ADVERTISEMENT

ഒന്നും നാം കാണുന്നതുപോലെയല്ല, ഒന്നും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയുമല്ല.. ചുറ്റിനും കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളും നമുക്കറിയാത്ത ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. മുകളില്‍ നിന്നും അകന്നു നിന്നും നാം കാണുന്നതിനപ്പുറം വിസ്മയം ജനിപ്പിക്കുന്നവരാണ്. കണ്ടുമുട്ടിയതും കേട്ടറിഞ്ഞതുമായ ചില യഥാര്‍ത്ഥജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍...‘വനിത ഓൺലൈനിൽ’ വിനായക് നിര്‍മ്മല്‍ എഴുതുന്ന പംക്തി ‘ഉള്ളം’.

*

ADVERTISEMENT

അധ്യായം – 7

*

ADVERTISEMENT

‘രണ്ടു ദിവസമായി ഇന്നാണ് ആദ്യമായി എന്റെ ഫോണ്‍ റിംങ് ചെയ്തത്. നീ വിളിച്ചപ്പോള്‍...’.
കഴിഞ്ഞ ആഴ്ച ഫോണ്‍ ചെയ്തപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതാണ് ഈ വാചകം. അദ്ദേഹത്തിന്റെ സ്വരത്തില്‍ സന്തോഷവും നന്ദിയും ഉണ്ടായിരുന്നു. കേട്ടപ്പോള്‍ ആദ്യം സംശയമാണ് തോന്നിയത്. ഈ മൊബൈല്‍ യുഗത്തില്‍ ഒരാളെ രണ്ടു ദിവസമായി ആരും ഫോണ്‍ ചെയ്തിട്ടില്ലെന്നോ ? വളരെ അവിശ്വസനീയം !!! ഒരു യാത്രയ്ക്കിടയിലോ ഒരു സഞ്ചാരത്തിനിടയിലോ നോക്കൂ എല്ലാവരും ആരോടെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. യാത്രയ്ക്കിടയില്‍ അടുത്തിരിക്കുന്ന ചെറുപ്പക്കാരൊക്കെ മെസഞ്ചറിലും വാട്‌സാപ്പിലും ഇന്‍സ്റ്റയിലുമൊക്കെ ചറപറാ ടൈപ്പ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. എന്തൊക്കെയായിരിക്കും അവര്‍ പറയുന്നത്... അതും എന്തുമാത്രമാണ് !



ADVERTISEMENT

അടുത്തുനില്ക്കുന്നവനോട് സംസാരിക്കാന്‍ സമയമില്ലെങ്കിലും ദൂരെയുള്ളവരോട് നിര്‍ബാധം സംസാരിച്ചുകൊണ്ടിരിക്കുന്നതില്‍ നാം യാതൊരു വിധത്തിലുള്ള തടസവും നേരിടുന്നില്ല. അങ്ങനെയുള്ള കാലത്താണ് ഒരാളെ രണ്ടുദിവസമായി ആരും ഫോണ്‍ വിളിക്കാതിരിക്കുന്നത്. പക്ഷേ, അടുത്ത നിമിഷം അദ്ദേഹം പറഞ്ഞത് ശരിയാണെന്ന്് തോന്നി. റിട്ടയര്‍മെൻറ് കഴിഞ്ഞ വ്യക്തിയാണ്. മുഖ്യധാരയില്‍ ഇപ്പോള്‍ അദ്ദേഹം ഇല്ല. കളമൊഴിഞ്ഞ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. രുചി കിട്ടിക്കഴിഞ്ഞപ്പോള്‍ എടുത്തുപുറത്തേക്ക് വലിച്ചെറിയുന്ന കറിവേപ്പില പോലെ എന്ന് നിശ്ചയമായും ഉപമിക്കാവുന്ന ആള്‍. ഇപ്പോള്‍ അദ്ദേഹത്തെ വിളിച്ചതു കൊണ്ട് മറ്റുളളവര്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. സമാനപ്രായക്കാരായിരിക്കും കൂടുതലും അദ്ദേഹത്തിന്റെ സര്‍ക്കിളിലുണ്ടായിരിക്കുക. അപ്പോള്‍ അവരും സമാനമായ അവസ്ഥയിലൂടെയായിരിക്കും കടന്നുപോകുന്നത്. അതുകൊണ്ട് അങ്ങോട്ടും വിളിയില്ല, ഇങ്ങോട്ടും വിളിയില്ല.

