ADVERTISEMENT

വീട്ടുകാർക്ക് എല്ലാ സമയത്തും ആസ്വദിക്കാൻ പറ്റിയ സ്വകാര്യ ഉദ്യാനമാണ് ബാൽക്കണി ഗാർഡൻ. എന്നും ഒരുപോലെ ഭംഗി നിലനിർത്താൻ പറ്റിയ,  അലങ്കാരച്ചെടികളാവണം ഇവിടേക്ക് തിരഞ്ഞെടുക്കാൻ.

പരിമിതമായ ബാൽക്കണി സ്ഥലത്തും കൂടുതൽ ചെടികളെ ഭംഗിയായി ഉൾപ്പെടുത്താൻ മൂന്നു തട്ടുകളിലായി പച്ചപ്പു ക്രമീകരിക്കുന്ന രീതിയാണ് ഏറെ പ്രായോഗികം.

ADVERTISEMENT

സ്ഥലസൗകര്യത്തിനനുസരിച്ചു താഴത്തെ തട്ടിൽ അഥവാ നിലത്തു ചട്ടികളിൽ ചെടികൾ ഒരുക്കാം. നടുവിലത്തെ തട്ടിൽ  ഹാൻഡ്‌റെയിലിൽ തൂക്കിയിട്ടുള്ള ചട്ടികളിലും കൂടാതെ സ്റ്റാൻഡിൽ ചട്ടികൾ വച്ചും വിവിധ ഇനം ചെടികൾ വളർത്താം. ഏറ്റവും മുകളിലത്തെ തട്ടായി വെർട്ടിക്കൽ ഗാർഡൻ ഒരുക്കുകയോ ട്രെല്ലീസിൽ പടരുന്ന വള്ളിച്ചെടികൾ വളർത്തുകയോ ചെയ്യാം. ഇങ്ങനെ ക്രമീകരിക്കുമ്പോൾ ബാൽക്കണിക്കൊരു പച്ചത്തുരുത്തിന്റെ ഭംഗി ലഭിക്കും.

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ

ADVERTISEMENT

പടിഞ്ഞാറു ഭാഗത്തുള്ള ബാൽക്കണിയിലാണ് ഏറ്റവും അധികം വെയിലും ചൂടും കാറ്റുമെല്ലാം ലഭിക്കുക.  രാവിലത്തെ ചൂടുകുറഞ്ഞ ഇളംവെയിൽ കിട്ടുന്ന ഇടമാണ് കിഴക്കുഭാഗത്തെ ബാൽക്കണി. വടക്കും തെക്കുമുള്ളിടത്താവട്ടെ നേരിട്ട് സൂര്യപ്രകാശം ലഭിക്കില്ല. ഈ കാര്യം മനസ്സിൽ വച്ചുകൊണ്ടുവേണം ചെടികൾ തിരഞ്ഞെടുക്കാൻ. 

ചട്ടിയിൽ വളർത്താൻ പറ്റിയ റോസ്, കുറ്റിമുല്ല, അഡീനിയം, ചെത്തി തുടങ്ങി ഏതുതരം പൂച്ചെടിയും പടിഞ്ഞാറു ഭാഗത്തെ ബാൽക്കണിയിലേക്കു യോജിച്ചവയാണ്. ശക്തമായ കാറ്റു കിട്ടാൻ സാധ്യതയുള്ളതുകൊണ്ട് ഉയരത്തിൽ വളരുന്ന അലങ്കാരപ്പന, മുള തുടങ്ങിയവ വീടിന്റെ ഭിത്തിയോടു ചേർന്നുള്ള ഇടത്തു വച്ചു വേണം വളർത്താൻ. 

ADVERTISEMENT

കിഴക്കുഭാഗത്തെ രാവിലെ മാത്രം കിട്ടുന്ന സൂര്യപ്രകാശത്തിൽ പൂവിടുന്ന ഡെൻഡ്രോബിയം, കാറ്റെലിയ, തുടങ്ങിയ ഓർക്കിഡുകൾ, ജെർബെറ, ആന്തൂറിയം, പീസ് ലില്ലി, ആഫ്രിക്കൻ വയലറ്റ്സ് എല്ലാം യോജിച്ചവയാണ്. ഓർക്കിഡ്, ജെർബെറ, ആഫ്രിക്കൻ വയലറ്റ്സ്, പത്തുമണി ചെടി, വെർബീന തുടങ്ങിയവയെല്ലാം ഹാൻഡ് റെയിലിൽ തൂക്കുചട്ടികളിലേക്ക് പറ്റിയവയാണ്. ഹാൻഡ് റെയിലിൽ ചട്ടികൾ അകത്തേക്കു വേണം ഞാത്തിയിടാൻ. ചട്ടിയിൽ നിന്നും ഊർന്നു വീഴുന്ന അധിക നന ജലം താഴെ താമസിക്കുന്നവർക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാൻ ഇത് ഉപകരിക്കും. 

