ഭാരമുയർത്തിയാൽ ഗർഭപാത്രം താഴ്ന്നുപോകുമെന്നു പറഞ്ഞവരോട് കോഴിക്കോട്ടുകാരി അമൃത രാജിന്റെ മറുപടി സ്വന്തം ജീവിതമാണ്.
ചൂളം വിളിച്ചു യാത്ര തുടങ്ങാൻ വെമ്പുന്ന ട്രെയിനിന്റെ വേഗമായിരുന്നു ടിക്കറ്റ് എക്സാമിനർ അമൃതയുടെ സംസാരത്തിനും. മെഡലുകളും റെക്കോർഡുകളും മാത്രമല്ല, പണമില്ലാതെ പരിശീലിച്ച കാലവും മത്സരത്തിനിടെ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളും കടം വാങ്ങിയ കോസ്റ്റ്യൂമും ഒടുവിൽ റെയിൽവേ വണ്ടിയിലേക്ക് ഓടിക്കയറിയ ദിവസങ്ങളും. തിടുക്കത്തിൽ പായുന്ന തീവണ്ടി പോലെ അമൃത പറഞ്ഞുതുടങ്ങി.
ഭാരം ഉയർത്തിയാൽ ഗർഭപാത്രം താഴ്ന്നുപോകുമെന്നും മക്കളുണ്ടാകില്ലെന്നും പറഞ്ഞവരോടു കോഴിക്കോട്ടുകാരിയായ പവർലിഫ്റ്റിങ് താരം അമൃത രാജിനു പറയാനുള്ളതു സ്വന്തം ജീവിതമാണ്. “ഞാൻ നാഷനൽ ചാംപ്യനായി, റെയിൽവേ ടിടിഇയായി, റഫറിയുമാണ്. എന്റെ മകനും വെയ്റ്റ് ലിഫ്റ്റിങ് പരിശീലിക്കാൻ ഒരുങ്ങുന്നു.”
റെക്കോർഡിട്ട ഭാരങ്ങൾ
2005ലാണ് സബ്ജൂനിയർ വിഭാഗത്തിൽ നാഷനൽ മത്സരത്തിന്റെ വേദിയിലെത്തുന്നത്. ആ വർഷം തന്നെ അമൃത ചാംപ്യൻഷിപ്പും നേടി. കേരളത്തിനു വേണ്ടി മൂന്നു വർഷങ്ങളിലായി മൂന്നു മെഡലുകൾ നേടി. അപ്പോഴേക്കും ജീവിതത്തിലേക്കു ചൂളം വിളിച്ച് റെയിൽവേയെത്തി.
പിന്നീടു റെയിൽവേയ്ക്കു വേണ്ടിയായിരുന്നു മത്സരിച്ചത്. ആദ്യ വർഷം വെങ്കലം. പിന്നെ സിൽവർ. അതുകഴിഞ്ഞ് ചാംപ്യൻ. റെക്കോർഡിട്ട് പൊക്കിയ ഭാരങ്ങൾ ഓർത്തെടുത്ത് അമൃത സംസാരം തുടർന്നു.
‘‘202 കിലോ സ്ക്വാട്ട് ചെയ്താണ് റെക്കോർഡിട്ടത്. ഇപ്പോഴത്തെ റെക്കോർഡ് 250 കിലോയാണ്. അത്രയും നമ്മളും മെച്ചപ്പെടുത്തിയാലേ പിടിച്ചുനിൽക്കാനാകൂ. കടുത്ത മത്സരമാണ്. കല്യാണമൊക്കെ കഴിഞ്ഞതോടെ അതു കൂടുതൽ പ്രയാസമായി. മൂന്നാമത്തെ മത്സരത്തിൽ എന്തായാലും നിർത്തണമെന്നു തീരുമാനിച്ചിരുന്നു. അതിൽത്തന്നെ ചാംപ്യനായി. 2009ൽ ഏഷ്യൻ ചാംപ്യൻഷിപ്പിലും പങ്കെടുത്തു. രണ്ടു പോയിന്റിനാണ് ഗോൾഡ് നഷ്ടമായത്. അതിന്റെ വിഷമം ഇന്നുമുണ്ട്.
