ADVERTISEMENT

ഒന്നും നാം കാണുന്നതുപോലെയല്ല, ഒന്നും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയുമല്ല.. ചുറ്റിനും കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളും നമുക്കറിയാത്ത ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. മുകളില്‍ നിന്നും അകന്നു നിന്നും നാം കാണുന്നതിനപ്പുറം വിസ്മയം ജനിപ്പിക്കുന്നവരാണ്. കണ്ടുമുട്ടിയതും കേട്ടറിഞ്ഞതുമായ ചില യഥാര്‍ത്ഥജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍...‘വനിത ഓൺലൈനിൽ’ വിനായക് നിര്‍മ്മല്‍ എഴുതുന്ന പംക്തി ‘ഉള്ളം’.

*

ADVERTISEMENT

അധ്യായം – 8

*

ADVERTISEMENT

അത്ര പെട്ടെന്ന്് അപ്പന്‍ കടന്നുപോകുമെന്ന് കരുതിയിരുന്നതേയില്ല. പറയത്തക്ക ഒരു അസുഖവും അന്നുവരെയുണ്ടായിരുന്നുമില്ല. എന്നും കൂടെയുള്ള കഫത്തിന്റെ ചില പ്രശ്‌നങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ 99 – ാം വയസിലും പരാശ്രയം ചെയ്യാതെ കാര്യങ്ങള്‍ നടത്താന്‍ അപ്പന് സാധിച്ചിരുന്നുവെന്ന് പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അതിശയം തോന്നിയേക്കാം. പക്ഷേ അതായിരുന്നു അപ്പന്‍. ആരെയും ഒന്നിനും ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു അപ്പന്റെ നിലപാട്. ആവലാതികള്‍കൊണ്ട് ദൈവത്തെ ബുദ്ധിമുട്ടിക്കാനോ കിട്ടാതെ പോയ സൗഭാഗ്യങ്ങളെപ്രതി ദൈവത്തോട് പരാതിപറയാനോ അപ്പന്‍ തയ്യാറായിരുന്നില്ല. പക്ഷേ, നടന്നുപോകുന്ന വഴിക്കു മരിച്ചു വീഴണം എന്ന പ്രാര്‍ത്ഥന അപ്പനെന്നുമുണ്ടായിരുന്നു. ഒരുപക്ഷേ അപ്പന്റെ ഒരേയൊരു പ്രാര്‍ത്ഥനയും അതുതന്നെയായിരുന്നിരിക്കാം. അതുകൊണ്ടാവാം അപ്പന്റെ ഒരേയൊരു പ്രാര്‍ത്ഥനയെ ദൈവം ഏറ്റവും അധികമായി മാനിച്ചതും.

പ്രായം ചെല്ലുമ്പോള്‍ ഭൂരിപക്ഷം പേരിലും കാണുന്നതുപോലെയുള്ള പിറുപിറുക്കലുകള്‍. പരിഭവങ്ങള്‍, ആവലാതികള്‍ ഒന്നും അപ്പനുണ്ടായിരുന്നില്ല. ഒന്നിനെപ്രതിയുള്ള നഷ്ടബോധങ്ങളോ ആരോടെങ്കിലും നീണ്ടനാള്‍ നീണ്ടുനില്ക്കുന്ന വിദ്വേഷങ്ങളോ ഒന്നും. ഒരിക്കല്‍ മുന്‍കോപിയായിരുന്ന ആള്‍ ജീവിതസായാഹ്നമായപ്പോഴേയ്ക്കും ഒരു മാന്‍കുട്ടിയെ പോലെ പരുവപ്പെട്ടുകഴിഞ്ഞിരുന്നു. മരണത്തിനു മുമ്പുളള ആറുമാസക്കാലം അപ്പനെ സംബന്ധിച്ചിടത്തോളം നിശ്ശബ്ദതയുടെ കാലമായിരുന്നു. അതിനു കാരണവുമുണ്ടായിരുന്നു. ഒരേ മുറിയില്‍ തൊട്ടടുത്ത കട്ടിലില്‍ കിടന്നായിരുന്നു അമ്മ മരിച്ചത്.

ADVERTISEMENT

ഏറെവര്‍ഷങ്ങളായി രോഗങ്ങളിലൂടെ കടന്നുപോയും അതില്‍ത്തന്നെ അവസാനത്തെ ആറു മാസം പൂര്‍ണ്ണമായും ശയ്യാവലംബിയായും ജീവിച്ച അമ്മയെ കണ്ണടയ്ക്കാതെ അപ്പന്‍ നോക്കികിടക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്തൊക്കെയായിരുന്നുവോ അപ്പന്റെ മനസ്സില്‍ ? ചോദിച്ചിട്ടില്ല. ചോദിക്കാമായിരുന്നുവെന്ന് ഇപ്പോള്‍തോന്നുന്നു.

