ADVERTISEMENT

പൂന്തോട്ടത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നതു പൂച്ചെടികൾ മാത്രമല്ല, കാലാവസ്ഥയ്ക്കനുസരിച്ച് നിറയെ പൂവിട്ടു നിൽക്കുന്ന പൂമരങ്ങളും കൂടിയാണ്. പൂമുറ്റവും പൂന്തോട്ടവും മനോഹരമാക്കാൻ സഹായിക്കുന്ന ഈ നാലു പൂമരങ്ങൾ നട്ടുനോക്കൂ.

ഗോൾഡൻ പെൻഡ മരം

ADVERTISEMENT

നമ്മുടെ നാട്ടിൽ ‘റോസിഡ’ എന്ന പേരിൽ പരിചിതമായ ഈ മനോഹര ചെറുപൂമരത്തിന്റെ യഥാർഥ പേര് ‘ഗോൾഡൻ പെൻഡ' എന്നാണ്. വലിയ പൂങ്കുലകളാണ് ഗോൾഡൻ പെൻഡയുടെ ആകർഷണം. കുറ്റിച്ചെടിയായും കുഞ്ഞൻ പൂമരമായും മനോഹരമായി പരിപാലിക്കാവുന്ന ഗോൾഡൻ പെൻഡ, പൂവിടുന്ന കാലത്ത് ചെറുതേനീച്ചകളുടെ പ്രിയപ്പെട്ട സങ്കേതമാണ്. പൂവിട്ടു തീർന്ന ശിഖരങ്ങൾ മുറിച്ചുനീക്കുന്നതു കുറ്റിച്ചെടിയുടെ പ്രകൃതം നിലനിർത്താനും ഒപ്പം നന്നായി പൂവിടാനും ആവശ്യമാണ്. കമ്പു മുറിച്ചു നട്ടുവളർത്തിയ ചെടികളാണ് വിപണിയിൽ ലഭിക്കുക. മഞ്ഞ പൂങ്കുല ഉള്ളവ കൂടാതെ ചുവപ്പ് പൂങ്കുലയുള്ള റെഡ്പെൻഡ ഇനവും ലഭ്യമാണ്.

ബട്ടർഫ്‌ളൈ പീ മരം

ADVERTISEMENT

ശംഖുപുഷ്പത്തിന്റെ അതേ ജനുസ്സിൽപ്പെട്ട ഈ പൂമരത്തിന്റെ ഇളംവയലറ്റ് പൂക്കൾക്കു ശംഖുപുഷ്പത്തോടു നന്നേ സാമ്യമുണ്ട്. ചെറുതോ ഇടത്തരം വലുപ്പമോ ഉള്ള ഈ അലങ്കാരവൃക്ഷത്തിന്റെ തായ്ത്തടിയുടെ താഴേത്തൊട്ടേ ശാഖകൾ വിടർത്തി വളരുന്ന സ്വഭാവമുള്ളതാണ്. ഇളം‌വയലറ്റ് നിറത്തിൽ ആകർഷകമായ പൂക്കൾ തൂങ്ങിക്കിടക്കുന്ന പൂങ്കുലകൾ ഈ പൂമരത്തിന് സവിശേഷ ഭംഗി നൽകുന്നു. പൂക്കളിൽ പരാഗണം നടന്ന് നീളൻ കായ്‌കൾ രൂപപ്പെടുന്നു. വിത്തുകൾ വഴിയാണ് ഈ അലങ്കാരവൃക്ഷം വളർത്തിയെടുക്കുക. തണൽവൃക്ഷമായി വളർത്താൻ അനുയോജ്യമായ ഇനമാണിത്.

Flowertree2

ഇന്ത്യൻ കോർക് ട്രീ

ADVERTISEMENT

സുഗന്ധം പരത്തുന്ന പൂക്കളാണ് ഇന്ത്യൻ കോർക് ട്രീ എന്ന അലങ്കാരവൃക്ഷത്തിന്റേത്. 15 മുതൽ 25 മീറ്റർ വരെ ഉയരം വയ്ക്കും. നമ്മുടെ നാട്ടിൽ മഴക്കാലം കഴിഞ്ഞാൽ പിന്നെ ഈ വൃക്ഷത്തിൽ പൂക്കാലമാണ്. നീളം കൂടിയ കുഴൽ ആകൃതിയിൽ ഞാന്നു കിടക്കുന്ന വെളുത്ത പൂക്കൾ കൂട്ടമായി വിരിയുകയും സന്ധ്യയോടെ മൃദുലമായ സുഗന്ധം പരത്തുകയും ചെയ്യും. രാത്രിയിൽ വിരിഞ്ഞ പൂക്കൾ പിറ്റേന്നു രാവിലെ നിലത്തുവീണു വെളുത്ത പൂക്കളുടെ പരവതാനി ഒരുക്കുന്ന കാഴ്ച അതിമനോഹരമാണ്. പൂക്കൾക്കു ശേഷം നീളം കൂടിയ, പരന്ന കായകൾ രൂപപ്പെടുന്നു. അധികം പരിപാലനം ആവശ്യമില്ല.

ക്രേപ് മിർട്ടിൽ ട്രീ

മണിമരുതിന്റെ ഇനത്തിൽപ്പെട്ട ചെറുപൂമരമാണ് ക്രേപ് മിർട്ടിൽ. കടലാസ് ചുളിച്ചതുപോലെയുള്ള മൃദുലമായ ഇതളുകൾ കൂട്ടമായി വിരിയുന്നതിനാലാണ് ഇതിനു ക്രേപ് മിർട്ടിൽ ട്രീ എന്ന പേരു ലഭിച്ചത്. ശാഖാഗ്രങ്ങൾ കടുംചുവപ്പ്, പിങ്ക് പൂക്കളുള്ള പൂങ്കുലയും കറുപ്പ് കലർന്ന മെറൂൺ അല്ലെങ്കിൽ പച്ചനിറത്തിൽ നല്ല വലുപ്പത്തിലുള്ള ഇലകളും ഉള്ള ഈ പൂമരം പുൽത്തകിടിയുടെ നടുവിൽ ഒറ്റയ്ക്കും അതിരിൽ നിരയായും വളർത്താൻ പറ്റിയതാണ്. അൽപം ചാഞ്ഞുവളരുന്ന തണ്ടിന്റെ അഗ്രത്തിൽ പൂക്കൾ ഒരേസമയം ധാരാളമായി വിരിയുമ്പോൾ ഈ അലങ്കാരമരം മുഴുവൻ പൂക്കൾ കൊണ്ട് മൂടപ്പെട്ടതുപോലെ തോന്നും.

കടുത്ത മഴക്കാലം ഒഴിച്ചുള്ള സമയത്തെല്ലാം പൂക്കളുണ്ടാകും. കമ്പു മുറിച്ചു നട്ടു വളർത്തിയെടുത്ത തൈകളാണ് വിപണിയിൽ ലഭിക്കുക. 10 അടിയോളം ഉയരത്തിൽ വളരുന്ന ക്രേപ് മിർട്ടിൽ ചെടിയുടെ കമ്പു കോതി നിർത്തുന്നത് ഉയരം ക്രമീകരിക്കാനും ഒപ്പം കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനും സഹായിക്കും.

ADVERTISEMENT