ADVERTISEMENT

പഴയ സാരിയും വാഴനാരും കുളവാഴയുമൊക്കെ പുതിയ രൂപത്തിൽ എത്തിച്ചുകൊണ്ട് പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നിന്ന് പുതുചരിത്രം സൃഷ്ടിക്കുകയാണ് വിഷ്ണുപ്രിയ.

ജീവിതത്തിലെ സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ സ്വന്തമായൊരു തൊഴിൽ കണ്ടെത്താനുള്ള ശ്രമമായിരുന്നു അത്. പിന്നീട് ആ യാത്ര എങ്ങനെയാണ് വിവിധ തൊഴിൽമേഖലകളിലേക്കു വളർന്നതെന്നും മറ്റു സ്ത്രീകൾക്കുകൂടി വരുമാനമാർഗങ്ങൾ കണ്ടെത്താനുള്ള വഴിയായതെന്നും വിഷ്ണുപ്രിയയുടെ ജീവിതത്തിൽ നിന്നു വായിച്ചെടുക്കാം.

ADVERTISEMENT

കണ്ണിയമ്പുറത്തെ ‘അപ്സര’യുടെ തുടക്കത്തെക്കുറിച്ചു പറയുമ്പോൾ വിഷ്ണുപ്രിയ ആദ്യം ഓർക്കുന്നത് അന്നത്തെ സാഹചര്യങ്ങളാണ്. ‘‘ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു തൊഴിൽ തേടി ഇറങ്ങിയതാണ്. പാഴ്ത്തുണികൾ, വാഴനാര്, കുളവാഴ എന്നിങ്ങനെ മറ്റുള്ളവർ  ഉപേക്ഷിക്കുന്ന വസ്തുക്കളിൽ പുതിയ സാധ്യത കണ്ടെത്താൻ സാധിച്ചു. വാഴനാരും കുളവാഴയും കായ്കളും മനോഹരമായ അലങ്കാരവസ്തുക്കളായി മാറിയപ്പോൾ അതു വാങ്ങാൻ ആളുകളെത്തി. സമ്മേളനങ്ങളിൽ വിതരണം ചെയ്യാനുള്ള പാളത്തൊപ്പികൾ, കോർപറേറ്റ് കമ്പനികളുടെ യോഗങ്ങൾക്കുള്ള തുണിസഞ്ചികൾ, കരകൗശലവസ്തുക്കൾ...’’  തൊഴിൽ അന്വേഷകയിൽ നിന്നു സംരംഭകയായി മാറിയ കഥ വിഷ്ണുപ്രിയ വിശദീകരിച്ചു. പാലക്കാടു നിന്ന് 35 കിലോമീറ്റർ അകലെ പുലാപ്പറ്റയിൽ ലീലാവതിയുടെയും രാമൻകുട്ടി നായരുടെയും അഞ്ചു മക്കളിൽ  ആദ്യത്തെ കുട്ടിയാണു വിഷ്ണുപ്രിയ. 

12 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. 20 വയസ്സായപ്പോഴേക്കും അച്ഛനും യാത്രയായി. ഇതിനിടെ കടമ്പഴിപ്പുറം സ്വദേശി കൃഷ്ണകുമാറുമായുള്ള വിവാഹം കഴിഞ്ഞിരുന്നു. 

ADVERTISEMENT

‘‘മക്കളുടെ പഠനവും കുടുംബത്തിന്റെ ചെലവുകളും ഷെഫായി ജോലി ചെയ്തിരുന്ന ഭർത്താവിന്റെ വരുമാനത്തിൽ ഒതുങ്ങാതായപ്പോൾ സ്വന്തമായി ജോലി കണ്ടെത്തേണ്ടത് അനിവാര്യമായി’’ വിഷ്ണുപ്രിയ പറഞ്ഞു തുടങ്ങി.