ദാമ്പത്യത്തിന്റെ ഉദാത്തമാതൃകാ ദമ്പതികളെന്ന് മരിച്ചുപോയിട്ടും ഞാനവരെ വാഴ്ത്തുന്നില്ല. കാരണം അത് യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമാണ്. പരസ്്പരം വഴക്കടിക്കുന്ന, കുറ്റപ്പെടുത്തുന്ന ദമ്പതികള്‍ തന്നെയായിരുന്നു അവരും. ശരിതെറ്റുകളെ കൃത്യമായി വേര്‍തിരിച്ചറിയാനോ വിലയിരുത്താനോ കഴിയാതിരുന്ന ഒരു കാലത്ത് അപ്പന്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ഞാന്‍ വിധിയെഴുതിയിട്ടുണ്ട്. കുടുംബത്തിലെ ദാരിദ്രാവസ്ഥയ്ക്ക് കുടുംബനാഥനായ അപ്പനാണല്ലോ കുറ്റക്കാരന്‍ ? അപ്പനെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബം. മറ്റൊരാളും വരുമാനക്കാരില്ല. അപ്പോള്‍ കുടുംബത്തില്‍ ഇല്ലായ്മ സ്ഥിരതാമസക്കാരനാകുന്നതിന് അപ്പനെയല്ലാതെ മറ്റാരെ കുറ്റപ്പെടുത്താന്‍ ? നല്ല വസ്ത്രം...നല്ല ഭക്ഷണം....നല്ല ജീവിതസാഹചര്യങ്ങള്‍... ഒക്കെ ആഗ്രഹങ്ങളായിരുന്നു. പക്ഷേ പരാതികളുണ്ടായിരുന്നില്ല ഞങ്ങള്‍ മക്കള്‍ക്ക്. ഉളളതില്‍ തൃപ്തിയടയാനുള്ള വരം ലഭിച്ചവരായിരുന്നു ഞങ്ങള്‍. പക്ഷേ, അതൊക്കെയോര്‍ത്ത് സങ്കടപ്പെട്ടിരുന്നില്ലഎന്നു പറയാനുമാവില്ല.

ഇല്ലായ്മയായിരുന്നു മുഖമുദ്ര. പക്ഷേ അതിനെ പുറമേയ്ക്ക് സമര്‍ത്ഥമായി മറച്ചുവയ്ക്കാന്‍ അമ്മ മിടുക്കിയായിരുന്നു. ഒരു ഇല്ലായ്മയും ബുദ്ധിമുട്ടും വീടിന്റെ ചുവരുകള്‍ക്കപ്പുറത്തേക്ക്, പുറത്തേക്കു പോകരുതെന്ന് അമ്മയ്ക്ക് നിഷ്‌ക്കര്‍ഷയുണ്ടായിരുന്നു. മുണ്ടുമുറുക്കിയുടുക്കുക എന്ന ചൊല്ല് ഞാന്‍ പഠിച്ചത് അമ്മയുടെ ജീവിതത്തില്‍ നിന്നായിരുന്നു. പക്ഷേ അമ്മ ഞങ്ങളോട് ഇങ്ങനെ പറഞ്ഞുതരാനും മറന്നില്ല. ‘എല്ലാം നിങ്ങടെ അപ്പന്റെ പിടിപ്പുകേടാണ് മക്കളേ.. അങ്ങേര്‍ക്ക് ജീവിക്കാന്‍ അറിഞ്ഞുകൂടാ. അല്ലെങ്കില്‍ നോക്കിക്കേ നിങ്ങടെ അപ്പനെപോലെ തന്നെ കച്ചവടം ചെയ്യുന്നവരല്ലേ അപ്പന്റെ അനിയന്മാര്. അവരൊക്കെ പണക്കാരായത് കണ്ടോ’.

ullam-8-2-gif

ശരിയായിരുന്നു അപ്പന്റെ സഹോദരങ്ങള്‍ അപ്പനെപോലെ കച്ചവടം ചെയ്ത് പണമുണ്ടാക്കി നഗരത്തിലെ തന്നെ പണക്കാരായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ അപ്പനോ, ഉളള കച്ചവടവും കൂടി അവസാനിപ്പിച്ച് വീടിന്റെ ചുവരുകളിലേക്ക് ഒതുങ്ങികൂടിയിരിക്കുന്നു. അതുകൊണ്ടുതന്നെ നല്ലതു പോലെ ജീവിക്കാനും പണമുണ്ടാക്കാനും അറിയാത്ത അപ്പനെ കുറ്റക്കാരനായി കാണാനേ എന്റെ കൗമാരത്തിനു സാധിച്ചിരുന്നുള്ളൂ.

