ഡോ. സണ്ണി ജോലി ചെയ്യുന്ന മാനസികാരോഗ്യ കേന്ദ്രത്തിലെ പകൽ. പതിവു പോലെ ആ ‘സ്റ്റേഷൻ മാസ്റ്റർ’ പച്ച ക്കൊടിയെന്ന ധാരണയിൽ വാഴയില വീശിക്കാണിക്കുന്നുണ്ട്. അതു കണ്ടു തോളിൽ കൈവച്ച് ഒരു കൂട്ടം ആളുകൾ ട്രെയിൻ പോലെ ഒാടുന്നുണ്ട്. അശോകന്റെ കഥാപാത്രം ഏതോ വിരഹഗാനം പാടിത്തുടങ്ങിയിട്ടുണ്ട്.
അപ്പോഴാണ് ആ അംബാസഡർ കാർ ആശുപത്രിയുടെ പോർട്ടിക്കോയിൽ വന്നു നിന്നത്. മുൻസീറ്റിൽ നിന്ന് ഡോ. സണ്ണി ഇറങ്ങി. പുറകിലെ വാതിൽ തുറന്ന് രേഷ്മ ഇറങ്ങും മുൻപ് ‘എന്റെ ശാലിനി വന്നൂ’ എന്നു പറഞ്ഞ് ഒാടിയെത്തുന്ന വിരഹിയായ ആ ചെറുപ്പക്കാരൻ, അയാളെ പൊതിയുന്ന മറ്റ് അന്തേവാസികൾ. ഒാർമകൾ പോലും മാഞ്ഞു പോയ ഒരു കൂട്ടം പേരിൽ ഒരാളായി അന്നു മുതൽ രേഷ്മയും മാറുന്നു.
ശൂന്യവേദികയിൽ കണ്ടു നിൻ നിഴൽ ചന്തം
കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം
ഏകനായ് നീ, പോയതെവിടെ
ഒാർമ പോലും മാഞ്ഞുപോകുവതെന്തേ...
ഉള്ളടക്കമെന്ന സിനിമയിൽ ഒാർമയുടെ ഒറ്റത്തൂവൽ ബാക്കിയാക്കി പോയവരുടെ വിങ്ങലുണ്ട്. ‘‘ അമലയും രേഷ്മ എന്ന കഥാപാത്രത്തെ പോലെ മൗനത്തിലേക്കു പോവാറുണ്ടായിരുന്നു. ’’ കമൽ ഒാർമിക്കുന്നു.
അതുവരെ സംവിധാനം ചെയ്ത സിനിമകളിൽ നിന്ന് വേറിട്ടു നിന്ന വിഷയമായിരുന്നു ഉള്ളടക്കത്തിലേത്. സൈക്കോളജിസ്റ്റിന്റെ വേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ചതും ഉള്ളടക്കത്തിലാണ്. തൊട്ടു മുൻപ് ഞാൻ സംവിധാനം ചെയ്തത് മോഹൻലാൽ തന്നെ നായകനായ വിഷ്ണു ലോകമായിരുന്നു. ആ സിനിമ കുഴപ്പമില്ലാതെ ഒാടിയതിന്റെ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ഒരു ദിവസം യാദൃച്ഛികമായി ലാൽ എന്നെ വിളിച്ചത്– ‘‘നിർമാതാവ് സുരേഷ് ബാലാജി ഒരു സിനിമ നിർമിക്കുന്നു. കമൽ സംവിധാനം ചെയ്യണം എന്നാണ് ആഗ്രഹം. അദ്ദേഹം കൊച്ചിയിലുണ്ട്. ഒന്നു കാണാൻ പറ്റുമോ?’’
ഞാൻ അദ്ദേഹത്തെ കണ്ടു. സുചിത്രാ മോഹൻലാലിന്റെ സഹോദരനും ബാലാജി സാറിന്റെ മകനുമാണ് സുരേഷ് ബാലാജി. വളർന്നതു തമിഴ്നാട്ടിലാണെങ്കിലും മനോഹരമായി മലയാളം സംസാരിക്കും. മലയാള സിനിമകൾ കാണും. ഞങ്ങൾ സിനിമകളെക്കുറിച്ചു സംസാരിച്ചു. പക്ഷേ, അന്നു കഥയൊന്നും ചർച്ച ചെയ്തില്ല.
