ADVERTISEMENT

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം നാൾക്കുനാൾ അധികരിക്കുന്ന കാലത്തിന്റെ കൈയൊപ്പ് പതിഞ്ഞ നോവൽ ആണ് മനോഹരൻ വി.പേരകവും ഗുരുവായൂർ കൃഷ്ണൻകുട്ടിയും ചേർന്നെഴുകതിയ ‘ആനക്കലി’. ഈ നോവലിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘ആനക്കലിയിലേക്കുള്ള വാതിൽ!’ എന്ന പേരിൽ മനോഹരൻ വി.പേരകം ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –

ഏതാണ്ട് നാല്പത് കൊല്ലം മുമ്പാവണം ഗുരുവായൂർ കൃഷ്ണൻകുട്ടി എന്ന കവി ‘കൊലച്ചോറ്’ എന്ന നോവലെഴുതുന്നത്. ‘നീയതൊന്ന് വായിച്ചു നോക്കൂ’, എന്ന് അദ്ദേഹമെന്നോട് പറയുമ്പോൾ നോവലുകളെഴുതാൻ തിക്കുമുട്ടി നടക്കുന്ന കാരണം ഞാൻ പലപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു. ഒരിക്കൽ ഒരു കൗതുകത്തിലാണ് ഞാൻ നോവൽ വായിക്കാമെന്നേറ്റത്. ‘കൊലച്ചോറ്’ എന്ന പേര് തന്നെ ആദ്യമെന്നെ അലോസരപ്പെടുത്തി. കൊലച്ചോറ് ശരിക്കും ആനകളുടെയും ആനപ്പാപ്പാന്മാരുടേയും ജീവിതമാകുമെന്നാണ് ഞാൻ വിചാരിച്ചത്. എങ്ങനെയോ ആ ഒരു മുൻധാരണ എന്നിൽ ഊറിക്കൂടിയിരുന്നു. നോവൽ വായിച്ചപ്പോഴാകട്ടെ, തുടക്കത്തിൽ ആനയും പാപ്പനായ നാരായണനുമൊക്കെ കടന്നുവരുന്നുണ്ടെങ്കിലും മദ്ധ്യത്തിലും അവസാനത്തിലുമെല്ലാം അത് പാർട്ടിയിലേക്കുo സമരങ്ങളിലേക്കുമായി കാലിടറിപ്പോയി.

കഴിഞ്ഞ മുപ്പതോളം കൊല്ലമായി ആനയുടെ പാപ്പാനായി പണിയെടുക്കുകയും കവിതയെഴുതുകയും ചെയ്യുന്ന കൃഷ്‌ണൻകുട്ടിയേട്ടനെപ്പോലൊരാൾ എഴുതേണ്ടുന്ന നോവലല്ല ‘കൊലച്ചോറെ’ന്ന് ഒറ്റവായനയിൽ എനിക്ക് മനസ്സിലായെങ്കിലും ഞാൻ ആ നോവൽ തിരിച്ചു കൊടുത്തില്ല.

ADVERTISEMENT

ആയിടയ്ക്ക് ഞാനെഴുതിയിരുന്നത് കോവിലന്റെ ജീവിചരിത്രമായിരുന്നു. അത് കഴിഞ്ഞപ്പോൾ ‘കുതിരമാളിക’ എഴുതിത്തീർത്തു. അപ്പോഴേക്കും ‘രണ്ടു കടലുകൾ’എന്ന നോവൽ തള്ളിവന്നതും അതും എഴുതിത്തുടങ്ങി. ആ വലിയ നോവൽ (420: പേജ്) അവസാനിച്ചപ്പോഴാണ് കൊലച്ചോറിന്റെ കൈയെഴുത്തുപ്രതിയിലൂടെ രണ്ടാമതും കണ്ണോടിച്ചത്.

