പ്രശസ്ത സാഹിത്യകാരൻ ഇളവൂർ ശ്രീകുമാറിന്റെ പുതിയ നോവലാണ് ‘ഇസാന്റ’. ഈ നോവലിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് ഇളവൂർ ശ്രീകുമാർ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
വ്യത്യസ്തമായ ഒരാഖ്യാനശൈലിയെക്കുറിച്ചുള്ള നിര്‍ബ്ബന്ധം നിറഞ്ഞ അന്വേഷണത്തില്‍നിന്നാണ് ‘ഇസാന്റ’യുടെ ആഖ്യാനശൈലി രൂപപ്പെട്ടത്. പരമ്പരാഗത നോവല്‍ ഘടനയില്‍ താല്പര്യമില്ലത്തതുകൊണ്ടുതന്നെ ‘ഇസാന്റ’യുടെ എഴുത്തിന് ദീര്‍ഘമായൊരു കാലമെടുത്തു. വേറിട്ടൊരു നോവല്‍ ഘടനയെക്കുറിച്ചുള്ള അന്വേഷണമാണ് ആദ്യപതിപ്പിറങ്ങിയ ഒരു പുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പായി നോവല്‍ രൂപപ്പെട്ടത്. മിക്ക വായനക്കാരും നാലഞ്ചുപേജ് വായിച്ചുകഴിഞ്ഞശേഷം ക്രെഡിറ്റ് പേജിലേക്ക് പോയി പ്രസിദ്ധീകരിച്ച വര്‍ഷവും പതിപ്പുമൊക്കെ പരിശോധിക്കുകയും ഇതു നേരത്തെ പ്രസിദ്ധീകരിച്ചതാണോ എന്നു സന്ദേഹിക്കുകയും അക്കാര്യം പങ്കുവയ്ക്കുകയും ചെയ്തപ്പോള്‍ നോവല്‍ പ്രതീക്ഷിച്ച വഴിയിലൂടെത്തന്നെയാണ് സഞ്ചരിക്കുന്നതെന്നു തോന്നി.
വായനയെ ഗൗരവമായി കണ്ടകാലം മുതലേ പേടിയോടെ മനസ്സില്‍ കയറിയ വാക്കാണ് ‘അധികാരം’. ഇന്നും ഏറ്റവും കൂടുതല്‍ പേടിക്കുന്ന വാക്ക് അധികാരം തന്നെയാണ്. എന്നും സംശയത്തോടെ കണ്ടിരുന്ന മറ്റൊരു വാക്ക് ‘ചരിത്രം’ ആയിരുന്നു. അധികാരവും ചരിത്രവും തമ്മില്‍ എക്കാലത്തും ഒരവിശുദ്ധബന്ധം ഉണ്ടായിരുന്നു. അധികാരത്തിന്റെ ലോക്കറുകളിലാണ് ചരിത്രത്തിന്റെ പരിണാമങ്ങള്‍ പലതും നടന്നിരുന്നത്. അധികാരത്തിന്റെ ബീഭത്സത എങ്ങനെയാണ് നിരപരാധികള്‍ക്ക് മേല്‍ തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്നതെന്ന അറിവ് ആരുടെ ഉറക്കമാണ് കെടുത്താത്തത് ? അതിന്റെ ചരിത്രപാഠങ്ങള്‍ - അതെത്ര ചെറുതായാല്‍പോലും – നമ്മില്‍ ആഴമുള്ള മുറിവുകള്‍ ഏല്പ്പിക്കുകതന്നെ ചെയ്യും. ഈ മുറിവുകളില്നിന്നാണ് ‘ഇസാന്റ’ രൂപപ്പെട്ടത്.
2016 ലാണ് ‘ഇസാന്റ’യുടെ രചനയാരംഭിച്ചത്. അമ്പത് പേജ് വരെ എത്തിച്ചേരാന്‍ ആറുമാസത്തിലധികമെടുത്തു. ഒരു കാരണവശാലും മുന്നോട്ടുനീങ്ങാത്ത അവസ്ഥയില്‍ എഴുത്ത് തല്ക്കാലം ഉപേക്ഷിച്ചു. പിന്നീട് ‘ഉടല്‍ത്തിറ’ എന്ന നോവല്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. 2021 – ല്‍ ‘ഇസാന്റ’യിലേക്ക് വീണ്ടും മടങ്ങി. എഴുതിത്തുടങ്ങിയപ്പോള്‍ മനസ്സിലായി, ഇക്കാലമത്രയും ‘ഇസാന്റ’ മനസ്സിലെവിടെയൊക്കെയോ കിടന്ന് നിശ്ശബ്ദമായി പാകപ്പെടുകയായിരുന്നുവെന്ന്.. 2021 മെയ്മാസത്തില്‍ വീണ്ടും ആരംഭിച്ച് 2022 ജൂലൈയില്‍ പൂര്‍ത്തീകരിച്ചു.
