ADVERTISEMENT

നന്നായി പഠിച്ചാലും  ഇഷ്ടമുള്ള ജോലി കിട്ടണമെന്നുണ്ടോ? കിട്ടിയ ജോലി എത്ര മികച്ചതാണെന്നു മറ്റുള്ളവർ വിലയിരുത്തിയാലും മനസ്സിനു സന്തോഷം തോന്നണമെന്നുമില്ല. ‘വരുമാനം കുറച്ചു കുറഞ്ഞാലും സാരമില്ല, സ്വസ്ഥതയും സന്തോഷവുമുണ്ടാകുമല്ലോ’ എന്നു ചിന്തിച്ചു ജോലി രാജി വയ്ക്കുന്നവരുടെ കാലമാണിത്.

ജോലി നഷ്ടപ്പെട്ടു എന്നു കരുതി ഇവരൊക്കെ ഒന്നും ചെയ്യാതെ ഇരിക്കും എന്നർഥമില്ല. വീട്ടിലിരുന്നു തനിച്ചു തുടങ്ങാവുന്നവ മുതൽ യൂണിറ്റുകളായി വിപുലപ്പെടുത്താവുന്നവ വരെയായി പുതുസംരംഭങ്ങളുടെ സാധ്യതകളും അവസരങ്ങളും ഇങ്ങനെ മാറി ചിന്തിക്കുന്നവരുടെ മുന്നിൽ ഒട്ടേറെയുണ്ട്. തലയിൽ ‘മിന്നുന്ന’ ഐഡിയയും അധ്വാനിക്കാനുള്ള ‘പവർഫുൾ’ മനസ്സും ഉണ്ടെങ്കിൽ തുടർന്നു വായിച്ചോളൂ.

ADVERTISEMENT

സംരംഭം തുടങ്ങാം

സംരംഭം തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം ഓർക്കേണ്ട മന്ത്രം ഇതാണ്, അറിവും അഭിരുചിയും ഇഷ്ടവുമുള്ള ഒന്നാകണം നിങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംരംഭം. പരിചിതമായ മേഖലയാകുമ്പോൾ ആസ്വദിച്ചു ചെയ്യാമെന്നു മാത്രമല്ല, പാളിച്ചകൾ വരാതെ കരുതലെടുക്കാനും ആകും.  

ADVERTISEMENT

സംരംഭത്തിന്റെ ആദ്യ നിക്ഷേപം കഠിനാധ്വാനമാണ്. ഇഷ്ടപ്പെട്ട കാര്യം ചെയ്യുമ്പോഴാണല്ലോ കൈമെയ് മറന്ന് അധ്വാനിക്കാനുള്ള മനസ്സുണ്ടാകുക. ചെറിയ രീതിയിൽ തുടങ്ങി, വിജയത്തിലെത്തുന്ന മുറയ്ക്കു വിപുലപ്പെടുത്തുന്നതാണു ബുദ്ധി.

തുടങ്ങാൻ പോകുന്ന വ്യവസായ സംരംഭമോ സേവനമോ കച്ചവടമോ എത്രമാത്രം ലാഭം ഉണ്ടാക്കും എന്നു കണക്കുകൂട്ടി സാധ്യതാപഠനം നടത്തി പ്രോജക്ട് റിപ്പോർട് ഉണ്ടാക്കണം. നമ്മളെ തന്നെ വിശ്വസിപ്പിക്കുന്ന തരത്തിൽ വേണമത്. നിക്ഷേപവും കച്ചവടവും  ലാഭവുമൊക്കെ ചേർന്നുപോകുന്ന ഘട്ടത്തിലേ ബിസിനസിലേക്ക് ആദ്യ ചുവടു വയ്ക്കാവൂ.

ADVERTISEMENT

എങ്ങനെ തുടങ്ങാം?

ഒരാൾ തനിച്ചു തുടങ്ങുന്ന സംരംഭ യൂണിറ്റ് ആണ് സിംഗിൾ ഓണർഷിപ് അഥവാ പ്രൊപ്രൈറ്ററിഷിപ്. ഇതിലെ എല്ലാ ലൈസൻസുകളും എൻഒസികളും ഒരാളിന്റെ പേരിൽ ആകും. രണ്ടോ അതിലധികമോ ആളുകൾ പാർട്ണർഷിപ് ഉടമ്പടി പ്രകാരം ആരംഭിക്കുന്ന ബിസിനസ് സംരംഭമാണു കൂട്ടുബിസിനസ് (പാർട്ണർഷിപ്). ഇത്തരം യൂണിറ്റിനായി അഭിഭാഷകന്റെയോ കൺസൽറ്റന്റിന്റെയോ സഹായത്തോടെ  മുദ്രപത്രത്തിൽ ഉടമ്പടി തയാറാക്കണം. ഈ ഉ ടമ്പടി വച്ചാണു ബിസിനസിനു വേണ്ടി പുതിയ പാൻ നമ്പരും ജിഎസ്ടി നമ്പരും എടുക്കേണ്ടത്.

