മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ആറാം ക്ലാസുകാരൻ ആദിത്യന്റെ കൃഷി വിശേഷങ്ങൾ.
ആദിത്യന്റെ സ്വപ്നങ്ങളിൽ റേസിങ് കാറുകളും വിഡിയോ ഗെയിമുകളുമില്ല. കൃഷിയിലെ അറിവിന്റെ പുതുനാമ്പുകളാണ് ഈ ആറാം ക്ലാസുകാരന്റെ മനസ്സു നിറയെ.
ചേർത്തല അരീപ്പറമ്പിലുള്ള തകര ഷീറ്റ് കൊണ്ടു കെട്ടിമേഞ്ഞ ഒറ്റമുറി വീട്ടിലേക്കു ചെന്നാൽ ആദിത്യന്റെ സ്വപ്ന ലോകം കാണാം.
40 സെന്റ് ഭൂമിയിൽ, നടക്കാനുള്ള വഴി മാത്രം ഒഴിച്ചിട്ട് ബാക്കി സ്ഥലത്താകെ പാവലും പടവലവും പീച്ചിലും കാച്ചിലും ചേമ്പും ചേനയും വാഴയും വഴുതനയും തലയാട്ടി നിൽക്കുന്നു. അതിനിടയിൽ പശുവും ആടും കോഴിയും താറാവും മുയലും മീനും കഴിഞ്ഞു കൂടുന്നു.
ഈ വർഷത്തെ മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാന പുരസ്കാരം കെ. എ. ആദിത്യൻ എന്ന കൊച്ചു മിടുക്കനു നേടിക്കൊടുത്തത് അംഗീകാരത്തിന്റെ തിളക്കം മാത്രമല്ല, കയറിക്കിടക്കാനൊരു നല്ല വീട് കൂടിയാണ്.
വീടില്ലാത്ത ആദിത്യന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വീടു വച്ചു നൽകുമെന്നു കൃഷിമന്ത്രി ടി. സിദ്ധിഖ് പുരസ്കാര ദാനത്തിനൊപ്പം പ്രഖ്യാപിച്ചിരുന്നു. കുട്ടിക്കർഷകനെ പുരസ്കാര ചടങ്ങിനിടെ അദ്ദേഹം കൈകളിൽ കോരിയെടുത്തു.
മന്ത്രി ടി. സിദ്ധിഖും കെ. സി. വേണുഗോപാൽ എംപിയും ചേർന്നാണു വീടിനു തറക്കല്ലിടൽ നിർവഹിച്ചത്. ആറു മാസത്തിനുള്ളിൽ ആദിത്യനു വീടൊരുങ്ങും. ഭാവിയിൽ ആരാകണം എന്നു ചോദിച്ചാൽ ആദിത്യൻ പറയും.
‘‘ബിഎസ്‌സി അഗ്രിക്കൾച്ചർ പഠിക്കണം. കൃഷിയിൽ ഗവേഷണം നടത്തണം. ഒപ്പം നല്ല കർഷകനുമായിരിക്കും ഞാൻ.’’
പച്ചക്കറി കളിപ്പാട്ടങ്ങളുള്ള കുട്ടി
സജിത പി. വിയുടെയും കെ. പി. അജയന്റെയും ഒറ്റ മകനാണ് ആദിത്യൻ. ‘‘അജയനു കൃഷിയോടായിരുന്നു ഇഷ്ടം. ആദിത്യൻ കുഞ്ഞായിരുന്നപ്പോൾ അജയൻ അവനു കളിക്കൂട്ടുകാരായി നൽകിയതു മുയൽക്കുഞ്ഞുങ്ങളെയും കോഴിക്കുഞ്ഞുങ്ങളെയുമായിരുന്നു. പന്തിനും പാവയ്ക്കും പകരം മത്തനും കുമ്പളവും വെണ്ടയ്ക്കയും വഴുതനയുമായിരുന്നു കളിപ്പാട്ടങ്ങൾ. ആദിത്യനു കൃഷിയോടു താത്പര്യം വളർത്തിയെടുക്കണം എന്നു കരുതി ചെയ്തതൊന്നുമല്ല.
വീട്ടിലെ മുതിർന്നവർ കുഞ്ഞിനെ മണ്ണിൽ കളിക്കാൻ വിടരുതെന്നു വിലക്കുമ്പോൾ ‘ അവൻ മണ്ണിൽ കളിച്ചു വളരട്ടേ...’ എന്നാണ് അജയൻ പറഞ്ഞിരുന്നത്.’’ ആദിത്യന്റെ അ മ്മ സജിത പറയുന്നു.