അന്നു തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കു മാസം 500 രൂപയും കിറ്റും കിട്ടും. വെയ്റ്റ് ലിഫ്റ്റിങ്ങിനുള്ള ഷൂസും മറ്റു സാധനങ്ങളും കിറ്റിലുണ്ടാകും. അച്ഛൻ രാജൻ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ ചന്ദ്രമതി. ഞങ്ങൾ രണ്ടു മക്കളാണ്, ചേട്ടൻ അശ്വിൻരാജ്.
അന്നൊക്കെ മത്സരങ്ങൾക്കു പണം കണ്ടെത്തുന്നതു വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഇന്റർനാഷനൽ അധികം ചെയ്യാനായില്ല. ഇന്ന് ഒൻപതു വയസ്സു മുതൽ മത്സരങ്ങളിൽ നന്നായി നിൽക്കുന്ന കുട്ടികളെ ക്യാംപിലേക്കെടുത്ത് ഒളിംപിക്സിനായി പരിശീലിപ്പിക്കുന്നുണ്ട്. മുൻകാലങ്ങളിൽ അതുണ്ടായിരുന്നില്ല.’’
സ്പോർട്സ് എന്ന മരുന്ന്
‘‘കുട്ടിക്കാലത്തു ശ്വാസംമുട്ടലിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. ബന്ധുക്കളൊക്കെ വീട്ടുകാരോട് ചോദിക്കും: ‘വയ്യായ്കയുള്ള കുട്ടിയെ എന്തിനാണ് ഭാരമൊക്കെ പൊക്കാൻ വിടുന്നത്?’ എന്ന്. മരുന്നു കഴിച്ചു കൊണ്ടാണ് അന്നു പരിശീലനത്തിനു പോയിരുന്നത്. സ്പോർട്സിൽ ആക്ടീവായപ്പോൾ ശ്വാസംമുട്ടലും മാറി. അതോടെ ആത്മവിശ്വാസം വർധിച്ചു. പക്ഷേ, പുറത്തൊക്കെ ഒറ്റയ്ക്ക് പോകുന്നതിൽ വീട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിലും എതിർത്തില്ല.
അഞ്ചാം ക്ലാസ് കഴിഞ്ഞ സമയത്ത് ബാസ്കറ്റ് ബോളിലേക്കു മനസ്സു ചാടി. സ്പോർട്സിലെ തുടക്കം അവിടെനിന്നാണ്. ജില്ലയിലും സ്റ്റേറ്റിലുമൊക്കെ ബാസ്കറ്റ്ബോൾ ടീം ഇനങ്ങളിൽ പങ്കെടുത്തു. അച്ഛനാണ് ടീം ഗെയിമിൽ നിന്ന് സിംഗിൾ മത്സരങ്ങളിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. അച്ഛൻ സ്പോർട്സ് പ്രേമിയാണ്. സ്പോർട്സിനൊപ്പം പഠനത്തിനും പ്രാധാന്യം നൽകാൻ അമ്മ എപ്പോഴും ഓർമിപ്പിക്കുമായിരുന്നു. കോഴിക്കോട് സെന്റ് വിൻസന്റ് യു. പി. സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠനം. ദേവഗിരി സെന്റ്ജോസഫ് കോളജിൽ നിന്ന് ഡിഗ്രിയും പിജി യും പൂർത്തിയാക്കി. ’’
ട്വിസ്റ്റായി വന്ന എൻട്രി
‘‘പത്തിൽ പഠിക്കുന്ന സമയത്ത് മാനാഞ്ചിറയിൽ ഒരു ബാസ്കറ്റ്ബോൾ ലീഗ് നടന്നു. എനിക്കു നല്ല പെർഫോമൻസ് നടത്താൻ കഴിഞ്ഞു. പക്ഷേ, ടീം രണ്ടു പോയിന്റിന് ഗെ യിം തോറ്റു. ‘നന്നായി കളിച്ചു’ എന്നൊക്കെ അഭിനന്ദനം കിട്ടി. പക്ഷേ, ടീം തോറ്റുപോയല്ലോ എന്നോർത്തു സങ്കടം സഹിക്കാനായില്ല. ഞാൻ നിർത്താതെ കരച്ചിലായപ്പോൾ അച്ഛനു ദേഷ്യം വന്നു. “നിന്നോട് എപ്പോഴും പറയുന്നില്ലേ, സിംഗിൾ കളിക്കെന്ന്?” അച്ഛൻ ചോദിച്ചു.