കമ്പനി സെക്രട്ടറിയുടെ സഹായത്തോടെ റജിസ്ട്രാർ ഓഫ് കമ്പനീസിനു കീഴിൽ റജിസ്റ്റർ ചെയ്താണു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അഥവാ കൂട്ടുകക്ഷി സംരംഭം ആരംഭിക്കേണ്ടത്. ഇവിടെയും രണ്ടോ അതിലധികമോ കൂട്ടുകക്ഷികൾ ആവാം. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് (എൽഎൽപി) ആയും കുടുംബശ്രീ യൂണിറ്റുകളുടെ സംരംഭമായും നാനോ ബിസിനസ് സംരംഭങ്ങൾ തുടങ്ങാം.

എന്താണ് എംഎസ്എംഇ ?

മൈക്രോ, സ്മോൾ, മീഡിയം ലെവൽ എന്റർപ്രൈസസ് എന്നതിന്റെ ചുരുക്കെഴുത്താണ് ഇത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. യൂണിറ്റിനും ഉപകരണങ്ങൾക്കുമായി ഒരു കോടി രൂപ വരെ നിക്ഷേപമുള്ളതും വാർഷിക വിറ്റുവരവ് അഞ്ചു കോടി രൂപയിൽ താഴെയും വരുന്ന സംരംഭങ്ങളാണു സൂക്ഷ്മ വിഭാഗത്തിൽ പെടുന്നത്.

വ്യവസായ യൂണിറ്റിനും ഉപകരണങ്ങൾക്കുമായി പ ത്തു കോടി രൂപ വരെ നിക്ഷേപമുള്ളതും വാർഷിക വിറ്റുവരവ് 50 കോടിയിൽ താഴെ വരുന്നതുമായ സംരംഭങ്ങളാണു ചെറുകിട വിഭാഗത്തിൽ പെടുന്നത്. 50 കോടി രൂപ വരെ നിക്ഷേപമുള്ളതും വാർഷിക വിറ്റുവരവ് 250 കോടിയിൽ താഴെ വരുന്നതുമായ സംരംഭങ്ങളാണ് ഇടത്തരം വിഭാഗത്തിൽ പെടുന്നത്.

വ്യവസായ പരിശീലനം നേടാം

സംരംഭം തുടങ്ങുന്നതിനായി ബാങ്കുവായ്പയ്ക്കു ചെല്ലുമ്പോഴാകും ആ തൊഴിലിൽ നിങ്ങൾക്കു പരിശീലനം ഇല്ല എന്നതു കൊണ്ടു വായ്പ നിഷേധിക്കുന്നത്. എല്ലാ ജില്ലകളിലും വ്യവസായ, സംരംഭകത്വ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ അതാതു ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും സൗജന്യമാണ് ഇത്.

സംരംഭങ്ങൾക്കു വേണ്ട നിപുണത വർധിപ്പിക്കാനും ബാങ്കുവായ്പയുമായി ബന്ധപ്പെട്ട അറിവുകൾ ലഭ്യമാക്കാനുമാണ് ഈ പരിശീലനം. വിദഗ്ധരുടെ ക്ലാസുകൾ, വിജയം വരിച്ച സംരംഭകരുമായി സംവദിക്കാനുള്ള അവസരം, യൂണിറ്റ് സന്ദർശനം ഒക്കെ ഇതിന്റെ ഭാഗമാണ്. വിശദാംശങ്ങൾക്കായി അതതു ജില്ലയിലെ ലീഡ് ബാങ്കുമായി ബന്ധപ്പെടാം.

ജില്ലാ വ്യവസായ കേന്ദ്രം, എന്റർപ്രണർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇന്ത്യ, എംഎസ്എംഇ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ വഴിയും പരിശീലന പരിപാടികൾ നടത്തുന്നുണ്ട്.

ബാങ്ക് വായ്പ എങ്ങനെ?

