ഒരു ഡോക്ടറുടെ കൺസൾട്ടിങ് റൂം രോഗം നിർണിയിക്കാനും മരുന്നു കുറിക്കാനുമുള്ള ഇടം മാത്രമല്ല,ജീവിതാനുഭവങ്ങളുടെ ഒരു പാഠശാല കൂടിയാണത്.സമൂഹത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായാണ് ഓരോ മനുഷ്യരും അവിടേക്കെത്തുന്നത്.ആ മുറിയിൽ താൻ കണ്ടതും അറിഞ്ഞതുമായ ബോധ്യങ്ങൾ പ്രശസ്ത ഭിക്ഷഗ്വരൻ ഡോ.ടി.പി.മെഹറൂഫ് രാജ് അടയാളപ്പെടുത്തുന്ന പംക്തി - ‘ഹൃദയമാപിനി’
അധ്യായം – 3
*
വളരെ ഹൃദ്യമായ പുഞ്ചിരിയുടെ കുറേ അംശം ഇപ്പോഴും ആ സുന്ദര വദനത്തില്‍ തങ്ങി നില്‍ക്കുന്നുണ്ട്. എങ്കിലും അതിന്‍റെ ആഴങ്ങളില്‍ ഒരു വിഷാദച്ഛവി കാണാതിരിക്കാനാവില്ല.
അമ്പതിന് താഴെ പ്രായമുള്ള അവര്‍ വന്നിരിക്കുന്നത് പ്ലസ് വണ്‍ കാരിയായ ഇളയമകളോടൊപ്പം. കുട്ടിക്ക് പരീക്ഷപ്പേടിയും വയറിലെ തകരാറുകളുമാണ് പ്രശ്‌നങ്ങള്‍. പഠിക്കാനാകുന്നില്ല, വിശപ്പില്ല, ഇടക്കിടെ വയര്‍ വേദന, എരിച്ചില്‍, ഉറക്കക്കുറവ് അങ്ങിനെ പോകുന്നു പരാതികൾ...
തലമുറകളായി മൂന്നാലു ദശകങ്ങളായി അറിയുന്ന കുടംബമാണ്. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ മകന്‍റെ മകളും കുട്ടിയുമാണ് മുന്നില്‍. വിദ്യാസമ്പന്നവും നല്ല സാംസ്‌കാരികത്തെളിച്ചവുമുള്ള കുടുംബമാണ്. ആഗതയും ബിരുദാനന്തര ബിരുദമുള്ളയാൾ, വിവാഹിത. മൂന്ന് പെണ്‍മക്കളാണവര്‍ക്ക്. നല്ല കുടുംബപശ്ചാത്തലമുള്ള ഭര്‍ത്താവ് ഗള്‍ഫില്‍ എഞ്ചിനീയര്‍. സുഖസുന്ദരമായി കഴിയുന്ന നല്ല കെട്ടുറപ്പുള്ള ഒരു കുടുംബം, പഴയകാലത്തെ കുടുംബ സിനിമയുടെ തുടക്കം പോലെ. ഭാര്യയും ഭര്‍ത്താവും മക്കളുമായി സന്തോഷത്തോടെ കഴിയുന്നു. അത്തരം തുടക്കം കാണുമ്പോള്‍ തന്നെ സ്ഥിരം സിനിമാക്കാണികൾ പറഞ്ഞു തുടങ്ങും...‘എന്തോ ദുരന്തം വരാനിരിക്കുന്നു’...!
അതെ, അമ്പതിന്‍റെ പരിസരത്തുള്ള ഭർത്താവ് പെട്ടന്നൊരുദിനം ജോലിസ്ഥലത്ത് വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു, രണ്ട് രണ്ടര വര്‍ഷം മുമ്പ്. സുമംഗലിയായ ഒരു സ്ത്രീക്ക് സംഭവിക്കാവുന്ന ഏറ്റവും കൊടിയ ദുരന്തം. ഉള്ള രണ്ട് സഹോദരന്മാരും മറ്റു കുടുംബാംഗങ്ങളുമൊക്കെ ശക്തമായ പിന്തുണയര്‍പ്പിച്ച് അവരുടെ കൂടെ നിലകൊണ്ടെങ്കിലും, ഗുരുതരമായ വിഷാദത്തിലേക്കവർ പതിക്കുന്നതായിരുന്നു ശേഷക്കാഴ്ച.
പതിവുപോലെ മൊത്തം കുടുംബത്തിന്‍റെയും വേദനയായി അമ്മയും മൂന്ന് പെണ്‍മക്കളും. നല്ല മുഖശ്രീയുള്ള സുഹാസിനികളായ കുട്ടികള്‍. സഹോദരനാണ് വിവരം കുടുംബഡോക്ടറെ അറിയിക്കുന്നത്. പെങ്ങള്‍ക്ക് ഗുരുതരമായ ഡിപ്രഷന്‍ വന്നിരിക്കുന്നു. മൂന്ന് പെണ്‍മക്കളും വളരെ അസ്വസ്ഥര്‍. മൂത്ത കുട്ടി ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. പണത്തിനും മറ്റുമൊന്നും ഒരു ബുദ്ധിമുട്ടുമില്ല. സ്വന്തമായി നല്ലൊരു വീടും കാറുമൊക്കെയുണ്ട്.