പ്രിമിറ്റീവ് കമ്യൂണിസത്തില്‍ നിന്ന് ഇന്നത്തെ ഹിംസാത്മക രൂപത്തിലേക്ക് അധികാരം പരിണമിച്ചെത്തിയതിന്റെ ചരിത്രപരമായ അന്വേഷണം ‘ഇസാന്റ’യിലുണ്ട്. എല്ലാ സര്‍ക്കാരുകളും ചിരിച്ചുകൊണ്ട് കൊല്ലുന്ന ദൈവങ്ങളാണെന്ന് അനുഭവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ അന്ധമായി വിശ്വസിക്കാന്‍ നാം ശീലിച്ചിട്ടുണ്ടല്ലോ. ആ വിശ്വാസത്തിന്റെ അപകടം ‘ഇസാന്റ’യില്‍ കാണാം. ‘ഇസാന്റ’യില്‍ ജനാധിപത്യമല്ല, പ്രജാധിപത്യമാണ് നിലനില്‍ക്കുന്നത്. ഒരാള്‍ അധികാരത്തിന്റെ പ്രഭാവലയത്തിലമരുന്നതോടെ അയാള്‍ക്ക് സമഭാവന കൈമോശം വന്നു തുടങ്ങുന്നു. അയാള്‍ എല്ലാ മനുഷ്യര്‍ക്കുമിടയിലൂടെ അധികാരത്തിന്റെ അദൃശ്യരേഖകള്‍ വരച്ചിടാന്‍ തുടങ്ങുന്നു. അവര്‍ക്കിടയില്‍ അധികാരത്തിന്റെ പെട്ടന്ന് മുളയ്ക്കുന്ന വിത്തുകള്‍ വിതയ്ക്കുന്നു. അവ വളര്‍ന്ന് ഒരു രാഷ്ട്രത്തെയാകെ വിഴുങ്ങുന്നു. ഇവ പുതിയ കാര്യങ്ങളല്ലാത്തതുകൊണ്ടു തന്നെ പുതിയരീതിയില്‍ അവതരിപ്പിച്ചേ മതിയാകുമായിരുന്നുള്ളു.
താന്‍ ജീവിക്കുന്ന കാലത്തെയും വരുംകാലത്തെയും അഭിസംബോധന ചെയ്യേണ്ട ബാധ്യത എഴുത്തുകാരനുണ്ടെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട്തന്നെ നാം നേരിടുന്ന അല്ലെങ്കില്‍ നേരിടാന്‍പോകുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ ‘ഇസാന്റ’യില്‍ കടന്നുവരുന്നുണ്ട്. ഇതിനായി ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും പല തവണ പല ദിശയില്‍ സഞ്ചരിക്കേണ്ടിവന്നു. തൃപ്തിയാകാത്ത സംഭവങ്ങളും സന്ദര്‍ഭങ്ങളും പലതവണ മാറ്റിയെഴുതി. ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്ന് കാലങ്ങളെയും നോവലില്‍ ബന്ധിപ്പിച്ചുനിര്‍ത്തുക ശ്രമകരമായിരുന്നു.
എഴുത്തിന്റെ വേളയില്‍ ചിലപ്പോഴെങ്കിലും ചില കഥാപാത്രങ്ങള്‍ എഴുത്തുകാരനിലേക്കു കുടിയേറുകയും ഇറങ്ങിപ്പോകാന്‍ വിസമ്മതിക്കുയും ചെയ്യും. അത്തരമൊരു കഥാപാത്രമായിരുന്നു നോവലിലെ ശിവനാരായണന്‍. ഒരിക്കലും പിടിതരാതെ വഴുതിപ്പോയ വിചിത്രകഥാപാത്രമായിരുന്നു അയാള്‍. അടുത്ത നിമിഷം അയാള്‍ എന്താണ് ചെയ്യുകയെന്നതില്‍ എനിക്ക് ഒരു രൂപവുമില്ലായിരുന്നു. സ്വാഭാവികമായി സംഭവിക്കുന്ന എഴുത്തിലൂടെയായിരുന്നു ഈ കഥാപാത്രം വളര്‍ന്നുകൊണ്ടിരുന്നത്. മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ചിരുന്ന ഒരു വഴിയിലൂടെയും അയാള്‍ സഞ്ചരിച്ചതേയില്ല. നാമറിയാതെതന്നെ ചില രൂപപ്പെടലുകള്‍ നടത്തുന്ന രാസപ്രക്രിയ എഴുത്തിലുണ്ട്. പിടിവിട്ടുപോകാതിരിക്കാന്‍ എറെ പണിപ്പെടേണ്ടി വന്ന കഥാപാത്രമായിരുന്നു ശിവനാരായണന്‍.
