ADVERTISEMENT

മലയാളത്തിലെ പുതുതലമുറ നോവലിസ്റ്റുകളിൽ ശ്രദ്ധേയയായ ഷബ്ന മറിയം ‘വനിത ഓൺലൈനിൽ’ എഴുതുന്ന ആത്മാനുഭവക്കുറിപ്പുകളുടെ പരമ്പരയാണ് ‘നിഴലാഴം’ –

അഞ്ച് –

ADVERTISEMENT

മുറിവുകളെപ്പറ്റി പറഞ്ഞല്ലോ, അങ്ങേയറ്റം ഇൻട്രോവർ‌ട്ടും ആയിരുന്നു. ഒന്നോ രണ്ടോ മനുഷ്യർ വീട്ടിലേക്കു കയറി വന്നാൽ പോലും വലുതാകും തോറും ഞാൻ പിൻവലിഞ്ഞു. ജീവിതം പിന്നീടൊരു കാലത്തു കൂടുതലും വേദികളിലൂടെ ആയി മാറിയങ്കിലും പഠനകാലത്തൊരിക്കലും സ്റ്റേജിന് അടുത്തു കൂടി പോകാൻ പോലും ധൈര്യപ്പെട്ടില്ല. കവിത ചൊല്ലാനൊക്കെ വലിയ ഇഷ്‌ടമായിരുന്നെങ്കിലും സ്റ്റേജ് ഫിയർ കാരണം പല തവണ ശ്രമിച്ചു പരാജയപ്പെട്ട് ഇളിഭ്യയായി തിരിച്ചിറങ്ങിപ്പോന്നു...

എന്നാൽ എന്റെ രഹസ്യലോകത്ത് അല്ലെങ്കിൽ ഫാന്റസി ലോകത്ത് മറ്റൊരു ഞാൻ ഉണ്ടായിരുന്നു എന്നതാണ് സത്യം. എന്റെയും ഉമ്മമ്മയുടെയും മുറിയുടെ ജനാല വിടവിലൂടെ നോക്കിയാൽ കാണാവുന്ന ഒരു മൈലാഞ്ചിക്കാടുണ്ടായിരുന്നു. അത് കഴിഞ്ഞാൽ ഒരു പറമ്പാണ്. അതും കഴിഞ്ഞാലുള്ള പറമ്പ് തുടങ്ങുന്നത് തന്നെ ഒരു പൊട്ടക്കിണറോടെയാണ്. ഒഴിവു സമയങ്ങളിലോ പഠന ഇടവേളകളിലോ എല്ലാം ഞാൻ ആ ജനാലവിടവിലൂടെ അവിടേക്കും നോക്കിയിരിക്കും. ആ പൊട്ടക്കിണറിലേക്കു വീണു പോകുന്നതായും, മൗഗ്ലിയോ, ആലീസ് ഇൻ വണ്ടർലാന്റിലെ ആലീസോ ഒക്കെയായി പരിണമിക്കുന്നതായും സ്വപ്നം കാണും. എന്തു രസമായിരുന്നെന്നോ ആ മനോഹര ലോകം. ഉള്ളിലൊരു കാട് അന്നേ ഞാൻ വഹിച്ചിരുന്നു. അവിടെ നാടകങ്ങളും സിനിമകളും വരെ രചിച്ച് സംവിധാനം ചെയ്ത് തകർത്തിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരോടൊത്ത് ആടിത്തിമിർത്തിരുന്നു. പാട്ട് പാടി നൃത്തം ചെയ്തിരുന്നു. ക്ലാസിക്കുകൾ എഴുതിക്കൂട്ടിയിരുന്നു. എന്നാൽ ബാഹ്യലോകത്തെ ഞാൻ അപ്പോഴും അന്തർമുഖിയായി തുടർന്നു. ആളുകളുടെ ഒരു നോട്ടം പോലും എന്നെ ആഴത്തിൽ തൊട്ടു. അവർ പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും എന്റെ ജീവനെ കൊരുത്തിട്ടു. സ്വന്തം പ്രാണൻ നമ്മൾ തന്നെ നിയന്ത്രിക്കണമെന്ന് ഞാൻ പഠിച്ചത് ഈ സമീപകാലത്താണ്. ചുറ്റിലുമുള്ള മനുഷ്യർ, അവരുടെ പല മൂഡിനനുസരിച്ച് കൊണ്ടുവന്നു തള്ളുന്ന ഇമോഷൻസിനെ നമ്മൾ എത്ര ആഴത്തിൽ തൊടണമെന്ന് ശരിക്കും വളരെ ശ്രദ്ധയോടെ നമ്മൾ പഠിക്കേണ്ട കാര്യമാണ്. പോയ്പ്പോയ കാലം തിരിച്ച് വരില്ലല്ലോ ?