വായ്പയ്ക്കായി  വിശദമായ പ്രോജക്ട് റിപ്പോർട്, സംരംഭം തുടങ്ങാനുദ്ദേശിക്കുന്ന ആളിന്റെ / ആളുകളുടെ വ്യക്തിപരമായ വിവരങ്ങൾ തെളിയിക്കുന്ന രേഖകൾ, ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ, സംരംഭത്തിനു പിന്നിലുള്ളവരുടെ കെവൈസി രേഖകൾ എന്നിവ വേണ്ടിവരും. ഇവ പരിശോധിച്ച ശേഷം ബാങ്ക് മാനേജർ സ്ഥലം സന്ദർശിച്ചു വായ്പ അനുവദിക്കാനാകുമോ എന്നു വിലയിരുത്തും.

ഈ ഘട്ടത്തിലാണു മാർജിൻ മണി എത്ര വേണ്ടിവരുമെന്നു കണക്കാക്കുന്നത്. ഒരു ലക്ഷം രൂപയുടെ സംരംഭം തുടങ്ങാനായി ചിലപ്പോൾ നിങ്ങൾ നിക്ഷേപിക്കേണ്ടത് 25,000 രൂപയാകും. ബാക്കി തുക ലോൺ ലഭിക്കും.

business-schemes-new

സ്ത്രീകൾ ആരംഭിക്കുന്ന സംരംഭങ്ങൾക്കു കുറഞ്ഞ മാ ർജിൻ മണിയേ വേണ്ടി വരാറുള്ളൂ. എന്നിരുന്നാലും 10 ശതമാനം മുതൽ 25 ശതമാനം വരെ മാർജിൻ മണി കണ്ടെത്തേണ്ടി വരുന്ന സ്കീമുകളുമുണ്ട്.

ബിസിനസിനു മുദ്ര വായ്പ

ചെറുകിട വാണിജ്യ- വ്യവസായ സംരംഭങ്ങൾക്കു വേണ്ടി വിവിധ ബാങ്കുകൾ വഴി കേന്ദ്രസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന സംരംഭ വായ്പാ പദ്ധതിയാണ് ഇത്.‌ ‌

മൈക്രോ യൂണിറ്റ്‌സ്‌ ഡവലപ്പ്‌മെന്റ്‌ ആൻഡ്‌ റീഫൈനാൻസ്‌ ഏജൻസി ലിമിറ്റഡ്‌ എന്നാണ് ഇതിന്റെ പൂർണരൂപം. മുദ്ര ബാങ്ക് എന്നൊരു ബാങ്ക് ഇല്ല. എന്നാൽ എല്ലാ സ്വകാര്യ– പൊതുമേഖലാ ബാങ്ക് ശാഖകൾ വഴിയും ഈ വായ്പ ലഭിക്കും. 10 ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം സംരംഭകനു വായ്പ ലഭിക്കുക.

വായ്പ ലഭ്യമാക്കൽ എളുപ്പമാക്കാനായി ശിശു, കിഷോ ർ, തരുൺ എന്നിങ്ങനെ  വർഗീകരിച്ചിട്ടുണ്ട്. 50,000 രൂപ വ രെയുള്ള വായ്പകൾ ശിശു വിഭാഗത്തിലും, 50,000– അഞ്ചു ലക്ഷം രൂപ വരെയുള്ളവ കിഷോർ വിഭാഗത്തിലും ആണ് ഉൾപ്പെടുക. ‌അഞ്ചു ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ തരുൺ വിഭാഗത്തിൽ ഉൾപെടും.

മുദ്ര ബാങ്കിന്റെ വെബ്സൈറ്റിൽ (www.mudra.org.in) പ്രോജക്ട് റിപ്പോർട്ടിന്റെ സാംപിൾ അടക്കമുള്ളവ ലഭ്യമാണ്.

ലാഭം ബുദ്ധിപൂർവം

ഏതു ബിസിനസിലും ഓർത്തുവയ്ക്കേണ്ട പാഠമുണ്ട്, വരുമാനം  മുഴുവനും ചെലവാക്കി കളയരുത്.  ലാഭവും നഷ്ടവും കൃത്യമായി രേഖപ്പെടുത്തി വച്ചാലേ എപ്പോഴൊക്കെയാണു ലാഭമുണ്ടാകുന്നതെന്നും, എന്തൊക്കെയാണു ന ഷ്ടമുണ്ടാക്കുന്ന ഘടകങ്ങളെന്നും വിലയിരുത്താൻ പറ്റൂ. അവ മനസ്സിലാക്കിയാലേ  ലാഭം കൂട്ടാനുള്ള വഴികൾ കണ്ടുപിടിക്കാനാകൂ. പരസ്യത്തിനായി അൽപം പണം ചെലവാക്കുന്നതിനു മടി വേണ്ട. ഇതു കച്ചവടം കൂട്ടും.