ഇങ്ങനെയൊക്കെയാണെങ്കിലും അപ്പന്റെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടു മാത്രമേ അമ്മ ജീവിച്ചിട്ടുള്ളൂ. പ്രവര്‍ത്തിച്ചിട്ടുമുള്ളൂ. അപ്പന്റെ രൂചികള്‍ക്കനുസരിച്ചേ അമ്മ പാചകം ചെയ്തിട്ടുമുള്ളൂ. (നിന്റെ അമ്മ അടുക്കളവിട്ടതില്‍പ്പിന്നെ വായ്ക്ക് രൂചിയോടെ ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് അപ്പന്‍ പറഞ്ഞതും ഓര്‍മ്മയുണ്ട്. രണ്ടു മരുമക്കളുടെ പാചകവും മോശമല്ലാതിരുന്നിട്ടും അപ്പന്റെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തിയത് അമ്മയുടെ പാചകം മാത്രമായിരുന്നു. എന്നിട്ടും പരാതികളില്ലാതെ തനിക്കിഷ്ടമില്ലാത്തത് വേണ്ടെന്നുവച്ചും രുചി തോന്നാത്തത് പാതിവഴിയില്‍ അവസാനിപ്പിച്ചും തീന്‍മേശയില്‍ നിന്ന് എണീറ്റുപോയിട്ടേയുള്ളൂ അപ്പന്‍.)

കടയടച്ചു പതിവിലും ഒരു നിമിഷം അപ്പന്‍ വൈകിയാല്‍ ചൂട്ടും കത്തിച്ച് അമ്മ മക്കളെ ആരെയെങ്കിലും കൂടെക്കൂട്ടി അന്വേഷിച്ചിറങ്ങുകപോലും ചെയ്തിരുന്നു. എല്ലാ ദിവസത്തെയും കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം അന്ന് ഞങ്ങള്‍ക്കു മാത്രമായി അമ്മ ഒരു പ്രത്യേകപ്രാര്‍ത്ഥന പഠിപ്പിച്ചുതന്നിട്ടുണ്ടായിരുന്നു. ‘അപ്പന്റെ കാലില്‍ ഒരു മുള്ളുപോലും കൊള്ളിക്കരുതേ എന്റെ കര്‍ത്താവേ’ എന്നായിരുന്നു അത്. ചെരിപ്പിടാതെ നടന്നാല്‍ ആരുടെകാലിലും മുള്ളുകൊള്ളില്ലേ എന്നായിരുന്നു എന്റെ സംശയം. എന്നിട്ടും അനുസരണം എന്ന പുണ്യത്തെ മാനിച്ചു ആ പ്രാര്‍ത്ഥന വെള്ളം ചേര്‍ക്കാതെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. (അപ്പന്‍ മരിച്ചുകഴിഞ്ഞിട്ടുപോലും ആപ്രാര്‍ത്ഥന ചൊല്ലാറുണ്ടായിരുന്നുവെന്ന് വെളിപെടുത്തിയത് ഇളയ പെങ്ങളാണ്. നോക്കണം ചെറുപ്രായത്തില്‍ ഉള്ളില്‍ കയറിക്കൂടുന്നവയുടെ പ്രസക്തിയും പ്രാധാന്യവും.) അതിന്റെ ആന്തരികാര്‍ത്ഥം പിന്നെ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരിച്ചറിഞ്ഞത്.!

പതുക്കെപതുക്കെ അടുക്കള വിട്ടുപേക്ഷിച്ചു പോന്നപ്പോഴും തനിക്ക് വച്ചുവിളമ്പിക്കിട്ടിയത് കഴിക്കുന്നതിന് മുമ്പ് അപ്പന് കൊടുത്തോ / അപ്പന്‍ കഴിച്ചോ എന്ന് ചോദിച്ചിട്ടേ അമ്മ പാത്രത്തില്‍ കൈയിടുമായിരുന്നുള്ളൂ, പരസ്പരം പോരടിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും സ്‌നേഹത്തിന്റെ പൊന്‍നൂലിഴകളില്‍ കോര്‍ക്കപ്പെട്ടതായിരുന്നു അവരുടെ ദാമ്പത്യം. പ്രകടനപരതയിലായിരുന്നില്ല ആന്തരികതയിലായിരുന്നു അതിന്റെ കരുത്ത്. ആത്മാര്‍ത്ഥതയായിരുന്നു അതിന്റെ മൂലധനം. അവരുടെ കലഹങ്ങളും പരാതികളും കുറ്റപ്പെടുത്തലുകളും പോലും സ്‌നേഹമായിരുന്നു. (പരസ്പരം നല്ലതുപോലെ പിണങ്ങാനോ കലഹിക്കാനോ പോലും നമ്മുടെ ഇന്നത്തെകാലത്തെ ദാമ്പത്യങ്ങളില്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ട് ? നിന്റെ പിണക്കങ്ങളും ശണ്ഠകൂടലുകളും സ്‌നേഹം തന്നെയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ നമ്മളില്‍ പലരും സോക്രട്ടീസുമാരല്ലല്ലോ അല്ലേ?)