സമാനമായ അനുഭവം ഉണ്ടായിട്ടുള്ളതിന്റെ ഓര്‍മ്മ മനസ്സിലേക്കു പെട്ടെന്ന് കടന്നുവന്നപ്പോഴാണ് അദ്ദേഹത്തിന്റെ അവസ്ഥ എനിക്ക് മനസ്സിലാക്കാനായത്. അല്ലെങ്കിലും ഏത് അനുഭവവും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണല്ലോ. ചാനലും പത്രവും മാസികയും ഒക്കെയുളള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലം. എത്രയായിരുന്നു അന്ന് ദിവസവും തേടിയെത്താറുണ്ടായിരുന്ന ഫോണ്‍കോളുകള്‍. സ്‌നേഹപുരസരമുള്ള വിളികളായിരുന്നു അവയെല്ലാം എന്നായിരുന്നു അന്നത്തെ (തെറ്റു) ധാരണ. പക്ഷേ അവിടം വിട്ടുപോന്നതില്‍ പിന്നെ അന്ന് സ്ഥിരമായി വിളിച്ചുകൊണ്ടിരുന്ന ഒരാള്‍പോലും വിളിച്ചിട്ടേയില്ല. അപ്പോഴാണ് മനസ്സിലായത്, അന്ന് വിളിച്ച വിളികളെല്ലാം അവനവര്‍ക്കുവേണ്ടിയുള്ള വിളികളായിരുന്നു എന്ന്. അതായത് അവര്‍ക്ക് പത്രത്തിലും മാസികയിലും ലേഖനം അച്ചടിച്ചുവരണം. ടിവിയില്‍ മുഖം കാണിക്കണം. അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍... സ്‌നേഹസ്ഥാപനങ്ങള്‍...സൗഹൃദവിത്തുകള്‍...എനിക്കുവേണ്ടി അന്ന് വിളിച്ചവരൊക്കെ ഇന്നും വിളിക്കുന്നുണ്ട്. എന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ചവരൊക്കെ ഇന്നും വിളിക്കുന്നുണ്ട്. പക്ഷേ...


അവനവര്‍ക്കുവേണ്ടിയുള്ള ഫോണ്‍കോളുകള്‍ നിന്നെ ആവശ്യമുള്ള സമയത്തു മാത്രമേ തേടിയെത്താറുള്ളൂ. നല്ല നിലയില്‍ ജോലി ചെയ്ത് സമൂഹത്തില്‍ നിലയും വിലയും ഉള്ള അവസരത്തില്‍ നമ്മളെ വിളിക്കാനും സൗഹൃദം സ്ഥാപിക്കാനും പലരുമുണ്ടാവും. പക്ഷേ, ആ പദവികളെല്ലാം നഷ്ടപ്പെട്ടുകഴിയുമ്പോഴോ ? പലരെയും കാണാറേയില്ല. തീന്‍മേശയിലെ സൗഹൃദങ്ങള്‍ വറുതികളുടെ കാലത്ത് തുണയ്‌ക്കെത്താറില്ലെന്ന് പറയുന്നതുപോലെ.. ഔപചാരികമായ ഫോണ്‍ വിളികള്‍ അനിവാര്യമാണ്. പക്ഷേ, സ്വാര്‍ത്ഥതയ്ക്കു വേണ്ടിയുള്ള ഫോണ്‍വിളികള്‍ അങ്ങനെയല്ല. നമ്മുടെ ഫോണ്‍വിളികളൊക്കെ യഥാര്‍ത്ഥത്തില്‍ എന്തിനുവേണ്ടിയുള്ളവയാണ് ?