സംരംഭത്തിനു വേണ്ടി എടുക്കുന്ന ബാങ്ക് അക്കൗണ്ട് ആണ് കറന്റ് അക്കൗണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക വിനിമയങ്ങളെല്ലാം ഈ അക്കൗണ്ട് വഴി ആകുന്നതാണ് ഉചിതം. പിന്നീടുള്ള സംരംഭത്തിന്റെ വളർച്ചയിലും വികാസത്തിനും ഇതു വളരെ ഗുണം ചെയ്യും.

ബാങ്ക് വായ്പ എടുത്താലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട് വഴി തന്നെയാകണം സംരംഭത്തിനായുള്ള മെഷീനറി വാങ്ങൽ, എക്യുപ്മെന്റ് വാങ്ങൽ, അസംസ്കൃത വസ്തുക്കളുടെ പർച്ചേസ് എന്നിവയ്ക്കായുള്ള ധനവിനിയോഗം.

ഇതിനായി ചെക്ക്, NEFT, RTGS, IMPS, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ പ്രയോജനപ്പെടുത്താം. ഉത്പന്നം വിൽക്കുമ്പോഴോ സേവനം നൽകുമ്പോഴോ കച്ചവടം നടത്തുമ്പോഴോ സ്ഥാപനത്തിലേക്കു വരുന്ന തുകയും  ബാങ്ക് അക്കൗണ്ട് വഴിയാക്കണം. ഇതിനായി കാർഡ് സ്വൈപിങ് മെഷീൻ, ക്യുആർ കോഡ് ഇവ വയ്ക്കാം.

പണമായി  വാങ്ങുന്നുണ്ടെങ്കിൽ അന്നു വൈകുന്നേരമോ പിറ്റേന്നു രാവിലെയോ തന്നെ അക്കൗണ്ടിലേക്കു പണമടയ്ക്കണം. വർഷാന്ത്യം കണക്ക് ഓഡിറ്റ് ചെയ്യേണ്ടി വരുമ്പോഴും ലാഭം കണക്കാക്കുമ്പോഴും  ഇതു കാര്യങ്ങൾ എളുപ്പമാക്കും. അക്കൗണ്ടിലെ മികച്ച ടേൺ ഓവർ തുടർ വായ്പാ ലഭ്യതയും ഉറപ്പാക്കും. പണം കയ്യിൽ വയ്ക്കുന്നതിന്റെ റിസ്കും ഒഴിവാകും.

സംരംഭത്തിനു സർക്കാർ സഹായം

∙ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി) പ്രകാരം  ഒറ്റയ്‌ക്കും കൂട്ടായും തുടങ്ങുന്ന സംരംഭങ്ങൾക്കു വായ്പ ലഭിക്കും. സബ്സിഡി തുക അക്കൗണ്ടിലേക്കു നിക്ഷേപിക്കുകയും മൂന്നു വർഷ കാലയളവിനു ശേഷം ഈ തുക വായ്പയിൽ നിന്നു കുറവു ചെയ്തു തരികയും ചെയ്യും. വ്യവസായം നല്ല രീതിയിൽ പ്രവർത്തിക്കുന്നു എങ്കിൽ രണ്ടാം ഗഡുവായും വായ്പ ലഭ്യമാകും. വിശദ വിവരങ്ങൾക്ക്– www.kviconline.gov.in

∙ സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം 51 % ഓഹരിയെങ്കിലും വനിതയുടെയോ ദലിത് അംഗത്തിന്റെയോ പേരിലായ സംരംഭത്തിനു വായ്പ ലഭിക്കും. ഉത്പാദന വ്യവസായം, കച്ചവടം, വിപണനം, സേവന സംരംഭങ്ങൾ എന്നിവ തുടങ്ങാൻ 10 ലക്ഷം– ഒരു കോടി രൂപ വായ്പ ലഭിക്കും. ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് സ്കീം ഫോർ സ്റ്റാൻഡ് അപ് ഇന്ത്യ ലോൺസ് സ്കീം പ്രകാരം കേന്ദ്രസർക്കാരാണു ഗ്യാരന്റി നിൽക്കുന്നത്. ഏഴു വർഷമാണു തിരിച്ചടവു കാലാവധി (www.standupmitra.in)

∙ കേന്ദ്രസർക്കാരിന്റെ ലാഖ്പതി ദീദി യോജന പ്രകാരം വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ 18– 50 വയസ്സിനിടയിലെ സ്ത്രീകൾക്കു നൈപുണ്യപരിശീലനം നൽകി സ്വയം തൊഴിലിനു പര്യാപ്തമാക്കുന്നു. ഒരു ലക്ഷം– 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും.

