ADVERTISEMENT

വീട്ടിലെ പഴയ സാധനങ്ങളും ഡയപ്പറുകളും ഇനി ടെൻഷനില്ലാതെ ‘ആപ്പ്’ വഴി എളുപ്പത്തിൽ ഒഴിവാക്കാം...

മണിയടിച്ചും ‘ആക്രി... ആക്രി...’ എന്നുറക്കെ വിളിച്ചും വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിക്കാൻ എത്തുന്ന പഴയ സമ്പ്രദായം മാറുകയാണ്. ഇന്ന് എന്തെങ്കിലും ഒഴിവാക്കാനുണ്ടെങ്കിൽ കയ്യിലുള്ള മൊബൈൽ ഫോണിലൂടെ നമുക്ക് ആക്രിയിൽ  ബുക്ക് ചെയ്യാം.  വാഹനങ്ങളിൽ ആക്രിയുടെ പ്രതിനിധികൾ വീട്ടിലെത്തി, സാധനങ്ങളെല്ലാം ശേഖരിച്ച്, ന്യായമായ തുകയും നൽകി മടങ്ങും. 

ADVERTISEMENT

റിട്ട.നേവി ഉദ്യോഗസ്ഥനായ ജി.ചന്ദ്രശേഖറാണ് ആക്രിക്ക് പുതിയ രൂപവും ഭാവവും നൽകിയത്. വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കം ചെയ്യാൻ ജനങ്ങളെ സഹായിക്കുക എന്നതിലുപരി ഒരു വലിയ പരിസ്ഥിതി സംരക്ഷണ നീക്കം കൂടിയാണ് ചന്ദ്രശേഖറിന്റേത്. ചന്ദ്രശേഖറിന്റെ ചിന്തയിലുദിച്ച ആക്രി ആപ്പ് കേരളത്തിലെ മാലിന്യപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ തുടങ്ങിയിട്ട് ആറു വർഷം. മണ്ണിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ഡയപ്പർ, സാനിറ്ററി നാപ്കിൻ, പാചകത്തിനുപയോഗിച്ച എണ്ണ തുടങ്ങി എന്തും ആക്രി ശേഖരിച്ചു നിർമാർജനം ചെയ്യും. 

ആക്രി വരുന്നുണ്ടേ...

ADVERTISEMENT

‘‘കുട്ടിക്കാലത്ത് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കളും പഴയ പുസ്തകക്കെട്ടുകളും പത്രക്കടലാസുകളുമെല്ലാം കൂട്ടിവച്ച് അതെടുക്കാൻ ആക്രിക്കാരൻ വരുന്നതും കാത്തൊരിരിപ്പുണ്ട്. വരുന്നവരാകട്ടെ സാധനങ്ങളെടുത്ത്, അവരുടെ ഇഷ്ടാനുസരണം വില നൽകിപ്പോകും. ആ കിട്ടുന്ന പണം കൊണ്ടൊരോട്ടമുണ്ട്, മിഠായിയും കോലൈസുമൊക്കെ വാങ്ങാൻ.’’ ചന്ദ്രശേഖറിന്റെ ഓർമകൾ വർഷങ്ങൾ പലതു പിന്നിലേക്കോടി. 

‘‘ അന്ന് ആ ചില്ലറത്തുട്ടുകൾ ലോട്ടറിയായിരുന്നെങ്കിലും അതിൽ നിന്നവർ നേടുന്ന ലാഭത്തെക്കുറിച്ചറിഞ്ഞത് മുതിർന്നപ്പോഴാണ്. ലാഭമുണ്ടെങ്കിൽ എന്തുകൊണ്ടു ന്യായമായ തുക ആക്രി വിൽക്കുന്നവർക്കു നൽകിക്കൂടാ എന്നായി ചിന്ത. 

ADVERTISEMENT

ഉപയോഗശൂന്യമായ വസ്തുക്കൾ മികച്ച വിലയ്ക്കു വിൽക്കാൻ സാധാരണക്കാർക്ക് അവസരമൊരുക്കുക എന്നതും മനസ്സിലുണ്ടായിരുന്നു. അതെല്ലാം ചേർന്നാണ്  ആക്രി ആപ്പിലേക്കെത്തിയത്. 

ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സുരക്ഷിതമായ മാലിന്യസംസ്കരണമാണു മറ്റൊരു ല ക്ഷ്യം. ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം എളുപ്പമാക്കാൻ സഹായിച്ചത് ആപ്പ് ആണ്. വിൽക്കാനുള്ള വസ്തുക്കൾ, ആക്രി ശേഖരിക്കേണ്ട സ്ഥലം, തീയതി തുടങ്ങിയ വിവരങ്ങൾ ആപ്പിൽ റജിസ്റ്റർ ചെയ്യാം. ഷെഡ്യൂൾ പ്രകാരം ടീം അംഗങ്ങൾ വീട്ടിലെത്തി ആക്രി ശേഖരിക്കും. 

ചെറിയ രീതിയിലാണു പ്രവർത്തനം ആരംഭിച്ചതെങ്കിലും തെർമോക്കോൾ, റെക്സിൻ, ലെതർ, മെത്ത, തലയണ മുതലായവ സംസ്കരിക്കുന്നതിനുള്ള കൃത്യമായ മാർഗം പലർക്കും അറിയില്ലെന്നു മനസ്സിലാക്കിയതോടെ അതും എടുക്കാൻ തുടങ്ങി.’’ ചന്ദ്രശേഖർ പറഞ്ഞു.  

ഡയപ്പറുകൾ വലിച്ചെറിയല്ലേ...

വഴിയോരങ്ങളിലും ജലാശയങ്ങളിലും കെട്ടിക്കിടക്കുന്ന ഡയപ്പറുകൾ കാലങ്ങളായി കേരളത്തിലെ കാഴ്ചയാണ്. 2023ല്‍ സർവീസിൽ നിന്നു വിരമിച്ചതോടെ പൂർണമായി ആക്രിക്കൊപ്പം നിന്നു.

‘‘ പ്രതിദിനം നൂറു ടൺ സാനിറ്ററി മാലിന്യം കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നതു ഞെട്ടിക്കുന്ന തിരിച്ചറിവായിരുന്നു. സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ ആക്രി തീരുമാനിച്ചെങ്കിലും കൃത്യമായ നിർമാർജനം വെല്ലുവിളിയായി മുന്നിൽ നിന്നു.

 കെഇഐഎല്ലുമായി ചേർന്നായിരുന്നു ആദ്യനാളുകളിലെ പ്രവർത്തനങ്ങൾ. സാനിറ്ററി നാപ്കിൻ മാലിന്യം വലിയ വിപത്തായി തുടരുമ്പോഴും എന്റെ ആശയങ്ങൾ അംഗീകരിക്കപ്പെടാൻ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ കളമശ്ശേരിയിൽ പൈലറ്റ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു സ്വീകാര്യത ലഭിച്ചത്.

 2023ൽ കൊച്ചി നഗരസഭയിലും 2025ഓടെ തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളിലും പ്രവർത്തനം ആരംഭിച്ചു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആക്രിയുടെ പ്രവർത്തനം എത്തിക്കൊണ്ടിരിക്കുന്നു. 

സാനിറ്ററി മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ ആക്രിയുടെ സേവനം തേടുന്നവരേറെയാണ്. 

നിലവിൽ ഒരു കിലോഗ്രാം സാനിറ്ററി മാലിന്യത്തിനു ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത് 45 മുതൽ 50 രൂപവരെയാണ്. മാലിന്യ സംസ്കരണത്തിൽ മുന്നിൽ നിൽക്കുന്ന ആർഇ സസ്‌റ്റെയ്നബിലിറ്റിയുമായി ചേർന്ന് പാലക്കാട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ 20 ടൺ കപ്പാസിറ്റിയുള്ള മാലിന്യസംസ്കരണ പ്ലാന്റുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. പ്ലാന്റുകൾ പ്രവർത്തനസജ്ജമാകുന്നതോടെ ഫീസിൽ ഗണ്യമായ കുറവു വരുത്താൻ സാധിക്കും. 