ആനകളുടെ ജീവിതം മലയാളത്തിൽ പറയാൻ പറ്റിയയൊരാൾ കൃഷ്ണൻകുട്ടിയേട്ടനല്ലാതെ പിന്നെ ആരുണ്ട് എന്ന ചോദ്യമാണ് ‘ആനക്കലി’യിലേക്ക് നയിക്കുന്നത്. ‘ആനപ്പക’ എന്നൊരു നോവൽ നാട്ടുകാരനായ പുതൂർ ഉണ്ണികൃഷ്ണൻ എഴുതിയിട്ടുണ്ടെങ്കിലും അതും പൂർണ്ണമായും ആനകളുടേയോ പാപ്പാന്മാരുടേയോ മാനസ്സിക സംഘർഷങ്ങളെ അടയാളപ്പെടുത്തുന്നതല്ല എന്ന വായനാനുഭവവും ‘ആനക്കലി’യിലേക്ക് നയിച്ചു എന്ന് പറയാം. പിന്നെ അതിനു വേണ്ടിയുള്ള പരിശ്രമത്തിൽ കൃഷ്ണൻകുട്ടിയേട്ടനുമായി സംവദിക്കാനും ആനകളെക്കുറിച്ചുള്ള അറിവുകൾ കേൾക്കാനും നിരന്തരം ശ്രമിച്ചു. പാലാകാപ്യം തുടങ്ങി പണിക്കർ സാറിന്റെ കുറേ പുസ്തകങ്ങൾ വായിക്കുകയും ചെയ്തപ്പോൾ നോവൽ എഴുതിത്തുടങ്ങാമെന്ന നില വന്നു. പക്ഷേ; കമ്പ്യൂട്ടറിനുമുന്നിൽ എഴുതാനിരുന്നാലോ വാക്കൊന്നും വരാതായി.

ADVERTISEMENT

മനസ്സ് പാകപ്പെട്ടിട്ടില്ലെന്ന ഊഹത്തിൽ പിന്നീട് ആനക്കോട്ടയിൽ പോയി ആനകളെ കണ്ടുകൊണ്ട് നിരന്തരം ചുറ്റിനടക്കുക പതിവായി. ആയിടയ്ക്ക് ചാവക്കാട്ടുകാരനായ ഒരു ആനയുടമസ്ഥന്റെ ആനയെ മമ്മിയൂരുള്ള ബാബുവേട്ടന്റെ മരമില്ലിൽ കൊണ്ടുവന്ന് കെട്ടിയിട്ടിയിരുന്നു. ആ കൊല്ലം ആ ആന പുന്നയിലുള്ള ഒരു ക്ഷേത്രപൂരത്തിന് ഒരാളെ കൊന്നതും അറിഞ്ഞിരുന്നു. ഭീതിയോടെയാണെങ്കിലും ആനയുടെ ചേഷ്ടകൾ കാണാൻ ഞാൻ മരമില്ലിലേക്ക് പോകുക പതിവായി. കാലത്തും വൈകീട്ടും ആനയുടെ കെട്ടുംതറിയ്ക്കരികെ നിന്ന് ആനയുടെ മൂന്ന് പാപ്പാന്മാർ ആനയോട് കാണിക്കുന്ന ക്രിയകൾ മനസ്സിലാക്കി. ആനയും പാപ്പാന്മാരും തമ്മിൽ എന്തെങ്കിലും പൊരുത്തമോ ഏതെങ്കിലും തരത്തിലുള്ള അടുപ്പമോ പുലർത്തുന്നില്ലെന്നും ആയുധത്തിന്റെ ബലത്തിലാണ് ആനക്കാർ ആനകളെ സമീപിക്കുന്നതെന്നും ആയുധങ്ങളുടെ പേടിയിലാണ് ആന പാപ്പാന്മാരെ അനുസരിക്കുന്നതെന്നും മനസ്സിലായപ്പോൾ തകർന്നത്, അതുവരെ മനസ്സിലുണ്ടായിരുന്ന ഇണങ്ങുന്ന ജീവിയാണ് ആന എന്ന സങ്കല്പമാണ്.

