സ്പേസിൽ നടിയുടെ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്ത് ചിത്രങ്ങൾ എടുത്ത് പോസ്റ്റ് ചെയ്യുന്നവരുണ്ട്. അവരുടെ പോസ്റ്റിനു താഴെ ചെന്നു നിങ്ങൾ ചെയ്യുന്നതു തെമ്മാടിത്തരമാണെന്നു പറയാൻ ആരുമില്ല. ഇതേ നടി തനിക്കിഷ്ടമുള്ള വെസ്റ്റേൺ ഉടുപ്പിടുമ്പോൾ അതിനു താഴെ വന്ന് സംസ്കാരം പഠിപ്പിക്കാൻ എത്ര പേരാണ്.
ഇതെല്ലാം മടുത്തിട്ടാണോ സോഷ്യൽ മീഡിയ ഉപേക്ഷിച്ചത്? ഇൻസ്റ്റയിൽ െഎശ്വര്യലക്ഷ്മിക്കു സ്വന്തം പേജ് ഇല്ലല്ലോ?
രണ്ടു തവണയാണ് സൈബർ ആക്രമണം ഉണ്ടായത്. ആദ്യത്തേത് ഏറെ ഇഷ്ടപ്പെട്ട ഒരു വസ്ത്രം അണിഞ്ഞപ്പോഴാണ്. സ്റ്റൈലിസ്റ്റ് അടക്കം കൂട്ടുകാരെല്ലാം നിരുത്സാഹപ്പെടുത്തിയതാണ്. എങ്കിലും ഞാൻ കോൺഫിഡന്റ് ആയിരുന്നു. കയ്യിൽ നിന്നുപോയ സംഭവമായി അതു മാറി. പക്ഷേ, അന്നുണ്ടായ ബോഡി ഷെയ്മിങ് എന്നെ ബാധിച്ചില്ല. ചില തിരിച്ചറിവുകൾ കിട്ടുകയും ചെയ്തു. അടുപ്പിച്ചുള്ള നൈറ്റ് ഷൂട്ടും ഉറക്കമിളപ്പും മൂലം ശരീരത്തിൽ നീർക്കെട്ട് ഉണ്ടായിട്ടുണ്ട്. ശരീരഭാരം കൂടിയിട്ടുണ്ട്. അതെല്ലാം ശ്രദ്ധിക്കണം എന്ന്.
രണ്ടാമത്തെ തവണ എനിക്കെതിരെ ഉണ്ടായ ആക്രമണം ഒരു ഡിസ്കഷനു തന്നെ തുടക്കമിട്ടു. സംസ്കാരം പഠിപ്പിക്കാൻ വന്നവരോട് ‘അവരുടെ വസ്ത്രം അവരുടെ ഇഷ്ടമല്ലേ’ എന്ന് ചോദിച്ച് സപ്പോർട്ട് ചെയ്യാൻ ഒരുപാടുപേർ വന്നു. എങ്കിലും പലരും നമുക്കെതിരെ ഉപയോഗിക്കുന്ന വാക്കുകൾ, ആക്രമിച്ച് ഇല്ലാതാക്കാനുള്ള ത്വര... ഇതൊക്കെ കാണുമ്പോൾ മടുപ്പുണ്ടാകുമല്ലോ.
സിനിമകളിറങ്ങുമ്പോൾ പോസ്റ്റർ ഷെയർ ചെയ്യാനും മരണങ്ങളിൽ ആദരാഞ്‍ജലി നേരാനും പ്രശ്നങ്ങളുണ്ടാകുമ്പോൾ വിശദീകരണം കൊടുക്കാനുമായി മാത്രം എന്തിനാണ് സോഷ്യൽ മീഡിയ പേജ് എന്നൊരു ചിന്ത വന്നു. ഹൃദയത്തിൽ തൊട്ട് എനിക്കെന്തെങ്കിലും പറയണം എന്നു തോന്നിയാൽ അതിന് ഒരു ടീം പേജ് മതി എന്നു തീരുമാനിച്ചു. ലാലേട്ടനെയും മമ്മൂക്കയെയും ജനങ്ങൾ നെഞ്ചിലേറ്റിയത് സോഷ്യൽമീഡിയ വഴിയൊന്നുമല്ലല്ലോ.