ADVERTISEMENT

ഒരു ഡോക്ടറുടെ കൺസൾട്ടിങ് റൂം രോഗം നിർണിയിക്കാനും മരുന്നു കുറിക്കാനുമുള്ള ഇടം മാത്രമല്ല,ജീവിതാനുഭവങ്ങളുടെ ഒരു പാഠശാല കൂടിയാണത്.സമൂഹത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായാണ് ഓരോ മനുഷ്യരും അവിടേക്കെത്തുന്നത്.ആ മുറിയിൽ താൻ കണ്ടതും അറിഞ്ഞതുമായ ബോധ്യങ്ങൾ പ്രശസ്ത ഭിക്ഷഗ്വരൻ ഡോ.ടി.പി.മെഹറൂഫ് രാജ് അടയാളപ്പെടുത്തുന്ന പംക്തി - ‘ഹൃദയമാപിനി’



ADVERTISEMENT

അധ്യായം – 4

*

ADVERTISEMENT


ഒരു പതിനേഴുകാരനും അമ്മയുമാണ് മുന്നില്‍. അയാള്‍ പ്ലസ്ടുക്കാരന്‍. അമ്മ വിദ്യാസമ്പന്നയായ ഉദ്യോഗസ്ഥയും.
മകനാണ് രോഗി. എപ്പോഴും അസുഖബാധിതൻ. മിക്കവാറും പനി, ചുമ, ജലദോഷം, തൊണ്ടവേദന, അല്ലെങ്കിൽ അകാരണമായ ക്ഷീണം അങ്ങനെയങ്ങനെ. ഈ മാസത്തെ മൂന്നാമത്തെ പനിബാധയുമായാണ് വരവ്. പലപ്പോഴും ക്ലാസ്സില്‍ പോകാനും, പഠനത്തിലുമൊക്കെ തടസ്സങ്ങളായി മാറിയിരിക്കുന്നു, ഇടക്കിടെ വരുന്ന അസുഖങ്ങള്‍.


ഇതെല്ലാം അമ്മ വളരെ ഉൽക്കണ്ഠയോടെ വിവരിക്കുകയാണ്. അവരുടെ ആശങ്ക കുറച്ചൊന്നുമല്ല. ഓരോ തവണയും ഓരോ ഡോക്ടര്‍മാരെ സമീപിക്കുന്നു. അവരൊക്കെ റുട്ടീന്‍ ടെസ്റ്റുകളടക്കം പലതും ചെയ്യുന്നുണ്ട്. എല്ലാ പരിശോധനയും നോര്‍മലാണ് മിക്കപ്പോഴും. പലയിടത്തു നിന്നും വിവിധ ആന്‍റിബയോട്ടിക് കോഴ്‌സുകളും എടുത്തിട്ടുമുണ്ട്. വീണ്ടും വീണ്ടും തുടരെത്തുടരെ പനിയടക്കം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അമ്മക്കും അച്ഛനും വല്യച്ഛനുമൊക്കെ ആധി കയറുന്നു.
അതീവശ്രദ്ധയോടെയുള്ള അമ്മയുടെ അതിവിശദവിവരണങ്ങൾ നടക്കുമ്പോള്‍ പക്ഷെ, പതിനേഴുകാരന്‍ നിശ്ശബ്ദനാണ്. അയാളുടെ മുഖത്തുമുണ്ട് ആകാംക്ഷ, അസ്വസ്ഥത.

ADVERTISEMENT

ഏകദേശം വളരെ നോര്‍മല്‍ ആയ ഗര്‍ഭകാല, പ്രസവ, പ്രസവാനന്തരകാല വളര്‍ച്ച, കുത്തിവെപ്പുകളും വാക്‌സിനുകളും ഡെവലപ്പ്‌മെന്‍റല്‍ മൈല്‍സ്റ്റോണുകളുമൊക്കെ നോര്‍മല്‍ തന്നെ. കൗമാരത്തിലെത്തിയപ്പോഴാണ് പ്രതിസന്ധികള്‍.
ഏതായാലും ഹിസ്റ്ററി എടുത്തശേഷം വിശദമായ ശാരീരിക പരിശോധനകള്‍ കഴിഞ്ഞു. കൊണ്ടുവന്ന ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകളുടെ ഫയലുകള്‍ പരിശോധനയും നടത്തി. ഒന്നും കാര്യമായി തടയുന്നില്ല. ഇടക്കിടെ അമ്മ ചിലതൊക്കെ കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കിലും പയ്യന്‍ ഒന്നും ഉരിയാടുന്നില്ല. അമ്മയുടെ മുഖത്ത് സ്വാഭാവികമായും വലിയ വലിഞ്ഞു മുറുകലുണ്ട്. ഈ സമയമൊക്കെ വീണ്ടും വീണ്ടും ഒളികണ്ണിട്ട് അയാളെ നിരീക്ഷിക്കുകയായിരുന്നു. പതിനേഴുകാരന്‍റെ മുഖം പലതും വിളിച്ച് പറയുന്നില്ലേ ? എന്നൊരു സംശയം.


