ADVERTISEMENT

യാത്രക്കാർക്ക് ട്രാവൽ ഫ്രണ്ട്‌ലി ഭക്ഷണം എത്തിക്കുന്ന റെയിൽ റോൾസ് എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ വിജയകഥ

ജോലി കഴിഞ്ഞു നാട്ടിലേക്കുള്ള ബസ് പിടിക്കാനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും ഭക്ഷണം വാങ്ങാൻ സാധിക്കണമെന്നില്ല. എന്തെങ്കിലും വാങ്ങിയാലോ ബസിൽ ഇരുന്ന് കഴിക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഒരു പാക്കറ്റ് ബിസ്ക്കറ്റിനേയും ഒരു കുപ്പി വെള്ളത്തേയും ആശ്രയിച്ചു വേണം തൃശ്ശൂരെ വീടെത്തുന്നതുവരെ ഇരിക്കാൻ’’ തിരുവനന്തപുരത്തെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രുതിയുടെ സങ്കടം യാത്ര ചെയ്യുന്ന നിരവധി മനുഷ്യരുടേതു കൂടിയാണ്.

ADVERTISEMENT

 ഇതേ നിരാശയിൽ നിന്നാണു ഷിബിൻ എന്ന വിദ്യാർഥി റെയിൽ റോൾ എന്ന സ്റ്റാർട്ട് അപ്പ് ആരംഭിക്കുന്നത്. പാലക്കാട് മണ്ണാർക്കാട്ടെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളർന്ന ഷിബിൻ രണ്ടു വർഷത്തിനുള്ളിൽ പത്ത് ഔട്ട്‌ലെറ്റുകളുള്ള സ്റ്റാർട്ട് അപ്പ് വളർത്തിയെടുത്ത കഥ പറയാനിരിക്കുമ്പോൾ റെയില്‍ റോൾസ് സിഇഒ ഷിബിന്റെയും നാലു സുഹൃത്തുക്കളുടേയും മുഖത്ത് അഭിമാനം നിറയുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ADVERTISEMENT

‘‘ബെംഗളൂരുവിലെ കോളജ് പഠനകാലമാണ് എല്ലാത്തിനും തുടക്കമായത്. പഠനത്തിന്റെ തിരക്കുകളോ പരീക്ഷകളോ ഇല്ലാത്ത ആഴ്ചകളിൽ ഞാൻ മണ്ണാർക്കാട്ടെ വീട്ടിലേക്കു വരും. വെള്ളിയാഴ്ച വൈകുന്നേരം കോളജിൽ നിന്നിറങ്ങി നേരെ റെയിൽവേ സ്‌റ്റേഷനിൽ എത്തും. ട്രെയിൻ അപ്പോഴേക്കും പ്ലാറ്റ്ഫോമിൽ ഉണ്ടാകും. പിന്നെ, സീറ്റ് തരപ്പെടുത്താനുള്ള പാച്ചിലാണ്. ഇതിനിടെ ഭക്ഷണമോ വെള്ളമോ വാങ്ങാൻ സാധിച്ചെന്നു വരില്ല. ട്രെയിനിൽ ഭക്ഷണം കിട്ടുമല്ലോ എന്നു ചിന്തിച്ചേക്കാം. പക്ഷേ, ട്രെയിനിൽ എത്ര വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയാറാക്കുന്നതെന്നു നേരിൽ കണ്ടിട്ടുണ്ട്. അതോർക്കുമ്പോൾ വിശപ്പു കടിച്ചമർത്തുകയാണു ഭേദമെന്നു തോന്നും. വിശന്നിട്ടു കിളി പോയ യാത്രകളുമുണ്ട്.’’ നിസ്സഹായരായ അനേകം യാത്രക്കാരുടെ പ്രതിനിധിയെന്നോണം ഷിബിൻ തുടർന്നു.

 ‘‘രാവിലെ വീട്ടിലെത്തുമ്പോഴേക്കും തളർന്നിട്ടുണ്ടാകും. പല യാത്രകളിലും ഇതാവർത്തിക്കപ്പെട്ടപ്പോഴാണ് ട്രെയിനിൽ വൃത്തിയുള്ള ഭക്ഷണം എങ്ങനെ നൽകാം എന്നതിനെക്കുറിച്ച് ചിന്തിച്ചത്. സ്കൂൾ കാലം മുതൽ സുഹൃത്തായിരുന്ന സഞ്ജിദുമായി പ്രശ്നത്തെക്കുറിച്ചു സംസാരിച്ചു. ഒരു സ്റ്റാർട്ട് അപ്പിന്റെ തുടക്കമാണതെന്ന് അന്നു ഞങ്ങളറിഞ്ഞില്ല.’’ ഷിബിൻ ചിരിച്ചു.