ഡബിൾ ചേമ്പർ ഇൻസിനേറ്റർ രീതിയിലാണ് നിലവിൽ നാപ്കിനുകൾ നിർമാർജനം ചെയ്യുന്നത്. എന്നാൽ 2030ഓടെ ഡയപ്പർ റീ സൈക്കിളിങ് ആരംഭിക്കാനുള്ള ത യാറെടുപ്പിലാണു ഞങ്ങൾ. 

2024ൽ വയനാട് ദുരന്തമുഖത്ത് മാലിന്യസംസ്കരണത്തിൽ സജീവമായി പ്രവർത്തിക്കാൻ സാധിച്ചത് അഭിമാനനേട്ടങ്ങളിലൊന്നാണ്.’’ രണ്ടു വാഹനങ്ങളുമായി ഒറ്റയ്ക്ക് ആരംഭിച്ച ആക്രി എന്ന സ്റ്റാർട്ട് അപ്പ് ഇന്ന് 110 അംഗങ്ങളും മുപ്പത്തിയൊൻപതോളം വാഹനങ്ങളുമായി വളർന്നുവെന്നു പറയുമ്പോൾ ചന്ദ്രശേഖറിന്റെ വാക്കുകളിൽ അഭിമാനം നിറഞ്ഞു. 

കയ്യെത്തും ദൂരെ ആക്രി

പ്ലേ സ്‌്റ്റോറിൽ നിന്ന് ആക്രി ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. പേര്, സ്ഥലം തുടങ്ങിയ വിവരങ്ങൾ നൽകി റ ജിസ്റ്റർ ചെയ്യാം. കുട്ടികളുടെ ഡയപ്പർ, മുതിർന്നവരുടെ ‍ഡയപ്പർ, സാനിറ്ററി പാ‍ഡ്, മെഡിക്കൽ വേസ്റ്റ്, തലമുടി, ഇലക്ട്രോണിക്സ്, കടലാസ്, ചിരട്ട, ഇരുമ്പ്, ചെമ്പ്, പ്ലാസ്റ്റിക് എന്നിങ്ങനെ വിവിധ ഒാപ്ഷനുകൾ ലഭ്യമാണ്.

ഗുണഭോക്താവിന്റെ ലൊക്കേഷനും സൗകര്യമുള്ള ദിവസവും തിരഞ്ഞെടുത്താൽ ആക്രിയുടെ വോളന്റിയർമാർ വീട്ടിലെത്തി മാലിന്യം ശേഖരിക്കും. തിരഞ്ഞെടുക്കപ്പെട്ട വസ്തുക്കൾക്ക് ഗുണഭോക്താവിൽ നിന്നു ഫീസ് ഈടാക്കുന്നതിനൊപ്പം പല വസ്തുക്കൾക്കും മികച്ച വില ലഭിക്കുകയും ചെയ്യും.

Revolutionizing Waste Management in Kerala Through the Akri App:

Akri is an innovative mobile application launched by retired naval officer G. Chandrasekhar to revolutionize waste management and scrap collection across Kerala. The platform allows users to easily schedule the pickup of household waste, old materials, and difficult-to-dispose items like diapers and sanitary napkins directly from their doorsteps. Operating for over six years, the startup aims to combat environmental pollution by safely processing materials that typically harm local ecosystems and water bodies. Users can simply download the app from the Play Store, select their pickup location and convenient date, and receive fair pricing for recyclable goods. The initiative has successfully expanded to major cities including Kochi, Thiruvananthapuram, and Kozhikode, gaining official acceptance from various local self-government bodies. Furthermore, the company plans to establish high-capacity waste treatment plants in collaboration with RE Sustainability to reduce processing fees and introduce diaper recycling by 2030. From humble beginnings with just two vehicles, Akri has grown into a robust team of 110 members managing around 39 vehicles dedicated to a cleaner and greener environment.

ADVERTISEMENT