അയാള്‍ക്ക് കുറച്ച് വിഷാദമുണ്ട്. അൽപ്പം ആത്മവിശ്വാസക്കുറവും, കുറച്ച് ആശയക്കുഴപ്പങ്ങളുമൊക്കെക്കൂടെയുള്ള ഒരു സങ്കരഭാവമാണവിടെ. തുടക്കം മുതലേയുള്ള ചില തോന്നലുകൾ ദൃഢപ്പെടുകയാണ്. പെട്ടെന്ന്‌ തോന്നിയത്, ‘‘ഇയാള്‍ വളരെ ഓവര്‍ പ്രൊട്ടക്റ്റഡ് ആയി വളരുന്ന കുട്ടിയാണോ ?’’ എന്ന് ചോദിക്കാനാണ്.


ഒട്ടൊരു പതിഞ്ഞചിരിയോടെ അമ്മ, അതെയെന്ന് തലയാട്ടുന്നു. അവര്‍ക്കൊരു കുട്ടി മാത്രമാണ്. അച്ഛനുമമ്മയും ജോലിക്കാര്‍. അധ്യാപകനായ അച്ഛനാണെങ്കിൽ അയാളുടെ മാതാപിതാക്കളുടെ ഒരേയൊരു മകന്‍. മുത്തച്ഛൻ കേന്ദ്രഗവണ്‍മെൻറ് ജീവനക്കാരന്‍. വിദ്യാസമ്പന്നരായ രക്ഷാകര്‍ത്താക്കള്‍ കുട്ടിയെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കാന്‍ മാനസികമായി കുറെ മുന്നൊരുക്കങ്ങള്‍ നടത്തിയവരാണ്. അതിനവര്‍ അനുഷ്ഠിച്ചത് കുട്ടിയെ അമിതമായ സംരക്ഷണവും നിയന്ത്രണവുമുള്ള അന്തരീക്ഷത്തിൽ വളര്‍ത്തുക എന്നത് തന്നെ. കുട്ടിക്ക് ഉറച്ച സൗഹൃദങ്ങള്‍ ഇല്ല. അതും മാതാപിതാക്കള്‍, വിശിഷ്യ അമ്മ തിരഞ്ഞെടുക്കുന്നവർ മാത്രം. സ്‌പോര്‍ട്‌സ്, മറ്റു പുറം വിനോദങ്ങള്‍ അന്യം. വെക്കേഷനിൽ ബന്ധുവീടുകളില്‍ പോയി താമസിക്കുക പോലെയുള്ള സന്ദര്‍ഭങ്ങളുമില്ല .
എല്ലാകാര്യങ്ങളും അമ്മയുമച്ഛനും ചെയ്തു കൊടുക്കുന്നു. പഠിച്ചു ഉന്നതിയിലെത്താൻ വേണ്ട എല്ലാ കംഫര്‍ട്ടുകളും നല്‍കി അയാളുടെ ജീവിതത്തെ അവര്‍ ‘മിനുക്കി’ യെടുക്കുകയാണ്. കുട്ടിക്കുവേണ്ടി ചിന്തിക്കുന്നത് പോലും അച്ഛനമ്മമാർ, പ്രത്യേകിച്ചും അമ്മ. ആയാളുടെ ഉള്ളം ബോൺസായ് പോലെ ശൈശവ ദശയിൽ തന്നെ നിൽക്കുകയാണ്. ശരീരം മാത്രമാണ് വളർന്നത്.
സമൂഹത്തെ സ്വന്തം കണ്ണുകളിലൂടെ കാണാനും ജീവിതത്തെ സ്വയം അനുഭവിക്കാനും അനുവദിക്കപ്പെടാത്ത കൗമാരക്കാരൻ. വളരുന്തോളും ആ മനസ്സുകളിലെ അസ്തിത്വ പ്രതിസന്ധികളോട് ആരോഗ്യകരമായി സംവദിക്കാനും, അതിജീവിക്കാനുമുള്ള സ്വത്വം രൂപപ്പെടുത്താനാവാതെ അയാള്‍ ഉഴലുകയാണ്. ആ മനസ്സില്‍ വിവിധ നിറങ്ങള്‍ക്കു പകരം കുറെ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങള്‍ മാത്രമാണെന്ന് തോന്നുന്നു. അകമ്പടിയായി മാതാപിതാക്കളുമായി പങ്കുവെക്കാനാകാത്ത കുറെ മൗനനൊമ്പരങ്ങളും. അവയൊക്കെ അയാളുടെ മുഖത്തുണ്ട്.



