ADVERTISEMENT

നൃത്തത്തെ ജീവനു തുല്യം സ്നേഹിച്ച ഒരു പെണ്‍കുട്ടി, അതുകൊണ്ടുതന്നെ അരങ്ങേറ്റ ദിവസം അവള്‍ക്ക് അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ അരങ്ങേറ്റത്തിന് വെറും 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് എട്ടുവയസ്സുകാരി വൈഗയുടെ ജീവിതത്തില്‍ ആ വലിയ തിരിച്ചടിയുണ്ടായത്. വലതുകാലിൽ വേദനയുടെ രൂപത്തില്‍ എത്തിയ 'സ്ട്രെസ് ഫ്രാക്ചർ' (Stress Fracture) എന്ന വില്ലന്‍. 

ഏറ്റവും കൂടുതല്‍ കൊതിച്ചിരുന്ന ദിവസം, എന്നിട്ടും ആ കൊച്ചുമിടുക്കിയുടെ മനസ്സ് പതറിയില്ല, ‘എന്റെ അരങ്ങേറ്റം മുടങ്ങില്ല’ എന്ന ഒരൊറ്റ വാശിയിലായിരുന്നു അവൾ. കാലിൽ വേദനയുടെ തീയുമായി, മുഖത്ത് ചിരി പടര്‍ത്തി അവള്‍ നിറഞ്ഞാടി വിധിയെ മറികടന്നു. പ്രതിസന്ധികളെ തരണം ചെയ്ത് ഭരതനാട്യത്തില്‍ അരങ്ങേറ്റം പൂർത്തിയാക്കിയ കുഞ്ഞു വൈഗ കോട്ടയം മാർ ബസേലിയസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

ADVERTISEMENT

ഒരു വർഷമായി തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന അരങ്ങേറ്റത്തിനായുള്ള തയാറെടുപ്പിലായിരുന്നു വൈഗ. അരങ്ങേറ്റത്തിന് 10 ദിവസം മുൻപാണ് കാലിൽ കടുത്ത വേദന അനുഭവപ്പെട്ടത്. എക്സ്റേ പരിശോധനയില്‍ സ്ട്രെസ് ഫ്രാക്ചർ സ്ഥിരീകരിച്ചു. 

ഡോക്ടർ പൂർണ വിശ്രമം നിർദേശിച്ചെങ്കിലും വൈഗ തയാറായില്ല. 30 കുട്ടികൾ പങ്കെടുക്കുന്ന ഗ്രൂപ്പ് പെർഫോമൻസിൽ നിന്ന് പിന്മാറിയാൽ അത് ബാക്കിയുള്ളവരെയും തന്റെ പ്രിയപ്പെട്ട ഗുരുവിനെയും ബാധിക്കുമെന്ന് അവൾ ഭയന്നു. 

ADVERTISEMENT

വേദനിച്ചിട്ടും താൽക്കാലിക ബാൻഡേജും ബ്രേസും മാത്രം അണിഞ്ഞ് അവൾ പ്രാക്ടീസ് തുടർന്നു. ഒടുവിൽ കാത്തിരുന്ന ദിവസം വന്നെത്തി. മൂന്ന് മണിക്കൂർ നീണ്ട അരങ്ങേറ്റം. കടുത്ത വേദന കടിച്ചമർത്തിയാണ് വൈഗ നൃത്തം ഭംഗിയായി പൂര്‍ത്തിയാക്കിയത്.  

പരിപാടി അവസാനിച്ച ഉടൻ അച്ഛനടുത്തേക്കു വന്ന് കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു, ‘എനിക്ക് നല്ല വേദനയുണ്ട്’. ഉടൻതന്നെ വൈഗയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ കാലിന് പ്ലാസ്റ്റർ ഇടുകയും ഒരു മാസത്തെ പൂർണ വിശ്രമം നിർദേശിക്കുകയും ചെയ്തു. ഇനി ഒരു മാസം നീളുന്ന വിശ്രമത്തിലായിരിക്കും വൈഗ. 

ADVERTISEMENT

നാലാം വയസ്സിൽ തുടങ്ങിയതാണ് വൈഗയുടെ നൃത്ത പരിശീലനം. കലാമണ്ഡലം ഭവ്യ വിജയനാണ് ഗുരു.  മറൈൻ എൻജിനീയറായ അച്ഛൻ വൈശാഖ് ശശികുമാര്‍, അമ്മ വിഷ്ണുപ്രിയ, നവോദയയിൽ പഠിക്കുന്ന പ്രണവും അഞ്ചു വയസ്സുകാരനായ അർണവുമാണ് സഹോദരങ്ങൾ. നൃത്തത്തിൽ മാത്രം ഒതുങ്ങുന്നതല്ല വൈഗയുടെ ലോകം. കളരിയും കുങ്ഫുവും അടക്കമുള്ള ആയോധനകലകളിലും സജീവമാണ് ഈ കൊച്ചുമിടുക്കി. 

How Little Vaiga Overcame a Stress Fracture to Shine on Stage:

Bharatnatyam became the ultimate test of resilience for eight-year-old Vaiga when she faced a severe stress fracture just ten days before her long-awaited dance debut. Despite doctors advising complete rest, the brave third-grade student refused to give up because she did not want to disappoint her dance teacher and fellow performers. Wearing a temporary bandage and leg brace to manage the excruciating pain, she continued her rigorous practice sessions with unwavering determination. On the day of the event, she successfully completed a three-hour performance with a bright smile masking her physical agony. Only after the show concluded did she finally break down in tears and reveal the extent of her pain to her father. Hospital examination later confirmed the injury, leading medical professionals to apply a plaster cast and mandate a month of strict rest. This incredible display of passion highlights her extraordinary dedication to classical dance and martial arts alike.

ADVERTISEMENT