ADVERTISEMENT

‘‘ട്രെയിൻ, ബസ് യാത്രകളിൽ ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണല്ലോ ഭക്ഷണം. ആ നിലയിൽ ഷിബിൻ മുന്നോട്ടു വച്ച വിഷയം പ്രസക്തമാണ്. ഒപ്പം നിൽക്കാൻ ഷിജയുമെത്തിയതോടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ടെൻഷൻ മാറി.

ട്രാവൽ ഫ്രണ്ട്‌ലി ഭക്ഷണം എന്ന പോംവഴിയിലേക്ക് വളരെ വേഗത്തിലെത്തിയെങ്കിലും ഭക്ഷണം പാകം ചെയ്യാന്‍ ഞങ്ങൾക്കു മൂന്നു പേർക്കും അറിയില്ലെന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു.’’ പൊട്ടിച്ചിരിച്ചുകൊണ്ട് റെയിൽ റോൾസ് സിഒഒ മുഹമ്മദ് സഞ്ജിദ് പറഞ്ഞു.   

റെയിൽ റോൾസ് എന്ന സ്വപ്നത്തിന് കർട്ടൻ വീഴുമോ എന്നു മൂവർ സംഘം പേടിച്ചിരുന്നപ്പോഴാണ് കൾനറി സ്പെഷലിസ്റ്റായ നസീമിന്റെ വരവ്. നസീം നടത്തിയ പഠനത്തിൽ ഭക്ഷണത്തിന്റെ നിലവാരം മാത്രമല്ല അതു യാത്രയ്ക്കിടയിൽ കഴിക്കാനുള്ള സൗകര്യം കൂടി പരിഗണിക്കണമെന്നു മനസ്സിലായി. അവിടെയാണ് റാപ്പുകളിലേക്ക് ടീം റെയിൽ റോൾസ് എത്തുന്നത്.  

‘‘വയറു നിറയുമെന്നു മാത്രമല്ല തിരക്കിനിടയിലും സ്വസ്ഥമായി കഴിക്കാൻ സാധിക്കുന്ന ഭക്ഷണം കൂടിയാണ് റാപ്പുകൾ. വെജ്, നോൺ വെജ് വിഭാഗങ്ങളിലായി 15ൽപ്പരം രുചികളിലുള്ള റാപ്പുകൾ റെയിൽ റോൾസിലുണ്ട്. 49 മുതൽ 199 രൂപവരെയാണ് റാപ്പുകളുടെ വില. 149 സിങ്കർ റാപ് കോംബോയാണ് ഹിറ്റ് പ്രൊഡക്ട്’’ തികഞ്ഞ സംതൃപ്തിയോടെ റെയിൽ റോൾസ് ആർ ആൻഡ് ടി ഹെഡ് നസീം ഉമർ പറഞ്ഞു.

‘‘ഉച്ചയ്ക്കു 12 മുതൽ രാത്രി 12 വരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം. ബ്രേക്ക്ഫാസ്റ്റ് സംവിധാനം കൂടി ഉൾപ്പെടുത്തണം എന്ന ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ചില ഔട്ട്‌ലെറ്റുകൾ രാവിലെ എട്ടിനു പ്രവർത്തനം ആരംഭിക്കും.

ഒരു ദിവസം നൂറ് ഓർഡറുകൾ എന്ന ആഗ്രഹവുമായി തുടങ്ങിയ റെയിൽ റോൾസിന്റെ ഔട്ട്‌ലെറ്റുകൾക്ക് ഇന്ന് ഇരുന്നൂറിൽപ്പരം ഓർഡറുകൾ കിട്ടുന്നുവെന്നതൊരു സന്തോഷമാണ്.

