ADVERTISEMENT

നാളികേരത്തിന്റെ നാടായ കേരളത്തിൽ വിപ്ലവമാകുകയാണ് ഇളനീർ തൊണ്ടിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മണ്ണുരഹിത നടീൽ മിശ്രിതം..

നമ്മൾ നിസ്സാരമായി വലിച്ചെറിയുന്ന നാളികേര തൊണ്ടിൽ നിന്ന് നടീൽ മിശ്രിതം നിർമിക്കാനാകുമോ? ഇളനീർ കുടിച്ചു കഴിഞ്ഞപ്പോഴേക്കും കൊല്ലം കരിങ്ങന്നൂർ സ്വദേശി ഷാനു മനോഹരൻ എന്ന ചെറുപ്പക്കാരന്റെ ഉള്ളിലുദിച്ച ഈ ചെറിയ ചോദ്യത്തിൽ നിന്നാണ് ‘പോക്കറ്റ് ഗ്രോവർ’ എന്ന സ്റ്റാർട് അപ് പിറക്കുന്നത്.

ADVERTISEMENT

കേരള കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളജ് സംഘടിപ്പിച്ച സൃഷ്ടി ഐഡിയത്തോണിൽ പോക്കറ്റ് ഗ്രോവറിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തതും വ്യത്യസ്തവും പരിസ്ഥിതി സൗഹൃദവുമായ ഈ ചിന്തയാണ്. ജീവിത പങ്കാളിയായ ജിഷ എസ്.ജെ. യും ഷാനുവിനൊപ്പം ഈ യാത്രയിൽ പങ്കുചേർന്നു.  

ആർക്കും വേണ്ടാത്ത ഇളനീർ തൊണ്ട്

ADVERTISEMENT

‘‘ ദിവസേന ഉത്പാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യത്തിൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെ നാളികേര മാലിന്യമാണ് എന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ചിലയിടങ്ങളിൽ അളവു വീണ്ടും ഉയർന്നേക്കാം.

ഇളനീർ തൊണ്ടുകളിൽ നിന്നു നടീൽ മിശ്രിതം ഉത്പാദിപ്പിക്കുന്നതിലൂടെ ഗുണമേന്മയുള്ള മിശ്രിതം ലഭിക്കുമെന്നു മാത്രമല്ല മാലിന്യത്തിന്റെ അളവു കുറയ്ക്കാനും സാധിക്കുന്നു. ഈ അറിവുകളാണ് ഇളനീർ തൊണ്ടിൽ നിന്നു മണ്ണുരഹിത നടീൽ മിശ്രിതം എന്ന ആശയത്തിലേക്ക് എത്തിച്ചത്’’ ഷാനു പറയുന്നു.  

ADVERTISEMENT

‘‘ പോക്കറ്റ് ഗ്രോവറിലെ പ്രധാന ഘടകം ഇളനീര്‍ത്തൊണ്ടാണ്. ചെടിയുടെ വളർച്ചയ്ക്കാവശ്യമായ ഈർപ്പം നിലനിർത്തുന്നതിനൊപ്പം വായു കടത്തിവിടുന്നതിലും ഇളനീർ തൊണ്ടുകൾ മിടുക്കരാണ്. ചില രാസവസ്തുക്കളുടെ സാന്നിധ്യം കുറവായതിനാൽ വിളഞ്ഞ തേങ്ങയുടെ തൊണ്ടിനെക്കാൾ ഇളനീർ തൊണ്ടുകൾ ഗുണനിലവാരം പുലർത്തും. ഭാരം കുറവാണെന്നതും ലഭ്യത കൂടുതലാണെന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.’’ ജിഷ തുടർന്നു.

‘‘ഓരോ ചെടിയുടേയും ആവശ്യകതയ്ക്കനുസരിച്ചാണ് നടീൽ മിശ്രിതം തയാറാക്കുന്നത്. പഴങ്ങൾക്കും പച്ചക്കറികൾക്കും ഇൻഡോർ പ്ലാന്റുകൾക്കും പ്രത്യേകം മിശ്രിതം വേണം. നിലവിൽ പ്രതിമാസം പത്തു ടൺ പോക്കറ്റ് ഗ്രോവർ നിർമിക്കുന്നു. ആദ്യമൊക്കെ പരിസരപ്രദേശങ്ങളിൽ നിന്നാണു തൊണ്ടുകൾ ശേഖരിച്ചിരുന്നത്. ആവശ്യക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായതോടെ ഉത്പാദനവും കൂട്ടാനുള്ള തയാറെടുപ്പിലാണു ഞങ്ങൾ. ’’ ജിഷ പറയുന്നു.

പഠിച്ച വഴിയേ പോയില്ല

‘‘ജീവിതത്തിൽ മാറ്റം വേണമെന്നു തോന്നിയപ്പോൾ ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗം ഉപേക്ഷിച്ചു കൃഷിയിലേക്കു തിരിഞ്ഞു. പത്തു വർഷം മുൻപ് വാഴക്കൃഷിയിലൂടെയായിരുന്നു തുടക്കം.

ആദ്യ ഓണക്കാലത്തുതന്നെ മികച്ച വിളവു ലഭിച്ചതു ധൈര്യമായി. 2016ൽ വെളിനല്ലൂർ കൃഷിഭവന്റെ യുവകർഷക പുരസ്കാരം ലഭിച്ചു. ‘ഷാനു കാണിക്കുന്നതു മണ്ടത്തരം’ എന്നു കളിയാക്കിയവർക്കുള്ള മറുപടിയായിരുന്നു ഈ വിജയം.’’ ഷാനു ചിരിച്ചു.