അമ്മ ഓരോവര്‍ഷം കഴിയുംതോറും രോഗാധിക്യത്താല്‍ കൂടുതല്‍ കൂടുതല്‍ ക്ഷീണിതയായി മാറുമ്പോഴും അപ്പന്‍ പതറിത്തുടങ്ങിയിരുന്നു. ഒടുവില്‍ ബോധം നഷ്ടപ്പെട്ട്, ആരെയും തിരിച്ചറിയാനോ സ്വന്തമായി ശ്വസിക്കാനോ പോലും കഴിയാതെ എപ്പോള്‍ വേണമെങ്കിലും യാത്രപറഞ്ഞേക്കാം എന്ന സ്ഥിതിവിശേഷത്തിലെത്തിയ അമ്മയെ കണ്ടപ്പോള്‍, ഓരോ ദിവസത്തെയും അമ്മയുടെ രോഗത്തിന്റെ സ്ഥിതിഗതികള്‍ നേരില്‍ അറിയുമ്പോള്‍ അപ്പന്റെ മനസ് വല്ലാതെ അസ്വസ്ഥമായിക്കഴിഞ്ഞിരുന്നു. അങ്ങനെയൊരു സന്ധ്യയിലാണ് അമ്മ വളരെ ശാന്തമായി കടന്നുപോയത്.

അപ്പന്‍ അപ്പോള്‍ ആര്‍ത്തുനിലവിളിച്ചില്ല. പൊട്ടിക്കരഞ്ഞതുമില്ല അപ്പന്‍ ആ മരണത്തെ ഉള്‍ക്കൊള്ളാന്‍ മാനസികമായി തയ്യാറെടുത്തിട്ടുണ്ടാവാം. സെമിത്തേരിയില്‍ വച്ച് അവസാനമായി അമ്മയ്ക്ക് ചുംബനം നല്കി പിന്തിരിയുമ്പോള്‍ അപ്പന്‍ തൂവാലയെടുത്ത് കണ്ണുതുടച്ചിരുന്നു, ആരൊക്കെയോ ചേര്‍ന്ന് എടുത്തു എന്ന മട്ടിലാണ് അപ്പനെ സെമിത്തേരിയില്‍ നിന്നുകൊണ്ടു പോയത്. അപ്പന്‍ അപ്പോഴേയ്ക്കും ലോകത്തിലേക്കുവച്ചേറ്റവും ദുര്‍ബലനായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.

അമ്മയുടെ ഏഴാം ചരമദിനം കഴിഞ്ഞ ദിവസം അപ്പന്‍ മക്കളെയും കൊച്ചുമക്കളെയുമൊക്കെ തലയില്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചു. ചെറിയ ചെറിയ നീരസങ്ങള്‍ എന്തുകാരണം കൊണ്ടാണെങ്കിലും പിണക്കത്തിലേക്കും അകല്‍ച്ചയിലേക്കും കൊണ്ടുപോകരുതെന്നും എന്നും സ്‌നേഹത്തില്‍ കഴിയണമെന്നും മക്കളെ ഓര്‍മ്മിപ്പിച്ചു. പിന്നെപ്പിന്നെ അപ്പന്റെ സംസാരം കുറഞ്ഞുകുറഞ്ഞു വന്നു. അതുവരെ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളോടും വിമുഖത കാണിച്ചുതുടങ്ങി. ടിവി കാണാതെയായി. പത്രം വായിക്കാതെയായി, വീട്ടിലുളളവരോട് പോലും സംസാരിക്കാനില്ലാതെയായി. ഏതുനേരവും കിടപ്പ്. ഉറക്കം. പകല്‍പോലും രാത്രിയെന്നതുപോലെ.. ഭക്ഷണം കഴിക്കാനോ കുളിക്കാനോ വിളിച്ചാല്‍ മാത്രം എണീറ്റുവരും . ഭക്ഷണത്തിന്റെ അളവ് വലിയതോതില്‍ കുറഞ്ഞു. എണീറ്റിരിക്കാനും പതിവുപോലെ മുറ്റത്തുകൂടി നടക്കാനും ഞാന്‍ അപ്പനോട് സ്വരമുയര്‍ത്തി. എനിക്കു പറ്റുന്നില്ല എന്ന് നിസ്സഹായതയോടെ അപ്പന്‍ പറഞ്ഞു. കൂടുതല്‍ നിര്‍ബന്ധിക്കരുതേ എന്ന അപേക്ഷ അതിലുണ്ടായിരുന്നു.