ADVERTISEMENT

ഇപ്പോൾ പലപ്പോഴും സ്‌ക്കൂളുകളിൽ സംസാരിക്കാനും ജഡ്ജ്മെന്റിനായും കലോത്സവങ്ങളിൽ ജൂറി മെമ്പറായുമൊക്കെ പോകുമ്പോൾ പുതിയ കുട്ടികളുടെ കോൺഫിഡൻസ് കണ്ട് വാ പൊളിച്ചിരിക്കാറുണ്ട്. അപ്പോഴൊക്കെയും
സ്കൂൾ - കോളജ് കാലഘട്ടത്തിലൊക്കെ കണ്ണു പോലുമുയർത്താത്ത എന്നെത്തന്നെ ഓർമ്മ വരും. ആ കാലങ്ങളിലൊക്കെ എന്തു ചെയ്യുമ്പോഴും എങ്ങനെ ചെയ്യുമ്പോഴും ഞാൻ വിറച്ചു, കുഴഞ്ഞു. ഒരു വിരലറ്റം അനക്കാൻ പോലും വർഷങ്ങളെടുത്തു. ഒരു കൈവിരൽ ദൂരം നടക്കാനും മനസ്സുകൊണ്ടും ശരീരം കൊണ്ടും ബുദ്ധികൊണ്ടും ഞാനേറെ പുറകിലാണെന്ന് ഓർമ്മപ്പെടുത്താൻ മാത്രം വാ തുറന്ന പ്രിയപ്പെട്ടവർ അതിന് വലിയ കാരണമായിരുന്നു. അവരുടെ വാക്കിനെ അത്രമേൽ ആഴത്തിലും സത്യസന്ധമായും ഉള്ളിലേക്കെടുത്ത ഞാൻ മറ്റൊരു കാരണവും. അവരും സമൂഹവും അടിച്ചേൽപ്പിച്ച കല്ലും മുള്ളും തീയും ചാടിക്കടക്കാൻ പോയിട്ട് നോവുന്നു എന്ന് പറയാനോങ്ങുമ്പോഴേക്കും വിറങ്ങലിച്ച ഞാൻ. ഒരിക്കലല്ല, പലയാണ്ടുകൾ
ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും ആളുകൾ ആഴത്തിൽ വരിഞ്ഞു, മുറുക്കി. അപമാനത്തിന്റെയും സങ്കടങ്ങളുടെയും തീരാക്കുഴികളിലേക്ക് വീണ്ടും വീണ്ടും എന്നിലെ പാവത്താനെ തള്ളിയിട്ടു

പക്ഷേ എന്തിനും ഒരവസാനമുണ്ടല്ലോ. എത്ര ശക്‌തിയിൽ ഉള്ളിലേക്കു വീഴുന്നുവോ, അത്രയും ശക്തിയിൽ ചിലർ തിരിച്ചു കയറുമെന്നുമാണ്. വർഷങ്ങളെടുത്ത് ഞാൻ ആദ്യപടി വച്ചു. ഘട്ടംഘട്ടമായി വർഷങ്ങളെടുത്ത് പല പല പടികൾ. വെന്തിട്ടുണ്ടാകാം. പക്ഷേ അത് കാലം ചെല്ലെ കനലാകും. പിന്നെയും അനേകം നാളുകൾ ചെല്ലെ രത്നമാകും. രത്‌നമാകട്ടെ എന്ന് തന്നെ ആഗ്രഹിക്കുന്നു. ആഗ്രഹങ്ങൾക്കാണോ ക്ഷാമം!