‘‘കുഞ്ഞായിരിക്കുമ്പോൾ മുതൽ ആദിത്യൻ എന്നോടൊപ്പം പറമ്പിലേക്ക് ഇറങ്ങുമായിരുന്നു. താമസിയാതെ താത്പര്യത്തോടെ ജോലികളിലും ഒപ്പം കൂടി. അത് എന്നെയും സജിതയെയും അതിശയിപ്പിച്ചു. പിന്നീട് 40 സെന്റ് സ്ഥലം വാങ്ങി കുടുംബ വീട്ടിൽ നിന്നു മാറി. വാങ്ങിയ സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലും നെൽക്കൃഷിയടക്കം ചെയ്തു തുടങ്ങി. ഇത്രയധികം പച്ചക്കറികളും പശുവും കോഴിയുമൊക്കെ വന്നത് ആദിത്യന്റെ ഇഷ്ടങ്ങളായാണ്.
ഞാൻ അവനെയും കൊണ്ടു കൃഷിഭവനിൽ പോകുമ്പോൾ അവർ മിഠായിയും വിത്തുകളുടെ പാക്കറ്റും നീട്ടും. അവൻ വിത്തുകളുടെ പാക്കറ്റ് മതിയെന്നു പറയുമ്പോൾ അവർ സ്നേഹപൂർവം രണ്ടും നൽകും. അഞ്ചു വയസ്സായപ്പോൾ തന്നെ വിത്തു മുളപ്പിക്കാനും നടാനും വളം തയാറാക്കാനും കിളയ്ക്കാനുമൊക്കെ പഠിച്ചു. ഓരോ കാലാവസ്ഥയിലും എന്തു കൃഷി ചെയ്യണമെന്നൊക്കെ നന്നായി അറിയാം. ഓണക്കാലത്തോട് അടുത്താൽ പൂക്കൃഷിയും ചെയ്യാറുണ്ട്.
ഏറെ കഷ്ടപ്പെട്ടാണു ഞങ്ങൾ ഈ സ്ഥലം വാങ്ങിയത്. വീടു വയ്ക്കാൻ സാമ്പത്തിക പരാധീനത മൂലം കഴിഞ്ഞില്ല. റൂഫിങ് ഷീറ്റ് വാങ്ങി വീട് കെട്ടിയുണ്ടാക്കുകയായിരുന്നു. കൃഷിയിലൂടെ ജീവിക്കാനുള്ള വരുമാനം ലഭിക്കും. നല്ല ആഹാരം കഴിക്കാം, പിന്നെ, ആരു വീട്ടിൽ വന്നാലും എന്തെങ്കിലുമൊരു പച്ചക്കറി കൊടുത്തുവിടാം. അതൊക്കെയാണു സന്തോഷങ്ങൾ.’’ അജയൻ പറയുന്നു.
ആദിത്യന്റെ ദിനങ്ങൾ
പേര് അന്വർഥമാക്കും വിധം ഉദയ സൂര്യനൊപ്പം ഉണരുന്ന കുട്ടിയാണ് ആദിത്യൻ. എഴുന്നേറ്റാൽ ആദ്യം ചെയ്യുക കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്. ചെടികളിലാരെങ്കിലും വാടിപ്പോയോ, ക്ഷീണിച്ചിട്ടുണ്ടോ, പുഴുക്കുത്തു വരുന്നുണ്ടോ, പരാതികളെന്തെങ്കിലുമുണ്ടോ... എന്നൊക്കെ നോക്കും. കോഴിയോടും താറാവിനോടും മുയൽകുട്ടന്മാരോടും കുശലം ചോദിക്കും. കൃഷി നോട്ടം കഴിഞ്ഞാൽ പച്ചക്കറികൾക്കു വെള്ളമൊഴിക്കും. രാവിലെ അഞ്ചു മണി മുതൽ ആറര വരെയുള്ള ആദിത്യന്റെ ദിനചര്യകൾ ഇതാണ്.