ഫിക്ഷണല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ‘ഇസാന്റ’യില്‍ ശ്രമിച്ചിട്ടുണ്ട്. നോവല്‍ വായിച്ചുകഴിഞ്ഞ് ചിലര്‍ ഡല്‍ഹിയില്‍ നടക്കുന്ന കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരവുമായൊക്കെ ‘ഇസാന്റ’യിലെ ചില ഘട്ടങ്ങളെ ബന്ധപ്പെടുത്തുകയും നോവലില്‍ ചില പ്രവചനസ്വഭാവങ്ങള് കണ്ടെത്തുകയും ചെയ്തിരുന്നു. അതൊന്നും എന്റെ ചിന്തയിലുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.
കഥാപാത്രങ്ങളെ രൂപപ്പെടുത്തുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. നോവലില്‍ ഒരേസമയം കേരളീയവും ഭാരതീയവും അതിനു പുറത്തുമുള്ള ദേശകാലങ്ങളെ സമന്വയിപ്പിക്കേണ്ടിയിരുന്നു. അതിനാല്‍ കഥാപാത്രങ്ങളുടെ പേരുകളും ‘ഇസാന്റ’യില്‍ പരാമര്‍ശിക്കുന്ന രാഷ്ട്രങ്ങളുടെ പേരുകളുമെല്ലാം സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തത്. മറ്റൊന്ന് നോവലിന്റെ വലിപ്പമായിരുന്നു. അവിടെയും മുന്‍കൂട്ടിയുള്ള നിശ്ചയങ്ങളൊന്നും ഫലിച്ചില്ല. എഴുത്തുകാരനെയും തോല്പിച്ച് കഥാപാത്രങ്ങള്‍ അവരുടെ ഇടങ്ങള്‍ സ്വയം നിര്ണയിച്ചുതുടങ്ങിയതോടെ ഞാന്‍ വെറുമൊരു കേട്ടെഴുത്തുകാരന് മാത്രമായി മാറുകയായിരുന്നു. എഴുത്തുകാരനെ അപ്രസക്തമാക്കി കഥാപാത്രങ്ങള്‍ ‘ഇസാന്റ’യെ രൂപപ്പെടുത്തുകയായിരുന്നു. അത് നോവലിന്റെ പേജുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ പ്രസിദ്ധീകരിച്ച് രണ്ടാഴ്ച തികയുംമുമ്പേ നോവലിന്റെ രണ്ടാം പതിപ്പ് വന്നതോടെ എല്ലാ ആശങ്കകളും അസ്ഥാനത്തായി. വായനക്കാര്‍ നോവലിനെ താല്പര്യപൂര്വ്വം തന്നെ സ്വീകരിച്ചു.
നോവലിന്റെ രചനാകാലത്ത് പൊതുപരിപാടികളില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനിന്നു. അതിരാവിലെയാണ് പൊതുവേ എഴുതാറുള്ളത്. ‘ഇസാന്റ’ മുഴുവനും രാവിലെയുള്ള എഴുത്തായിരുന്നു. പതിനൊന്നു മണിക്കപ്പുറം എഴുത്ത് പോകില്ല. ആ സമയത്തിനുള്ളില്‍ ഒന്നും എഴുതാന്‍ കഴിയാതിരുന്ന ദിവസങ്ങളും രണ്ടു പേജില്‍ താഴെ മാത്രം എഴുതിയ ദിവസങ്ങളും ധാരാളം.
സൃഷ്ടിയുടെ ഗര്‍ഭവേദന എന്ന് ചിലരൊക്കെ പറയുന്ന ക്ലീഷേ എന്നെ ഒരു കാലത്തും ബാധിച്ചിട്ടില്ല. അതൊരുതരം കാപട്യമായേ എന്നും തോന്നിയിട്ടുള്ളു. എഴുത്ത് എനിക്ക് ബുദ്ധിപരമായ ഒരു പ്രക്രിയയാണ്. എങ്കിലും സ്വാഭാവികമായ വൈകാരികാവസ്ഥകളെ നമുക്ക് നിരാകരിക്കാന്‍ കഴിയില്ല. അത് ‘ഇസാന്റ’യിലുമുണ്ട്. നോവലിന്റെ രചനയിലുടനീളം ഒരസംതൃപ്തി കൂടെയുണ്ടായിരുന്നു. ആ അസംതൃപ്തിയാണ് ഇന്നത്തെ നിലയില്‍ ‘ഇസാന്റ’യെ മാറ്റിയെടുത്തത്.