ആസ്വദിക്കാൻ മാത്രമുള്ളതല്ല , ചിന്തിച്ചു പ്രവർത്തിക്കാനുള്ള സാധ്യത കൂടിയാണ് സാഹിത്യം എന്നു മലയാളിയെ ബോധ്യപ്പെടുത്തിയത് ആനന്ദാണ്. ഗദ്യത്തിന്റെ ഉഷ്ണമേഖലകളിലൂടെയായിരുന്നു എക്കാലവും അദ്ദേഹത്തിന്റെ സഞ്ചാരം. അതിൽ ഇന്ത്യ എന്ന വിശാലആശയം അതിന്റെ എല്ലാ യാഥാർത്ഥ്യങ്ങളോടെയും തെളിഞ്ഞു നിന്നു: രാഷ്ട്രീയവും സമൂഹവും വ്യക്തതയോടെ കലർന്നു.
‘എഴുത്തുകാരന് സാധാരണ മനുഷ്യന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കണം. സാധാരണ മനുഷ്യനെന്ന അവസ്ഥ നഷ്ടപ്പെടുകയും പ്രിവിലെജ്ഡ് ക്ലാസിന്റെ ബഹുമാന്യത കൈവരിക്കുകയും ചെയ്യുക സാഹിത്യകാരന് സംഭവിക്കാവുന്ന വലിയൊരു ദുരന്തമാണ്’ എന്ന് ആനന്ദ് ഒരിക്കൽ പറഞ്ഞു. അതായിരുന്നു അദ്ദേഹത്തിന്റെ ബോധ്യവും കൃത്യതയും.
മലയാള സാഹിത്യത്തിൽ സമാനതകളില്ലാത്ത ശാഖയാണ് ആനന്ദ്. ബഹളങ്ങളേതുമില്ലാത്ത യാത്ര.
ആനന്ദിന്റെ നിലപാടുകളും , സാഹിത്യവും സമൂഹവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും സമന്വയിക്കുന്ന കൃതിയാണ് ‘വര്‍ത്തമാനകാല വര്‍ത്തമാനങ്ങള്‍’. സമകാലിക ഇന്ത്യന്‍ അവസ്ഥയെ മുന്‍നിര്‍ത്തി ആനന്ദുമായി എം.എന്‍. കാരശ്ശേരി നടത്തുന്ന സംവാദമാണ് ഇതിന്റെ ഉള്ളടക്കം.
ആനന്ദിന്റെ വ്യക്തി സ്വത്വം രൂപപ്പെടുന്നതിനെക്കുറിച്ചുള്ള അന്വേഷണവും വിവിധ വിഷയങ്ങളോടുള്ള ആനന്ദിന്റെ നിലപാടുകളും കാരശ്ശേരി ആഴത്തിൽ ചോദിച്ചറിയുന്നു. ഗാന്ധി, സംസ്‌കാരത്തിന്റെ സങ്കീര്‍ണ്ണതകള്‍, അധികാരകേന്ദ്രമാകുന്ന ദൈവം, നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഗതിവിഗതികള്‍, ക്രൗര്യത്തിന്റെയും കരുണയുടെയും രാഷ്ട്രീയം, സ്ത്രീഅവസ്ഥ, അംബേദ്കറുടെ സമകാലികപ്രസക്തി തുടങ്ങി വിവിധ വിഷയങ്ങള്‍ ഈ സംഭാഷണത്തിൽ പരാമർശിക്കപ്പെടുന്നു.
നെഹ്രു, ജിന്ന, ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍ തുടങ്ങിയ ചരിത്രപുരുഷന്മാരും ഇവിടെ ചര്‍ച്ചയാകുന്നു. മതവും ജാതിയും സ്വാര്‍ത്ഥതയും അക്രമവാസനയും എങ്ങനെയാണു നമ്മുടെ ജനാധിപത്യത്തെ ഫാസിസത്തിലേക്കു വഴിനടത്തുന്നതെന്ന സമകാലികസാഹചര്യത്തെ അപഗ്രഥിച്ചു മനസ്സിലാക്കുവാനും ഈ ദീര്‍ഘസംഭാഷണം സഹായകരമാകുന്നു. ഒപ്പം തന്റെ കുടുംബാംഗങ്ങളെപ്പറ്റിയും ജീവിതാനുഭവങ്ങളെപ്പറ്റിയും ആനന്ദ് മനസ്സുതുറക്കുന്നു എന്ന പ്രത്യേകതയും ഈ സംസാരത്തിനുണ്ട്.
ചുരുക്കത്തിൽ, ഗൗരവവായനയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സ്വീകരിക്കേണ്ട കൃതിയാണ് ‘വര്‍ത്തമാനകാല വര്‍ത്തമാനങ്ങള്‍’.