ജോലി രാജിവച്ചു പോവുന്നു എന്ന വിവരം അക്കൂട്ടത്തിലൊരാളെ വിളിച്ചുപറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു, ‘ഇടയ്ക്ക് വിളിക്കണം കേട്ടോ’ ഉടന്‍ വന്നു അദ്ദേഹത്തിന്റെ പ്രതികരണം – ‘ഇനി നിന്നെ വിളിച്ചിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും എനിക്കുണ്ടാകാന്‍ പോകുന്നില്ലല്ലോ. പിന്നെ എന്തിനാ വിളിക്കുന്നത്’. തലയ്ക്കാരോ പിന്നില്‍ നിന്ന് അടിച്ചതുപോലെയാണ് തോന്നിയത്. അങ്ങനെയൊരു മറുപടി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഒരുപക്ഷേ, അദ്ദേഹം നൂറുശതമാനം സത്യസന്ധനായതുകൊണ്ടാവാം അപ്രകാരം തുറന്നുപറഞ്ഞത്. മറ്റൊരാള്‍ ആയിരുന്നുവെങ്കില്‍ ‘തീര്‍ച്ചയായും വിളിക്കാം’ എന്ന് പറഞ്ഞ് എന്നെ സന്തോഷിപ്പിക്കുകയും പിന്നീടൊരിക്കലും വിളിക്കാതെ പോവുകയും ചെയ്‌തേനേ. പക്ഷേ, ഇവിടെ അയാള്‍ തന്നോടുതന്നെ സത്യസന്ധത പുലര്‍ത്തി. സത്യസന്ധത വലിയൊരു ഗുണം തന്നെയാണല്ലോ ?

ഒരുപാടു പേര്‍ നിങ്ങളെ വിളിക്കുന്നത് നിങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ല നിങ്ങള്‍ അവര്‍ക്ക് ഏതെങ്കിലുമൊക്കെ വിധത്തില്‍ ഉപകാരപ്പെടുന്നു എന്നതു കൊണ്ടുമാത്രമാണ്. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കപ്പുറം ഹൃദയബന്ധം രൂപപ്പെടുമ്പോള്‍ മാത്രമേ വല്ലപ്പോഴുമാണെങ്കില്‍ പോലുമുള്ള ഫോണ്‍വിളികള്‍ക്ക് അര്‍ത്ഥമുള്ളൂ.


ullam-7-image-gif

എത്രയെത്ര ഫോണ്‍വിളികളാണ് ഉള്ളതെന്ന് നോക്കൂ. നമ്മളെ ആവശ്യമുള്ളപ്പോള്‍ മാത്രമേ ചില ആളുകള്‍ നമ്മെ ഫോണ്‍ ചെയ്യാറുള്ളൂ. അതിനപ്പുറം നിനക്ക് എന്തെങ്കിലും ആവശ്യം വരുമ്പോഴോ നിന്റെ പ്രശ്‌നം മനസിലാക്കിയോ ആരെങ്കിലും ഫോണ്‍ ചെയ്യുന്നുണ്ടെങ്കില്‍ അപ്പോള്‍ മാത്രമേ നീ പ്രിയപ്പെട്ടവനാകുന്നുള്ളൂ. നീ അവര്‍ക്ക് അനിവാര്യനാകുന്നുള്ളൂ. നിന്റെ അസൗകര്യങ്ങളെ വിസ്മരിച്ച് ഒരാളുടെ വാക്കുകള്‍ക്ക് നീ ഫോണിലൂടെ കാതുകൊടുക്കാന്‍ സന്നദ്ധനാകുമ്പോള്‍, അവര്‍ക്കായി നീ സമയം നീക്കിവയ്ക്കാന്‍ തയ്യാറാകുമ്പോള്‍ അവിടെയാണ് സ്‌നേഹവും സൗഹൃദവും വിലപിടിപ്പുള്ളതായി മാറുന്നത്. ചിലരെ ഫോണ്‍ വിളിച്ചു കഴിയുമ്പോള്‍ വിളിക്കേണ്ടായിരുന്നുവെന്ന് തോന്നിപ്പോയിട്ടുണ്ട്. കാരണം അത്രമേല്‍ സ്‌നേഹം തോന്നിയവരെ ജീവിതത്തിലെ ചില ഏകാന്തനിമിഷങ്ങളില്‍ ആശ്വാസത്തിനു വേണ്ടി വിളിച്ചതായിരുന്നു. പറയുന്നതൊക്കെ മനസിലാക്കുമെന്നും ആശ്വാസം അനുഭവിക്കാന്‍ കഴിയുമെന്നും കൊതിച്ചുവിളിച്ച വിളികള്‍ പിന്നീട് എന്തുമാത്രം വേദനയാണ് സമ്മാനിച്ചത്! വിളിക്കേണ്ടായിരുന്നുവെന്ന് തോന്നിപോയ എത്രയോ സന്ദര്‍ഭങ്ങള്‍.