രണ്ടു ദിവസം കഴിഞ്ഞ് ലാൽ വീണ്ടും വിളിച്ചു. ‘ഊട്ടിയിൽ കിലുക്കത്തിന്റെ ലൊക്കേഷനിലാണ്. ഇങ്ങോട്ടു വരാൻ ബുദ്ധിമുട്ടുണ്ടോ?’ എന്നു ചോദിച്ചു. ഞാൻ ചെന്നപ്പോൾ അവിടെ ചെറിയാൻ കൽപ്പകവാടിയുണ്ട്. സ്കീസോഫ്രീനിയ ബാധിച്ച പെൺകുട്ടിയുടെ കഥ ചെറിയാൻ പറഞ്ഞു. എനിക്ക് ഇഷ്ടപ്പെട്ടു. ചെറിയാൻ തിരക്കഥ എ ഴുതിത്തുടങ്ങിയിട്ടില്ല, ആരെഴുതും എന്നു ചിന്തയിൽ പി. ബാലചന്ദ്രന്റെ പേര് വന്നു. ഉള്ളടക്കമായിരുന്നു ബാലേട്ടന്റെ ആദ്യ തിരക്കഥ.
ഞാനും ചെറിയാനും ബാലേട്ടനും കൂടി ആ കഥ പതുക്കെ വികസിപ്പിച്ചു തുടങ്ങി. ഇതിനിടയിൽ സുരേഷ് ബാലാജി വിളിച്ചു. മദ്രാസിലേക്കു വരാനും സിനിമയ്ക്ക് ഉപയോഗപ്പെടുന്ന കുറച്ചു വിവരങ്ങൾ തരാമെന്നും പറഞ്ഞു. സുരേഷ് ബാലാജി മെഡിക്കൽ വിഷയത്തിൽ അഗ്രഗണ്യനാണ്. എംബിബിഎസ് പഠിച്ചില്ലെങ്കിലും പാതി ഡോക്ടറായ ആളാണെന്ന് ഞങ്ങള് പറയാറുണ്ട്. മരുന്നുകളെക്കുറിച്ച്, മെഡിക്കൽ രംഗത്തെക്കുറിച്ച്, മനഃശാസ്ത്രത്തെക്കുറിച്ച് ഒക്കെ അദ്ദേഹത്തിന് അറിവുണ്ട്.
മനഃശാസ്ത്രവുമായി ബന്ധപ്പെട്ടു ക്യാമറാമാൻ രാജീവ് മേനോൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഉൾപ്പടെ കുറേ സിനിമാ കസറ്റുകൾ സുരേഷ് ബാലാജി തന്നു. സ്കീസോഫ്രീനിയ വന്നു മാറിയ പെൺകുട്ടി അഭിനയിച്ച നോ ബഡീസ് ചൈൽഡ് എന്ന ഡോക്യുഫിക്ഷനും കിട്ടി. ഉള്ളടക്കം സംവിധാനം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ആ സിനിമയാണ്.
സുരേഷ് ബാലാജിയാണ് നായികയായി അമലയെ നിർദേശിച്ചത്. കമൽഹാസൻ ഉൾപ്പെടെയുള്ളവരുടെ നായികായ അമല അപ്പോൾ വലിയ താരമാണ്. ഉള്ളടക്കത്തിന്റെ ചർച്ച നടക്കുമ്പോഴാണ് ‘എന്റെ സൂര്യപുത്രി’ റിലീസ് ചെയ്യുന്നത്. അമലയോട് ഉള്ളടക്കത്തിന്റെ കഥ പറയുമ്പോൾ എന്റെ മനസ്സിൽ നോ ബഡീസ് ചൈല്ഡ് ആയിരുന്നു. അതിലെ നായികയ്ക്ക് അൽപം ചുരുണ്ടമുടിയാണ്. ഉള്ളടക്കത്തിലെ നായികയും അതുപോലെ വേണമെന്നു തോന്നിയെങ്കിലും അമലയോടു പറഞ്ഞില്ല.
കഥ പറഞ്ഞപ്പോൾ നോ ബഡീസ് ചൈൽഡിനെക്കുറിച്ചും സൂചിപ്പിച്ചു. ആ സിനിമ കാണണമെന്ന് അമലയും പറഞ്ഞു. അതു കണ്ടു കഴിഞ്ഞ് അമല വിളിച്ചു, സിനിമ വല്ലാതെ സ്വാധീനിച്ചെന്നും നായികയുടെ രൂപം േരഷ്മയ്ക്ക് നൽകിയാലോ എന്നും ചോദിച്ചു. പിന്നെ ഞാൻ കണ്ടപ്പോൾ അമല മുടിയുടെ സ്റ്റൈൽ മാറ്റിയിരുന്നു.