ശേഷം സൈക്യാട്രിക് ചികിത്സ, അമ്മയോടൊപ്പം മക്കള്‍ക്കും കൗണ്‍സലിങ്. രണ്ടു ഭാഗത്തുമുള്ള കുടുംബാംഗങ്ങളുടെ മികച്ച പിന്തുണ. അങ്ങനെയവർ റിക്കവര്‍ ചെയ്യുന്നു. ചികിത്സമുടങ്ങാതെ മക്കളും കുടുംബാംഗങ്ങളും ശ്രദ്ധിക്കുന്നു. ക്രമേണ കദനക്കടൽ നീന്തിക്കടക്കുന്നു. വീണ്ടും ഉത്തരവാദിത്തത്തോടെ മികച്ച ഗൃഹനാഥയാകാന്‍ ശ്രമിക്കുകയാണ്. അതിനിടയിലാണ് ഇളയ മകളെയും കൊണ്ടുള്ള വരവ്.
മകള്‍ക്ക് സ്‌ട്രെസ്സ് കയറിയതാണെന്ന് ചെറിയ മന്ദസ്മിതത്തോടെ അമ്മ തന്നെ സൂചിപ്പിക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും സിംഗിള്‍ പേരൻറ് ആണല്ലോ, ആ മക്കള്‍ക്ക് വിധിക്കപ്പെട്ടത്. തങ്ങളുടെ കഥകളറിയുന്ന കുടുംബഡോക്ടര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനാകുമെന്ന ഉറപ്പിലാണവര്‍. ഇത്തരം അവസരങ്ങളിൽ Sympathy അല്ല ഡോക്ടറുടെ വഴി. Empathy യുമല്ല. ആദ്യത്തേതിൽ ഉദാരതയാണ് വെളിവാക്കപ്പെടുക. എന്നാൽ Empathy യിൽ ഡോക്ടര്‍ രോഗിയുടെ ദൈന്യത സ്വാംശീകരിക്കുകയാണ് ചെയ്യുന്നത്. രണ്ടും ആരോഗ്യകരമായതല്ല, ഡോക്ടര്‍ രോഗി ബന്ധങ്ങളില്‍. അവിടെ കരണീയമായിട്ടുള്ളതും അഭിലഷണീയമായതും Compassion ആണ്. അതിനൽപ്പം Detached Attachment ആവശ്യമാണ്. വളരെപ്പെട്ടെന്ന് എംപതിയിലേക്ക് വീണുപോകാനിടയുള്ളതാണിത്തരം സന്ദര്‍ഭങ്ങള്‍.
മകളെ വിശദമായി പരിശോധിച്ചു, കുറേ നേരം എന്‍ഗേജ് ചെയ്തു സംസാരിച്ചു. ചെറിയ ചില ഔഷധങ്ങളും വലിയ Reassurance ഉം മാത്രം ആവശ്യമായിട്ടുള്ള സന്ദർഭം.
ഈ സമയമത്രയും പരിശോധനാമുറിയിലെ സൗമ്യസാന്നിദ്ധ്യമായി ആ അമ്മ നിലകൊള്ളുകയായിരുന്നു.
വളരെ വലിയൊരു ദുഃഖസാഗരം തന്‍റെ മനസ്സിന്‍റെ ആഴങ്ങളിലെവിടെയോ ഒളിപ്പിച്ചുവെച്ച് അവര്‍ കാലിക യാഥാര്‍ത്ഥ്യത്തിലേക്ക് സമരസപ്പെട്ടിരിക്കുന്നു എന്ന് തോന്നി. മരണപ്പെട്ടയാള്‍ നിതാന്തമായ ഉള്‍മുറിവ് തന്നെ. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതം പൂര്‍ത്തിയാക്കാന്‍ മുന്നോട്ടു പോയല്ലേ പറ്റൂ. അവര്‍ തന്‍റെ ഉള്ളകത്തോട് സമാധാനത്തില്‍ കഴിയാന്‍ പഠിച്ചിരിക്കുന്നു. എല്ലാവര്‍ക്കും പെട്ടെന്ന് സുസാദ്ധ്യമായ ഒന്നല്ല, അത്. ഒരു പക്ഷെ, കുടുംബ പശ്ചാത്തലവും, കാത്തിരിക്കുന്ന പ്രതിസന്ധികളും അതോടൊപ്പം അക മനസ്സിന്‍റെ സർഗ്ഗാത്മകതയുമൊക്കെയായിരിക്കാം അവരെ രക്ഷപ്പെടുത്തിയത്. വിഷാദത്തില്‍ ചാലിച്ചതെങ്കിലും അവരുടെ സ്വതസിദ്ധമായ നറുപുഞ്ചിരി ആ മുഖത്ത് ഇപ്പോഴും അവശേഷിക്കുന്നത്, ഒരു വേള അവരോടുള്ള ദൈവത്തിന്‍റെ വാത്സല്യ പ്രകടനത്തിന്‍റെ നിദർശനവുമാകാം. താന്‍ നല്‍കിയ ഒരു കഠിന പരീക്ഷ, താണ്ടിയെത്തിയ അമ്മ മനസ്സിനുള്ള ഒരു പാരിതോഷികം.