മൊബൈലില്‍ ചിലപ്പോള്‍ നമ്മള്‍ ആയിരത്തിലധികം ഫോണ്‍ നമ്പറുകള്‍ സേവ് ചെയ്തു വച്ചിട്ടുണ്ടാകും. എന്നാല്‍ ജീവിതത്തിലെ സങ്കടങ്ങളിലോ സന്തോഷങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ പങ്കുവയ്ക്കാനോ ആയി ആരെ വിളിക്കും എന്ന് ആലോചിക്കുമ്പോള്‍ കൃത്യമായി ഒരു നമ്പര്‍ ചൂസ് ചെയ്യാന്‍ കഴിയാതെ വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ ? ഞാന്‍ ഇപ്പോള്‍ വിളിച്ചാല്‍ അവന്‍ തിരക്കിലായിരിക്കുമോ...ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ അവന് സമയമുണ്ടാവുമോ... അവന് ഞാന്‍ പറയുന്നത് മനസിലാക്കാന്‍ കഴിയുമോ ? പലവിധ ആലോചനകള്‍ക്കൊടുവില്‍ ഫോണ്‍ ചെയ്യാതെ മാറ്റിവച്ചിട്ടുണ്ടോ ! ആളെ വിശ്വാസമില്ലാത്തതുകൊണ്ടോ ആള്‍ക്ക് സ്‌നേഹമില്ലാത്തതുകൊണ്ടോ അല്ല വിളിക്കപ്പെടുന്ന ആളുടെ, നമ്മെ ഉള്‍ക്കൊള്ളാനുള്ള അവസ്ഥയെക്കുറിച്ചുള്ള സംശയം കൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. പക്ഷേ, അത്തരത്തിലുള്ള ചിന്തകളൊന്നും ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും ഏത് അവസ്ഥയിലും ഫോണ്‍ വിളിക്കാന്‍ മാത്രം സ്വാതന്ത്ര്യം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവിടെ രണ്ടുപേര്‍ക്കിടയിലൂടെ സ്‌നേഹത്തിന്റെ ഒരു പുഴ ഒഴുകുന്നുണ്ട്, നിശ്ചയം.