കഠിനമായ ആത്മവിശ്വാസക്കുറവിനോടൊപ്പം.
മറ്റു ഗൗരവമേറിയ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത പതിനേഴുകാരന് സ്വാഭാവികമായി രൂപപ്പെട്ടുകിട്ടേണ്ട രോഗപ്രതിരോധശേഷി ആര്‍ജ്ജിക്കാനായിട്ടില്ല എന്നതാണ് സത്യം.
അതിന് അനുഗുണമായ ആരോഗ്യമുള്ളൊരു മനസ്സും അനിവാര്യമാണ്. ഇമ്യൂണിറ്റി കുറഞ്ഞ അയാള്‍ക്ക് ക്ലാസ്സില്‍ ചെല്ലുമ്പോള്‍ പെട്ടെന്ന് പെട്ടെന്ന് ക്രോസ്സ് ഇന്‍ഫെക്ഷന്‍ കിട്ടുകയാണ് എന്നതാണ് സത്യം. ഇവിടെ ചികിത്സ കുട്ടിക്കല്ല, അമ്മയ്ക്കുമച്ഛനുമാണ് വേണ്ടത്.
ഹെലികോപ്റ്റര്‍ പാരന്‍റിംഗ് (Helicopter Parenting ) എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രക്ഷാകര്‍തൃത്വമാണിവിടത്തെ വില്ലന്‍. കുട്ടിയുടെ തലക്കുചുറ്റും എപ്പോഴും ജാഗ്രതയേറിയ കണ്ണുകളോടെ ചുറ്റി നടക്കുന്ന രക്ഷാകര്‍ത്താക്കള്‍. പാരന്‍റിങ് പഠിപ്പിക്കാന്‍ നമ്മുടെ നാട്ടില്‍ പ്രത്യേക പാഠശാലകളില്ല. അത് മുതിര്‍ന്നവരില്‍ നിന്നും സമൂഹത്തില്‍ നിന്നുമൊക്കെ ആര്‍ജ്ജിക്കേണ്ടതാണ്.
‘ഏകശിലാ’ ശൈലിയിൽ, ഏകമാനമായി വളർത്തപ്പെട്ട കുട്ടിയുടെ അച്ഛന്‍ ഇവിടെ ‘ഹെലികോപ്റ്റര്‍ പാരന്‍റിംഗിന്’ വലിയ സംഭാവനചെയ്തിട്ടുണ്ടെന്ന് പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ തോന്നി. നമ്മുടെ ഡിജിറ്റല്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘ബാന്‍ഡ് വിഡ്ത്ത്’ കുറഞ്ഞ ഒരു വിദ്യാസമ്പന്നന്‍ അഥവാ ചിന്താശേഷിക്ക് പരിധിയുള്ളയാൾ.
പലപ്പോഴും നമ്മുടെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ കണ്ണില്‍ തടയുന്നതാണിത്തരം ‘വളര്‍ത്തുദോഷങ്ങൾ’.
അമ്മക്കും മകനും കൗൺസലിങ് നൽകുകയും നല്ല ഉറക്കം, വ്യായാമം, പോഷകാഹാരം അടക്കം രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള നിദ്ദേശങ്ങൾ നൽകുകയുമല്ലാതെ ഇക്കാര്യത്തിൽ മറ്റെന്തു ചെയ്യാൻ...?

The Hidden Truth Behind a Teenager's Frequent Illnesses:

Doctor visits often reveal much more than mere physical ailments, exposing deep societal and psychological realities. This particular case involves a seventeen-year-old boy suffering from frequent illnesses due to overprotection. His mother expressed immense anxiety over his recurring fever, cold, and fatigue. Despite multiple medical checkups and antibiotics, his condition kept worsening without any organic disease. The underlying cause was traced back to helicopter parenting, which stunted his psychological growth. Without exposure to the outside world, his immunity and confidence severely deteriorated. Ultimately, treating the parents through counseling proved more effective than prescribing medicines to the boy.

ADVERTISEMENT