ADVERTISEMENT

സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം  നല്ല മാർക്ക് കിട്ടാൻ സഹായകമാണ് പഠനമുറി മികവോടെ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

എവിടെയിരുന്നാലും പഠിക്കാൻ പറ്റുമോ? ഉണ്ടെന്നും ഇല്ലെന്നും ഉത്തരങ്ങൾ വരുമായിരിക്കും. പക്ഷേ, ഇരിക്കുന്ന സ്ഥാനം പഠനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. പഠനത്തിന് കൃത്യമായ സ്ഥാനം നൽകുന്നത് തലച്ചോറിനുള്ള സിഗ്‌നൽ കൂടിയാണത്രേ.

ADVERTISEMENT

പഠനമുറി എവിടെ ക്രമീകരിക്കാം, എങ്ങനെ ക്രമീകരിക്കാം തുടങ്ങി പൊതുവായുണ്ടാകാവുന്ന സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അറിയാം.

∙ പഠനമുറിക്ക് അനുയോജ്യമായ സ്ഥാനം ഏതാണ്?

ADVERTISEMENT

കുട്ടിയുടെ പ്രായമനുസരിച്ച് പഠനത്തിന് അനുയോജ്യമായ സ്ഥാനത്തിന് വ്യത്യാസം വരാം. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടിയാണെങ്കിൽ പഠിക്കാൻ അച്ഛനമ്മമാരുടെ സഹായം വേണ്ടിവരും. ഇവർക്കായി അടുക്കളയുടെയോ ഡൈനിങ് ഏരിയയുടെയോ അടുത്തുതന്നെ പഠിക്കാനുള്ള സ്ഥലം ക്രമീകരിക്കുന്നതാണ് നല്ലത്. ഇതിനു വേണ്ടി പ്രത്യേകം പഠനമുറി എന്നതിനു പകരം ഡൈനിങ് ടേബിളോ ഫാമിലി ലിവിങ് ഏരിയയിലെ മേശയോ പ്രയോജനപ്പെടുത്താം.

കുട്ടി ഒറ്റയ്ക്ക് പഠിക്കാൻ തുടങ്ങുമ്പോൾ സ്വകാര്യതയും ഏകാഗ്രതയും കിട്ടുന്ന സ്ഥലം തന്നെ വേണം. ഇരുനില വീടാണെങ്കിൽ അപ്പർ ലിവിങ് ഏരിയയിൽ സ്റ്റഡി ഏരിയ ക്രമീകരിക്കുന്നതാണ് നല്ലത്. അപ്പർ ലിവിങ് ഏരിയയും താഴത്തെ നിലയുമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രീതിയിലാണ് പുതിയ വീടുകളെല്ലാം നിർമിക്കുന്നത്. താഴെ നിന്ന് വിളിച്ചാൽ കേൾക്കാം എന്നതാണ് അപ്പർ ലിവിങ്ങിൽ സ്റ്റഡിഏരിയ ഒരുക്കുന്നതിന്റെ ഗുണം. 

ADVERTISEMENT

കിടപ്പുമുറിയിലെ സ്റ്റഡി ഏരിയ ചെറിയ കുട്ടികൾക്ക് അനുയോജ്യമല്ല. ഹയർ സെക്കന്ററി അല്ലെങ്കിൽ കോളജ് വിദ്യാർഥികൾക്ക് കിടപ്പുമുറിയിൽത്തന്നെ സ്റ്റഡി ഏരിയ ഒരുക്കാം. ചെറിയ കുട്ടികളുടെ മുറിയിലും സ്റ്റഡി ഏരിയയ്ക്ക് സൗകര്യമൊരുക്കണം. ഇവിടെ ബാഗും പുസ്തകങ്ങളും സ്ഥിരമായി ഒരിടത്ത് അടുക്കോടും ചിട്ടയോടും കൂടി വയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കേണ്ടത്.  

study-room-tips0

∙ സ്റ്റഡി ഏരിയയിൽ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങൾ ഏതെല്ലാം?

കുട്ടിയുടെ പ്രായം, എന്തു പഠിക്കുന്നു എന്നതെല്ലാം അനുസരിച്ച് വേണ്ട സൗകര്യങ്ങളിലും വ്യത്യാസമുണ്ടാകാം. ചില അടിസ്ഥാന കാര്യങ്ങൾ എല്ലാ സ്റ്റഡി ഏരിയയിലും വേണം. സ്റ്റഡി ടേബിളും കസേരയും നിർബന്ധമായും വേണം. ടേബിളിന് കുറഞ്ഞത് ഒരു സെറ്റ് ഡ്രോയർ എങ്കിലും വേണം. പേന, പെൻസിൽ ഒക്കെ സൂക്ഷിച്ചുവയ്ക്കാൻ ഈ  വലിപ്പ് ഉപയോഗിക്കാം. പുസ്തകങ്ങൾ അടുക്കിവയ്ക്കാനും ബാഗ് വയ്ക്കാനും സൗകര്യം വേണം.  ഇതിന് ഒരു അറയുണ്ടെങ്കിൽ നല്ലത്.

ഓവർഹെഡ് കാബിനുകൾ കൊടുത്താൽ പുസ്തകം അടുക്കിവയ്ക്കാൻ കൂടുതൽ ഇടം കിട്ടും. മാത്രമല്ല, ‘ഐ ലെവലി’ (eye level) ൽ ഇരിക്കുന്ന പുസ്തകങ്ങൾ എടുക്കാൻ എളുപ്പവുമാണ്. ലാപ്ടോപ് ഉപയോഗിക്കേണ്ടി വരുമെന്നതിനാൽ ചാർജ് ചെയ്യാനുള്ള സൗകര്യം, വൈഫൈ കണക്‌ഷൻ ഇവയും ഒരുക്കാം.