‘‘പഠിച്ചതുമായി കൃഷിക്കു യാതൊരു ബന്ധവുമില്ലാത്തതിനാൽ ഡിപ്ലോമ ഇൻ അഗ്രിക്കൾചർ എക്സ്റ്റെൻഷൻ സർവീസസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് എന്ന കേന്ദ്ര സർക്കാർ കോഴ്സ് ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി കോഴ്സുകൾ ചെയ്തു.

ചെടികളെ ബാധിക്കുന്ന രോഗങ്ങളിൽ എൺപതു ശതമാനവും മണ്ണിൽ നിന്നുണ്ടാകുന്നുവെന്ന് മനസ്സിലായി. അതിനൊരു പരിഹാരമായിട്ടാണു കൃഷിയിൽ നിന്നുണ്ടാകുന്ന മാലിന്യം ഉപയോഗിച്ച് ജൈവവളമുണ്ടാക്കിയത്. കൊല്ലം കൃഷിവിജ്ഞാന കേന്ദ്രത്തിൽ നിന്നു മണ്ണിര കമ്പോസ്റ്റ് ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും പഠിച്ചു. ജൈവവളത്തെക്കുറിച്ചു കൂടുതലറിയും തോറും  ആവേശം വർധിക്കുകയായിരുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച പ്രീമിയം ഗ്രേഡ് മണ്ണിര കമ്പോസ്റ്റ് വിജയമായി. അതിൽപ്പിന്നെ പ്രകൃതിദത്തമായ എന്തുകണ്ടാലും അതിൽ നിന്നു വളമോ നടീൽ മിശ്രിതമോ ഉണ്ടാക്കാൻ സാധിക്കുമോ എന്നായി ചിന്ത. അത് ഇളനീർത്തൊണ്ടിലും മണ്ണുരഹിത ജൈവവളത്തിലുമെത്തി. മൈക്രോ ബയോളജിയിലെ ജിഷയുടെ അറിവുകൾ സംരംഭത്തിനു കരുത്തായി.’’ ജിഷയെ ചേർത്തു പിടിച്ചു ഷാനു പറഞ്ഞു.

pocket-grower2

കൃഷി ഇഷ്ടമാണ്, പക്ഷേ...

‘‘കൃഷിയോടു താത്പര്യമുണ്ടെങ്കിലും പരിപാലനവും അറിവില്ലായ്മയും ധാരാളം ആളുകളെ പിന്നോടു വലിക്കുന്നുണ്ടെന്നു തോന്നുന്നു. ചെടി മൊട്ടിടാറാകുമ്പോൾ അല്ലെങ്കിൽ കായ്ക്കാറാകുമ്പോഴേക്കും വരുന്ന രോഗങ്ങളും പ്രാണിശല്യങ്ങളുമെല്ലാം മനസ്സുമടുപ്പിക്കുമെന്നു പറഞ്ഞവരുണ്ട്. എല്ലാം റെഡിമെയ്ഡ് ആയി കിട്ടിയാൽ ഒരു കൈ നോക്കാമെന്നായിരുന്നു മറ്റുചിലർ പറഞ്ഞത്.

ഭൂമിയുള്ളവർക്കും ഇല്ലാത്തവർക്കും കൃഷി ചെയ്യാൻ സാധിക്കണം എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച റെഡിമെയ്ഡ് ഗ്രോ ബാഗുകളായിരുന്നു ആദ്യ ഹിറ്റ് ഉത്പന്നം. അവിടെനിന്ന് ഇതുവരെ ചാണക വളം മുതൽ മണ്ണിര കമ്പോസ്റ്റ് വരെ നൂറു ശതമാനം പ്രകൃതിദത്തമായ വളങ്ങളും ഒാർഗാനിക് ബൂസ്റ്ററുകളും ഞങ്ങൾ വികസിപ്പിച്ചെടുത്തു.’’

മൂന്നു ലക്ഷത്തിൽ ആരംഭിച്ച സ്റ്റാർട് അപ് ഇന്നെത്തി നിൽക്കുന്നത് 25 ലക്ഷത്തിലാണെന്നു പറയുമ്പോൾ ഇരുവരുടെയും വാക്കുകളിൽ ആനന്ദച്ചിരി പടർന്നു. ഓഫ്‌ലൈനായും ആമസോണിലൂടെയും പോട്ടിങ് മിക്സ്ചറുകൾ ആളുകളിലേക്ക് എത്തിക്കുന്നു.

നാഷനൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറിന്റെ  (നബാർഡ്) പിന്തുണയോടെ വെള്ളായണി കാർഷിക കോളജിന്റെ റൂറൽ ബിസിനസ് ഇൻക്യുബേഷൻ സെന്ററായ കെ ആഗ്ടെക് ലോഞ്ച് പാഡ് ആണ് പോക്കറ്റ് ഗ്രോവർ ഇൻക്യുബേറ്റ് ചെയ്തിരിക്കുന്നത്.

Kerala's Coconut Husk Revolution: Soilless Potting Mix Takes Off:

Coconut husk, a material often discarded, is being revolutionized in Kerala into a soilless potting mix called 'Pocket Grower'. This innovative startup, founded by Shanu Manohar and his wife Jisha S.J., transforms readily available coconut coir pith into a high-quality planting medium. Their idea, born from a simple question, won first place at the Kerala Agricultural University's Ideathon, highlighting its environmental friendliness and unique approach. The coir pith retains moisture and allows aeration, offering superior quality compared to mature coconut husks due to fewer chemical impurities. Pocket Grower currently produces ten tons monthly, catering to specific plant needs for fruits, vegetables, and indoor plants. Shanu, a former fire and safety officer, transitioned to agriculture ten years ago, finding success and overcoming initial skepticism. The venture, supported by NABARD and the Agricultural College's incubation center, has grown significantly, demonstrating the potential of waste utilization in sustainable agriculture.

ADVERTISEMENT