പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് റീസൈക്കിൾ ഫർണിച്ചറുകൾ ഒരുക്കുകയാണ് ക്ലീൻടെക് സ്റ്റാർട്ട് അപ് ‘കാർബൺ ആൻഡ് വെയിൽസ് ’
ഈ ചിത്രങ്ങളിൽ കാണുന്ന കുഞ്ഞൻ പെട്ടിക്കടയും കളർഫുൾ ബെഞ്ചുകളും ഡെസ്കുകളും നിർമിച്ചിരിക്കുന്നതെന്തുകൊണ്ടെന്നു പറയാമോ? ഫൈബർ? അലുമിനിയം? തടി? സ്റ്റീൽ? ഇതൊക്കെയാണോ മനസ്സിൽ വന്ന ഉത്തരങ്ങൾ? എങ്കിൽ അല്ല. ഇവയെല്ലാം നിർമിച്ചിരിക്കുന്നത് പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലീൻടെക് സ്റ്റാർട്ട് അപ് കാർബൺ ആൻഡ് വെയിൽസ് ആണു ഭൂമിക്കു ഭീഷണിയാകുന്ന പ്ലാസ്റ്റിക്കിനെ ഉപയോഗപ്രദമായ രൂപങ്ങളിലേക്കു പരിവര്‍ത്തനപ്പെടുത്തിയത്.
പ്രകൃതിയേയും ഭൂമിയേയും വളരെയധികം സ്നേഹിക്കുന്ന എ. കെ. സിദ്ധാർഥ് എന്ന മുപ്പതുകാരനാണ് ഈ ‘മിടുക്കൻ’ ആശയത്തിനു പിന്നിൽ. 2022 മുതൽ കേരളത്തിലെ പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണ് കാർബൺ ആൻഡ് വെയിൽസ്. പെട്ടിക്കടകൾ, ഔട്ട്ഡോർ ഫർണിച്ചറുകൾ, ബസ് ഷെൽറ്റർ തുടങ്ങിയവയാണ് കാർബൺ ആൻഡ് വെയിൽസ് നിർമിക്കുന്നത്. ഒഴിഞ്ഞ ഷാംപൂ കുപ്പികൾ മുതൽ ഏതു തരത്തിലുള്ള ഹാർഡ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതിനുപയോഗിക്കാം. 2024 മുതൽ 85000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്തു. ഇതു മുഴുവൻ ശേഖരിച്ചത് കൊച്ചിയിൽ നിന്നാണ് എന്നതു ഞെട്ടിക്കുന്ന കണക്ക്. സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നാണു മാലിന്യം ശേഖരിക്കുന്നത്.
ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ദുബായ് എന്നിവിടങ്ങളിലും കാർബൺ ആൻഡ് വെയിൽസിന്റെ ഉത്പന്നങ്ങൾ കാണാം. സ്വാഭാവികമായി സംഭവിക്കുന്ന എല്ലാത്തരം കേടുപാടുകളും നികത്താൻ 25 വർഷത്തെ വാറന്റിയും നൽകുന്നുണ്ട്.
അമ്മ പകർന്ന പാഠം
കാർബൺ ആൻഡ് വെയിൽസിനെക്കുറിച്ചു സംസാരിക്കുമ്പോൾ സിദ്ധാർഥിന്റെ അമ്മ പ്രേമ അശോകിനെക്കുറിച്ചും നമ്മൾ അറിയണം. ‘‘ഡൽഹിയിൽ വളർന്ന എന്റെ വേനലവധികൾ മനോഹരമാക്കിയിരുന്നത് തിരുവനന്തപുരത്തെ അമ്മ വീട്ടിലെ ദിവസങ്ങളാണ്. അവിടെ എത്തിയാൽ, വൈകുന്നേരങ്ങളിൽ അമ്മയ്ക്കൊപ്പം ശംഖുമുഖം ബീച്ചിൽ പോകാം. തിരമാലയിലെയും മണലിലേയും കളി കഴിഞ്ഞാൽ ഞാനും അമ്മയും ചേർന്നു ഞങ്ങളിരിക്കുന്ന ഇടവും പരിസരവും വൃത്തിയാക്കും. പലരും അലക്ഷ്യമായി വലിച്ചെറിഞ്ഞു പോകുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും ശേഖരിച്ച്, ഡസ്റ്റ് ബിന്നിലിട്ടിട്ടാണു വീട്ടിലേക്കു മടങ്ങുക. ഒരിക്കൽപ്പോലും ഈ പതിവു ഞങ്ങൾ തെറ്റിച്ചില്ല.’’ അമ്മയോർമകളിൽ സിദ്ധാർഥ് തുടർന്നു.
‘‘ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഞാൻ നാട്ടിലേക്കുള്ള ട്രെയിൻ കയറുമ്പോൾ അമ്മ ഒപ്പമുണ്ടായിരുന്നില്ല. അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്യുന്നതിനുവേണ്ടിയായിരുന്നു ആ യാത്ര. അമ്മയ്ക്കു പ്രിയപ്പെട്ട ശംഖുമുഖത്തു കർമങ്ങൾ ചെയ്തു. ബന്ധുക്കൾ പിരിഞ്ഞുപോയതിനുശേഷം കുറച്ചു നേരം ഞാനവിടെ ഇരുന്നു.
എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ ഞങ്ങളെ വിട്ടുപോയി. അമ്മയായിരുന്നു ഏക കൂട്ട്. അമ്മ കൂടിപ്പോയതോടെ ഞാൻ ഒറ്റയ്ക്കായി. വിഷമം മറക്കാനാകാം, ചെറുപ്പത്തില്‍ ചെയ്തിരുന്നതുപോലെ ഞാനവിടെ വൃത്തിയാക്കാൻ തുടങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ബിന്നിൽ നിക്ഷേപിച്ചു വീട്ടിലേക്കു മടങ്ങി. ഡൽഹിയിലേക്കു മടങ്ങുന്നതിനു മുൻപ് ഒരിക്കൽക്കൂടി ശംഖുമുഖത്തു പോകണമെന്നു തോന്നി. പക്ഷേ, അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. തലേദിവസം ഞാൻ വൃത്തിയാക്കിയിട്ട ഇടം വീണ്ടും മാലിന്യക്കൂമ്പാരമായിരിക്കുന്നു. എന്റെ ജീവിതം മാറ്റിമറിച്ചതും കാർബൺ ആൻഡ് വെയിൽസ് എന്ന സ്റ്റാർട്ട് അപ്പിന് ജീവൻ നൽകിയതും ആ കാഴ്ചയാണ്.’’
വ്യത്യസ്തം, ഈ ആശയം
‘‘കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു പരിഹാരം തേടി ഗൂഗിളിനെ സമീപിച്ചപ്പോൾ സിപെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി) കൊച്ചിയെക്കുറിച്ചറിഞ്ഞു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കൊച്ചിക്ക് ട്രെയിൻ കയറി. സിപെറ്റിൽ എനിക്കാവശ്യമായ സഹായങ്ങൾ നൽകിയത് പ്രഫ. സൂരജ് വർമ. തിരികെ പോകാൻ സമയമായപ്പോഴേക്കും കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചു. അതൊരുതരത്തിൽ ഗുണമായി. ഇവിടെ സ്റ്റക്ക് ആയ രണ്ടു മാസത്തിനുള്ളിൽ ഒരുപാടു കാര്യങ്ങൾ പഠിച്ചു. ആയിടെക്കണ്ട ഷാരുഖ് ഖാൻ ചിത്രം സ്വദേശ് എന്നെ ഇൻസ്പയർ ചെയ്തു എ ന്നു പറയാം. ജോലി രാജിവച്ച്, പൂർണമായും ഡൽഹിയോടു വിട പറഞ്ഞ്, ഞാൻ കേരളത്തിലെത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് ഫർണിച്ചർ നിർമിക്കാമെന്ന തീരുമാനത്തിലെത്തിയത് വേഗത്തിലാണ്. തുടക്കംമുതൽ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി സൂരജ് സർ ഒപ്പം നിന്നു. മനുഷ്യൻ പുറന്തള്ളുന്ന കാർബണും അതു കൺസ്യൂം ചെയ്യുന്ന തിമിംഗലവും എന്ന ചിന്തയിൽ കമ്പനിക്ക് കാർബൺ ആൻഡ് വെയിൽസ് എന്നു പേരു നൽകി. ഗവേഷണം ആരംഭിച്ചപ്പോൾ സാമ്പത്തികം ചോദ്യചിഹ്നമായി മുന്നിൽ നിന്നു. വീട്ടിലെ ഗൃഹോപകരണങ്ങളും പാത്രങ്ങളും എന്റെ നൈക്കി ഷൂസ് വരെയും വിറ്റിട്ടാണ് കാർബൺ ആൻഡ് വെയിൽസ് വളർന്നത്. ഫർണിച്ചർ നിർമാണത്തിനായി അമ്മയുടെ മോതിരം വരെ പണയം വയ്ക്കേണ്ടി വന്നു.
ഫണ്ടില്ലാതെ മുന്നോട്ടുപോകില്ലെന്ന ഘട്ടത്തിൽ കേരള സ്റ്റാർട്ട്അപ് മിഷന്റെയും കേരള ഫിനാൻസ് കോർപറേഷന്റെയും ഗ്രാന്റുകൾ സഹായമായി. ഇടപ്പള്ളിയിൽ സിഎംആർഎല്ലിൽ പൈലറ്റ് എന്ന നിലയിൽ റീസൈക്കിൾ ബെഞ്ചുകൾ സ്ഥാപിച്ചു. പിന്നാലെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിലും തിരുവനന്തപുരം ലുലു മാളിലും മറ്റ് മെട്രോ സ്‌റ്റേഷനുകളിലും കാർബൺ ആൻഡ് വെയിൽസിന്റെ റീസൈക്കിൾ ബെഞ്ചുകൾ സ്ഥാപിച്ചു. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങൾ പൊതുഇടങ്ങളിൽ കാർബൺ ആൻഡ് വെയിൽസിന്റെ ബെഞ്ചുകൾ സ്ഥാപിക്കാൻ മുന്നോട്ടു വന്നു.
തുടക്കത്തിൽ ഫർണിച്ചർ വാഹനത്തിൽ കയറ്റുന്നതു മുതൽ സ്ഥാപിക്കുന്നതുവരെ എല്ലാം ചെയ്തിരുന്നത് ഒറ്റയ്ക്കാണ്. എന്നാലിപ്പോൾ ആ യാത്രയിൽ എട്ടു പേരാണ് എനിക്കൊപ്പമുള്ളത്. നിലവിൽ സൂരജ് സർ കാർബൺ ആൻഡ് വെയിൽസ് സിടിഒയും ആണ്.
ഒറ്റയ്ക്ക് തുടങ്ങിയ യാത്രയിൽ ഇന്നെനിക്കൊപ്പം എട്ടു പേരടങ്ങുന്ന ടീമുണ്ട്. വട്ടപ്പൂജ്യം ഇന്ന് കോടികളുടെ വലിയ സംഖ്യയിലെത്തി. കേരളത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുകയാണ് ഞങ്ങളുടെ സ്വപ്നം’’ സിദ്ധാർഥ് പ്രതീക്ഷയോടെ പറയുന്നു.