അപ്പന്‍ വിഷാദത്തിലായിരുന്നുവെന്ന് ഞാനപ്പോഴൊന്നും മനസ്സിലാക്കിയിരുന്നില്ല. തൊട്ടുമുന്നില്‍ കണ്ട മരണം ഒരു മരണഭയമായി അപ്പനെയും പിടികൂടിയിട്ടുണ്ടാവാം. ഏറ്റവും വലിയ ഭയം മരണഭയം തന്നെയാണ്. എപ്പോഴാണ് മരണം സംഭവിക്കുകയെന്നോ എങ്ങനെയായിരിക്കുമെന്നോ നിശ്ചയമില്ലാതെയും മരണത്തിനു ശേഷം എന്തായിരിക്കാം എന്ന ഉറപ്പില്ലാതെയും....അമ്മയുടെ മരണം ഏല്പിച്ച ശൂന്യതയിലും സങ്കടത്തിലുമായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ എനിക്ക് അപ്പനെ മനസ്സിലാക്കാനോ അമ്മയുടെ മരണം അപ്പനെ തളര്‍ത്തിയിരിക്കുന്നുവെന്ന് തിരിച്ചറിയാനോ സാധിച്ചിരുന്നില്ല. അപ്പന്റെ ജീവിതത്തിലെ ഏറ്റവും സുദീര്‍ഘമായ ബന്ധമായിരുന്നു അത്. അനിവാര്യമാണെങ്കിലും ആ ബന്ധം എന്നേയ്ക്കുമായി അറ്റുപോയപ്പോള്‍ അതേല്പിച്ച ആഘാതം എത്ര വലുതായിട്ടാണ് അപ്പനില്‍ അനുഭവപ്പെട്ടത് എന്ന് ഞാന്‍ ചിന്തിച്ചില്ല. വാര്‍ദ്ധക്യത്തിലെ വിഷാദം എനിക്കത്ര പരിചിതവുമായിരുന്നില്ല.

നൂറു തികയ്ക്കാതെ അപ്പന്‍ പോകില്ല എന്നൊരു അബദ്ധധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ...ഒരു ചെറിയ പനിയും തുടര്‍ന്നുള്ള ക്ഷീണവും. അതായിരുന്നു അപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള കാരണം. ക്വാഷാലിറ്റിയില്‍ കിടത്തി ഡ്രിപ്പ് ഇട്ട് ക്ഷീണം കുറഞ്ഞപ്പോള്‍ വീട്ടിലേക്ക് പൊയ്‌ക്കൊള്ളാന്‍ ഡോക്ടര്‍ പറഞ്ഞപ്പോഴാണ് നെഞ്ചുവേദനിക്കുന്നുണ്ടെന്ന് അപ്പന്‍ പറഞ്ഞത് എങ്കില്‍ അഡ്മിറ്റാക്കാം എന്ന് ഞാന്‍ പറഞ്ഞു. ഇസിജിയില്‍ ചെറിയൊരു വേരിയേഷന്‍ കാണിക്കുന്നുണ്ടെന്നും എന്നാല്‍ അത് പണ്ടുമുതല്‌ക്കേ അങ്ങനെതന്നെയായിരുന്നുവെന്നും വേണമെങ്കില്‍ നിങ്ങള്‍ക്ക് മറ്റെവിടേയ്‌ക്കെങ്കിലും ഷിഫ്റ്റ് ചെയ്യാമെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞപ്പോഴും ഞാന്‍ ആരോടും ആലോചിക്കാതെ ഒരു തീരുമാനമെടുത്തു. വേറെ ഒരിടത്തേക്കും കൊണ്ടുപോകുന്നില്ല. ഇവിടെത്തന്നെ മതി. ഈ സാഹചര്യത്തില്‍ അപ്പനെ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയാല്‍ ആദ്യം തന്നെ അപ്പനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരിക്കും ചെയ്യുകയെന്ന് എനിക്കറിയാമായിരുന്നു. ഇനി എന്തെങ്കിലും അപ്പന് സംഭവിക്കുകയാണെങ്കില്‍തന്നെ - ഇല്ല അങ്ങനെയൊന്നും സംഭവിക്കില്ല - അത് മക്കളുടെ സാന്നിധ്യത്തില്‍ ശാന്തമായും സ്വസ്ഥമായും സംഭവിച്ചുകൊള്ളട്ടെ.

മുറിയിലെത്തിയിട്ടും അപ്പന്‍ ഇടയ്ക്കിടെ നെഞ്ച് വേദനിക്കുന്നുണ്ടെന്ന് പറയുകയും ഞാന്‍ നെഞ്ച് തിരുമ്മിക്കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. പുതിയ മരുന്ന് അപ്പന്റെ ഞരമ്പുകളിലൂടെ അപ്പോഴേയ്ക്കും പ്രവഹിച്ചുതുടങ്ങിയിരുന്നു. രാത്രിയില്‍ ഞാനുറങ്ങിയതേയില്ല അപ്പനെ തന്നെ നോക്കികിടക്കുകയായിരുന്നു. അപ്പനും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഇടയ്ക്കിടെ ഞാന്‍ എണീറ്റുചെന്ന് അപ്പനെ നോക്കുകയും നെഞ്ച് തിരുമ്മികൊടുക്കുകയും ചെയ്തു. അപ്പോഴൊക്കെ അപ്പന്‍ പറഞ്ഞു. മതി... വേദന കുറവുണ്ട് .