ഞങ്ങൾ തിരികെ വരുന്ന വഴിക്കാണു കോഴിക്കോട് ഇ ൻഡോർ സ്റ്റേഡിയത്തിൽ വെയ്റ്റ് ലിഫ്റ്റിങ് പരിശീലക ശൈലജ മാമിനെ കണ്ടത്. മത്സരം തോറ്റ സങ്കടത്തിന്റെ കാര്യമൊക്കെ അച്ഛൻ വിശദമായി പറഞ്ഞു.
‘‘കൈക്ക് നല്ല പവറുണ്ട്. നമുക്ക് പവർലിഫ്റ്റിങ്ങിലേക്കു മാറിയാലോ?’’ സമ്മതമല്ലെന്ന മട്ടിൽ ഞാൻ തലയാട്ടി. പക്ഷേ, അച്ഛൻ വിട്ടില്ല. അതു തന്നെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാൻ പരിശീലനത്തിനു പോയിത്തുടങ്ങി. സംസ്ഥാനതലത്തിൽ മത്സരിച്ചു. മൂന്നാംസ്ഥാനവും മെഡലും ക്യാഷ് അവാർഡായി 500 രൂപയും കിട്ടി. ആ നേട്ടത്തോടെ ‘ഞാനും ഫ്ലാറ്റ്’. തുടർന്ന് വെയ്റ്റ് ലിഫ്റ്റിങ്ങും പവർലിഫ്റ്റിങ്ങും പരിശീലിച്ചു തുടങ്ങി.
കർണം മല്ലേശ്വരി മെഡൽ വാങ്ങിയതോടെയാണ് നമ്മുടെ സ്ത്രീകളും വെയ്റ്റ് ലിഫ്റ്റിങ്ങിലുണ്ടെന്ന് പലരും അറിയുന്നത്. അതുപോലെ ആകണമെന്നൊക്കെ അന്ന് ആഗ്രഹം തോന്നി.” ആഗ്രഹങ്ങളുടെ ചെപ്പു തുറന്ന് അമൃത വർത്തമാനം തുടർന്നു.
വീണ്ടെടുത്ത നേട്ടങ്ങൾ
‘‘ജൂനിയർ നാഷനൽ മത്സരത്തിൽ പങ്കെടുക്കാൻ ഒരിക്കൽ ഗുവാഹത്തിയിൽ പോയി. ഗോൾഡ് നേടി. പല ഇനങ്ങളിലും റെക്കോർഡുമിട്ടു. അവിടെനിന്ന് നേരെ പഞ്ചാബിലേക്കു മറ്റൊരു മത്സരത്തിന്. പഞ്ചാബിൽവച്ച് ബാഗും സാധനങ്ങളുമെല്ലാം മോഷണം പോയി.
റെയിൽവേയിലേക്ക് സെലക്ഷന് എപ്പോൾ വേണമെങ്കിലും വിളി വരാവുന്ന സമയം. അതുകൊണ്ടുതന്നെ സർട്ടിഫിക്കറ്റുകളെല്ലാം കയ്യിലുണ്ടായിരുന്നു. മത്സരത്തിനിടുന്ന കോസ്റ്റ്യൂമും പോയി. മുപ്പതിനായിരത്തിനു മേലേ വില വ രും. അതും എന്റെയല്ല. വാങ്ങാൻ പൈസ തികയാഞ്ഞിട്ട് ജിമ്മിൽനിന്നും വേറെ ആളുകളുടെ കയ്യിൽനിന്നുമൊക്കെ കോസ്റ്റ്യൂം കടം വാങ്ങിയതായിരുന്നു.
