ലളിതമായ ചില വിദ്യകളും വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കളും പ്രയോജനപ്പെടുത്തി പൂന്തോട്ടം പരിപാലിക്കാം..
ഒരു പൂന്തോട്ടം ഒരുക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതിന്റെ ഭംഗിയും ആരോഗ്യവും നിലനിർത്തിക്കൊണ്ടുള്ള പരിചരണവും. ചെടികളുടെ വളർച്ചയ്ക്കും പൂവിടലിനും അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, അവയെ ബാധിക്കുന്ന ചെറുപ്രശ്നങ്ങൾ യഥാസമയം പരിഹരിക്കണം. അതിനായി ലളിതമായ ചില വിദ്യകളും വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കളും പ്രയോജനപ്പെടുത്തി പൂന്തോട്ടപരിപാലനം കൂടുതൽ എളുപ്പവും ഫലപ്രദവുമാക്കാം.
എപ്സം സോൾട്ട്
വളപ്രയോഗം കൃത്യമായി നടത്തിയിട്ടും പുൽത്തകിടി മങ്ങിയ നിറത്തിൽ തുടരുന്നത് പലരേയും ബുദ്ധിമുട്ടിക്കാറുണ്ട്. പുല്ലിന്റെ ഇലകൾക്ക് ആകർഷകമായ പച്ചനിറം നൽകുന്നത് അവയിൽ അടങ്ങിയിരിക്കുന്ന ഹരിതകം (ക്ലോറോഫിൽ) ആണ്. ഹരിതകം നല്ല തോതിൽ രൂപപ്പെടാൻ മഗ്നീഷ്യവും സൾഫറും ആവശ്യമാണ്. അതിനാൽ, യൂറിയയും ഡിഎപിയും നൽകിയിട്ടും പുൽത്തകിടിക്ക് വേണ്ടത്ര പച്ചപ്പ് ലഭിക്കുന്നില്ലെങ്കിൽ മഗ്നീഷ്യം സൾഫേറ്റ് അഥവാ എപ്സം സോൾട്ട് പ്രയോജനപ്പെടുത്താം.
ഒരു ലീറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം എപ്സം സോൾട്ട് കലക്കി ഇലകളിൽ നന്നായി പതിയുന്ന വിധത്തിൽ തളിച്ചുനൽകാം. പച്ചപ്പ് കുറഞ്ഞ പുല്ല് ആദ്യം വെട്ടി കനം കുറച്ചശേഷം പുതിയ ഇലകൾ മുളച്ചുതുടങ്ങുന്ന ഘട്ടത്തിൽ ഈ ലായനി തളിക്കുന്നതു കൂടുതൽ ഫലപ്രദമാണ്.
കൊക്കോപീറ്റ് ഉപയോഗിക്കുമ്പോൾ
വിപണിയിൽ ലഭ്യമായ കൊക്കോപീറ്റ് അഥവാ ചകിരിച്ചോറ് എത്ര ഗുണനിലവാരം ഉള്ളതാണെങ്കിലും അതി ൽ ലീഗ്നിൻ, ടാനിൻ, പെക്റ്റിൻ തുടങ്ങിയ രാസപദാർഥങ്ങൾ നേരിയ അളവിലെങ്കിലും ഉണ്ടാകാം. ഇത്തരം പദാർഥങ്ങൾ അടങ്ങിയ ചകിരിച്ചോറ് നടീൽ മിശ്രിതത്തിൽ ഉപയോഗിച്ചാൽ ചെടിയുടെ വേരുകൾ നന്നായി വളരാതെ ചെടി മുരടിച്ചു നിൽക്കും.
നടീൽമിശ്രിതം തയാറാക്കുമ്പോൾ ചകിരിച്ചോറ് നേരിട്ട് ഉപയോഗിക്കുന്നതിനു പകരം, ആദ്യം നന്നായി കഴുകിയെടുക്കണം. ഇതിനായി ചകിരിച്ചോറ് പലതവണ ശുദ്ധജലത്തിൽ കഴുകണം. കഴുകി ഊറ്റുമ്പോൾ വെള്ളത്തിലെ തവിട്ടുനിറം പരമാവധി കുറഞ്ഞ നിലയിലെത്തിയെന്ന് ഉറപ്പു വരുത്തണം. ഇത്തരത്തിൽ ശുദ്ധീകരിച്ച ചകിരിച്ചോറ് ഉപയോഗിക്കുന്നത് ചെടികൾക്ക് വളരാൻ അനുയോജ്യമായ നടീൽമാധ്യമം ഒരുക്കാൻ സഹായിക്കും.
രാസവളങ്ങൾ നൽകുമ്പോൾ
ഓർക്കിഡ്, ആന്തൂറിയം, അഡീനിയം, ജെർബെറ തുടങ്ങിയ പൂച്ചെടികളുടെ മികച്ച വളർച്ചയ്ക്കും സമൃദ്ധമായ പൂക്കൾക്കും ഇന്ന് കൂടുതലായി ആശ്രയിക്കുന്നത് വെള്ളത്തിൽ പൂർണമായി ലയിക്കുന്ന രാസവളങ്ങളെയാണ്.
ചെടിയുടെ വളർച്ചാഘട്ടത്തിൽ എൻപികെ. 19:19:19ഉം പൂവിടൽ പ്രോത്സാഹിപ്പിക്കുന്നതിനായി എൻപികെ 0:40:37 അല്ലെങ്കിൽ 0:52:34 പോലുള്ള വളങ്ങളും തുള്ളിനനയിലൂടെ നൽകാം. ചെടിയുടെ പ്രായം അനുസരിച്ചാണ് ഇത്തരം വളങ്ങളുടെ അളവും പ്രയോഗവും തീരുമാനിക്കുക. ചെറിയ പ്രായത്തിലുള്ള ചെടിക്കു കരുത്തോടെ വളരാൻ എൻ.പി.കെ 19:19:19 വളം ഒരു ഗ്രാം/ ലീറ്റർ വെള്ളം അളവിൽ നൽകാം.
നല്ല വളർച്ചയായാൽ ഒരു ഗ്രാമിനു പകരം രണ്ടു ഗ്രാം നൽകാം. ഇത് രണ്ടാഴ്ചയിൽ ഒരിക്കൽ എന്ന വിധത്തിൽ മതിയാകും. പൂവിടാൻ തക്ക വളർച്ചയായ ചെടികൾക്ക് നന്നായി പുഷ്പിക്കാൻ നൈട്രജൻ കുറഞ്ഞ അളവിൽ അടങ്ങിയിട്ടുള്ള 0:40:37 അല്ലെങ്കിൽ 0:52:34 രാസവളമാണ് വേണ്ടത്.രണ്ടു ഗ്രാം / ലീറ്റർ വെള്ളം എന്ന വിധത്തിൽ തുള്ളി നനയായി രണ്ട് ആഴ്ചത്തെ ഇടവേളയിൽ രണ്ടു– മൂന്ന് ആവർത്തി നൽകിയാൽ മതി.
രാവിലെ നല്ല വെയിൽ ആവുന്നതിനുമുൻപ് ചെടി നന്നായി നനയ്ക്കണം. ഇലകളിലുള്ള വെള്ളം പൂർണമായി വാർന്നുപോയാൽ വളം തുള്ളി നനയായി നൽകാം.