നേരത്തെതന്നെ ഏറ്റെടുത്ത ഒരു പ്രോഗ്രാം ഉള്ളതുകൊണ്ടും വാക്കു മാറ്റുന്നത് പരമാവധി ഇ്ഷ്ടമില്ലാത്തതുകൊണ്ടും മൂന്നാമത്തെ പെങ്ങളെ വിളിച്ചുവരുത്തി അപ്പന് കൂട്ടുനിര്‍ത്തിയതിനുശേഷമാണ് ഞാന്‍ രാവിലെ യാത്ര പറഞ്ഞത്. ‘നീയെപ്പോ വരും’ അപ്പന്‍ ചോദിച്ചു. വൈകുന്നേരമേ വരൂ എന്നറിയാമായിരുന്നിട്ടും ഞാന്‍ പറഞ്ഞു, ഉച്ചയ്ക്ക് വരും. പെങ്ങള്‍ അപ്പോള്‍ അപ്പന് ദോശ മുറിച്ചുകൊടുത്തുകൊണ്ടിരിക്കുകയായിരുന്നു ‘എനിക്ക്

വേണ്ട’ എന്ന് അപ്പന്‍ കുഞ്ഞുകുട്ടിയെപോലെ പറഞ്ഞപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു. ഭക്ഷണം കഴിക്കാതിരുന്നാല്‍ പിന്നെ അമ്മയ്ക്ക് കൊടുത്തതുപോലെ റൈല്‍സ് ട്യൂബ് വേണ്ടിവരും. അതുകൊണ്ട് വിശക്കുന്നില്ലെങ്കിലും കഴിച്ചോളണം.

എന്റെ സ്വരമുയര്‍ത്തല്‍ പലപ്പോഴും ഇതുപോലെയുള്ള കാര്യങ്ങളില്‍ ഫലവത്തായിട്ടുണ്ട്. ഇത്തവണയും അതേറ്റു. അപ്പനെ പുറത്തുതലോടി ഞാന്‍ യാത്ര പറഞ്ഞു. അരമണിക്കൂര്‍ സമയം പോലുമില്ല വീട്ടിലേക്കുള്ള ബസ് യാത്രയ്ക്ക്. വീടിനു തൊട്ടുമുമ്പത്തെ ബസ് സ്റ്റോപ്പെത്തിയപ്പോള്‍ പെങ്ങളുടെ ഫോണ്‍ വന്നു. അപ്പന് എന്തോ വല്ലായ്മ തോന്നുന്നു. നീ വേഗം വരണം. ആ സ്‌റ്റോപ്പില്‍ ഇറങ്ങണോയെന്നായിരുന്നു ആദ്യ ആലോചന. പിന്നെയും ഞാന്‍ കരുതി തൊട്ടടുത്ത സ്്‌റ്റോപ്പില്‍ ഇറങ്ങാം. വീട്ടില്‍ച്ചെല്ലാം. ഡ്രസ് മാറാം. ആശുപത്രിയില്‍ ചെന്ന് അപ്പനെ കണ്ട് എന്റെ പ്രോഗ്രാമിന് പോകാം. അപ്പനെന്തു സംഭവിക്കാന്‍! എങ്കിലും തിടുക്കത്തില്‍ വീട്ടിലെത്തി ചേട്ടനെയും മകനെയുംകൂട്ടി പത്തുമിനിറ്റിനുള്ളില്‍ ആശുപത്രിയിലെത്തി. അപ്പോഴേയ്ക്കും....