∙ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി വ ഴി 50 ലക്ഷം രൂപ വരെ പൊതുസംരംഭങ്ങൾക്കു വായ്പ അനുവദിക്കും. പത്തു ശതമാനം മാർജിൻ മണി സംരംഭകൻ വഹിക്കണം. മൂന്നുശതമാനം പലിശ സബ്സിഡി സർക്കാർ വഹിക്കും (www.kfc.org)

∙ പുതിയ സംരംഭത്തിനും നിലവിലുള്ള സംരംഭങ്ങൾക്കും ഗുണം ലഭിക്കുന്നതാണു സംസ്ഥാന സർക്കാരിന്റെ സംരംഭ സഹായ പദ്ധതി (എന്റർപ്രണർ സപ്പോർട് സ്കീം). സൂക്ഷ്മ– ചെറുകിട– ഇടത്തരം വ്യവസായങ്ങളുടെ നിർമാണ യൂണിറ്റുകൾക്കും 45 വയസ്സിനു താഴെ പ്രായമുള്ള യുവതീയുവാക്കൾക്കു 30 ലക്ഷം രൂപ വരെ സഹായം കിട്ടും. വിശദ വിവരങ്ങൾക്കു ജില്ലാ വ്യവസായ കേന്ദ്രം സന്ദർശിക്കാം.

∙ സംരംഭം തുടങ്ങുന്നതിനു വനിതകൾക്കു സഹായം നൽകാൻ വിവിധ വായ്പാ പദ്ധതികൾ വനിതാ വികസന കോർപറേഷൻ നടപ്പാക്കി വരുന്നുണ്ട് (www.kswdc.org). രണ്ടു സ്കീമുകൾ വഴി പരമാവധി മൂന്നു ലക്ഷം, പത്തു ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും.

∙ കരകൗശല യൂണിറ്റു തുടങ്ങാൻ ഗ്രാന്റ് നൽകുന്ന പദ്ധതിയാണ് ആശ സ്കീം (അസിസ്റ്റൻസ് സ്കീം ഫോർ ഹാൻഡിക്രാഫ്ട് ആർട്ടിസാൻസ്). വനിതകൾക്കും എസ്‌സി, എസ്ടി യുവാക്കൾക്കും 50% വരെ (പരമാവധി മൂന്നു ലക്ഷം രൂപ) ലഭിക്കും.

∙ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് വഴിയുള്ള കെഇഎസ്‌ആർയു സ്വയംതൊഴിൽ വായ്പാ പദ്ധതി വഴി ചെറിയ വ്യവസായ യൂണിറ്റുകൾക്കായി പദ്ധതി ചെലവിന്റെ 20 ശതമാനം വരെ സബ്സിഡി ലഭിക്കും.  വിധവകൾ, വിവാഹമോചിതർ, എസ്‌സി, എസ്ടി അവിവാഹിത അമ്മമാർ എന്നിവർക്കായുള്ളതാണ് ശരണ്യ പദ്ധതി. ഇതിലൂടെ 50% സബ്‌സിഡിയിൽ 50,000 രൂപ വരെ വായ്പ ലഭിക്കും.

∙ 21– 55 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പദ്ധതിയാണ് കൈവല്യ. ഒറ്റയ്‌ക്കോ സംഘമായോ സംരംഭം ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് –

www.employment.kerala.gov.in

ബിസിനസിന്റെ ആദ്യ പടികളും ചെലവുകളും

∙ സംരംഭത്തിനു വേണ്ട മുറി, കെട്ടിടം പ്രധാനമാണ്. ഗാർഡൻ സ്റ്റോർ ആണു തുടങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ചെടികളും ചെടിച്ചട്ടികളുമൊക്കെ ഡിസ്പ്ലേ ചെയ്തു വയ്ക്കാവുന്ന സൗകര്യം വേണം. വളവും മറ്റു സ്റ്റോക്കും സൂക്ഷിക്കാനും സ്ഥലസൗകര്യം പ്രധാനമാണ്. സ്വന്തം സ്ഥലം ഇതിനു പര്യാപ്തമല്ലെങ്കിൽ കെട്ടിടമോ മുറിയോ വാടകയ്ക്ക് എടുക്കേണ്ടി വരും.