കഥാപാത്രമാവുന്നു
സിനിമയിൽ ആദ്യം അമലയെ കാണിക്കുന്നതു മാനസികാരോഗ്യ കേന്ദ്രത്തിൽ കാറിൽ ഇറങ്ങുന്നതാണ്. അമലയുടെ കഥാപാത്രമായ രേഷ്മയുടെ മുഖത്ത് അപ്പോൾ ബ്ലാക്ക് ഒൗട്ടായ ഭാവമാണുള്ളത്. കൺസൽറ്റേഷൻ മുറിയില് വച്ച് രേഷ്മയെ ഡോക്ടർ റോഷാക്ക് കാർഡുകൾ കാണിക്കുന്നു. പെട്ടെന്ന് എന്തോ ഒാർമവരികയും ഒരലർച്ചയോടെ നിയന്ത്രണങ്ങളെല്ലാം വിട്ട് ഒാടുകയും ചെയ്യുന്നു. ഇതെങ്ങനെ അമല അഭിനയിക്കുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. എന്നാൽ, എല്ലാ നിയന്ത്രണങ്ങളും വിട്ട ഒരാളെ പോലെ അലറിക്കൊണ്ട് അമല ഒാടി. കട്ട് പറഞ്ഞിട്ടും കുറച്ചു കഴിഞ്ഞാണ് നോർമലായത്. അതോടെ കഥാപാത്രത്തിന് അമല കൃത്യമാണെന്നു തിരിച്ചറിഞ്ഞു.
രേഷ്മയുടെ കാമുകൻ കടലിൽ വീണു പോവുന്ന സീനുകൾ ഷൂട്ട് ചെയ്തത് വിഴിഞ്ഞത്താണ്. ആ ദിവസം പേടിയോടെയാണ് ഇന്നും ഒാർക്കുന്നത്. വേലിയേറ്റ സമയമാണ്. തിര വന്നു കടലിലേക്ക് വലിച്ചുകൊണ്ടു പോകാൻ സാധ്യതയുണ്ടെന്ന് ഞങ്ങളെ സഹായിക്കാനായെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്തെങ്കിലും അപകടം പറ്റിയാൽ രക്ഷിക്കാനായി അവർ കടലിൽ ഇറങ്ങിനിന്നു.
കടലിലേക്കു ചാടാനായി നിൽക്കുന്ന അമലയ്ക്ക് രേഷ്മയുടെ അതേ മാനസികാവസ്ഥയാണെന്നു തോന്നി. അതുകൊണ്ടു തന്നെ ‘സൂക്ഷിക്കണം’ എന്ന് അമലയോടു പറഞ്ഞു. ആക്ഷൻ പറഞ്ഞതും ഒരു തിര വന്നടിച്ചു. അമലയെ മാത്രമല്ല ക്യാമറയെയും തിര കൊണ്ടു പോയി.
ഞെട്ടലോടെ നോക്കുമ്പോൾ അമലയെ മത്സ്യത്തൊഴിലാളികൾ പിടിച്ചു നിർത്തിയിട്ടുണ്ട്. കടലിൽ നിന്നു പൊങ്ങി നിൽക്കുന്ന കൈകളിൽ ക്യാമറ. അതുപിടിച്ചയാൾ മുങ്ങിപ്പോയിരിക്കുന്നു. ആരൊക്കെയോ ഒാടി ചെന്ന് ക്യാമറ വാങ്ങി. അതു വെള്ളത്തിൽ മുങ്ങാതെ പിടിച്ചു വച്ചത് ക്യാമറാ അസിസ്റ്റന്റായിരുന്നു. സ്വന്തം കുഞ്ഞ് അപകടത്തിൽ പെട്ട വേവലാതിയായിരുന്നു അദ്ദേഹത്തിന്.