ഓൺലൈൻ ഫൂഡ് ഡെലിവറി ആപ്പുകളിലൂടെയും ഐആർസിടിസി വെബ്സൈറ്റിലൂടെയും റാപ്പുകൾ ഓർഡർ ചെയ്യാം. നാല് ഓർഡറുകൾ ചെയ്താൽ റെയിൽ റോൾസ് റോയൽറ്റി കാർഡിലൂടെ അടുത്ത ഓർഡർ ഫ്രീയായി നേടാം. ഇനി പ്രിയദർശിനി ടിക്കറ്റ് കൈവശമുണ്ടെങ്കിൽ ബൈ വൺ ഗെറ്റ് വൺ ഓഫറും സ്വന്തമാക്കാം.’’ സിടിഒ പി.എസ്. ഷിജ വിശദീകരിച്ചു.  

rail-rolls1

കൂകിപ്പാഞ്ഞ വിജയഗാഥ

നിക്ഷേപത്തിനായി പല വാതിലുകൾ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ‘‘ ഒടുവിൽ കയ്യിലുണ്ടായിരുന്ന ഒന്നര ലക്ഷത്തിൽ നിന്ന് ഞങ്ങൾ റെയിൽ റോൾസ് എന്ന വലിയ സ്വപ്നത്തിലേക്കു നടന്നു. ലോണെടുത്ത ആറു ലക്ഷം രൂപയും ധൈര്യം നൽകി.

2024 സെപ്റ്റംബറില്‍ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷന് പുറത്ത് റെയിൽ റോൾസിന്റെ ആദ്യ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു.’’ റെയിൽ റോൾസിന്റെ തുടക്കകാലത്തേക്ക് ഷിബിന്റെ ഓർമകൾ പാഞ്ഞു.  ‘‘ ആദ്യ ആഴ്ചയിൽ തന്നെ അനുഭവപ്പെട്ട തിരക്ക് ഞങ്ങളെ ഭയപ്പെടുത്തി.  പ്രീ ഓർഡർ സംവിധാനം ഏർപ്പെടുത്തിയതോടെ തിരക്കു നിയന്ത്രിക്കാൻ സാധിച്ചു.  

 കോഴിക്കോട്ടെ ഔട്ട്‌ലെറ്റ് ഹിറ്റ് ആയതോടെ കെഎസ്ആർടിസി താത്പര്യം പ്രകടിപ്പിച്ചു. അന്നു ഗതാഗത മന്ത്രിയായിരുന്ന ഗണേഷ് കുമാർ സാറാണ് എല്ലാ സഹായവും ചെയ്തു തന്നത്.  തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിൽ ആരംഭിച്ച ഔട്ട‌്ലെറ്റ് ഹിറ്റായി. നിലവിൽ കൊല്ലം, കായംകുളം, കോട്ടയം, ആലുവയുൾപ്പെടെ റെയിൽ റോൾസിന് ഒൻപത് ഔട്ട്‌ലെറ്റുകളുണ്ട്.  

പത്താമത്തെ ഔട്ട്‌ലെറ്റ് എത്തുന്നത് ആലപ്പുഴയിലാണ്. അധികം വൈകാതെ ഞങ്ങൾ ബെംഗളൂരുവിലേക്കും വളരും. ഇപ്പോൾ കേട്ടറിഞ്ഞ് ധാരാളം പേർ നിക്ഷേപസന്നദ്ധത അറിയിക്കുന്നുമുണ്ട്.’’ സിഎഫ്ഒ സഫ്‌വാൻ പറഞ്ഞു. ഏഴര ലക്ഷത്തില്‍ ആരംഭിച്ച റെയിൽ റോൾസിന്റെ യാത്ര ഇന്നെത്തിനിൽക്കുന്നത് ഒരു കോടി രൂപ എന്ന മാജിക് സംഖ്യയിലാണെന്നു പറയുമ്പോൾ ഈ ചെറുപ്പക്കാരുടെ ചിരിയിൽ അഭിമാനത്തിളക്കം കാണാം.

Rail Rolls: The Startup Revolutionizing Travel Food in Kerala:

Rail Rolls is a successful travel-friendly food startup founded by Shibin and his four friends to solve the common struggles of train and bus passengers finding hygienic and easy-to-eat food during journeys. Frustrated by unhygienic train food and the difficulty of carrying meals during travel, Shibin conceptualized a venture dedicated to offering convenient food options. Joined by Sanjith, Shiju, Naseem, and Safwan, the team overcame financial hurdles by starting with a modest capital of seven and a half lakhs rupees. Culinary specialist Naseem introduced wraps as the ideal solution, providing a mess-free and filling meal option ranging from 49 to 199 rupees. Starting with their first outlet outside Ernakulam South railway station in September 2024, the brand rapidly expanded across Kerala. Today, Rail Rolls operates ten outlets, including locations at KSRCTC depots, and plans to expand to Bengaluru while boasting a turnover of one crore rupees.

ADVERTISEMENT