‘സമയമില്ല, തിരക്കായിരുന്നു’... ഫോണ്‍വിളിക്കാത്തതിനെ ചൊല്ലിയുളള പരിഭവങ്ങള്‍ക്ക് ചിലര്‍ കണ്ടെത്തുന്ന ന്യായീകരണം അങ്ങനെയാണ്. എല്ലാവര്‍ക്കും സമയം ഒരുപോലെയാകുമ്പോഴും എന്നെ മാത്രം വിളിക്കാന്‍ നിനക്ക് സമയമില്ലാതെപോകുന്നത് നിന്റെ ജീവിതത്തില്‍ എനിക്ക് അത്രയേ സ്‌പെയ്‌സ് ഉള്ളൂ എന്നതുകൊണ്ടല്ലേ ? ഒരാള്‍ മാത്രം തുടര്‍ച്ചയായി വിളിക്കുകയും വിളിക്കുന്നതുകൊണ്ടു മാത്രമെന്ന മട്ടില്‍ മറ്റേയാള്‍ സംസാരിക്കുകയും ചെയ്യുന്ന ഫോണ്‍സൗഹൃദങ്ങള്‍ ചില വീണ്ടുവിചാരങ്ങളുടെ മധ്യത്തില്‍ ഒഴിവാക്കിയിട്ടുമുണ്ട്. എന്തിനാണ് ഇങ്ങനെ നാണംകെട്ട് വീണ്ടും വീണ്ടും...
തിരികെ വരാത്ത ഫോണ്‍ വിളികള്‍ നിന്നെ ഒരിക്കല്‍പോലും അയാള്‍ ഓര്‍മ്മിക്കുന്നില്ല എന്നതിന്റെ സൂചനകളല്ലേ ? നീ വിളിച്ചാലെന്ത്.. വിളിച്ചില്ലെങ്കിലെന്ത്..

എത്രയധികം ഫോണ്‍ നമ്പറുകള്‍ മൊബൈലില്‍ ഉണ്ടെങ്കിലും അവയൊന്നുപോലും നമുക്കു പ്രയോജനമില്ലെന്ന് തോന്നിപ്പോകുന്ന സാഹചര്യങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടില്ലേ ? സങ്കടം വന്നാലും സന്തോഷം വന്നാലും ആദ്യം എന്നെ വിളിക്കുന്ന ചില സുഹൃത്തുക്കളുണ്ട്. രണ്ടുദിവസം കൂടുമ്പോഴെങ്കിലും വിളിക്കുന്നവരും ആഴ്ചയിലൊന്ന് വീതം വിളിക്കുന്നവരും വല്ലപ്പോഴും മാത്രം വിളിക്കുന്നവരും ഒരുപാടു നാളുകള്‍ കൂടി വിളിക്കുന്നവരുമുണ്ട്. ഒരിക്കല്‍പോലും വിളിക്കാത്തവരുമുണ്ട്. ചിലര്‍ക്ക് അവരുടെ കാര്യം മാത്രം പറയാനായിരിക്കും താല്പര്യം. അതിനുശേഷം ഏറെ തിരക്കുണ്ടെന്ന മട്ടില്‍ അവര്‍ ഫോണ്‍സംസാരം അവസാനിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് കേള്‍ക്കാന്‍ മാത്രം ആളെ മതി. വേറെ ചിലര്‍ക്ക് നമ്മുടെ കാര്യം മാത്രം കേട്ടാല്‍ മതി. അവരെക്കുറിച്ചു പറയാന്‍ അവരാഗ്രഹിക്കാറില്ല. മൂന്നാമതൊരിടത്ത് പറയാനുമുണ്ടാവും കേള്‍ക്കാനുമുണ്ടാവും. ഇനിയും വേറെ ചിലരുണ്ട് നമ്മള്‍ എത്ര വിളിച്ചാലും അവര്‍ ഫോണ്‍ എടുക്കില്ല. തിരക്കുണ്ടാവാം. പക്ഷേ മിസ്ഡ് കോള്‍ കണ്ടിട്ടുപോലും തിരികെ വിളിക്കില്ല. എന്നാല്‍ അവര്‍ക്കെന്തെങ്കിലും ആവശ്യമുണ്ടോ ഏതു ഉപഗ്രഹത്തില്‍നിന്നുപോലും അവര്‍ ഫോണ്‍ വിളിക്കുകയും ചെയ്യും.