മിക്ക കുട്ടികൾക്കും പഠനത്തിന്റെ ഭാഗമായി ആക്ടിവിറ്റികളും ഉണ്ടാകാറുണ്ട്. അതിന് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കാനും സൗകര്യമുണ്ടാകുന്നതു നല്ലതാണ്. സ്റ്റഡി ഏരിയയ്ക്കു വേണ്ടി കൂടുതൽ സ്ഥലം മാറ്റിവയ്ക്കാൻ കഴിയുന്നവർക്ക് ഇതെല്ലാം ചെയ്യാം.

സ്റ്റഡി ഏരിയയിൽ മികച്ച രീതിയിൽത്തന്നെ ലൈറ്റിങ് ഒരുക്കണം. പഠനമുറിയിൽ മുഴുവൻ പ്രകാശം ലഭിക്കണം. ഒപ്പം മേശയിലേക്ക് നേരിട്ട് പ്രകാശം കിട്ടുന്ന രീതിയിൽ ടാസ്ക് ലൈറ്റിങ്ങും ഒരുക്കാം. ഓവർ ഹെഡ് കാബിനറ്റ് ഉണ്ടെങ്കിൽ അതിൽ പ്രകാശസ്രോതസ്സ് നൽകാം. നല്ല രീതിയിൽ സൂര്യപ്രകാശവും കിട്ടണം. 

∙ സ്റ്റഡിഏരിയ ജനലിനടുത്ത് വേണോ?

സ്റ്റഡി ഏരിയയിൽ നല്ല രീതിയിൽ ക്രോസ്‌വെന്റിലേഷൻ വേണം. ജനലിലൂടെ പുറത്തേക്ക് കാണുന്ന വിധത്തിൽ സ്റ്റഡി ഏരിയ ക്രമീകരിക്കുന്നത് കുട്ടികളുടെ ശ്രദ്ധ നഷ്ടമാകാൻ കാരണമാകും. പഠിക്കേണ്ട സമയത്ത് പുറത്തേക്കു നോക്കിയിരിക്കാൻ സാധ്യത കൂടുതലാണ്.

∙ പഠനമുറിയിൽ നൽകുന്ന നിറങ്ങളിൽ മിതത്വം ആവശ്യമാണോ?

പേസ്റ്റൽ അല്ലെങ്കിൽ മ്യൂട്ടഡ് നിറങ്ങളാണ് സ്റ്റഡി ഏരിയയിലേക്ക് നല്ലത്. ഇതിലും വ്യക്തിപരമായ താൽപര്യങ്ങൾക്കു സ്ഥാനമുണ്ട്. പേസ്റ്റൽ അല്ലെങ്കിൽ മ്യൂട്ടഡ് നിറങ്ങൾ ഉപയോഗിച്ചാൽ ഉറക്കം വരും എന്ന അഭിപ്രായക്കാരുണ്ട്. അവർക്ക് ഇഷ്ടമുള്ള ഊഷ്മളമായ നിറങ്ങൾ ഉപയോഗിക്കാം. ഭിത്തിക്ക് ഇളംനിറം നൽകി കസേരയിലെ കുഷനോ കർട്ടനോ മറ്റേതെങ്കിലും സോഫ്റ്റ് ഫർണിഷിങ്ങിനോ ഊർജസ്വലത കൂട്ടുന്ന നിറം കൊടുത്തും ഈ പ്രശ്നം പരിഹരിക്കാം. ഇടയ്ക്കിടെ  മാറ്റാനുള്ള സൗകര്യമോർത്താണ് വൈബ്രന്റ് നിറം നൽകാൻ സോഫ്റ്റ് ഫർണിഷിങ് തിരഞ്ഞെടുക്കുന്നത്.

∙ സ്റ്റഡി ഏരിയയിലെ ഫർണിച്ചർ പഠനത്തിന് അനുയോജ്യമാക്കാൻ എന്തെല്ലാം ചെയ്യാം?

സ്ഥിരമായ മേശയും കസേരയും ഉണ്ടാകുന്നത് പഠനം ചിട്ടയോടെയാകാൻ സഹായിക്കും. നിവർന്നിരിക്കാൻ കഴിയുന്ന, ഉറപ്പുള്ള ബാക്ക്റെസ്റ്റോടു കൂടിയ കസേരയാണ് ഉത്തമം. മേശയിൽ വച്ച് എഴുതാൻ സൗകര്യമുണ്ടാകണം. അല്പം ചരിഞ്ഞ പ്രതലം കുട്ടികൾക്ക് സൗകര്യപ്രദമാകും. മേശപ്പുറത്ത് മഷിയും പോറലുമൊക്കെ വീഴാൻ സാധ്യതയുള്ളതിനാൽ  അത് മനസ്സിൽ കണ്ട് വേണം മെറ്റീരിയൽ തിരഞ്ഞെടുക്കാൻ. കാൽ സ്റ്റഡി ടേബിളിന്റെ അടിയിലേക്ക് കയറ്റിവയ്ക്കാൻ സൗകര്യം വേണം.  

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ഷിന്റോ വർഗീസ്, ഡിസൈനർ, കോൺസെപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോ, കൊച്ചി

How to Design the Perfect Study Room :

Study room design plays a crucial role in helping students achieve better academic performance and concentration. Experts emphasize that having a dedicated study space sends positive signals to the brain. For younger children, setting up a study area near the kitchen or dining table is ideal for parental supervision. Older students require privacy and focus, making upper living areas or individual bedrooms suitable locations. Essential facilities like a proper desk, comfortable chair, adequate storage, and good lighting are necessary. Proper ventilation, neutral color choices, and ergonomic furniture further enhance the overall learning environment.

ADVERTISEMENT