‘‘കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ബ്യൂട്ടീഷൻ പരിശീലനത്തിൽ നിന്നായിരുന്നു തുടക്കം. ആറു മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. എന്നാൽ, ബ്യൂട്ടിപാർലർ തുടങ്ങണമെങ്കിൽ 15,000 രൂപയെങ്കിലും വേണം. അതിനുള്ള പണം കണ്ടെത്താനാകാത്തതിനാൽ വീട്ടിലെ ഒരു മുറി പാർലർ ആക്കി മാറ്റി. 

ADVERTISEMENT

മക്കൾ പഠിച്ചിരുന്ന സ്കൂളിനു സമീപത്തെ ക്രിസ്ത്യ ൻ കോൺവെന്റിലെ സിസ്റ്റർമാർ പാവനിർമാണം, ചിത്രരചന, തയ്യൽ എന്നിങ്ങനെ സ്വയംതൊഴിൽ പ രിശീലനം നൽകിയിരുന്നു. അവിടെനിന്നു നേടിയ അടിസ്ഥാനപരമായ അറിവുകളാണു മുന്നോട്ടുള്ള യാത്രയ്ക്കു കരുത്തു പകർന്നത്. എനിക്ക് മൂന്ന് ആൺമക്കളാണ്; അജയ് കൃഷ്ണ, വിജയ് കൃഷ്ണ, സഞ്ജയ് കൃഷ്ണ. ഇളയ മകന് ഒരു വയസ്സുള്ളപ്പോഴാണു യഥാർഥത്തിലുള്ള പ്രയാണം ആരംഭിച്ചത്. ’’

തൊഴിൽ സാധ്യതകൾ

NAAMB-2
വിഷ്ണുപ്രിയയും കുടുംബവും കണ്ണിയമ്പുറത്തെ അപ്സരയുടെ പ്രദർശന ഹാളിൽ

ചിത്രരചന, ഇന്റീരിയർ രൂപകൽപനയുമായി ബന്ധപ്പെട്ട ഉൽപ്പന്നനിർമാണം, കരകൗശലപ്രവർത്തനങ്ങൾ തുടങ്ങി പത്തൊൻപതോളം തൊഴിൽമേഖലകളിലേക്കു പരിശീലനം വ്യാപിപ്പിച്ചു. അതോടെ ‘അപ്സര’ എന്നു പേരിട്ടു പുലാപ്പറ്റ എന്ന ഗ്രാമത്തിൽ ആരംഭിച്ച സ്ഥാപനം അന്വേഷിച്ച് ആളുകൾ എത്തിത്തുടങ്ങി.  

‘‘എനിക്ക്  അറിയുന്ന കാര്യങ്ങളിൽ അ വർക്കു പരിശീലനം നൽകി. ഇതു കേട്ടറിഞ്ഞു മറ്റു പഞ്ചായത്തുകളിലെ വനിതകൾക്കു  പരിശീലനം നൽകാൻ ക്ഷണം ലഭിച്ചു. ഓ രോ പ്രദേശത്തിന്റെയും കരകൗശലവിദ്യകൾ പഠിക്കാനും പ്രാവർത്തികമാക്കാനും ആ യാത്രയിലൂടെ അവസരം ലഭിച്ചു. 2013 ൽ ഒറ്റപ്പാലം പട്ടണത്തിനരികെയുള്ള കണ്ണിയമ്പുറത്തേക്കു പ്രവർത്തനം മാറ്റി. വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ  ആളുകൾ എത്തിത്തുടങ്ങിയതോടെ പുതിയ ആശയങ്ങൾ തേടിയുള്ള യാത്രകളും ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു കരകൗശലവിദ്യകൾ പഠിച്ചു. പുതുച്ചേരി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ കരകൗശലവിദ്യകള്‍ അപ്സരയുടെ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുത്തി.’’