ചിലര്‍ നമ്മെ അത്രയധികം ഗൗരവത്തിലെടുക്കുന്നതുകൊണ്ട് കുമ്പസാരക്കൂട്ടിലെന്നവണ്ണം അവര്‍ എല്ലാം തുറന്നുപറയുകയും ഷവറിന് കീഴില്‍ എന്ന വണ്ണം സൂതാര്യരാവുകയും ചെയ്യും. മറ്റ് ചിലര്‍ വളരെ ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നവരാണ്. സ്വന്തം ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവര്‍ ആരെയും അനുവദിക്കാറില്ല, അവര്‍ ആരുടെയും ഹൃദയങ്ങളിലേക്ക് ഇടിച്ചുകയറാറുമില്ല. പ്രതിപക്ഷബഹുമാനത്തോടെ അളന്നുതൂക്കി മാത്രം സംസാരിക്കുന്നവരുമുണ്ട്. എന്തും തുറന്നുപറയാന്‍ കഴിയുന്ന വിധത്തില്‍ ഉച്ചഭാഷിണിപോലെയുളളവരുമുണ്ട്. ഇതൊന്നും ആരുടെയും കുറവോ കുറ്റമോ അല്ല, നന്മയും നേട്ടവും പോലുമല്ലെന്ന് തോന്നുന്നു. ഓരോരുത്തരും അങ്ങനെയാണ്! ഇതില്‍ ഏതുരീതിയാണ് നമ്മുടേതെന്നോ അല്ലെങ്കില്‍ ഏതുരീതിയാണ് നമ്മുക്ക് ഇഷ്ടമാവുന്നതെന്നും നോക്കിയാല്‍ മാത്രം മതി. പക്ഷേ, കേള്‍ക്കാന്‍ മനസ്സുണ്ടാവുക എന്നത് നിസ്സാരകാര്യമല്ല,. കേള്‍ക്കാന്‍ സന്നദ്ധത കാണിക്കുക എന്നത് എളുപ്പവുമല്ല. പ്രത്യേകിച്ച് ഇന്ന് കൂടുതലാളുകള്‍ക്കും പറയാന്‍ മാത്രം വിശേഷങ്ങള്‍ കൂടുതലുളളവരാകുമ്പോള്‍. ഔപചാരികമോ ഔദ്യോഗികമോ ആയ കാര്യങ്ങള്‍ക്കുവേണ്ടിയല്ലാതെ ഒരാളെങ്കിലും നിന്റെ ക്ഷേമം തിരക്കി ഫോണ്‍ വിളിക്കുന്നുണ്ടെങ്കില്‍ അവരെ ജീവിതത്തോട് ചേര്‍ത്തുവയ്ക്കുക. തുടര്‍ച്ചയായും ഇടയ്ക്കിടെയും വിളിച്ചുകൊണ്ടിരുന്ന ഒരാളുടെ ഫോണ്‍കോളുകള്‍ ഇല്ലാതെവരുമ്പോള്‍ ഒരിക്കലെങ്കിലും ഫോണ്‍വിളിച്ച് നിനക്കെന്തുപറ്റി എന്നു ചോദിക്കാന്‍ ക ഴിയുന്നത് സന്മനസ് മാത്രമല്ല സാമാന്യമര്യാദ കൂടിയാണ്.

നിങ്ങളെ ആവശ്യമുണ്ടോ, ആളുകള്‍ നിങ്ങളെ ഫോണ്‍ ചെയ്യും. നിങ്ങള്‍ക്കാവശ്യമുണ്ടോ നിങ്ങളും ഫോണ്‍ ചെയ്യും. എന്നാല്‍ നിങ്ങളെ ഒരാവശ്യമില്ലാതെയും നിങ്ങളുടെ ക്ഷേമം തിരക്കി നിങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഒരാളെങ്കിലും നിങ്ങളെ ഫോണ്‍ വിളിക്കാനുണ്ടെങ്കില്‍ അവിടെ സ്‌നേഹമുണ്ടെന്ന് തോന്നുന്നു, സൗഹൃദവും.

