മലബാർ സ്പെഷല്‍ പലഹാരമാണ് കൽമാസ്. ചായക്കൊപ്പം വിളമ്പാന്‍ അതീവ രുചികരമായ റെസിപ്പി ഇതാ..
കൽമാസ്
1. ചിക്കൻ – 350 ഗ്രാം
2. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
3. എണ്ണ – പാകത്തിന്
4. സവാള – മൂന്ന്, അരിഞ്ഞത്
പച്ചമുളക് – നാല്, അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
5. ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ചിക്കൻ മസാല – മുക്കാൽ ചെറിയ സ്പൂൺ
6. മല്ലിയില കറിവേപ്പില – പാകത്തിന്
7. അരിപ്പൊടി – രണ്ടു കപ്പ്
8. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പെരുംജീരകം – ഒന്നേമുക്കാല്‍ ചെറിയ സ്പൂൺ
ജീരകം – കാൽ ചെറിയ സ്പൂൺ
ചുവന്നുള്ളി – ഒൻപത്
9. മുളകുപൊടി – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
10. എണ്ണ – രണ്ടു ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ച് ഒന്നു ചതച്ചു വയ്ക്കണം.
∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം വേവിച്ച ചിക്കനും ചേർത്തു വഴറ്റുക.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി പാകത്തിനു മല്ലിയിലയും കറിവേപ്പിലയും ചേർത്തു വാങ്ങി വയ്ക്കണം. ഇതാണ് ഫില്ലിങ്.
∙ ഒരു വലിയ ബൗളിൽ അരിപ്പൊടിയെടുത്ത്, അതിലേക്ക് എട്ടാമത്തെ ചേരുവ മിക്സിയിൽ ഒതുക്കിയതു ചേർത്തു യോജിപ്പിക്കുക.
∙ ഇതിലേക്കു നല്ല ചൂടുവെള്ളം അൽപം വീതം ചേർത്തു നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കണം.
∙ ഓരോ ഉരുളയും എണ്ണ പുരട്ടിയ കൈവെള്ളയിൽ വച്ചു കൈ കൊണ്ടു പരത്തി, ചിക്കൻ ഫില്ലിങ് അൽപം വീതം നടുവില്‍ വച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുക.
∙ ഇത് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു വേവിക്കണം.
∙ ഒൻപതാമത്തെ ചേരുവ ഒരു ബൗളിലാക്കി അതിലേക്കു വേവിച്ച കൽമാസ് ഇട്ട് നന്നായി മസാലയിൽ പൊതിഞ്ഞെടുക്കണം.
∙ ഇത് അൽപം എണ്ണയിൽ വറുത്തെടുക്കുക.
തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സെക്കീന ഫിറോസ്, ഹോട്ട്ൻ’ സ്പോട്ട് തിരുവണ്ണൂർ, കോഴിക്കോട്