ADVERTISEMENT

അക്കൗണ്ടിലുണ്ടായിരുന്ന 48,000 രൂപ നഷ്ടപ്പെട്ടു എന്ന പരാതിയുമായാണു തിരുവനന്തപുരം സ്വദേശിയായ യുവാവ് വന്നത്. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ ഏതോ ഷോപ്പിങ് വെബ്സൈറ്റിന്റെ അക്കൗണ്ടിലേക്കു തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത്ര വലിയ തുകയ്ക്ക് യുവാവ് ഒന്നും വാങ്ങിയിട്ടുമില്ല. ആരാണ് തന്റെ പണം ഉപയോഗിച്ച് ഷോപ്പിങ് നടത്തിയത് എന്നറിയണം, അതായിരുന്നു യുവാവിന്റെ ആവശ്യം.

കഴിഞ്ഞ ആറു മാസത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പരിശോധിച്ചപ്പോൾ മറ്റൊരു കാര്യം ശ്രദ്ധയിൽ പെട്ടു. ഇതേ അക്കൗണ്ടിലേക്ക് ഒരു മാസം മുൻപ് 999 രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അയാൾ സംഭവങ്ങൾ ഓർത്തെടുത്തത്.

ADVERTISEMENT

പ്രമുഖ വ്യാപാര ശൃംഖലയുടെ ആനിവഴ്സറി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് 999 രൂപയ്ക്ക് ഐഫോൺ സമ്മാനമായി നൽകുന്നു എന്ന പരസ്യം ഒരു സുഹൃത്ത് ഫോർവേഡ് ചെയ്തു നൽകിയിരുന്നു. അതിനൊപ്പമുള്ള ലിങ്കിൽ ക്ലിക് ചെയ്താൽ പേര് റജിസ്റ്റർ ചെയ്യാനുള്ള മെനുവിലേക്കാണു കടക്കുക. ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ അതിനായി നൽകണം.

ഓഫർ കെണി

ADVERTISEMENT

വിവരങ്ങൾ നൽകി ഓക്കെ അമർത്തുമ്പോൾ 999 രൂപ പേയ്മെന്റ് നടത്താനുള്ള വിൻഡോ ഓപ്പണാകും. അവിടെ എഴുതിയിരുന്നത് ഇങ്ങനെ, ‘ഈ തുക താത്കാലികമായി നിങ്ങളുടെ സമ്മാന ക്ലെയിം ഉറപ്പിക്കുന്നതിനുള്ള ടോക്കൺ മാത്രമാണ്. 45 ദിവസത്തിനു ശേഷം നടക്കുന്ന നറുക്കെടുപ്പിൽ  തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ പണം തിരികെ നൽകും. സമ്മതമാണെങ്കിൽ തുടരാം.’

അതുറപ്പിക്കാനായി ഫോണിലേക്ക് ഒരു ഒടിപി വന്നു. പിന്നെ പേയ്മെന്റ് ഓപ്ഷനിലേക്കു പോകുകയും ബാങ്കിങ് വിവരങ്ങൾ നൽകി പേയ്മെന്റ് നടത്തുകയുമായിരുന്നു. അതിനായി കാർഡിന്റെ വിവരങ്ങളും പിൻ നമ്പരും നൽകുകയും ചെയ്തു.

ADVERTISEMENT

ഇത്രയുമായപ്പോഴേക്കും കാര്യങ്ങൾ ഏതാണ്ടു പിടികിട്ടി. സുഹൃത്ത് അയച്ചു നൽകിയ ലിങ്ക് പരിശോധിച്ചപ്പോൾ അത് നിലവിൽ ആക്ടീവ് അല്ല എന്നു മനസ്സിലായി. ഓഫർ വിവരങ്ങൾ ഉറപ്പിക്കാനായി വെബ്സൈറ്റിൽ നടത്തിയ ഇടപാടുകളുടെയെല്ലാം സ്ക്രീൻഷോട് സൂക്ഷിച്ചിരുന്നെങ്കിലും അങ്ങനെയൊരു വെബ്സൈറ്റും ഇപ്പോൾ നിലവിലില്ല.

നൽകിയ വിവരങ്ങളുപയോഗിച്ച് കൂടുതൽ പണം നഷ്ടപ്പെടാതിരിക്കാൻ ബാങ്കിങ് പാസ്‌വേഡ്, പിൻ നമ്പർ എന്നിവ റീസെറ്റ് ചെയ്യിക്കുകയും വിവരം ബാങ്കിൽ അറിയിച്ച് സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള നിയമനടപടികളുമായി പോകുകയാണ് അയാൾ.