പഞ്ചാബിലെ മത്സരത്തിനിറങ്ങാതിരിക്കാനാകില്ല. അ ങ്ങനെ ഒരുവിധത്തിൽ കോസ്റ്റ്യൂം സംഘടിപ്പിച്ചു മത്സരത്തിനിറങ്ങി. സിൽവർ കിട്ടി. എസ്എസ്എൽസി അടക്കമുള്ള സർട്ടിഫിക്കറ്റുകളെല്ലാം പോയിരുന്നു. റെയിൽവേയിൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതിന്റെ തലേദിവസമാണ് സർട്ടിഫിക്കറ്റ് വീണ്ടും അയച്ചുകിട്ടിയത്.
ആറു മാസത്തിനുള്ളിൽ ജോലിയിൽ പ്രവേശിച്ചു. മെഡലിനൊപ്പം കിട്ടിയ ക്യാഷ് അവാർഡും പോരാത്തതു കടം വാങ്ങിയുമൊക്കെയാണ് ജിമ്മിലെ കടങ്ങൾ വീട്ടിയത്. അങ്ങനെ അവസാന ദിവസങ്ങളിൽ കുറേപാടുപെട്ടിട്ടാണു റെയിൽവേ വണ്ടിയിലേക്ക് ഓടിക്കയറിയത്.
കോഴിക്കോട് സീനിയർ നാഷനൽ മത്സരം നടന്നപ്പോൾ മലയാള മനോരമ പത്രത്തിൽ വാർത്ത വന്നിരുന്നു. ‘റെയിൽവേ താരം അമൃതയ്ക്ക് മെഡൽ’. ആ തലക്കെട്ട് ഇന്നും ഓർമയുണ്ട്. അതുകഴിഞ്ഞ് ടിക്കറ്റ് പരിശോധിക്കാൻ പോകുമ്പോൾ ആളുകൾ തിരിച്ചറിയും. 2010 ൽ ഞാൻ റെയിൽവേയിൽ ജോയ്ൻ ചെയ്യുന്ന സമയത്ത് ലേഡി ടിടിഇമാർ അധികമുണ്ടായിരുന്നില്ല. എന്റെ ഓർമയിൽ ഞാനും വെയ്റ്റ്ലിഫ്റ്റിങ് താരമായിരുന്ന ഒറീസക്കാരി മിനാത്തി ഷെട്ടിയുമായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്ന സ്ത്രീകൾ.’’ ഓർമക ൾ സമ്മാനിച്ച ചിരിയോടെ അമൃത പറയുന്നു.
ദേശീയതലത്തിൽ രണ്ട് ഗോൾഡ്, രണ്ട് സിൽവർ, ര ണ്ട് വെങ്കലം ഉൾപ്പെടെ ആറ് മെഡലുകൾ നേടിയ അമൃത ഇന്നും റഫറിയായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ മാറ്റങ്ങൾ അടുത്തുനിന്ന് കാണുന്നുമുണ്ട്.
“പെൺകുട്ടികൾക്ക് ഇതു പറ്റിയ മേഖലയല്ലെന്നാണ് പലയിടത്തു നിന്നും കേട്ടത്. ശരിയായ രീതിയിൽ പരിശീലിക്കുകയും സുരക്ഷാകാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്താൽ അത്തരം പേടികൾക്കു വഴങ്ങേണ്ടതില്ലെന്നാണ് എന്റെ അനുഭവം. സ്പോർട്സ് എനിക്ക് മെഡലുകൾ മാത്രമല്ല നൽകിയത്. സ്ത്രീകളുടെ മനോഭാവത്തിലൊക്കെ ഒരുപാട് മാറ്റങ്ങൾ വരും. എവിടെയും പോകാനും കാര്യങ്ങ ൾ നേടിയെടുക്കാനും ധൈര്യം കൂടും.”
ട്രെയിൻ യാത്രകൾക്കൊപ്പം മുന്നോട്ടു പാഞ്ഞ ജീവിതം പിന്നെയും മാറി. ഭർത്താവുമായി വേർപിരിഞ്ഞു. മകൻ ജഗന്നാഥ് നാലാം ക്ലാസിലാണ്. അമ്മ പങ്കെടുത്ത മത്സരവേദികളിലൊക്കെ പോകണമെന്നാണ് അവന്റെയും ആഗ്രഹം. തൃശൂരിലെ ദേശീയ കോച്ച് ചിത്ര ചന്ദ്രമോഹന്റെ അടുത്ത് മകനെ പരിശീലിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അമൃത.