ചെടികൾ ക്രമീകരിക്കുന്ന വിധം

സൂര്യപ്രകാശം തീരെ കുറഞ്ഞ വടക്കും തെക്കുമുള്ള ബാൽക്കണികളിൽ പാതി തണലത്തു വളരുന്ന അഗ്ളോനിമ, ഫിലോഡെൻഡ്രോൺ, ലേഡീസ് ഫിംഗർ പാം, സ്‌നേക് പ്ലാന്റ്, കലാത്തിയ, അലോക്കേഷ്യ, ബ്രൊമീലിയാഡ് ചെടികൾ, എയർ പ്ലാന്റ്സ് തുടങ്ങിയ അലങ്കാര ഇലച്ചെടികൾ എല്ലാം തിരഞ്ഞെടുക്കാം. 

കൂടാതെ ഈ പരിസ്ഥിതിയിൽ പൂവിടുന്ന ഫലനോപ്സിസ്, ബാസ്‌ക്കറ്റ് വാൻഡ, ഓൺസീഡിയം തുടങ്ങിയ ഓർക്കിഡുകൾ തൂക്കുചട്ടികളിൽ ഹാൻഡ് റെയിലിലേക്കു പറ്റിയവയാണ്. പലതരം മണി പ്ലാന്റ്, കേളി പിങ്ക് പെഡിലാന്തസ്, റിബൺ ഗ്രാസ്, സ്പൈഡർ പ്ലാന്റ്, ടർട്ടിൽ വൈൻ, സിംഗോണിയം, ബോസ്റ്റൺ ഫേൺ ഇവ വെർട്ടിക്കൽ ഗാർഡനിലേക്ക് യോജിച്ച ചെടികളാണ്. 

സൂര്യപ്രകാശത്തിന്റെ ലഭ്യത അനുസരിച്ച് ട്രെല്ലീസിൽ വളർത്താൻ പറ്റിയവയാണു ശംഖുപുഷ്‌പം, മാൻഡവില്ല, അലങ്കാര പാഷൻ ഫ്രൂട്ട്, വൈൽഡ് അല്ലമാണ്ട, മണി പ്ലാന്റിന്റെ വള്ളിയിനം, ഫിലോഡെൻഡ്രോൺ ബ്രോക്കൺ ഹാർട്ട് ഇനം, ബ്ലീഡിങ് ഹാർട്ട് ചെടി തുടങ്ങിയവ. ഓൺലൈൻ വിപണിയിൽ ഇന്ന് വിവിധ ആകൃതികളിലും വലുപ്പങ്ങളിലും ഡിസൈനുകളിലുമുള്ള റെഡിമെയ്ഡ് ട്രെല്ലീസുകൾ ലഭ്യമാണ്.  ശരിയായ ഡ്രെയിനേജ് സംവിധാനം ബാൽക്കണി ഗാർഡൻ ഒരുക്കുമ്പോൾ തന്നെ മുൻകൂട്ടി സജ്ജമാക്കാൻ പ്രത്യേകം ഓർമിക്കുക. 

ലഭ്യമായ സ്ഥലമത്രയും ചെടികൾ കൊണ്ട് നിറയ്ക്കാതെ, അവയ്ക്കിടയിലൂടെ സുഖമായി നടക്കാനും പരിപാലന പ്രവർത്തനങ്ങൾ നടത്താനും ആവശ്യമായ നടപ്പാതയും ഒഴിഞ്ഞ ഇടവും ഉറപ്പാക്കണം. 

സ്ഥലസൗകര്യമുണ്ടെങ്കിൽ ചെറിയൊരു ഇരിപ്പിടവും ടീപോയും ഒരുക്കി, ചെടികളുടെ പച്ചപ്പിനിടയിൽ അൽപസമയം വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള മനോഹരമായൊരു ഇടവും സൃഷ്ടിക്കാം. 

How to Create a Beautiful Balcony Garden:

Balcony gardening transforms small apartment spaces into vibrant private green retreats with careful plant selection and arrangement. Garden enthusiasts can maximize limited space by utilizing a three-tier system comprising floor pots, hanging baskets, and vertical setups. Sunlight availability dictates the ideal plant varieties, with sun-loving flowers suited for west-facing balconies and shade-tolerant foliage thriving in north or south orientations. Proper drainage systems and secure placement of hanging pots are essential to prevent inconvenience to neighbors below. Climbers on trellises and dedicated vertical gardens add depth and lush greenery without cluttering the floor area. Maintaining open pathways ensures easy plant care and accessibility while preventing the space from feeling overcrowded. Creating a cozy seating nook amidst the greenery provides a peaceful spot for homeowners to relax and enjoy nature.

ADVERTISEMENT