nizhalaazham-5-2-gif

എന്നിലെ ഒരിക്കലും തളരാത്ത ഫൈറ്ററെ ഉണ്ടാക്കിയത് എനിക്കേറ്റ അപമാനങ്ങളാണ്. കൂറ്റാക്കൂറ്റിരുട്ടത്ത് ഒരപരിചിതമായ സ്ഥലത്ത് ഒറ്റയ്ക്ക് പെട്ടുപോകുന്ന ഏതൊരാളിലും അയാളിലെ ഏറ്റവും ശക്തിമാൻ പതിയെപ്പതിയെ എഴുന്നേറ്റ് ജാഗരൂഗനാകും. അത് എല്ലാരിലും സംഭവിക്കും. നുഷ്യനാണ്. തളരും, തളിർക്കും. പക്ഷേ മാറ്റങ്ങൾക്ക് വിധേയമാകാതിരിക്കരുത്. പക്ഷേ, ഇതൊക്കെ പറയുമെങ്കിലും എന്റെ ആത്മവിശ്വാസത്തിന്റെ ചിലയടരുകളിൽ ഇപ്പോഴും എന്തിനെയും അവിശ്വസിക്കുന്ന ഒരു പനിച്ചൂടുണ്ട്. അതിന്റെ മരുന്നും മന്ത്രവും വീട്ടിലെ ഏറ്റവും പ്രിയപ്പെട്ടവരുടെ മൂക്കിൻതുമ്പിലാണിരിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ... പക്ഷേ സത്യമാണ്. പണ്ടുള്ള മനുഷ്യർ മാറി ഇപ്പോഴത് താരിഷും മോളുമായി എന്ന വ്യത്യാസം മാത്രം. അവർ പ്രകോപിപ്പിച്ചാൽ, പിണങ്ങിയാൽ എനിക്കെന്നിലുള്ള നിയന്ത്രണം നഷ്ടപ്പെടും. അവിടെയാണ് ബന്ധങ്ങളുടെ യഥാർത്ഥ ഉത്തരവാദിത്ത്വം ആലോചിക്കേണ്ടത്. എത്ര വേരുകളിലെ വെള്ളവും വീഞ്ഞും രക്തവും കുടിച്ചാണ് നാമോരുരുത്തരും പല കടുകട്ടി നൂൽപ്പാലങ്ങൾ കയറിയിറങ്ങിയത് / കയറിയിറങ്ങുന്നത്. ഞാനെപ്പോഴും എന്റെ പ്രിയപ്പെട്ട മനുഷ്യരോട് പറയാറുണ്ട്,
ആർക്കും രക്തവും വീഞ്ഞുമായില്ലെങ്കിലും ചീഞ്ഞുനാറുന്ന ചലമാകാതിരിക്കുക എന്ന്.
സന്തോഷത്തിന്റെ ഊഞ്ഞാലാട്ടങ്ങളെ ഘോഷയാത്രകളെ വീട്ടിലെങ്കിലും പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കുക. മനുഷ്യർ ജീവിച്ചും അതിജീവിച്ചും മനോഹരമാക്കട്ടെ ജീവിതം.

സെൽഫ് മാനേജ്മെൻറ് പറ്റാതെ വരുമ്പോൾ അത്രയും പ്രിയപ്പെട്ട മനുഷ്യർ നമ്മളെ നിയന്ത്രിക്കുക സ്വാഭാവികമാണ്.
വേദനിക്കുമ്പോൾ, സന്തോഷിക്കുമ്പോൾ ഒക്കെ അതിനു സ്പേസ് ഉള്ള മനുഷ്യരുടെ അടുത്ത് വെറുതെ ചേർത്ത് പിടിച്ച് മിണ്ടാതെ നിന്നാലും മതി ചിലപ്പോ...അതൊരു തെറാപ്പി ആണ്.
എവിടെയൊക്കെയോ പരിഗണിക്കപ്പെടുന്നു എന്ന തോന്നൽ മതിയാവും മനുഷ്യന് ചിലപ്പോ ജീവിതത്തിലേക്ക് തിരിച്ചു നടക്കാൻ. അതിന് എല്ലാവർക്കും അവകാശവുമുണ്ട്. പരസ്പരം ചേർത്തുപിടിക്കാൻ പറ്റുന്ന മനുഷ്യർ എല്ലാവർക്കും ഉണ്ടാവട്ടെ. സ്നേഹം ആഴപ്പെടട്ടെ .

ADVERTISEMENT
Shabna Mariyam Shares Personal Memoir on Overcoming Introversion:

Introversion defined Shabna Mariyam's early years, marked by severe stage fear and deep vulnerability to others' opinions. Growing up, even a brief glance from strangers could deeply affect her sensitive soul. Within her secret fantasy world, however, she directed plays, wrote classics, and built a vibrant inner universe. Childhood critics and discouraging words often left her feeling trapped and incapable of moving forward. Over time, those very insults and hardships forged an inner fighter capable of rising from the darkness. Today, she finds healing and emotional regulation through the love and presence of her dearest family members. Ultimately, human connections and mutual support remain the true foundation for overcoming life's difficult challenges.

ADVERTISEMENT