ഷൂട്ടിങ്ങിന്റെ അവസാന രണ്ടു ദിവസം ക്യാമറാമാൻ സാലു ജോർജിനു മറ്റൊരു സിനിമയിലേക്കു പോവേണ്ടി വന്നു. സുരേഷ് ബാലാജിയുടെ അടുത്ത സുഹൃത്തായിരുന്ന സന്തോഷ് ശിവൻ മണിരത്നം സിനിമയുടെ ബ്രേക്കിൽ രണ്ടു ദിവസത്തേക്ക് ഫ്രീ ആയിരുന്നു. ചികിത്സയുെട ഭാഗമായി രേഷ്മയെ കടൽത്തീരത്തേക്കു കൊണ്ടു പോവുന്ന സീനുകളെല്ലാം സന്തോഷാണു ചിത്രീകരിച്ചത്. ‘താരങ്ങളെ ശ്വാസം മുട്ടിച്ചാണ്’ രണ്ടു ദിവസത്തിനുള്ളിൽ തീർത്തത്. അമല ഒരു പരാതിയും പറഞ്ഞില്ല.
ഡബ്ബിങിലെ കരച്ചിൽ
ഉള്ളടക്കത്തിൽ അമലയ്ക്കു ശബ്ദം നൽകിയതു ഭാഗ്യ ലക്ഷ്മിയാണ്. ആ സമയം ഭാഗ്യലക്ഷ്മി പൂർണ ഗർഭിണിയാണ്. ‘ഞാൻ വരാം ഡേറ്റ് അടുത്തിരിക്കുകയാണ്, എന്തു സംഭവിക്കും എന്നറിയില്ല,’ എന്നു പറഞ്ഞാണു ഭാഗ്യലക്ഷ്മി വന്നത്. മദ്രാസിലായിരുന്നു ഡബ്ബിങ്.
ഒാരോ സീനുകൾക്കും പതിവുപോലെ സുന്ദരമായി ശബ്ദം നല്കി ഭാഗ്യലക്ഷ്മി മുന്നോട്ടു പോയി. പക്ഷേ, മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ രേഷ്മ അലറിക്കൊണ്ട് ഒാടുന്ന സീനുകൾ ഉണ്ട്. അതിന്റെ പൈലറ്റ് ട്രാക്ക് കണ്ടപ്പോൾ ഭാഗ്യലക്ഷ്മി പറഞ്ഞു, ‘ഇതേ തീവ്രതയോടെ ഡബ്ചെയ്യാൻ ഈ അവസ്ഥയിൽ പറ്റുമോ എന്നെനിക്ക് അറിയില്ല. അമലയോടു ചോദിച്ചാലോ?
മടിയോടെയാണു ഞാൻ വിളിച്ചത്. പക്ഷേ, ‘ഇതെനിക്കുള്ള അംഗീകാരമായാണു കാണുന്നതെന്നാണ് അമല പറഞ്ഞ്. ആ സിനിമയ്ക്കു പിന്നിൽ അമലയുടെ ഒരുപാട് അധ്വാനമുണ്ടായിരുന്നു. റിലീസ് ചെയ്തപ്പോൾ എല്ലായിടത്തു നിന്നും നല്ല അഭിപ്രായം ലഭിച്ചു. അമലയ്ക്ക് സ്റ്റേറ്റ് അവാർഡ് കിട്ടും എന്നു തന്നെ ഞങ്ങൾ കരുതി. പക്ഷേ, എന്തോ കാരണത്താൽ അതുണ്ടായില്ല. ക്രിട്ടിക്സ് അവാർഡും ഫിലിംഫെയർ അവാർഡും ലഭിച്ചു.
വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നു അമല മാറി. വർഷങ്ങൾക്കു ശേഷം മലയാളത്തിൽ സൈറാ ബാനുവിൽ അഭിനയിക്കാനായി വീണ്ടും വന്നു. അന്ന് ഉള്ളടത്തെക്കുറിച്ചും എന്നെക്കുറിച്ചും സംസാരിച്ചെന്നു പിന്നീട് മഞ്ജു വാരിയർ എന്നോടു പറഞ്ഞിരുന്നു.
സിനിമ പൂർത്തിയാവുന്നതോടെ മലയാളത്തിനു പുറമേ നിന്നെത്തുന്ന പല നായികമാരോടുമുള്ള പരിചയം സ്വാഭാവികമായും കുറഞ്ഞുതുടങ്ങും. പിന്നെ, അതില്ലാതാവും. എങ്കിലും ആ കഥാപാത്രവും സിനിമയും അവരുടെ ഒാർമകളിൽ ബാക്കിയുണ്ടാവും. ഉള്ളടക്കവും അമലയും ആ കൂട്ടത്തിൽ പെടുന്നു.