ബാങ്ക് ആപ്പിലും കെണി

അച്ഛനെയും അമ്മയെയും ഏറ്റവും ലാഭകരമായി ഉൾപ്പെടുത്താവുന്ന ലൈഫ് ഇൻഷുറൻസ് എന്ന പരസ്യം കണ്ടപ്പോഴാണ് കോട്ടയം സ്വദേശിയായ യുവതിയുടെ മനസ്സിൽ ആ ചോദ്യം ഉയർന്നത്, പരസ്യക്കാർ പറയുന്നതിലും മികച്ച മറ്റൊന്ന് ഉണ്ടെങ്കിലോ... അങ്ങനെ സമയം കിട്ടുമ്പോഴൊക്കെ പല ഇൻഷുറൻസ് പോളിസികളെ കുറിച്ചും ഗൂഗിളിൽ തിരയാൻ തുടങ്ങി.

അങ്ങനെയിരിക്കെ ഫോണിലേക്ക് ഒരു കോൾ വന്നു. പ്രമുഖ ബാങ്കിങ് കമ്പനിയുടെ സഹോദര സ്ഥാപനം എന്നു പരിചയപ്പെടുത്തിയ ഇൻഷുറൻസ് കമ്പനിയുടെ കസ്റ്റമർ സർവീസ് ഏജന്റാണു വിളിച്ചത്. കമ്പനിയുടെ ഓഫറുകൾ അറിയിക്കാനാണ് വിളിച്ചത് എന്നും ആമുഖമായി പറഞ്ഞു.

തുടരാൻ അനുമതി തേടിയ ശേഷം പേരും ഫോൺ നമ്പരും ലൊക്കേഷനും ചോദിച്ച് ഉറപ്പാക്കി. പിന്നാലെ വിവിധ ഇൻഷുറൻസ് പോളിസികളെ കുറിച്ചും അവ ഉറപ്പാക്കുന്ന സേവനങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു.

എല്ലാ സംശയങ്ങൾക്കും കൃത്യമായി മറുപടി നൽകിയെന്നു മാത്രമല്ല, വിശദാംശങ്ങൾ അയച്ചു നൽകാമെന്ന ഉറപ്പു കൂടി നൽകിയാണ് കോൾ അവസാനിപ്പിച്ചത്.

cybersafetycolumnvanithadhanyamenononfakebankingappsandprizescam2

ചോദിച്ചു വാങ്ങിയ കെണി

തൊട്ടു പിന്നാലെ തന്നെ വാട്സ് ആപ്പിലേക്ക് ഒരു പിഡിഎഫും അതു വായിച്ചു ബോധ്യപ്പെട്ട ശേഷം താത്പര്യം അറിയിക്കാനുള്ള മെസേജും ലഭിച്ചു. കസ്റ്റമർ കെയർ എക്സിക്യുട്ടീവ് പറഞ്ഞതിനെക്കാൾ വിശദമായി വിവരങ്ങളടങ്ങിയ ഫയൽ പരിശോധിച്ചു ബോധ്യപ്പെട്ടു താത്പര്യമറിയിക്കാൻ യുവതിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല എന്നതാണു സത്യം.

തൊട്ടുപിന്നാലെ വീണ്ടും എക്സിക്യുട്ടീവിന്റെ വിളിയെത്തി. തുടർ നടപടികൾക്കുള്ള റജിസ്ട്രേഷനു വേണ്ടി അവരുടെ ബാങ്കിങ് ആപ് ഇൻസ്റ്റാൾ ചെയ്യണമെന്നും അതിനുള്ള ലിങ്ക് അയച്ചിട്ടുണ്ടെന്നും പറഞ്ഞു.

ലിങ്കിൽ ക്ലിക് ചെയ്ത് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. എക്സിക്യുട്ടീവിന്റെ നിർദേശപ്രകാരം തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാക്കുകയും ആദ്യ പേയ്മെന്റ് നടത്തുകയും ചെയ്തു.

ഇൻഷുറൻസ് നടപടികൾ പ്രോസസ്സിങ് ആണെന്നും പൂർത്തിയായാൽ ഉടൻ ഡോക്യുമെന്റ്സ് അയയ്ക്കാമെന്നും ഉടൻ മെസേജ് എത്തി. ഇതിനായി 48 മണിക്കൂർ വരെ എടുക്കുമെന്നും.
പക്ഷേ, അത്രയും കാത്തിരിക്കേണ്ടി വന്നില്ല എന്നതാണു യാഥാർഥ്യം. ഒരു മണിക്കൂർ തികയും മുൻപ് അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപ കുറഞ്ഞതായി മെസേജ് എത്തി.

തിരിച്ചറിയാം അപകടം

കസ്റ്റമർ കെയർ എക്സിക്യുട്ടീവിനെ വിളിച്ചപ്പോൾ നമ്പർ സ്വിച്ച്ഡ് ഓഫ്. വാട്സാപ്പിൽ മെസേജ് അയച്ചെങ്കിലും ഒന്നും ഡെലിവേഡ് ആകുന്നില്ല. അപകടം മണത്തയുടനേ ബാങ്കിലെത്തി തുടർ ഇടപാടുകളെല്ലാം ബ്ലോക് ചെയ്തു. അക്കൗണ്ടിൽ ബാക്കിയുള്ള പണം അമ്മയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.