‘‘എന്റെ സ്കൂൾ വീടിന് അടുത്താണ്. ഗവൺമെന്റ് സിഎസ്ജി ഹയർസെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. അതിനടുത്തു കായിക എന്നൊരു സ്പോർട്സ് ക്ലബ് ഉ ണ്ട്. ആറരയ്ക്കു കായികയിൽ വോളിബോൾ പ്രാക്റ്റീസിനു പോകും. ഒരു മണിക്കൂർ കളിക്കും. ആലപ്പുഴ മിനി ചാംപ്യൻഷിപ്പിലൊക്കെ ഞാൻ കളിച്ചിട്ടുണ്ട്. കളി കഴിഞ്ഞെത്തിയാൽ കുളിച്ചു സ്കൂളിൽ പോകും. വൈകുന്നേരം തിരിച്ചെത്തിയാൽ രാത്രി ഏഴര മണി വരെ വീണ്ടും കൃഷിപ്പണി. ഏഴര മുതൽ എട്ടര വരെ പഠനം. ഒരു മണിക്കൂർ ഇന്റർനെറ്റിലെ കൃഷി അറിവുകൾ കണ്ടും കേട്ടും മനസ്സിലാക്കൽ. പിന്നെ, ഞങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പച്ചക്കറികൾ കൊണ്ടു തയാറാക്കിയ കറികളും കൂട്ടി ഊണു കഴിച്ച് ഉറങ്ങും.
വിളവെടുപ്പായാൽ ഞങ്ങളുെട വീടിനു മുന്നിലെ റോഡരികിൽ ട്രേ നിരത്തി പച്ചക്കറി കച്ചവടം ചെയ്യും. ചന്തയിലേക്ക് കൊടുക്കേണ്ടി വരാറില്ല. നാട്ടുകാരിൽ പലരും പച്ചക്കറി വാങ്ങാൻ വീട്ടിലേക്കെത്തുകയാണ് പതിവ്.’’ ആദിത്യനു കൃഷിപ്പണി ചെയ്യാൻ മാത്രമല്ല കൃഷിയെക്കുറിച്ചു പറയാനും ആവേശമാണ്.
‘‘കണക്കാണ് ആദിത്യന്റെ പ്രിയപ്പെട്ട വിഷയം.ക്ലാസി ൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് ഉണ്ട്. സ്കൂളിലെ കൃ ഷികാര്യങ്ങളിലും മുൻപന്തിയിലുണ്ട്. കൃഷി ഭവനിലെ സെമിനാറുകൾക്കെല്ലാം പോകും. അങ്ങനെയാണു പലതരം കൃഷിരീതികളെക്കുറിച്ച് അവൻ മനസ്സിലാക്കിയത്.’’ സ ജിത പറയുന്നു.
‘‘ തുത്തുരു എന്നൊരു ആട്ടിൻ കുട്ടിയുണ്ട് എനിക്ക്. തുള്ളിച്ചാടിയുള്ള നടത്തം കണ്ടപ്പോൾ അങ്ങനെ പേരിടാനാണ് തോന്നിയത്. ഇപ്പോൾ ആറുമാസം പ്രായമായി.’’ ആദിത്യന്റെ സന്തത സഹചാരിയാണു തുത്തുരു. പിന്നെ, ആ രോമൽ എന്നു പേരുള്ള വാള മീൻ, കല്യാണിയെന്നും കൃഷ്ണയെന്നും പേരുള്ള പശുക്കൾ, രണ്ടു പട്ടിക്കുട്ടന്മാർ, ദിഗംബരൻ എന്ന പൂവൻ കോഴി അങ്ങനെ ഒരുപാടു പ്രിയപ്പെട്ടവരുണ്ട് ആദിത്യന്.
മഴക്കാലമാകുമ്പോൾ വീടിനു ചേർന്നുള്ള നെൽപ്പാടത്തു വെള്ളം നിറയും. അപ്പോൾ പാടത്തേക്ക് ഇറങ്ങാൻ ഒ രു കുഞ്ഞുചങ്ങാടമുണ്ട് ആദിത്യന്. ‘‘അച്ഛനും ഞാനും ചേർന്നാണു ചങ്ങാടം ഉണ്ടാക്കിയത്. അതിൽ തുഴയാൻ എനിക്കൊരുപാട് ഇഷ്ടമാണ്.’’
പുരസ്കാരത്തിളക്കത്തിലേക്ക്
‘‘മോന്റെ കൃഷിയോടുള്ള ഇഷ്ടം കണ്ടാണു വിദ്യാർഥി ക ർഷകനുള്ള അവാർഡിന് അപേക്ഷ കൊടുത്തത്. കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ’’ സജിത പറയുന്നു.
‘‘പുരസ്കാരങ്ങൾ വീട്ടിലെ പലക തട്ടിയിലാണ് ഇ പ്പോൾ വച്ചിരിക്കുന്നത്. വീട് പണി പൂർത്തിയായാൽ എല്ലാം ഭംഗിയായി അടുക്കി വയ്ക്കണം...’’ ഇതുപറഞ്ഞ് ആദിത്യൻ പ്രതീക്ഷയോടെ ചിരിക്കുന്നു.