എത്രയായായാലും ആന കാട്ടുമൃഗം തന്നെയാണ്! ഒരിക്കലും മനുഷ്യനുമായി ഇണങ്ങുന്ന മൃഗമേയല്ല അത്. ഏതോ ഒരു കാലത്ത് ചിലരുടെ അഭീഷ്ടപ്രകാരം ആ മൃഗത്തെ കെണിവെച്ച് പിടിച്ച് നാട്ടിലേക്കെത്തിച്ച് വരുതിയിൽ നിർത്തിയതാണ്. ഇന്ന് സമൂഹത്തിലെ ഉത്സവങ്ങളിൽ ആനയെ ഏഴുന്നള്ളിക്കുന്നത് ആചാരമായിട്ടുണ്ട്. കാട്ടിലെ സ്വാതന്ത്ര്യം വെടിഞ്ഞും കാടിന്റെ തണുപ്പും വെടിഞ്ഞുo ഉത്സവപ്പറമ്പുകളിലെ വെയിൽ കൊള്ളാൻ വിധിക്കപ്പെട്ട ആനകളാവട്ടെ മദിക്കലും പതിവായിട്ടുണ്ട്.

anakkali1-jpeg
ADVERTISEMENT

‘ആനക്കലി’യിൽ കൃഷ്ണൻകുട്ടിയേട്ടന്റെ അംശജീവിതമേയുള്ളൂ എന്ന് പറയാം. പക്ഷേ, പാപ്പാനെന്ന നിലയിലുള്ള മുഴുവൻ ജീവിതവുമുണ്ട്. അതുപോലെ പല പാപ്പാന്മാരുടേയും അംശജീവിതങ്ങളെടുത്ത് ‘ആനക്കലി’യിലെ നാരായണനും മറ്റാനക്കാർക്കും ചാർത്തിക്കൊടുക്കുകയായിരുന്നു. നോവൽ എഴുതിത്തുടങ്ങിയപ്പോൾ നാട്ടിലുള്ള കള്ളുഷാപ്പും ഷാപ്പുകാരനേയും രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. തിടമ്പും നെറ്റിപ്പട്ടവും കോലവും വെച്ച ആനകൾ നിരന്നുനിൽക്കുന്ന പൂരങ്ങൾ കാണാൻ പോയി. മേളക്കാരേയും ആനകളേയും കണ്ടർമാദിക്കുന്ന ജനങ്ങളെ നിരീക്ഷിച്ചു. പത്തുപതിനഞ്ച് വർഷങ്ങൾക്കുമുമ്പ് ആനക്കോട്ടയിലുള്ള ആനക്കൊട്ടിലിന്റെ പണിയേറ്റെടുത്ത വകയിൽ കാട്ടിൽ തടിച്ച മരങ്ങൾക്കുവേണ്ടി അലഞ്ഞതും മുരുകൻ എന്ന ആദിവാസിയുടെ കാടറിവുകളും ആനയറിവുകളുമൊക്കെ ‘ആനക്കലി’യിൽ ഉപയോഗപ്പെടുത്താൻ സാധിച്ചു. കാട് കയറിപ്പോയ ഒരു ആനയുടെ ചരിത്രം കൃഷ്‌ണൻകുട്ടിയേട്ടൻ പറഞ്ഞതും നോവലിന്റെ അവസാനത്തിലേക്ക് സ്വാഭാവികമായെത്തിപ്പെടുകയായിരുന്നു.

Aanakkali: A Novel Exploring Human-Elephant Conflict:

Aanakkali, a novel penned by Manoharan V. Perakam and Guruvayoor Krishnankutty, delves into the escalating conflict between humans and elephants, reflecting the current times. The novel's genesis traces back to Krishnankutty's earlier work, 'Kolachoru,' which, despite its title, veered away from its initial focus on elephants and mahouts to explore themes of party politics and struggles. Perakam, initially hesitant to write novels, was inspired by Krishnankutty's unique perspective as both a mahout and a poet, particularly after encountering 'Kolachoru' again. The realization that Krishnankutty was the ideal person to narrate the lives of elephants in Malayalam spurred the creation of 'Aanakkali,' building upon the limited animalistic focus of Puthur Unnikrishnan's 'Aanapakka.' Extensive interactions with Krishnankutty and research into elephant lore, including reading P.K. Balakrishnan's works, laid the groundwork for the novel. However, the writing process stalled, leading Perakam to spend time observing elephants firsthand, particularly a mahout's forceful interaction with an elephant that had killed a person, shattering the illusion of gentle coexistence and highlighting the inherent wild nature of elephants. The novel incorporates fragmented experiences of mahouts, including Krishnankutty's, and draws on observations of local liquor shops, festival scenes, and the knowledge of tribal communities and elephants from forest expeditions.

ADVERTISEMENT