ബാങ്കിനോടു പരാതിപ്പെട്ടപ്പോൾ ഒടിപി നൽകിയ ഇടപാടാണ് എന്നു കാണിക്കുന്നതിനാൽ ഒന്നും ചെയ്യാനാകില്ല എന്നായിരുന്നു മറുപടി. നിയമനടപടിയുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് അവർ ഞങ്ങളുടെ അടുത്തുമെത്തിയത്.

വിവരങ്ങൾ കേട്ടപാടേ ഒരു കാര്യം ഉറപ്പായി, യുവതിയുടെ ഗൂഗിൾ സെർച് ഹിസ്റ്ററി നിരീക്ഷിച്ച തട്ടിപ്പുകാരാണ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ചമഞ്ഞു വിളിച്ചതും പണം തട്ടിയതും. അതിനായി അവർ ശേഖരിച്ച വിവരങ്ങളെല്ലാം ബുദ്ധിപൂർവം ഉപയോഗിക്കുകയും യുവതിയുടെ വിശ്വസ്തത  നേടിയെടുക്കുകയും ചെയ്തു.

അവർ അയച്ചു നൽകിയ ആപ്ലിക്കേഷൻ വ്യാജമായിരുന്നു എന്നു മാത്രമല്ല അതു ഫോണിലേക്കു നുഴഞ്ഞെത്താനുള്ള പാലവുമായിരുന്നു. അവരെ കണ്ണടച്ചു വിശ്വസിച്ചതാണ് യുവതിയുടെ പണം നഷ്ടപ്പെടാൻ കാരണം.

സൈബർ സേഫ്റ്റി ടിപ്സ്

∙ പ്രമുഖ ബാങ്കുകളുടെ സഹസ്ഥാപനം എന്ന മട്ടിൽ തട്ടിപ്പു നടത്തുന്ന വ്യാജ ബാങ്കിങ് ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഉണ്ടെന്ന് ഇന്ത്യയുടെ സൈബർ ക്രൈം ഏജൻസിയായ 14C കണ്ടെത്തിയിട്ടുണ്ട്. അത്തരം അമ്പതിലധികം വെബ്സൈറ്റുകളും ഡാറ്റാബേസുകളുമാണ് ഓഗസ്റ്റ് വരെയുള്ള കണക്കിൽ ഉള്ളത്.

∙ ക്രെഡിറ്റ് കാർഡ് അപ്ഡേറ്റ്, റിവാർഡ് പോയിന്റ്, ബാങ്കിങ് അപ്ഡേറ്റുകൾ, സർക്കാര്‍ പദ്ധതികൾ ലഭ്യകാനുള്ള അവസരം തുടങ്ങി വിവിധ മെസേജുകളിലൂടെ നിങ്ങളുടെ ക്ലിക്കിനായി ‘ചൂണ്ട’യിടാം. അതിൽ കുരുങ്ങിയാൽ വ്യാജ വെബ്സൈറ്റുകളിലേക്കും വ്യാജ ആപ്ലിക്കേഷനുകളിലേക്കുമാണ് എത്തിപ്പെടുക.

∙ ബാങ്കിങ് വിവരങ്ങൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ കൈക്കലാക്കി തട്ടിപ്പ് നടത്തുന്നതാണു രീതി.

∙ ഒരു ബാങ്കും APK ലിങ്കുകൾ വഴി അവരുടെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടില്ല. അതുകൊണ്ടു തന്നെ മെസേജായി വരുന്ന ലിങ്കുകളിൽ ക്ലിക് ചെയ്ത് ഒരു ആപ്ലിക്കേഷനും ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.

∙ റിവാർഡ്, അക്കൗണ്ട് അപ്ഡേറ്റ് എന്നിവയുണ്ടോ എന്ന് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമോ നേരിട്ടു ബാങ്കിൽ ചെന്നോ ഓഫർ നേടാം.

Essential Cyber Safety Tips to Protect Your Bank Account:

Cyberfraud has become increasingly sophisticated, targeting unsuspecting citizens through fake shopping offers and insurance scams. A Thiruvananthapuram native lost 48,000 rupees after clicking on a fake link promising an iPhone for 999 rupees. Similarly, a Kottayam woman lost four lakh rupees after downloading a malicious banking app suggested by fraudulent insurance agents who monitored her search history. These cybercriminals utilize phishing links, fake customer service calls, and malicious APK files to steal sensitive financial information and OTPs. Victims often realize the trap only after receiving unauthorized debit notifications from their bank accounts. Security agencies urge the public never to click on unverified links or install applications from unknown sources. Vigilance, caution, and immediate reporting to authorities remain the best defense against evolving digital financial crimes.

ADVERTISEMENT