∙ വെള്ളം, ഇലക്ട്രിസിറ്റി, റോഡ് സൗകര്യം തുടങ്ങിയവ ഉള്ള ഇടത്തുവേണം സംരംഭം തുടങ്ങാൻ. സാധനങ്ങൾ വേഗത്തിൽ എത്തിക്കാവുന്ന ഇടമല്ലെങ്കിൽ വണ്ടി വാടക ഇനത്തിലും ചെലവു വേണ്ടിവരും.

∙ ലൈസൻസ് വ്യവസ്ഥകൾ പാലിക്കുക പ്രധാനമാണ്. കേരള സർക്കാരിന്റെ കെസിഫ്ട് ഏകജാലക സംവിധാനം വഴി ഓരോ പ്രോജക്ടിനും ആവശ്യമായ ലൈസൻസ് നേടാം. ലൈസൻസ് വേണ്ടാത്ത സംരംഭം ആണെന്നു കരുതി മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ല എന്ന് അർഥമില്ല. മൂന്നു വർഷത്തേക്ക് ലൈസൻസ് എടുക്കേണ്ട കാര്യമില്ലെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാതെ പിന്നീടു ലൈസൻസ് കിട്ടണമെന്നില്ല.

∙ മാർക്കറ്റിങ്ങും  മുൻകൂട്ടി പ്ലാൻ ചെയ്യണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്താൽ ഓൺലൈനായി വിൽപന കൂടുക മാത്രമല്ല, പുതിയ സ്റ്റോക്കിനെ കുറിച്ചും മറ്റും കസ്റ്റമേഴ്സിനു വിവരവും കിട്ടും.

വ്യവസായ റജിസ്ട്രേഷൻ ഓൺലൈനിൽ

സ്വന്തം സംരംഭമോ വ്യവസായമോ റജിസ്റ്റർ ചെയ്യുന്നതിനു പൂർണമായും ഓൺലൈൻ സംവിധാനം ഇപ്പോൾ ലഭ്യമാണ്. ഇതിനായി www.udyamregistration.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വ്യക്തികൾക്കു സ്വന്തമായി തന്നെ, ലഘുവായ സ്റ്റെപ്പുകളിലൂടെ ഈ വെബ്സൈറ്റുകൾ റജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതേയുള്ളൂ.

തനിച്ചു റജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക്‌ വ്യവസായ ഓഫിസുകൾ, ബ്ലോക്ക്‌/ മുൻസിപ്പാലിറ്റി/ കോർപ്പറേഷ ൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാരുടെ സേവനമോ തേടാവുന്നതാണ്.

കേരള സർക്കാരിനു കീഴിലുള്ള വിവിധ വ്യവസായ റജിസ്ട്രേഷൻ വെബ്സൈറ്റ് വിലാസങ്ങൾ ഇവയാണ്– കേരള സർക്കാർ വ്യവസായ വകുപ്പ് (www.industry.kerala.gov.in), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (www.ksidc.org).

വ്യവസായ സംരംഭങ്ങൾക്ക് ആദ്യ മൂന്നു വർഷത്തേക്കു ലൈസൻസുകൾ എടുക്കുന്നതിനായുള്ള വെബ്സൈറ്റ് – കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആന്റ് ട്രാൻസ്പരന്റ് ക്ലിയറൻസ്–

(www.kswift.kerala.gov.in)   

വിവരങ്ങൾക്ക് കടപ്പാട്: കെ.കെ. ജയകുമാർ, പഴ്സനൽ ഫിനാൻസ് അനലിസ്റ്റ് ആൻഡ് എന്റർപ്രണർഷിപ് മെന്റർ, കൊച്ചി

Key Steps to Launching Your Own Business:

Starting a successful business requires aligning your venture with your knowledge and passion, alongside thorough planning and financial assessment. Exploring various business structures like proprietorship, partnership, or private limited companies, and understanding MSME classifications are crucial steps. Additionally, leveraging government schemes and financial institutions for loans and subsidies can significantly support your entrepreneurial journey.

ADVERTISEMENT