പെങ്ങള്‍ കൊടുത്ത ദോശയും മരുന്നും കഴിച്ച് അപ്പന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നതാണ്. പെട്ടെന്ന് പുറകിലേക്ക് അസാധാരണമായവിധത്തില്‍ ചാഞ്ഞു. പെങ്ങളുടെ നിലവിളി കേട്ട് നേഴ്‌സുമാര്‍ ഓടിയെത്തി. അവര്‍ അപ്പന്റെ മരണം സ്ഥിരീകരിച്ചു. ഞാന്‍ വരുമ്പോള്‍ ആശുപത്രികിടക്കയില്‍ ശാന്തനായി കിടക്കുകയായിരുന്നു അപ്പന്‍. ഈസിജി മിഷന്റെ ട്യൂബുകള്‍ അപ്പന്റെ ശരീരത്തില്‍ നിന്ന് മാറ്റിയിട്ടുണ്ടായിരുന്നില്ല.. പെങ്ങള്‍ താടിക്ക് കൈ കൊടുത്ത് കണ്ണുനിറഞ്ഞുനില്പുണ്ടായിരുന്നു. എന്തോ സംഭവിച്ചുവെന്ന് എനിക്ക് മനസിലായി.
‘പോയോ...’ ഞാന്‍ ചോദിച്ചു
പെങ്ങള്‍ ശിരസ് ചലിപ്പിച്ചു. കരയാന്‍ എനിക്ക് സാധിച്ചില്ല. അന്നോ അതിനടുത്തദിവസമോ ഞാന്‍ കരഞ്ഞതുമില്ല. എല്ലാ കാര്യങ്ങളും എന്നിലൂടെയാണ് പോയിരുന്നത് എന്നതുകൊണ്ട് എനിക്കവിടെ തളര്‍ന്നിരിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, അന്നും ഇന്നും എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ചൂടു നഷ്ടപ്പെട്ടിട്ടില്ലാത്ത അപ്പന്റെ ജീവനറ്റ ദേഹത്തിനരികില്‍ എനിക്കു കുറച്ചുനേരം ഇരിക്കാമായിരുന്നു. ആ കരം കവരാമായിരുന്നു. ശിരസില്‍ തലോടാമായിരുന്നു. ഉമ്മ കൊടുക്കാമായിരുന്നു. അപ്പന്‍ തീര്‍ച്ചയായും എന്റെ സ്പര്‍ശം അറിയുമായിരുന്നു. മരിച്ചുകഴിഞ്ഞാലും എനിക്ക് അപ്പനെ ആശ്വസിപ്പിക്കാമായിരുന്നു. ഞാനിവിടെയുണ്ടെന്ന് പറയാമായിരുന്നു. മരിച്ചുകഴിഞ്ഞും ഇത്ര മിനിറ്റുകള്‍ക്കും മണിക്കൂറുകള്‍ക്കും ശേഷമാണ് ശരീരത്തിലെ ഓരോരോ അവയവങ്ങള്‍ മൃതമായിത്തുടങ്ങുന്നതെന്ന അറിവു എനിക്കപ്പോള്‍ ഉണ്ടായിരുന്നില്ല. എപ്പോഴും ഏതുകാര്യത്തിനും അപ്പനൊപ്പമുണ്ടായിരുന്ന ഞാന്‍ അവസാനനിമിഷങ്ങളില്‍ ഏതാനുംമിനിറ്റു നേരത്തേക്ക് ഞാന്‍ മാറിനിന്നപ്പോഴേയ്ക്കും അപ്പന്‍..

അനായാസേന മരണം
വിനാ ദൈന്യേന ജീവനം
ദേഹീ മെ കൃപയാ ശംഭോ,
ത്വയീ ഭക്തീ മചഞ്ചലാം'

അമ്മയ്ക്ക് കൊടുത്ത സ്‌നേഹത്തിന്റെയും പരിഗണനയുടെയും പരിചരണത്തിന്റെയും പത്തിലൊന്നുപോലും അപ്പന് ഞാനുള്‍പ്പടെയുള്ള മക്കളാരും കൊടുത്തിട്ടില്ല എന്നതാണ് നെഞ്ചില്‍ കൈവച്ചുകൊണ്ടുള്ള എന്റെ ഏറ്റുപറച്ചില്‍. രോഗം വരുമ്പോഴും വയ്യാതായിരിക്കുമ്പോഴും മരുന്നും ഭക്ഷണവും നല്കുന്നതുമാത്രമാണ് മക്കളുടെ കടമയെന്നാണല്ലോ നമ്മള്‍ ഭൂരിപക്ഷത്തിന്റെയും ധാരണ. അപ്പന് അങ്ങനെയൊരു പരിചരണം കൊടുക്കേണ്ടിവന്നിട്ടേയില്ല. അമ്മയ്ക്ക് കൊടുക്കാന്‍ കഴിയാതെപോയതിനെക്കുറിച്ചുള്ള നഷ്ടബോധങ്ങള്‍ എനിക്കില്ല എന്നുതന്നെ പറയാന്‍ കഴിയും എന്നുതോന്നുന്നു,പക്ഷേ.. അപ്പന്..

ഇല്ല ഞാന്‍ അപ്പനൊന്നും നല്കിയിട്ടേയില്ല. ജീവിതത്തിന്റെ വലിയൊരു കാലം അപ്പനോട് എന്നും അകന്നുനിന്നിട്ടേയുള്ളൂ. വിവാഹം കഴിഞ്ഞ് അപ്പനായിക്കഴിഞ്ഞതിനു ശേഷമായിരുന്നു അപ്പനോടുള്ള സ്‌നേഹം ഒഴുകിത്തുടങ്ങിയതെന്ന തുറന്നുപറയാനും എനിക്ക് മടിയില്ല. അതുകൊണ്ടാവാം 2005ല്‍ പുറത്തിറങ്ങിയ ‘നനവുള്ള കാറ്റുകള്‍’ എന്ന പുസ്തകത്തില്‍ ഞാന്‍ ഇങ്ങനെ എഴുതിയത് – ‘അമ്മയെന്ന പുഴയെ ധ്യാനിച്ചുധ്യാനിച്ചു അപ്പനെന്ന കടലില്‍ എത്താന്‍ വൈകിപ്പോയ കൈത്തോടാകുന്നു ഞാന്‍’ എന്ന്