പഴയതിനു പുതിയ മുഖം

‘‘പരിശീലനപ്രവർത്തനങ്ങൾക്കൊപ്പം ഉൽപ്പന്നങ്ങളുടെ നിർമാണവും വിപണനവും കൂടുതൽ ക്രമീകരിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി അപ്സര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്കൊപ്പം അപ്സര ക്രിയേഷൻ എന്ന ഉൽപാദനകേന്ദ്രവും ആരംഭിച്ചു. തുണിസഞ്ചികളുടെ നിർമാണത്തിലായിരുന്നു തുടക്കം. പിന്നീടു സ്ഥാപനങ്ങൾക്കും സമ്മേളനങ്ങൾക്കും ആവശ്യമായ സഞ്ചികളും ഫയലുകളും നിർമിച്ചു തുടങ്ങി. 

കോർപറേറ്റ് കമ്പനികളുടെ പരിശീലനപരിപാടികൾക്കും പൊതുയോഗങ്ങൾക്കും രാഷ്ട്രീയസമ്മേളനങ്ങൾക്കും ആവശ്യമായ ഉൽപ്പന്നങ്ങൾക്കും ഓർഡറുകൾ ലഭിച്ചു. പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾക്കായിരുന്നു പ്രധാന പരിഗണന. ഹരിതകേരളം പദ്ധതി സജീവമായിരുന്ന കാലത്ത് ഉൽപ്പന്നങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. 

മുളയിൽ നിന്നു കുട്ടയും മുറവും മാത്രമല്ല, വിളക്കുകൾക്കുള്ള ആവരണങ്ങളും നിർമിച്ചു. ചകിരിനാര് ഉപയോഗിച്ച് ചെടികൾ പടർന്നുകയറാനുള്ള താങ്ങുകളുണ്ടാക്കി. തെങ്ങോലയും കമുകിൻപാളയും ഉപയോഗിച്ച് വിവിധ വ സ്തുക്കൾ രൂപപ്പെടുത്തി. വാകമരത്തിന്റെ ചുവട്ടിൽ ചിതറിക്കിടക്കുന്ന കായ്കൾ മുതൽ ഉണങ്ങിയ തെങ്ങിൻപൂക്കുല വരെ അലങ്കാരവസ്തുക്കളായി മാറി. 

കുളവാഴ ഉപയോഗിച്ചു കുട്ടകൾ മുതൽ ജനൽവിരികൾ വരെ നിർമിച്ചു. തങ്ങളുടെ നാട്ടിലെ കുളവാഴയ്ക്ക് ഇങ്ങനെയൊരു ഉപയോഗസാധ്യതയുണ്ടെന്നു തിരിച്ചറിയാനായെന്ന് ആലപ്പുഴയിലെ ചില സുഹൃത്തുക്കൾ പറഞ്ഞു.  

പഴയ സാരിയിൽ നിന്നു ബാഗുകൾ നിർമിക്കാനുള്ള തീരുമാനവും ശ്രദ്ധേയമായി. പഴകിയ സാരികൾ മോടിപിടിപ്പിച്ചു വ്യത്യസ്ത രൂപങ്ങളിലുള്ള ബാഗുകളാക്കി. പിന്നീടു പഴയ ജീൻസുകളും ഷർട്ടുകളുടെ ഭാഗങ്ങളും ഉപയോഗിച്ച് ബാഗുകളും തൊപ്പികളും നിർമിച്ചു. വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ മുറിച്ചു മാറ്റുന്ന തുണിക്കഷണങ്ങൾക്കുപോലും പുതിയ രൂപം കണ്ടെത്താൻ സാധിച്ചു. 

കഥകളിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ നിർമിക്കുന്ന എട്ടു കലാകാരന്മാരുടെ സൃഷ്ടികൾ അപ്സരയിലൂടെ വിപണിയിലെത്തുന്നുണ്ട്. മരത്തിലും കളിമണ്ണിലുമുള്ള ആനരൂപങ്ങൾ ഉൾപ്പെടെ ഏകദേശം 57 തരത്തിലുള്ള അലങ്കാര ആനകളുടെ ശേഖരവും ഇവിടെയുണ്ട്. ’’

സ്വപ്നത്തിൽ വിടർന്ന നാമ്പ്

NAAMB-3
പഴയ സാരി ഉപയോഗിച്ച് ബാഗ് നിർമാണ പരിശീലനം

പതിനയ്യായിരം രൂപയുടെ തുടക്കനിക്ഷേപത്തിൽ നിന്നാരംഭിച്ച അപ്സര ഇന്ന് ‘നാമ്പ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ‘‘മണ്ണും വെള്ളവും വെളിച്ചവും പകരുമ്പോൾ ഒരു വിത്തു മുളച്ചു നാമ്പ് കിളിർക്കുന്ന പോലെയുള്ള പ്രവ ർത്തനമാണ് ഈ സംരംഭം,’’ പേരിനു പിന്നിലും ഒരു ആശയമുണ്ടെന്നു വിഷ്ണുപ്രിയ പറയുന്നു.

വിവിധ പ്രദേശങ്ങളിലെ  കരകൗശല വിദഗ്ധരെ കണ്ടെത്തി അവരെ വിപണിയുമായി ബന്ധിപ്പിച്ചതാണു വിഷ്ണുപ്രിയയുടെ വിജയം. ഇന്ത്യയിൽ എവിടെയാണെങ്കിലും ആ ത്മാർഥമായി കുറച്ചുപേർ ഒരുമിച്ച് ആവശ്യപ്പെട്ടാൽ പരിശീലനം നൽകാൻ എത്തുമെന്നാണു വിഷ്ണുപ്രിയയുടെ വാഗ്ദാനം. ഒറ്റമുറിയിൽ ചിറകുവിടർത്തിയ സ്വപ്നം  ഇന്ന് വിവിധ പ്രദേശങ്ങളിലെ വനിതകൾക്കു സ്വയംതൊഴിൽ ക ണ്ടെത്താനും വരുമാനം നേടിക്കൊടുക്കാനും സഹായിക്കുന്ന സംരംഭമായി മാറിയെന്നു പറയുമ്പോൾ വിഷ്ണുപ്രിയയുടെ വാക്കുകളിൽ സംതൃപ്തിയുടെ തിളക്കം.      

‘‘ഏതെങ്കിലുമൊരു തൊഴിലിൽ‌ പരിശീലനം പൂർത്തിയാക്കുന്നതോടെ എല്ലാം നേടിയെന്നു കരുതരുത്. അതുവഴി സ്വന്തം കുടുംബത്തിനു വരുമാനം കണ്ടെത്താനാകുമ്പോൾ മാത്രമേ ആ പരിശീലനം ലക്ഷ്യം നേടുകയുള്ളൂ. പക്ഷേ, അതുകൊണ്ടും ലക്ഷ്യം പൂർണമാകുന്നില്ല. 

ഒരാൾ പഠിച്ചെടുത്ത തൊഴിൽ ഇനിയും ഒരുപാടു പേർക്കു ജീവിത മാർഗമായി മാറുമ്പോഴേ ഈ ശ്രമം പൂർണഫലപ്രാപ്തി നേടി എന്നു പറയാനാകൂ.’’ സ്വന്തം അനുഭവത്തിൽ നിന്നു വിഷ്ണുപ്രിയ പറയുന്നു.   

From Struggle to Success: The Inspiring Journey of Vishnupriya:

Entrepreneurship transformed Vishnupriya's life from financial struggle to empowering numerous women through eco-friendly handicrafts. Facing early personal losses and economic hardship, she began by utilizing discarded materials like banana fiber, water hyacinth, and old sarees. Establishing the 'Apsara' institute, later known as 'Naamb', she expanded into various vocational training sectors. Her initiative creates sustainable corporate bags, decorative items, and traditional artifacts from waste. By teaching and connecting rural artisans to wider markets, she built a successful enterprise. Today, her inspiring journey serves as a beacon of self-reliance for women across India.

ADVERTISEMENT