ഏറെനാളായി ഫോണ്‍ ചെയ്യാതെയിരിക്കുന്ന പഴയ സൗഹൃദങ്ങളൊക്കെയുണ്ടെങ്കില്‍ അവര്‍ നിന്നെ ഓര്‍മ്മിച്ചില്ലെങ്കിലും സാരമില്ല നീ അവരെ ഓര്‍മ്മിക്കുന്നതുകൊണ്ട് ഇന്ന് അവരെ ഫോണ്‍ ചെയ്യൂ വീണ്ടുമൊരു സൗഹൃദത്തിന്റെ പൂക്കാലത്തിലേക്കായിരിക്കും നിങ്ങള്‍ ഇരുവരും കൈകള്‍ കോര്‍ത്തു പ്രവേശിക്കാന്‍ പോകുന്നത്. ഇനി അതല്ല നിങ്ങളുടെ ആ വിളിയില്‍ അത്യുത്സാഹമോ സന്തോഷമോ അങ്ങേ ആള്‍ക്കു അനുഭവപ്പെടുന്നതായി നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ ആ നമ്പര്‍ ഡിലീറ്റ് ചെയ്തുകളഞ്ഞേക്കൂ. ഇപ്പോഴത്തെ നിങ്ങളുടെ ജീവിതത്തിന്റെ സ്വച്ഛതയും ശാന്തതയും ഭംഗപ്പെടുത്തുന്ന വിധത്തില്‍ ഏതെങ്കിലുമൊക്കെ ഫോണ്‍നമ്പറുകള്‍ ഭൂതകാലത്തിലേക്ക് പിന്തിരിഞ്ഞുനോക്കി ഉപ്പൂതൂണ്‍പോലെയാക്കി മാറ്റുന്നവയാണെങ്കില്‍ അത്തരം നമ്പറുകളും ഡിലീറ്റ് ചെയ്യൂ.

ചില ഡ്രൈവുകള്‍ ഫുള്‍ ആകുമ്പോള്‍ കൂടുതല്‍ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി ഫയലുകള്‍ ഡിലീറ്റ് ചെയ്ത് ക്ലിയറാക്കുന്നതുപോലെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന ചില ഓര്‍മ്മകളില്‍ നിന്നും വര്‍ത്തമാനകാലത്തിന്റെ സൗന്ദര്യം കെടുത്തുന്ന ബന്ധങ്ങളില്‍ നിന്നും പുറത്തുകടക്കാന്‍ ചില ഫോണ്‍വിളികള്‍ ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.
തേടിയെത്തുന്ന ഫോണ്‍ കോളുകള്‍ നിന്നോടുള്ള സ്‌നേഹത്തിന്റെ അടയാളങ്ങളാണ്. നിന്നെ ആരോ ഓര്‍മ്മിക്കുന്നു. നിന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു.
നീ വിളിക്കുന്ന ഫോണ്‍കോളുകളാകട്ടെ നീ ആരെയാണോ വിളിക്കുന്നത്് ആ വ്യക്തിയെ നീ അത്രമേല്‍ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളവും.


രണ്ടുതരം വിളികളോടും ആദരവു പുലര്‍ത്തുക. നിന്നെ ഞാന്‍ ഓര്‍മ്മിക്കുന്നുവെന്നതുപോലെ പ്രധാനമാണ് നീ ഓര്‍മ്മിക്കപ്പെടുന്നു എന്നതും. ആരൊക്കെയോ നമ്മെ വിളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ആരെയൊക്കെയോ വിളിക്കാന്‍ നമ്മളും ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ വിളികളില്‍ സ്‌നേഹവും സൗഹൃദവും ആത്മാര്‍ത്ഥതയും നിറയട്ടെ.

The True Meaning Behind Modern Phone Calls:

Relationships often reveal their true nature during moments when social status and professional positions fade away. Phone calls in the modern digital age frequently serve selfish motives rather than genuine affection or care. Many individuals experience a sharp decline in incoming calls after leaving influential jobs or official positions. True friendship is measured not by how often people call for personal gain, but by unconditional remembrance. Deleting toxic contacts and toxic memories can ultimately preserve personal peace and mental well-being. Cherishing sincere connections enriches our lives and brings deep emotional comfort during lonely times. Maintaining open communication with those who truly care is essential for a meaningful life.

ADVERTISEMENT