അമ്മ വേര്‍പിരിഞ്ഞുപോയ ആറുമാസക്കാലത്ത് എനിക്ക് അപ്പനെ കുറച്ചുകൂടി സ്‌നേഹിക്കാമായിരുന്നു, കുറച്ചുകൂടി കേള്‍ക്കാമായിരുന്നു കുറച്ചുകൂടി അപ്പനൊപ്പം സമയം ചെലവഴിക്കാമായിരുന്നു. സാധിച്ചില്ല. അപ്പനേക്കാള്‍ കൂടുതലായി അമ്മയെ സ്‌നേഹിച്ചുവെങ്കിലും അമ്മയെക്കാള്‍ ശരി അപ്പനായിരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. പുരുഷന്‍ എന്നനിലയില്‍ ഒരു ഭര്‍ത്താവായിക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അപ്പനെന്ന ഭ‍ർത്താവിനെ മനസ്സിലാക്കാന്‍ കഴിയുന്നു. അപ്പനായിക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അപ്പനെന്ന നിലയിലുള്ള അപ്പനെ മനസ്സിലാക്കാനാവുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും ഒറ്റയ്ക്ക് വഹിക്കേണ്ടിവരുമ്പോള്‍ അപ്പനെന്ന കുടുംബനാഥനെയും നിങ്ങള്‍ക്ക് പിടുത്തം കിട്ടുന്നു. തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധത്തില്‍ അപ്പനെ നഷ്ടമായിക്കഴിയുമ്പോഴാണ് അപ്പനെ കൂടുതല്‍ സ്‌നേഹിക്കാമായിരുന്നുവെന്ന നഷ്ടബോധം പിടികൂടുന്നത്.
അതുവരെ എല്ലാ ആവശ്യങ്ങളും നിവര്‍ത്തിച്ചുതരാനും കുറവുകളുണ്ടാകുമ്പോള്‍ പഴികേള്‍ക്കാനും കഴിയുന്ന ഒരു ജന്മം തന്നെയാണ്് പുരുഷന്‍. അപ്പന്‍ മരിച്ചുപോയതിനു ശേഷം എത്രയോ പേര്‍ എന്നോട് അപ്പനെക്കുറിച്ച് സാന്ദര്‍ഭികവശാല്‍ നല്ലതു പറഞ്ഞിട്ടുണ്ടെന്നോ.. കുടുംബത്തില്‍ ഭാര്യയും മക്കളും അംഗീകരിച്ചുകൊടുക്കാത്ത പല നന്മകളുടെയും മൂര്‍ത്തിമഭാവമായിരിക്കാം പല പുരുഷന്മാരും. പ്രവാചകന്മാര്‍ മാത്രമല്ല പുരുഷന്മാരും പല വീടുകളിലും അംഗീകരിക്കപ്പെടുന്നില്ല. മരിച്ചു പോകുന്നതുവരെ നിങ്ങള്‍ മനസ്സിലാക്കാതെ പോയ ഒരേയൊരു വ്യക്തി നിങ്ങളുടെ അപ്പനായിരിക്കും.

അപ്പനും അമ്മയും ഉപയോഗിച്ചിരുന്ന മുറിയാണ് ഇപ്പോഴത്തെ എന്റെ എഴുത്തുമുറി. മേശയ്ക്കല്‍ അപ്പന്റെയും അമ്മയുടെയും ഫോട്ടോ. ഒരു ഭിത്തിയില്‍ എന്നെ നോക്കിചിരിച്ചുകൊണ്ടിരി‌ക്കുന്ന അമ്മ. മറ്റൊരു ഭിത്തിയില്‍ അപ്പന്റെ യൗവനകാലത്തെ ബ്ലാക്ക് ആൻറ് വൈറ്റ് ഫോട്ടോ. വലതുവശത്തെ ജനാലയ്ക്കല്‍ അപ്പന്‍ ഉപയോഗിച്ചിരുന്ന കാലന്‍കുട.

വരാന്തയിലേക്കുള്ള നടയില്‍ ഞാന്‍ അപ്പന്‍ വീടിനുള്ളില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ചെരിപ്പ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പുറത്തെവിടേയ്‌ക്കോ അപ്പന്‍ പോയതാണ്. അടുത്ത ബസ് വരുമ്പോള്‍ അപ്പന്‍ വീട്ടിലേക്ക് തിരികെവരും.. വരാതെവിടെ പോകാന്‍.. അപ്പന് ഇതല്ലാതെ മറ്റൊരു വീടില്ലല്ലോ ?

Reflections on a Father's Quiet Life and Sudden Passing:

Father was a quiet, self-reliant man who lived to the age of ninety-nine without ever wishing to burden anyone. The passing of his beloved wife left him deeply heartbroken and plunged him into a profound, silent grief. Throughout childhood, the children misunderstood his struggles and perceived him differently compared to their resilient mother. As time passed and maturity set in, the author realized the immense depth of his quiet love and sacrifices. Standing beside his lifeless body later brought an overwhelming wave of regret for not having spent enough time with him. Life eventually moves forward, leaving behind lingering memories and priceless relics of parents who shaped the household. Ultimately, true appreciation for a father often arrives only after he is gone forever.

ADVERTISEMENT